മരമര്‍മ്മരമോടൊപ്പമൊരു മധുരമാം കൂജനം
ഒഴുകിവന്നെന്റെ ശ്രവണേന്ദ്രിയങ്ങളില്‍...
ഇളംകാറ്റതിന്‍ ചിലങ്കയില്‍ ഇക്കിളികൂട്ടവേ,
മൃദുതാളത്തിലാടുംനിന്നുടയാടയുലയുന്നു...!

മുദ്രകള്‍ കൈകളില്‍ വന്നെത്തും നേരത്താ-
വാലിട്ട കണ്ണുകള്‍ വശ്യമായ്‌ തെന്നിച്ച്‌
മേനകാരംഭാതിലോത്തമ തോല്‍ക്കും പോല്‍
‍ശ്രംഗാരഭാവങ്ങളുതിരുന്നുനിന്മുഖത്തായിരം...!

പൊഴിയുന്നു വാര്‍മുടിതുമ്പിലെ തുളസിയും
മുല്ലയും നിറമോലും കനകാംബരമാലയും
ഞാനതിന്‍ ലഹരിയില്‍ മുങ്ങവേ പ്രിയസഖീ,
ഒന്നാടിതിമിര്‍ക്കുവാന്‍ തുടിയ്ക്കുന്നുയെന്മനം...!

താരാട്ടു പാടാന്‍ കൊതിയ്ക്കുന്ന കിളികളും
നാണം കുണുങ്ങി കുതിയ്ക്കുന്ന ചോലയും
പൂത്തുവിടര്‍ന്നയാ മണമോലും തെച്ചിയും
മീട്ടുന്നു, എന്നുള്ളില്‍ സ്നേഹമാനസവീണകള്‍...!

മുറുകിടും തബലതന്‍ ധിനിയുടെ ധ്വനികളില്‍
മധുവനത്തില്‍ രാധയും കൃഷ്ണനുമെന്നപോല-
ലിയുന്നിതാ, ഞാന്‍ നിന്‍ നെഞ്ചോട്‌ ചേര്‍ന്ന്,
പ്രാണനില്‍ പ്രാണനാമെന്‍ പ്രണയസ്വരൂപമേ...!

കാര്യസാധ്യം

നീയും ഞാനും എന്നുമൊന്ന്!
ഒന്നായി നിന്നാലെത്ര നന്ന്!
നീയെന്നും എന്റേതു തന്നെ!
ഞാനെന്നും നിന്റേതു തന്നെ!

എനിക്കൊന്നും വേണ്ടെങ്കില്‍-
പിന്നെ, നിനക്കൊന്നും വേണ്ടാ...
നിനക്കൊന്നും വേണ്ടെങ്കില്‍-
പിന്നെ, എനിക്കൊന്നും വേണ്ടാ...

നീയെന്റെ പൊന്നാണു പെണ്ണേ...
നീയെന്റെ കരളാണു കണ്ണേ...
ഇന്നു നീയെന്റെ കൂടെ കിടക്ക്‌,
നാളെ ഞാന്‍ നിന്റെ കൂടെ കിടക്കാം!

ഓടാമ്പലിട്ടു നീ കതകടയ്ക്ക്‌,
ഓതിരകടകങ്ങള്‍ പയറ്റട്ടെ ഞാന്‍!
ഒരുപോള ഞാനിന്നു കണ്ണടയ്ക്കില്ല,
ഒരുവേള നിന്നെ ഞാന്‍ ഉറക്കുകില്ല...!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വികാരമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനോദമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിപരീദമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിദ്ദ്വേഷമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനയമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിരൂപമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനാശമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വീര്യമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വികടമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
... "ന്നെ അങ്ക്‌ട്‌ കൊല്ല്!!"

തിടുക്കത്തിലെന്നോ ഞാന്‍
കുത്തിവരച്ചൊരെന്‍,
സ്കെച്ചുബുക്കില്‍നിന്നെ-
ന്നേ വിളിച്ചുണര്‍ത്തി....

