റോഡ് ടു സമ്പൂര്‍ണ്ണ ക്രാന്തി

1990-കളുടെ ആദ്യം, കേരളത്തിലെ പെരിങ്ങോം എന്ന സ്ഥലത്ത് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്ന ആണവനിലയത്തിനെതിരേയുള്ള പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കാനെത്തിയ സംഗമിത്ര ദേശായിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ അന്നത്തെ ‘വീക്ഷണം‘ പത്രത്തിന്റെ സബ്-എഡിറ്റര്‍,
പി പി ബാബുരാജ് എന്ന എന്റെ കസിന്‍ ബ്രദര്‍, സംഗമിത്രയുടെ വാചാലമായ പ്രഭാഷണത്തില്‍ പ്രചോദനം പൂണ്ട്, ഉള്ള ജോലിയും വിട്ടെറിഞ്ഞ്, രായ്ക്കുരാമാനം വേദ്ച്ഛിയിലെത്തിപ്പെടുകയായിരുന്നു..

എതാണ്ട് ഒന്നര വര്‍ഷത്തോളം അവിടെ കഴിഞ്ഞിരുന്ന ഇദ്ദേഹം ആറേഴുമാസം കൂടുമ്പോള്‍ നാട്ടില്‍ വരികയോ അല്ലെങ്കില്‍ അന്നത്തെ 15 പൈസ പോസ്റ്റ് കാര്‍ഡില്‍ "സിഗരറ്റ് വലി ഹാനികരമെന്നോ, കണ്ടീഷന്സ് അപ്ലൈ' എന്നൊക്കെയോ എഴുതിവച്ചിരിയ്ക്കും പോലെയുള്ള അക്ഷരവലിപ്പത്തില്‍ കുനുകുനാന്നെഴുതിപിടിപ്പിച്ചുകൊണ്ട് സ്നേഹത്തോടെ എനിയ്ക്കയച്ചുതന്നുകൊണ്ടിരുന്ന വേഡ്ഛിയെന്ന സുന്ദരമായ ആ കൊച്ചുഗ്രാമത്തിന്റെ ഹഢാദാകര്‍ഷിയ്ക്കുന്ന വാഗ്മയചിത്രങ്ങളും ക്ഷണപത്രങ്ങളും, നാട്ടില്‍, 'തല്ലുകൊള്ളിത്തരവും കാമ്പസ് ലൈഫും' എന്ന ഡെയിലി കോമ്പിനേഷന്‍ പ്രോഗ്രാമൊഴിച്ച് വേറെ യാതൊരുപണിയുമില്ലാതെ 'തെക്കുവടക്കുസര്‍വീസില്‍ ഒരാജീവനാന്ത ലൈസന്‍സിനപ്ലികേഷന്‍ കൊടുത്താലോ എന്നാലോചിച്ചു കൊണ്ടിരിയ്ക്കുന്നവനുമായ എന്റെ പാവം മാടപ്രാവുമനസ്സിലെവിടൊക്കെയോ ചുമ്മാതങ്ങനെ അടിഞ്ഞുകൂടിക്കിടക്കുമ്പോള്‍, എന്നുവച്ചാല്‍, തെക്കു-വടക്ക്-കിഴക്കു-പടിഞ്ഞാറ് ഒക്കെ ജാതിമതഭേദവിത്യാസമില്ലാതെ യഥേഷ്ടം തേരാപാരാ നടക്കുന്ന ആ മനോഹര സമയത്തിങ്കല്‍, സാക്ഷാല്‍ ശ്രീ ബാബുരാജണ്ണന്‍ ഹിംസെല്‍ഫ്, നാട്ടില്‍ സമാഗതനാവുകയും, 'അടുത്ത ഒരു രംഗത്തോടുകൂടി ഈ നാടകം ഇവിടെ അവസാനിയ്ക്കുന്നതായിരിയ്ക്കും' എന്നതിനു സമാനമായ ധ്വനിയില്‍ തന്ന, താക്കീതുപോലുള്ള ആ അവസാനക്ഷണം " ഡാ, ഇതെന്റെ അവസാന വരവാണ്... ഞാനിനിയവിടെ ഒരാറുമാസം കൂടിയേ ഉണ്ടാകൂ ..., ഇപ്പൊ പോരുന്നെങ്കില്‍, പോരെ..' എന്നുമുള്ള വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്ന, എനിയ്ക്ക് നഷ്ടപ്പെട്ടുപോകുവാന്‍ സാധ്യതയുണ്ടായിരുന്ന ഇന്നത്തെ എന്നെ, ഞാന്‍ പോലുമറിയാതെ സാക്ഷാല്‍ ശ്രീ ഭഗവാന്‍ ജീ, എന്റെ മാതാപിതാക്കന്മാരെ സമ്മതിപ്പിച്ചെടുക്കുന്നതിലൂടെ (ഓണ്‍ലി ഫോര്‍ ആറുമാസം എന്നൊരു കണ്ടീഷനില്‍) എനിയ്ക്ക് നേടിത്തന്ന് അനുഗ്രഹിയ്ക്കുകയായിരുന്നു... (വാചകം നീണ്ടുപോയെങ്കില്‍ ഇത്തവണത്തേയ്ക്ക് ക്ഷമിയ്ക്കണേ..)

അങനെ ചിത്രരചനയുടെ വിത്യസ്തമേഖലകളുടെ "കേട്ടറിഞ്ഞ" സാധ്യതകള്‍ സ്വായത്തമാക്കാനും എന്ന ബാനറോടുകൂടി (അന്ന് ഫ്ലെക്സില്ല :)) ആറുമാസത്തേയ്ക്കുള്ള വിസയുമായി ഗുജറാത്തിലെ, സൂറത്തിലെ, സമസ്തശാന്തസുന്ദരമായ വേഡ്ച്ഛിഗ്രാമത്തിലേയ്ക്ക് ഏട്ടനോടൊപ്പം ഞാനും യാത്രയാവുകയായിരുന്നു...

മാമരങ്ങള്‍ കോച്ചിവലിയ്ക്കുന്ന ജനുവരിമാസത്തിന്റെ കറുത്തുകനത്ത രാത്രിയില്‍ ഏതാണ്ട് ഒന്നോ രണ്ടോ മണിസമയത്ത്, തണുത്തുവിറച്ച് ഇരുള്‍തിങ്ങിയ വഴിയിലൂടെ, തപ്പിത്തടഞ്ഞ് ബാബുച്ചേട്ടനൊപ്പം ഞാനും 'ഭാവികാലത്തിന്റെ' പുതിയൊരു പ്രഭാതത്തെയും പ്രതീക്ഷിച്ച് വിദ്യാലയത്തിലേയ്ക്ക് വലതുകാല്‍ വച്ചു കയറിക്കൂടി എന്നു സാരം.

എന്നാല്‍, ചില സാങ്കേതിക വികാസപരിണാമങ്ങളുടെ ഫലമായി ഇന്ത്യന്‍ കമ്മ്യൂണികേറ്ററെന്നും സദ് വാര്‍ത്തയെന്നുമുള്ള പേരുകളോടെ പള്ളിക്കാരായ അച്ചായന്മാര്‍ എറണാകുളത്തുനിന്നും തുടങ്ങാനിരുന്ന പത്രക്കമ്പനിയില്‍ എഡിറ്റിംഗ് ജോലിയുടെ സാധ്യതകള്‍ കണ്ട ബാബുച്ചേട്ടന്‍, എന്നോടൊപ്പം ആറുമാസത്തേയ്ക്കുണ്ടാവും എന്ന മോഹനവാഗ്ദാനം സ്വയം തിരുത്തിത്തരികയും വേഡ്ച്ഛിയിലെത്തിയതിനു പതിനൊന്നാം പക്കം, നാട്ടിലേയ്ക്കു ഒറ്റയ്ക്ക് വണ്ടികയറുകയും ചെയ്തു..


ആവശ്യത്തില്‍ കൂടുതലുള്ള പട്ടിക്കുട്ടികളെ ചാക്കില്‍ പൊതിഞ് ദൂരെയെവിടെയെങ്കിലുമൊക്കെ കൊണ്ടുകളയുന്നതും കഥകളില്‍ വായിച്ചിട്ടുള്ള റോബിന്‍സണ്‍ ക്രൂസോയുടേയുമൊക്കെ കഥകള്‍ പരസ്പരവിരുദ്ധമായ സംഗതികളാണെങ്കിലും എന്റെ കാര്യത്തിലവ ഏറെ സാമ്യമുള്ളവയായി എനിയ്ക്കുതോന്നുകയും പിന്നീടുള്ള എന്റെ ഉറക്കങളില്‍ അവയൊക്കെ സ്ലൈഡ്ഷോകളായി മിന്നിമറയുകയും ഞാന്‍ പേടിസ്വപ്നങള്‍ കണ്ടപോലെ ഞെട്ടിത്തരിയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു...

അതുവരെ മലയാളമൊഴിച്ച് ബാക്കിയെല്ലാം വെറും കാ-പീ-കൂവാണെന്നു ധരിച്ചിരുന്ന ഞാന്‍ അത്തരം ധാരണകള്‍ ശുദ്ധ അബദ്ധങ്ങളാണെന്ന് പതിയെ പതിയെ തിരിച്ചറിയാന്‍ തുടങ്ങുകയും ഒപ്പം വേഡ്ച്ഛിയില്‍ അന്തര്‍ലീനമായ അനന്തസാധ്യതകള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയും മന്ദം മന്ദം മനംമാറ്റം വരികയും നാട്ടിലേയ്ക്കുപോകാതെതന്നെ ‘വിസിറ്റിംഗ് വിസ‘ അണ്‍ലിമിറ്റഡാക്കി പുതുക്കി ഇനി എന്നെ തല്ലിക്കൊന്നാലും ഞാനിവിടം വിടില്ലെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു...

പിന്നെയങോട്ട്, കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി അസംബ്ലിംഗ് വരെ, ഹകു ഷാ മുതല്‍ വാസുദേവ് സ്മാര്‍ത്ത് വരെ, നൂല്‍ നൂക്കുന്നതുമുതല്‍ ഖാദികൂര്‍ത്തവരെ, പൊവ നാസ്ത മുതല്‍ ബേഗന്‍ രായ്ത വരെ, ജയപ്രകാശ് നാരായണ്‍ മുതല്‍ നാരായണ്‍ ദേശായി വരെ, സൂറത്തിലെ പ്ലേഗുമുതല്‍ കച്ചിലെ വെള്ളപ്പൊക്കം വരെ, സുരേന്ദ്ര ഗാഡേകര്‍ തുടങ്ങി നചികേത ദേശായിവരെ.... അങ്ങനെയങ്ങനെ ഞാനറിയാതെതന്നെ തലങ്ങും വിലങ്ങും എന്നിലേയ്ക്കുവന്നുവീണ അനുഭവങ്ങളുടെ, അനുഭവസ്ഥരുടെ പൂമ്പൊടിയേറ്റ് കിടന്ന വിദ്യാലയത്തിലെ മൂന്നുവര്‍ഷങ്ങള്‍..., കൈമോശം വന്നുപോകുമായിരുന്ന എന്നിലെ എന്നെകാട്ടിത്തരുകയും മനുഷ്യജീവിതത്തെ ഒരു പുതിയ കണ്ണിലൂടെ നോക്കികാണുവാന്‍ വഴിയൊരുക്കിത്തരുകയുമായിരുന്നു...


" ഹലോ, ന്റെ പൊന്നുചേട്ടോ... ഇതെന്തുവാ സംഭവം?"... "എന്തോന്ന് സമ്പൂര്‍ണ്ണക്രാന്തി..."? "എന്തോന്ന് വേഡ്ച്ഛി...., എന്തോന്ന് വിദ്യാലയം....???" എന്നല്ലേ, ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുയരുന്ന ചോദ്യം... അതെ, അതങ്ങനെയാണ് സമ്പൂര്‍ണ്ണക്രാന്തിവിദ്യാലയത്തെക്കുറിച്ച് പറയാതെ ഒരു പക്ഷേ, എനിയ്ക്കെന്നെക്കുറിച്ച് പറയാന്‍ കഴിയില്ല. ആയതുകൊണ്ട്, ഇത്തരമൊരു പരിചയപ്പെടുത്തല്‍ എഴുതുന്ന എനിയ്ക്കും വായിയ്ക്കുന്ന നിങ്ങള്‍ക്കുംവേണ്ടി, ഒപ്പം ആകപ്പാടെ കിട്ടിയ ഈ കൊച്ചുജീവിതത്തില്‍ വീണുകിട്ടിയ കൊച്ചുകൊച്ചുസന്തോഷങ്ങള്‍ നമ്മേപോലെ നമ്മോടൊപ്പം ജീവിയ്ക്കുന്ന മറ്റുപലര്‍ക്കും നിഷേധിയ്ക്കപ്പെടുന്നത് കണ്ടുനില്ക്കാനാകാത്തവര്‍ക്കുവേണ്ടി, മനുഷ്യത്വമുള്ള ഒരു പറ്റം മനുഷ്യരുടെ സത്കര്‍മ്മകൂട്ടായ്മയെക്കുറിച്ച്, സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തെക്കുറിച്ച്, ഞാനിവിടെ കുറിച്ചിടുന്നു...


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയം: ഒരു പരിചയം

ലളിതമായി പറഞ്ഞാല്‍, മനുഷ്യത്വപരമായ എല്ലാ സദ്ചിന്തകളോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറിയ ആശ്രമ-സാമൂഹ്യ-സംസ്കാരിക-കൂട്ടായ്മ... അതാണ്‌ സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയം!

ഭൂമിശാസ്ത്രപരമായി, സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ, വേദ്ച്ഛി എന്ന ചെറിയ ഒരു ഗ്രാമത്തില്‍, ഏകദേശം മൂന്നേക്കറയോളം വരുന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ശ്രീ
ജയപ്രകാശ് നാരയണന്റെ പ്രത്യയശാസ്ത്ര (ideology) മായിരുന്ന 'സമ്പൂര്‍ണ്ണ ക്രാന്തി അഥവാ സമ്പൂര്‍ണ വിപ്ലവം' എന്ന സ്വപ്നസാക്ഷാല്‍കാരത്തിനായി അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീ നാരായണ്‍ ദേശായിയുടെ നേതൃത്വത്തില്‍ നടന്ന "സമ്പൂര്‍ണ ക്രാന്തി വിദ്യാലയം (Institute for Total Revolution)" എന്ന പേരിലുള്ള ട്രസ്റ്റ്‌ രൂപീകരണത്തോടെ 1980ല്‍ സ്ഥാപിയ്ക്കപ്പെട്ടതാണ്‌.