തലങ്ങിട്ട വിലങ്ങിട്ട
വരകള്‍ വകഞ്ഞു നീ,
ഇടം കണ്ണാലെന്നെയൊ-
ന്നൊളിഞ്ഞു നോക്കി...

കണ്ടില്ല ഞാനൊന്നു-
മേയെന്നു ചൊല്ലി നിന്‍,
വസ്ത്രങ്ങളോരോന്നായ്‌
രൂപം കൊടുക്കവേ...

ഇക്കിളി പൂണ്ട്‌ നീ
ശ്രംഗാരഭാവത്താല്‍,
കുനുകുനുന്നങ്ങനെ
കോരിത്തരിയ്ക്കവേ...

അതിന്‍ പുളകങ്ങളെന്നെയും
പൂം പുതപ്പിട്ടു മൂടവേ,
വെറുതേ മോഹിച്ചു ഞാനുമാ-
പുസ്തകത്താളിലെങ്കില്‍!!

അതെയതെ, നീ പുലി! പക്ഷെയെങ്കില്‍
‍ഞാനോ പുപ്പുലിയാണതേയെനിയ്ക്കും
നിന്നെപോലൊരു വാലുണ്ടാവാലിന്‍
‍തുമ്പിലൊരുപൂവുണ്ടാപൂവില്‍ നിറയെ-
തേനുണ്ടാ തേന്‍ കുടിക്കാന്‍ വന്നെന്നാലെ-
ന്നുടെ വാല്‍ നിന്നുടെ മുന്നില്‍ മുറിച്ചിട്ടാ-
മുറിയില്‍ മൂത്രമൊഴിച്ചിട്ടാര്‍പ്പുവിളിച്ചു
കൂത്തുകളിച്ചിട്ടാഹ്ലാദിച്ചിട്ടാര്‍മ്മാദിച്ചിട്ടാ-
വാലിന്‍കുറ്റി കിളിര്‍ക്കും കാലം വരെ
നിന്നുടെ വീട്ടിലെ പത്തായപ്പുരയിലറ-
യുടെ മീതേ പൊരിയുടെ ചാക്കില്‍
കയറിയിരുന്നീ പല്ലിളിയ്ക്കും, പകരം വീട്ടും!

മഴ

വര്‍ത്തമാനകാലഭാരം പേറുമെന്‍ മേശപുറ-
ത്താവിഷ്കാരങ്ങളൊക്കെയും പൊടിപിടിയ്ക്കേ...
പകുതി വരഞ്ഞ വരവര്‍ണ്ണങ്ങള്‍ കാന്‌വാസില്‍‍
പൂര്‍ണ്ണരൂപമോക്ഷത്തിനായ്‌ കാത്തിരിയ്ക്കേ...

ഒന്നിനും കഴിയാതലസമായി, കനക്കും
കാലവര്‍ഷവും കണ്ടുകിടക്കുമെന്നെ നോക്കി,
മേലെ, സ്വരക്തനിര്‍മ്മിതവലകളിരിയ്ക്കും
എട്ടുകാലികള്‍ പല്ലിളിച്ചു പുച്ഛിയ്ക്കേ...

സന്ധ്യാസൂര്യനിറം പൂണ്ട വിളക്കിലെ തീ-
യെന്മുഖത്തു വികൃതമാം നിഴലുകള്‍ വീഴ്ത്തവേ...
ശബ്ദനിരഹിതനായി കിടക്കുമെന്നിലേ-
യ്ക്കുന്മാദബീജം തേടി നീയൂളിയിടവേ...

കൂമ്പിയടഞ്ഞൊരാ കണ്ണിമകള്‍ക്കിടയില്‍
‍ഞാനുമെന്റെ ഭാരവുമെനിക്കു നഷ്ടപ്പെടവേ...
മഴതുള്ളികള്‍ തീര്‍ന്ന മഴ മരിക്കാന്‍ തുടങ്ങവേ...
നിന്മുഖത്തു പെയ്തിറങ്ങീ കണങ്ങള്‍, മഴയായി!

© Copyright [ nardnahc hsemus ] 2010

Back to TOP