അടിസ്ഥാനപരമായി ഈ വിദ്യാലയം, മഹാത്മഗാന്ധിയുടേയും, വിനോബാ ഭാവേയുടെയും ആശയങ്ങളോടും ആണവിരുദ്ധപ്രവര്‍ത്തകരോടും അനുകൂലമായ നയപ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ചുപോരുകയും ഈ വിശ്വാസങ്ങളെ, കഴിയുന്നതിന്റെ പരമാവധി ജനങ്ങളിലെത്തിക്കുക ഏന്ന ലക്ഷ്യത്തിന്റെ ഭാഗമായി, സമാനമനസ്കരായ ലോകത്തെമ്പാടുമുള്ള പൗരന്മാര്‍ക്ക്‌ വേണ്ടരീതിയില്‍ ട്രെയിനിംഗ്‌ കൊടുക്കുകയും അവര്‍ക്ക്‌ വിദ്യാലയത്തില്‍ , സൗജന്യമായി, താമസിച്ചു പഠിയ്ക്കുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ ഒരല്‍പം experimental കൃഷിയും ഇവിടത്തെ ദൈനംദിന-സാമൂഹ്യജീവിതത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്‌.

1980-കളില്‍, ശ്രീ ജയപ്രകാശ്‌ നാരായണനുണ്ടായിരുന്ന രക്തസംബന്ധമായ അസുഖത്തെതുടര്‍ന്ന് തുടരെതുടരെയുള്ള രക്തമാറ്റം അനിവാര്യമായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളെല്ലാം ചേര്‍ന്ന്, 'ഒരാളില്‍നിന്ന് ഒരു രൂപാ മാത്രം' എന്ന രീതിയില്‍ ഇന്ത്യയിലൊട്ടാകെ ഒരു സംഭാവനപിരിവുനടത്തുകയും പ്രതീക്ഷകള്‍ക്കതീതമായി ജനസമ്മതനായിരുന്ന ആ നേതാവിനുവേണ്ടി, ഒറ്റരൂപാസംഭാവന എന്ന മാനദണ്ഡത്തില്‍ നിന്നുകൊണ്ടുതന്നെ വന്‍പിച്ച തോതില്‍ ധനശേഖരണം നടക്കുകയും, ശേഷം, ആ പണത്തിന്റെ പത്തിലൊന്നുപോലും അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക്‌ ചിലവാകാതെ വരികയും വന്നതുമൂലം, വന്‍തോതില്‍ മിച്ചം വന്ന പണം പിന്നീട്‌, ജനസേവനത്തിനുവേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സാമൂഹ്യസംഘടനകളെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന സദുദ്ദേശലക്ഷ്യവുമായി 'ജയപ്രകാശ്‌ അമൃത്‌
കോശ്‌' എന്നപേരില്‍ ഒരു ട്രസ്റ്റ്‌ തുടങ്ങി നിക്ഷേപിയ്ക്കുകയുമായിരുന്നു... വര്‍ഷംതോറും അതില്‍നിന്നൊരു വിഹിതം വേദ്ച്ഛിയിലെ ഈ വിദ്യാലയത്തിന്‌ അതിന്റെ നടത്തിപ്പുകാര്യങ്ങളിലേയ്ക്കായി കിട്ടികൊണ്ടിരിയ്ക്കുകയും ചെയ്തുപോരുന്നു. (കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷങ്ങളായിട്ട്‌ വിദ്യാലയം ഈ തുക നിരസ്സിക്കുകയും സ്വയം പര്യാപ്തി കൈവരിച്ചതായും അറിയുന്നു...). ഫോറിന്‍ ഫണ്ടിംഗിനെ വിദ്യാലയം ഏതൊരവസ്ഥയിലും സപ്പോര്‍ട്ടുചെയ്യുന്നില്ല എന്നത് ഈയവസരത്തില്‍ പ്രത്യേകം എടുത്തുപറയുന്നു..

പ്രധാന പ്രവര്‍ത്തികള്‍

രാജസ്ഥാനിലെ രാവത്‌ ഭാട്ടയിലുള്ള ആണവനിലയത്തിനു ചുറ്റും താമസിയ്ക്കുന്ന ജനങ്ങളിലെ ജനിതകവും അല്ലാതെയുമുള്ള ആരോഗ്യപരമായ വൈകല്യങ്ങളെക്കുറിച്ചും ഒറീസ്സയിലെ ജദുഗുഡയിലുള്ള യുറേനിയം മൈനിംഗ്‌ തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിദ്യാലയം നടത്തിയ സര്‍വ്വേകള്‍ ദേശീയതലത്തില്‍ ഒരുപാട്‌ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുള്ള സത്യസന്ധമായ ആധികാരികപഠനങ്ങളാണ്‌. അതുപോലെതന്നെ പ്ലേഗ്‌, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയുള്ള പ്രകൃതിക്ഷോഭങ്ങളില്‍ വിദ്യാലയവാസികള്‍ നടത്തിയിട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തികള്‍ അതീവപ്രശംസനാര്‍ഹമാണ്‌.

പെര്‍മാ-കള്‍ച്ചര്‍, നാച്ചുറല്‍ ഫാര്‍മിംഗ്‌ തുടങ്ങിയ ജൈവ കൃഷിരീതികളില്‍ വിദ്യാലയം കാണിയ്ക്കുന്ന താല്‍പര്യങ്ങളും ഇതേ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി ഇവര്‍ വച്ചു പുലര്‍ത്തുന്ന ബന്ധങ്ങളും ഈ വിഷയങ്ങളെക്കുറിച്ച്‌ പഠിയ്ക്കാന്‍ താല്‍പര്യമുള്ളവരുടെ അന്വേഷണങ്ങളെ സാരമായി തന്നെ ലഘൂകരിയ്ക്കുന്നു...

ഭൂമികുലുക്കത്തിനുശേഷം, സാമ്പത്തികമായും വംശപരമായി തന്നെയും വെല്ലുവിളികള്‍ നേരിടുന്ന , കച്ചിലെ ഭുജ്‌ ജില്ലയിലെ പാരമ്പര്യ കച്ചവടക്കാരായ നെയ്ത്തുകാരില്‍നിന്നും, നാചുറല്‍ ഡൈ-യും നാചുറല്‍ കളറുകളും ഉപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങള്‍ നല്ല വിലകൊടുത്തു വാങ്ങി ഒട്ടും ലാഭേച്ഛയില്ലാതെ മറിച്ചുവില്‍ക്കാനുള്ള സംവിധാനവും, ഏറെ വിജയകരമായി വിദ്യാലയം നടത്തിപോരുന്നു.

സാമൂഹ്യസേവനത്തെ കുറിച്ചും, കലാരൂപങ്ങളെക്കുറിച്ചും, കൃഷിയെക്കുറിച്ചും മറ്റുമുള്ള
ജനനന്മയ്ക്കുതകുന്ന തരത്തിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയും ഇവിടെ വര്‍ഷം തോറും ശില്‍പശാലകകളും മറ്റും സംഘടിപ്പിച്ചുപോരുന്നു...

1991ല്‍, കണ്ണൂരിനടുത്തുള്ള പെരിങ്ങോം എന്ന സ്ഥലത്ത്‌, കേരളസര്‍ക്കാര്‍ തുടങ്ങാനിരുന്ന ആണവോര്‍ജ്ജ പദ്ധതിയെക്കുറിച്ചും അതുവന്നാലുണ്ടാകാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സൂറത്തില്‍ നിന്ന് പെരിങ്ങോത്തേയ്ക്ക്‌ 40-ഓളം പേരടങ്ങുന്ന സംഘവുമായി വിദ്യാലയം നടത്തിയ, ഒരു മാസത്തോളം നീണ്ടുനിന്ന സൈക്കിള്‍ യാത്രയും ഗാന്ധിജിയുടെ ആശയവും സ്വപ്നവുമായിരുന്ന "ഹിന്ദ്‌സ്വരാജ്‌" എന്ന സന്ദേശവുമായി സൂറത്തില്‍ നിന്നും ഉത്തരഗുജറാത്തിലെ, ഭാവ്‌ നഗര്‍ ജില്ലയിലെ 'സാവര്‍കുണ്ട്‌ലാ' എന്ന സ്ഥലത്തേയ്ക്ക്‌ വിദ്യാലയം നടത്തിയ, 30 പേരോളമടങ്ങിയ, സൈക്കിള്‍ യാത്രയും വിദ്യാലയത്തിന്റെ ചരിത്രത്തില്‍, കൂടുതല്‍ ജനങ്ങളിലേയ്ക്ക്‌ ഒരേസമയം സംഘടിതമായി സന്ദേശമെത്തിയ്ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ എടുത്തുപറയേണ്ടുന്ന സംഭവങ്ങളാണ്‌.

ജനനന്മയെക്കുറിച്ചും ആണവവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗാന്ധിജിയുടെ സമാധാന സന്ദേശത്തെക്കുറിച്ചും വികല്‍പവൈദ്യുതിയെക്കുറിച്ചും നടക്കുന്ന അന്താരാഷ്ട്രസെമിനാറുകളിലും ശില്‍പശാലകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദ്യാലയത്തിലെ പ്രമുഖവ്യക്തികള്‍ പങ്കെടുക്കാറുണ്ട്‌...

വിദ്യാലയത്തിലെ ചില പ്രമുഖവ്യക്തികള്‍

നാരായണ്‍ ദേശായി

ഇപ്പോള്‍ 83 വയസ്സ്‌ പ്രായമുള്ള ശ്രീ നാരായണ്‍ ദേശായി ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന ശ്രീ
മഹാദേവ ദേശായിയുടെ ഒരേയൊരു പുത്രനാണ്‌. ഗാന്ധിയെക്കുറിച്ച്‌ ഇദ്ദേഹം നടത്തിയിട്ടുള്ളയത്രയും ആധികാരികമായ പഠനങ്ങള്‍, ഒരു പക്ഷെ, ഗാന്ധിജിയുടെ കുടുംബക്കാര്‍ പോലും ചെയ്തിരിയ്ക്കാന്‍ വഴിയില്ല... പിറന്നതും വളര്‍ന്നതും പഠിച്ചതുമെല്ലാം ഗാന്ധിജിയുടെ "സാബര്‍മതി ആശ്രമത്തില്‍". തന്റെ ഇരുപതുവയസ്സുവരെ ഗാന്ധിജിയോടൊപ്പം സാബര്‍മതിയില്‍ കഴിഞ്ഞിട്ടുള്ള ഇദ്ദേഹം സ്വാതന്ത്ര്യസമരമടക്കം ഒട്ടനവധി സമരമുറകളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ജയപ്രകാശ്‌ നാരായണനോടോപ്പം ചേര്‍ന്ന് പ്രര്‍ത്തിയ്ക്കുകയുമായിരുന്നു... സ്വാതന്ത്ര്യസമരക്കാലത്ത്‌ ‘ജയിലില്‍ കിടന്നവരെമാത്രം‘ സ്വാതന്ത്ര്യസമരസേനാനികളായി മുദ്രകുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരിന്റെ കണ്ണില്‍ 'ജയിലില്‍' കിടക്കാതെപോയതുകൊണ്ട്‌ മാത്രം നാരായണനെ ഒരു സ്വാതന്ത്ര്യസമരസേനാനിയായി കണക്കുകൂട്ടിയില്ലെന്നത്‌ രസകരമായ വസ്തുതയാണ്‌.

ഗാന്ധിജിയുടെ ആശ്രമത്തില്‍തന്നെ അക്ഷരാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ച നാരായണ്‍, നര്‍മ്മത്തോടെ 'താന്‍ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല' എന്നു പറയുമെങ്കിലും, ഇതിനകം നൂറിലേറെ കവിതകളും ഇരുപതിലേറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്‌. 1996-ല്‍, തന്റെ പിതാവിനെ(മഹാദേവ് ദേശായി)ക്കുറിച്ച് ഗുജറാത്തിഭാഷയില്‍ എഴുതിയ ഉപന്യാസ


ഗ്രന്ഥത്തിന്‌ (അഗ്നികുണ്ഡമാ ഉഗേലു ഗുലാബ്‌) കേന്ദ്രസാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌. 2004 ലെ ജ്ഞാനപീഠത്തിന്റെ 'മൂര്‍ത്തീദേവി അവാര്‍ഡ്‌' കിട്ടിയിരിക്കുന്നതും ഇദ്ദേഹത്തിനാണ്‌. ഗാന്ധിജിയെക്കുറിച്ച്‌ നാലു വാള്യങ്ങളില്‍ ഇദ്ദേഹം എഴുതിയ കൃതിയാണ്‌ ഈ ബഹുമതിയ്ക്കദ്ദേഹത്തെ അര്‍ഹനാക്കിയത്‌. ഈ സാഹിത്യ അവാര്‍ഡുകളെക്കൂടാതെ ജമനാലാല്‍ ബജാജ്‌ അവാര്‍ഡും സമാധാനത്തിനുള്ള യുനെസ്കോ പുരസ്കാരവും ഇദ്ദേഹത്തിനു കിട്ടുകയുണ്ടായി...

ഈ എണ്പത്തിമൂന്നാമത്തെ വയസ്സിലും ചുറുചുറുക്കോടെ "ഗാന്ധികഥ" പോലുള്ള പ്രഭാഷണ ശില്‍പശാലകളുടെ ചുക്കാന്‍ പിടിയ്ക്കുകയും മറ്റു സാമാജികപ്രവര്‍ത്തനങ്ങളില്‍ തന്റെ സാമീപ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ശ്രീ ദേശായി ഇപ്പോള്‍ ഗുജറാത്ത് വിദ്ധ്യാപീഠിന്റെ (University) ചാന്സലറാണ്. ഈ വരുന്ന ഡിസംബര്‍ 24 മുതല്‍ ഗുജറാത്ത്‌ സാഹിത്യകലാ അകാദമിയുടെ പ്രസിഡന്റ് പദവിയും ഏറ്റെടുക്കുന്നു.

ഒറീസ്സയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നബോകൃഷ്ണ ചൗധരിയുടെ എകമകള്‍ ഉത്തരാ ദേശായിയായിരുന്നു ഭാര്യ (ഇന്ന് ജീവിച്ചിരിപ്പില്ല). മൂന്നുമക്കള്‍:
സംഗമിത്രാ ഗാഡേകര്‍, നചികേത ദേശായി, അഫ്ലാത്തൂന്‍ ദേശായി.


ഡോ: സുരേന്ദ്ര ഗാഡേകര്‍:

54-നടുത്തു പ്രായമുള്ള, ശ്രീ ഗാഡേകര്‍, ഊര്‍ജ്ജതന്ത്രശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്‌ ഉള്ളയാളാണ്‌. വര്‍ഷങ്ങളോളം ബാംഗ്ഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്‌ ഓഫ്‌ സയന്‍സില്‍, ശാസ്ത്രജ്ഞനായി ജോലി നോക്കിയിട്ടുള്ള ഇദ്ദേഹം, അമേരിക്കയില്‍ ശാസ്ത്രസംബന്ധമായ ജോലി നോക്കിയിരിയ്ക്കേ, എണ്‍പതുകളുടെ അവസാനത്തോടെ, ജോലി രാജിവച്ച്‌, സമൂഹ്യവ്യവസ്ഥിതികളില്‍ വന്നുചേരേണ്ട അനിവാര്യമായ മാറ്റത്തിന്റെ ആവശ്യകതകളെ സ്വയമുള്‍കൊണ്ട്‌, അതിനുവേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്ന വേദ്ച്ഛിയിലെ വിദ്യാലയത്തില്‍, കുടുംബസമേതം വന്നുചേരുകയും വിദ്യാലയത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കാളിത്വം വരിയ്ക്കുകയും ചെയ്തതിനോടൊപ്പം തന്നെ, "അണുമുക്തി" എന്ന പേരില്‍ ഒരു മാഗസിന്‍ പ്രസിദ്ധീകരിയ്ക്കുകയും അതിന്റെ എഡിറ്ററായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. നാരായണ്‍ ദേശായിയുടെ ഒരേയൊരു മകളായ സംഗമിത്രയുടെ ഭര്‍ത്താവാണ്‌ ഇദ്ദേഹം.

ഇന്ത്യയിലെ അറിയപ്പെടുന്ന
ഒരു പരിസ്ഥിതിപ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി, ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാന ആണവവിരുദ്ധപ്രവര്‍ത്തകന്‍ എന്ന വിശേഷണമാണ്‌ ഗാഡേകര്‍ക്ക്‌ കൂടുതല്‍ ചേരുക. അതോടൊപ്പം തന്നെ, എതൊരു വിഷയത്തിലും ആധികാരികമായി സംസാരിയ്ക്കാനുള്ള ഇദ്ദേഹത്തിന്റെ പ്രാവീണ്യം അത്ഭുതാവഹമായി പലപ്പോഴും തോന്നിയിട്ടുണ്ട്‌.

എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ ഗുണങ്ങളില്‍ നിന്നെല്ലാം മാറി, എന്നെയാകര്‍ഷിച്ചത്‌ ഇദ്ദേഹത്തിന്റെ ഫൈന്‍ ആര്‍ട്ടിനോടുള്ള താല്പര്യങ്ങളാണ്. നല്ലൊരു പെയിന്ററും ഫോട്ടോഗ്രാഫറും കൂടിയാണ്‌ ഇദ്ദേഹം. ജര്‍മ്മനിയിലെ, ഒരു ഗാലറിയില്‍, ഏതാണ്ട്‌ ഒരുവര്‍ഷത്തോളം ഇദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനം നടന്നിട്ടുണ്ട്‌.

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പുതിയതായിവരാന്‍ പോകുന്ന ആണവനിലയം പ്രൊപോസ്‌ ചെയ്തിട്ടുള്ള മേഖലയില്‍ താമസിയ്ക്കുന്ന ജനങ്ങളുടെ ഇപ്പോഴത്തെ ആരോഗ്യപരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള സര്‍വ്വേയില്‍ വ്യാപൃതനാണ്‌. (സര്‍വ്വോപരി, എന്റെ ഗുരു എന്ന് ഞാന്‍ കരുതുന്ന വ്യക്തി... :) അദ്ദേഹമങ്ങനെ പറയില്ലെങ്കിലും..)


സംഗമിത്രാ ഗാഡേകര്‍

ഉമാദീദി, അങ്ങനെയാണ്‌ അടുത്തറിയുന്നവര്‍ വിളിയ്ക്കുന്ന പേര്‌. നാരായണ്‍ ദേശായിയുടെ ഏകമകള്‍, സുരേന്ദ്ര ഗാഡേകറിന്റെ ഭാര്യ. മെഡിക്കല്‍ ഡോക്റ്റര്‍. വാരണാസിയിലെ സര്‍ സുന്ദര്‍ ലാല്‍ ഹോസ്പിറ്റലിലും വില്ലേജ് ഹോസ്പിറ്റല്‍ ഓഫ് കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനിലും സര്‍ജറിവിഭാഗത്തിന്റെ മുഖ്യസ്ഥാനം വഹിച്ചിരുന്ന സംഗമിത്രാ, പിന്നീട്‌ സുരേന്ദ്രയോടൊപ്പം അമേരിക്കയിലും മറ്റും സേവനമനുഷ്ഠിച്ച ശേഷം, വേദ്ച്ഛിയില്‍ എത്തിചേരുകയായിരുന്നു. സുരേന്ദ്രയെ ഹെല്‍ത്ത്‌ സര്‍വ്വേ പോലുള്ള ആധികാരിക പഠനങ്ങളില്‍ സഹായിയ്ക്കുന്നതിനോടൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യം, മറ്റു പരിസ്ഥിതിപ്രശ്നങ്ങള്‍ കൂടാതെ, ആരോഗ്യചികിത്സ ആവശ്യമുള്ള ഗ്രാമവാസികള്‍ക്കനുകൂലമായ ട്രീറ്റ്‌ മെന്റും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുന്നു. വിദ്യാലയത്തിന്റെ പേരില്‍ നടന്നിട്ടുള്ള പല സാമൂഹിക-സാംസ്കാരിക-സമര പാതകളിലും നേതൃത്വം നല്‍കി നയിച്ചിട്ടുള്ളത്‌ സംഗമിത്രയാണ്‌. കൂടാതെ, മേല്‍പറഞ്ഞ ‘വിവിധ‘ എന്ന പേരില്‍ നടത്തുന്ന 'വസ്ത്രവ്യാപാരത്തിന്റെ' ചുമതല കൂടി സംഗമിത്ര ഏറ്റെടുത്തുനടത്തുന്നു...


വിദ്യാലയത്തിലെ ചില രീതികള്‍

പരമ്പരാഗത (conventional Studies) സര്‍ട്ടിഫിക്കറ്റ്‌ വിദ്യഭാസത്തെ പ്രോത്സാഹിപ്പിയ്ക്കാത്ത ഈ വിദ്യാലയം സ്വതസിദ്ധമായ പാരമ്പര്യരീതികളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന പാഠ്യരീതികളില്‍ വിശ്വസിയ്ക്കുകയും കൂടുതലും 'പ്രാക്റ്റിക്കലായി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു'. ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ ശീലിച്ചുപോരുന്ന ചില പ്രവര്‍ത്തികളാണ്‌ ഞാനിനിയിവിടെ കുറിച്ചിടാന്‍ പോകുന്നത്‌...

വിദ്യാര്‍ഥികളില്‍ കൂടുതല്‍ ചുമതലാബോധം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിന്റെ നടത്തിപ്പ്‌ (administration) കാര്യങ്ങള്‍ അതിന്റെ സ്വഭാവമനുസരിച്ച്‌ ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ പോലെ, ഓരോ വിഭാഗമാക്കി വേര്‍ത്തിരിച്ച്‌, ഒരുമാസക്കാലയളവിലേയ്ക്ക്‌ ഒരോരുത്തരേയും ചുമതലപ്പെടുത്തുന്നു. വകുപ്പുകളുടെ സ്വഭാവമനുസരിച്ച്‌ ഇവരും "മന്ത്രി" എന്നു വിളിയ്ക്കപ്പെടുന്നു. ഉദാഹരണത്തിന്‌, വിദ്യാലയത്തിലെവിടെയുമുള്ള വിദ്യുത്സംബന്ധമായ ചുമതല "വിദ്യുത്‌മന്ത്രി"യുടേതാണ്‌. എക്സ്റ്റന്‍ഷന്‍ കണക്ഷനുകള്‍, മാറ്റിയിടെണ്ടിവരുന്ന ഫ്യൂസായ റ്റ്യൂബുകള്‍ ബള്‍ബുകള്‍, വാട്ടര്‍പമ്പുകളുടെ മെയിന്റനന്‍സ്‌ തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു. ഇതിനാവശ്യമായ പണം "ധനമന്ത്രി"യുടെ പക്കല്‍ നിന്നും വാങുകയും ശേഷം ബില്‍ സമര്‍പ്പിയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍, ജലവകുപ്പ്‌, ഭക്ഷ്യവകുപ്പ്‌, ഐ ടി, കൃഷിവകുപ്പ്‌ എന്നിങ്ങനെയുള്ള
എല്ലാ വകുപ്പുകളിലേയ്ക്കുമുള്ള ഒരുമാസത്തെ മൊത്തം ചെലവിന്നാവശ്യമായ ഏകദേശം പണം വിദ്യാലയത്തിന്റെ അകൗണ്ടന്റിന്റെ
കൈയ്യില്‍നിന്ന് മുന്‍-കൂറായി വാങ്ങി അതിന്റെ കണക്കുകാര്യങ്ങള്‍ യഥാക്രമം നടത്തുകയാണ്‌ "ധനമന്ത്രി"യുടെ ചുമതല.


ദിനചര്യകള്‍

രാവിലെ, 6:00 മണിയ്ക്ക്‌, പ്രകൃതി പ്രാര്‍ത്ഥനയോടെ, ആരംഭിയ്ക്കുന്ന ക്ലാസ്സ്‌ 7:00 മണി വരെ നീളുന്നു. ക്ലാസ്സിന്റെ വിഷയം തിരഞ്ഞെടുക്കുന്നത്‌ വിദ്യാര്‍ഥികള്‍ തന്നെയാണ്‌. അധികവും ഭൂരിപക്ഷം മാനിയ്ക്കുന്ന വിഷയങ്ങളായിരിയ്ക്കും, അല്ലാത്തവര്‍ ഒഴിവുസമയങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ടവരെ സമീപിയ്ക്കുകയാണ്‌ പതിവ്‌. 7 മുതല്‍ 7:30 വരെ, പ്രഭാതഭക്ഷണം. ശേഷം, 7:30 മുതല്‍ 9:00 വരെ കൃഷിയിടങ്ങളില്‍ പണി. പച്ചക്കറിച്ചെടികള്‍ക്ക്‌ വെള്ളമൊഴിയ്ക്കുക, നടുക, കിളയ്ക്കുക തുടങ്ങി എല്ലാത്തരം പണികളിലും വിദ്യാര്‍ഥികള്‍ വ്യാപൃതരാകുന്നു. കോമണ്‍ കൃഷിയിടങ്ങള്‍ക്കുപുറമേ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടുതല്‍ എക്സിപെരിമന്റ്‌ ചെയ്യുവാനും പ്രത്യേകം കൃഷിയിടങ്ങള്‍ ഉണ്ടാക്കുവാനും അനുവാദമുണ്ട്‌. ഒന്‍പതുമണിയ്ക്കുശേഷം വിശ്രമം, കുളി തുണിയലക്കല്‍ തുടങ്ങിയ വ്യക്തിപരദിനചര്യകള്‍ക്കുശേഷം, 11:30 ന്‌ വീണ്ടും ക്ലാസ്സ്‌ 12:30 വരെ. ഈ സമയം വിഷയവും ടീച്ചറും മാറിയിട്ടുണ്ടാകും. 12:30 മുതല്‍ 1 മണിവരെ
ഉച്ചഭക്ഷണം.
എല്ലാ അന്തേവാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു. ആരെങ്കിലും എത്താന്‍ നേരം വൈകുന്നുവെങ്കില്‍, അവരെ എത്തുവാനായി എല്ലാവരും കാത്തിരിയ്ക്കുന്നു. (ഈ പ്രവണത, വൈകിവരുന്നവരെ വീണ്ടുമതാവര്‍ത്തിയ്ക്കുന്നതില്‍നിന്നും വിലക്കുന്നു). 1മണിമുതല്‍ 3 മണി വരെ വിശ്രമം. 3 മുതല്‍ 4 വരെ "കൈത്തൊഴില്‍ പരിശീലനം". കമ്പ്യൂട്ടര്‍, ടൈപ്‌ റൈറ്റിംഗ്‌, തയ്യല്‍, നൂല്‍നൂല്‍ക്കല്‍, ലൈബ്രറി മൈന്റൈനന്‍സ്‌ തുടങ്ങി ഒത്തിരി പണികള്‍ ഈ സമയത്ത്‌ പഠിയ്ക്കാനുള്ള വ്യവസ്ഥകള്‍ വിദ്യാലയത്തിലുണ്ട്‌. 4 മുതല്‍ 4:30 വരെ വിശ്രമം. 4:30 മുതല്‍, 6:30 വരെ വീണ്ടും കൃഷിയിടത്തില്‍. 6:30 മുതല്‍ 7:30 വരെ വീണ്ടും വിശ്രമം. 7:30മുതല്‍ 8:15 വരെ ഡിന്നര്‍. 8:15 മുതല്‍ 9:00 വരെ മീറ്റിംഗും പ്രാര്‍ത്ഥനയും. ഈ മീറ്റിംഗില്‍ അന്നു നടന്ന സംഭവങ്ങള്‍ മറ്റു സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പങ്കുവയ്ക്കുകയും അവരുടെ
അഭിപ്രായങ്ങള്‍ ചോദിയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ അടുത്തദിവസത്തേയ്ക്കുള്ള കര്‍മ്മപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. വിദ്യാലയത്തില്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതിന്‌ ഹൈരാര്‍ക്കിയില്ല. ഞായറാഴ്ചദിവസം മീറ്റിങ്ങിനുപകരം, കലാപരിപാടികളാണ്‌... ഭാഷാവിത്യാസമില്ലാതെ എല്ലാവരും എന്തെങ്കിലും പരിപാടികള്‍ അവതരിപ്പിയ്ക്കണമെന്നാണ്‌ 'നിയമം'. 9:00ന്‌ എല്ലാവരും അവരവരുടെ കിടപ്പുമുറികളിലേയ്ക്ക്‌.... വിദ്യാലയത്തിലെ ഒരു ദിവസം അങ്ങനെ പൂര്‍ണ്ണമാകുന്നു!

നേരത്തെ പറഞ്ഞപോലെ, ഒരൊറ്റ ഊട്ടുപുരയിലാണ്‌ എല്ലാവരും ഭക്ഷണങ്ങള്‍ വയ്ക്കുന്നത്‌. ഭക്ഷണം വയ്ക്കുന്നവരോ വിദ്യാര്‍ത്ഥികളും. അംഗബലമനുസരിച്ച്‌ ഒന്നോ രണ്ടോ മെംബര്‍മാരായിരിയ്ക്കും ഒരു ദിവസത്തെ ഓരോസമയത്തേയും ഭക്ഷണം തയ്യാറാക്കേണ്ടത്‌. ഭക്ഷണം തയ്യാറക്കാന്‍ അറിയാത്തവരെ അറിയുന്നവരോടൊപ്പം സഹായിയായി ചേര്‍ക്കുന്നു. ഇങ്ങനെ മാറിമാറിവരുന്ന "ഠോലി" എന്നു വിളിയ്ക്കുന്ന ഈ പ്രക്രിയയില്‍, 20 പേരുണ്ടെങ്കില്‍ ഒരുതവണ ഭക്ഷണം വച്ചയാള്‍ക്ക്‌ അടുത്ത 20-മത്തെ ദിവസമായിരിയ്ക്കും വീണ്ടും ഭക്ഷണം വയ്ക്കേണ്ടിവരിക. വെജിറ്റേറിയന്‍ ഭക്ഷണത്തിനെ അനുകൂലിയ്ക്കുന്ന വിദ്യാലയം പക്ഷെ, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ എതിര്‍ക്കുന്നില്ലെങ്കിലും, മല്‍സ്യമാംസാദികള്‍ പാചകം ചെയ്യുന്ന ഒരടുക്കളയില്‍ വയ്ക്കുന്ന ഭക്ഷണം കഴിയ്ക്കാന്‍ മറ്റാര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍, വിദ്യാലയം അതിനെ അനുകൂലിക്കില്ല. നോണ്‍-വെജിറ്റേറിയന്‍ ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക്, വിദ്യാലയത്തിനു പുറത്ത്‌ അതിനുള്ള വഴികള്‍ കണ്ടെത്താവുന്നതാണ്‌.

അതിഥിദേവോ ഭവ:

പുതിയതായി വിദ്യാലയത്തില്‍ എത്തിപ്പെടുന്ന ഒരു വ്യക്തി, വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അടുത്ത മൂന്നുദിവസത്തേയ്ക്ക്‌, എല്ലാവിധ ആതിഥേയ വ്യവസ്ഥകളോടെയും ഒരതിഥിയായി കണക്കാക്കപ്പെടുന്നു. അതായത്‌, വിദ്യാലയത്തിന്റെ ദൈനംദിനചര്യകളില്‍ ഇവര്‍ക്ക്‌ ഈ മൂന്നുദിവസം ഇളവുണ്ട്‌. ഈ സമയം അതിഥിയ്ക്ക്‌ വിദ്യാലയത്തിന്റെ രീതികളെക്കുറിച്ച്‌ പഠിയ്ക്കുകയും അതിനനുസരിച്ച്‌ പെരുമാറാനുമുള്ള ഒരവസരവുമായി വേണമെങ്കില്‍ ഇതിനെ കരുതാം. എന്നാല്‍ മൂന്നുദിവസത്തിനുശേഷം, ഈ വ്യക്തി വിദ്യാലയത്തിന്റെ ദൈനംദിന കാര്യക്രമങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കേണ്ടതുണ്ട്‌. ഇവിടെ ഇതിങ്ങനെ വലിച്ചുനീട്ടിയതുകൊണ്ട്‌, ഇതൊരു കീറാമുട്ടിയാണെന്നാരും ധരിയ്ക്കരുത്‌.
തന്നെയുമല്ല, ഈ ലേഖനത്തില് പറയുന്ന വ്യവസ്ഥകളൊക്കെത്തന്നെ, കാലാകാലങ്ങളില് മാറിമാറിവരുന്ന വിദ്യാലയവാസികളുടെ സൗകര്യങ്ങള്ക്കനുസരിച്ച് മാറ്റം വരുത്താവുന്നവയാണ്. ആയതുകൊണ്ട്, ഒരുപക്ഷെ ഞാനിവിടെപ്പറയുന്ന പലകാര്യങ്ങളും ഇതിനകം മാറിയിട്ടുമുണ്ടാകാം...


കാമ്പസിനുപുറത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം

വിദ്യാലയത്തിനുള്ളിലുള്ള പാരസ്പരിക ചുമതലകളല്ലാതെ, വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആവശ്യം വരുന്ന, ഉപയോഗപ്പെടുത്താവുന്ന, വിദ്യാലയത്തിനു പുറത്തുള്ള ചില മേഖലകളാണ്‌ ഗ്രാമങ്ങളില്‍ നടക്കുന്ന സര്‍വ്വേകള്‍, ശില്‍പശാലകള്‍, എക്സിബിഷനുകള്‍, ഗാന്ധികഥകള്‍, സൈക്കിള്‍ യാത്രകള്‍, മാറിമാറിവരുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക്‌ ആശ്വാസം എത്തിച്ചുകൊടുക്കുക തുടങ്ങിയവ. ഇതുകൂടാതെ, വിദ്യാലയത്തിനോട്‌ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോരുന്ന സമാനചിന്താഗതിയുള്ള മറ്റു സംഘടനകളോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും ശീലിയ്ക്കുവാനും പഠിയ്ക്കുവാനുമുള്ള അവസരങ്ങളും ഇവിടെ ലഭ്യമാണ്‌.

ഇത്തരത്തിലുള്ള ഒരു ഓര്‍ഗനൈസേഷനാണ്‌ ബാര്‍ദോളിയിലുള്ളസുരുചി കാമ്പസ്. സുരുചി, കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ നടുവാന്‍ പാകമായ പച്ചക്കറിച്ചെടികള്‍ (saplings), ഒറ്റയാള്‍ കൃഷിയ്ക്കുതകുന്ന തരത്തിലുള്ള, വളരെ ലഘുവായ എഫര്‍ട്ട്‌ കുറവുവേണ്ടിവരുന്ന ലളിതമായ മേന്മയേറിയ പണിയായുധങ്ങള്‍, നോട്ട്‌ ബുക്കുകള്‍, അച്ചടിയ്ക്കുന്ന പ്രസ്സ്‌, മെഴുകിതിരി നിര്‍മാണം, സോപ്പ്‌ നിര്‍മ്മാണം, പേപ്പര്‍ നിര്‍മാണം, മരത്തിന്റേയും ഇരുമ്പിന്റേയും ഫര്‍ണീച്ചറുകള്‍ തുടങ്ങി ഒട്ടനവധി പണിരീതികളിലൂടെ ഗ്രാമീണരെ സഹായിച്ചുപോരുന്ന ഒരു ചെറുകിട സംഘടനയാണ്‌. ഇവിടത്തെ ഉല്‍പന്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇവരുടെ തനതുരീതിയിലുണ്ടാക്കുന്ന സോളാര്‍ കൂക്കര്‍. മേല്‍പറഞ്ഞ ഉല്‍പന്നങ്ങളുടെ പ്രവര്‍ത്തനരീതിയെയും നിര്‍മാണരീതിയെയും കുറിച്ച്‌ താല്‍പര്യമുള്ള കുട്ടികള്‍ക്ക്‌ പഠിയ്ക്കുവാനുള്ള അവസരവും വിദ്യാലയം ഒരുക്കിക്കൊടുക്കുന്നു..

അതുപോലെതന്നെ, വേഡ്ഛിയെക്കുറിച്ചുപറയുമ്പോള്‍ ഓഴിവാക്കാനാവത്ത ഒരു വ്യക്തിയാണ്‌, 35 കിലോമീറ്റര്‍ അകലെ മഢി (Madhi) എന്ന ഗ്രാമത്തിലെ കൃഷിക്കാരനായ ശ്രീ ഗിരീന്‍ ഷാ എന്ന ഗിരീന്‍ഭായ്‌. മുംബൈനഗരത്തിലെ ഒരു വലിയ ബിസിനസ്സുകാരനായ ഗിരീന്‍ഭായിയുടെ നാചുറല്‍ ഫാമിംഗിലേയ്ക്കുള്ള താല്‍പര്യം അദ്ദേഹത്തെ, നഗരം വെടിഞ്ഞ്‌, അമ്മയോടോപ്പം, മഢിയിലെത്തിയ്ക്കുകയും അവിടെ കൃഷിയിടത്തിനു നടുവില്‍, മണ്ണും മരവും മുളയുമുപയോഗിച്ച്‌ ഗുജറാത്തി ഗ്രാമീണരീതിയിലുള്ള ഒരു വീടുപണിത്‌, കൃഷിപ്പണി തുടരുവാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു..

ഫുക്കുവോക്കയുടെ രീതിയില്‍ നെല്‍കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ എകദേശം 5-6 ഏക്കറയോളം വരുന്ന കൃഷിയിടത്തില്‍ തഴച്ചുവളരുന്ന നെല്‍ച്ചെടികളും തളിര്‍ത്തുനില്‍ക്കുന്ന പച്ചക്കറികളും മറ്റിതര പഴവര്‍ഗ്ഗങ്ങളുമെല്ലാം കണ്ണിനിമ്പം പകരുന്ന, അത്ഭുതം പകരുന്ന കാഴ്ചകളാണ്‌...

ആദ്യകാലങ്ങളില്‍, കാളയെപൂട്ടി നെല്‍കൃഷിയ്ക്കനുയോജ്യമായ പാടമൊരുക്കുമായിരുന്ന ഗിരീന്‍ഭായ്‌, മണ്ണിനുവന്ന മാറ്റമറിഞ്ഞ്‌, പതിയെ തന്റെ കാളകളെ വില്‍ക്കുകയും പിന്നീട്‌, ഉഴാതെയുള്ള നിലത്ത്‌ കൃഷിയിറക്കാനും തുടങ്ങുകയായിരുന്നു... എന്റെ ആദ്യസന്ദര്‍ശനത്തില്‍, അദ്ദേഹത്തിന്റെ വിവരണങ്ങള്‍ കേട്ട്‌ ഞാനന്തം വിട്ടുപോയിട്ടുണ്ട്‌, കാരണം ഉഴാതെകിടന്ന പാടത്തിറക്കിയ കൃഷിയായിരുന്നിട്ടുകൂടി പാടവരമ്പില്‍നില്‍ക്കുന്ന എനിയ്ക്ക്‌ പാടത്തിന്റെ ചുറ്റുമുള്ള കാഴ്ചകള്‍ കാണാനാവാത്തവിധം (ഇഞ്ചപ്പുല്ലിന്റെ കടപോലെ) ഉയരമുള്ളവയായിരുന്നു ആ നെല്‍ച്ചെടികള്‍...
ഉഴാതെ തറഞ്ഞുകിടക്കുന്ന പാടത്ത്‌, നെല്‍മണികള്‍ മണ്ണുചേര്‍ത്ത്‌ കുഴച്ച്‌ പലെറ്റുകളാക്കി, ഞാറുനടുന്നതിനുപകരമായി പാടത്തുവിതറുന്ന വിത്തുകള്‍ക്ക്‌, ജൈവവളവും സമയാസമയം പുല്ലുപറിച്ചുകളയുകയും വെള്ളം തിരിയ്ക്കുകയുമല്ലാതെ മറ്റൊന്നും ഇദ്ദേഹം ചെയ്യുന്നില്ല... കൂടാതെ പാകമായി കൊയ്യുന്നതിനു 10 ദിവസം മുന്‍പ്‌, കുതിര്‍ത്ത അമരപ്പയറിന്റെയും പയറിന്റെയും വിത്തുകള്‍ നെല്‍ക്കതിരുകള്‍ക്കിടയിലേയ്ക്ക്‌ വിതറുകയും
ചെയ്യുന്നു.... ഈ വിത്തുകള്‍, കൊയ്യേണ്ട ദിവസമാകുമ്പോഴേയ്ക്കും മതിയായ ഈര്‍പ്പവും തണലും ലഭിയ്ക്കുന്നതുമൂലം, ഏകദേഷം 6 ഇഞ്ചെങ്കിലും വളര്‍ന്നിട്ടുണ്ടായിരിയ്ക്കാം.... ആയതുകൊണ്ട്‌, നെല്‍ച്ചെടികള്‍ കൊയ്തെടുക്കുന്നവര്‍ അത്രയും ഉയരത്തില്‍ വച്ച്‌ അരിയുന്നു... ഇത്തരത്തില്‍ മറ്റ്‌ ഒരുപാട്‌ രീതികളില്‍ ഇദ്ദേഹം കൃഷിചെയ്യുന്നു... ഗിരീന്‍ ഭായിയുടെ കൃഷി അനുഭവങ്ങളും പരീക്ഷണങ്ങളും പ്രകൃതി കൃഷിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഒരു വലിയ മുതല്‍ക്കൂട്ടാണ്‌..സമര്‍പ്പണം

സ്വതവേ, ചിത്രരചനയില്‍ തല്‍പരനായിരുന്ന എനിയ്ക്ക്‌ ആ മേഖലയില്‍ കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ വിദ്യാലയം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. വിദ്യാലയത്തിന്റെ ലൈബ്രറിയിലെ അസാധാരണാമായ പുസ്തകങ്ങള്‍, ജീജാജി എന്നു ഞങ്ങള്‍ വിളിയ്ക്കുന്ന ഗാഡേകര്‍ജി പകര്‍ന്നുതരുന്ന അദ്ദേഹത്തിന്റെ അനുഭവപരിചയങ്ങള്‍, സൂറത്തിലുള്ള "ഗാര്‍ഡന്‍" സാരീസിന്റെ ക്രിയേറ്റീവ്‌ അഡ്വൈസറായിരുന്ന അതിലുപരി, ബനാറസ്‌ വിശ്വഹിന്ദുപരിഷത്ത്‌ യൂണിവേര്‍സിറ്റിയിലെ, ചിത്രകലാ അദ്ധ്യാപകനായിരുന്ന വാസുദേവ് സ്മാര്‍ത്തിന്റെ വസതിയില്‍ ഓരോമാസവും പോയി താമസിച്ചിരുന്ന ദിവസങ്ങള്‍, ഹക്കു ഷാ എന്ന പ്രസിദ്ധചിത്രകാരനുമായുള്ള കൂടിക്കാഴ്ചകള്‍, അണുമുക്തിയ്ക്കുവേണ്ടി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ പഠിച്ച് കോറല്‍ഡ്രോയില്‍ (അന്ന് വേര്‍ഷന്‍ 2.0) വരച്ച കാര്‍ട്ടൂണുകള്‍.. ക്രിയേറ്റീവ്‌ രചനകള്‍ക്ക്‌ നിറങ്ങളിലൂടെയും പേപ്പറിലൂടെയും
കമന്റുകളിലൂടെയും ഒക്കെയായി തന്നിരുന്ന സപ്പോര്‍ട്ടുകള്‍... എല്ലാം ഒന്നിനൊന്നു മാറി മാറി ഇന്നത്തെ എന്നിലെ എന്നെ വേര്‍ത്തിരിച്ചുതരികയായിരുന്നു...

ബ്ലോഗിംഗ് തുടങിയപ്പോള്‍ മുതല്‍ കരുതുന്നതാണ്, വിദ്യാലയത്തെ ബൂലോകത്തിനു സമര്‍പ്പിയ്ക്കണമെന്ന്... ഇപ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു... ഇപ്പോഴും മേലെപ്പറയാന്‍ വിട്ടുപോയവരും വിട്ടുപോയതും ഒത്തിരിയുണ്ട്... ഓര്‍മ്മകളില്‍ന്നിന്നാണ് ഇത്രയുമെഴുതാനായത്... വിട്ടുപോ‍യെങ്കിലും അവരോടോക്കെയുള്ള സ്നേഹത്തോടെയും തികഞ്ഞ അര്‍പ്പണബോധത്തോടെയും, നന്ദിയോടെയും, കൃതാര്‍ത്ഥതയോടെയും ഈ ലേഖനം ഞാന്‍ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു...

വിദ്യാലയവുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ വേണ്ടി വിലാസം താഴെക്കൊടുത്തിരിയ്ക്കുന്നു:


Sampoorna Kranti Vidyalaya,
Vedchhi P. O., Valod,
Surat District, Gujarat.
INDIA. 394641,

Phone: (02625) 220074


© Copyright [ nardnahc hsemus ] 2010

Back to TOP