നമ്മുടെ ശാസ്ത്രസാങ്കേതികവളര്‍ച്ചയോടും അതിനു വഴിതെളിയ്ക്കുന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരോടും എനിയ്ക്കുള്ള ബഹുമാനം ഞാനാദ്യമേ രേഖപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാ‍നത്തില്‍ തന്നെ ഒരുപാട് വിദേശനാണ്യം രാജ്യത്തിനു നേടിത്തരാവുന്നത്രയും പ്രാബല്യമുള്ള ടെക്നോളജികള്‍ അനിവാര്യവും അഭിനന്ദനാര്‍ഹവും രാജ്യത്തെ ഓരോ പൌരനും അഭിമാനിയ്ക്കാവുന്നതും തന്നെ. കണ്ടുപിടുത്തങ്ങള്‍ മാനവര്‍ക്കെന്നും ആവശ്യമായതും ജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കാനുപകരിയ്ക്കുന്ന പുതിയ പരീക്ഷണങ്ങളുമാണെന്നിരിയ്ക്കെ മനസ്സില്‍ നുരയുന്ന ഒരു “പിന്തിരിപ്പന്‍ വാദം“ (അങ്ങനെയാണ് ഒരു സുഹൃത്ത് പറഞ്ഞത്) പങ്കുവയ്ക്കുന്നു.

ചന്ദ്രയാനമെന്നല്ല, രാജ്യത്തിന്റെ ഏതു വികസന പ്രക്രിയയിലും നമുക്കുവേണമെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം.. പക്ഷെ തിരിച്ച് ഒന്നും പറയാന്‍ പാടില്ല, അത് രാജ്യസ്നേഹമല്ലാതാകും. ഇനിയിപ്പൊ എന്തു പറഞ്ഞാലും ഇല്ലെങ്കിലും വികസനം അതിന്റെ പാതയില്‍ നീങുകയും ചെയ്യും, എന്നാ പിന്നെ പറയാല്ലെ?

ഞങ്ങളുടേ നാട്ടില്‍ എന്റെ വീടിനടുത്തുനിന്നും ഏകദേശം 40-50 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോയാല്‍ ആനപാന്തം എന്ന് പേരുള്ള ഒരു ആദിവാസിമേഖലയുണ്ട്. (പണ്ട് വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ കാട്ടിലെ കഞ്ചാവുകൃഷിയില്‍ പങ്കാളിത്തമുണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ച ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എയുടെ ആ വെല്ലുവിളി സ്വീകരിച്ച്, വനത്തില്‍ സ്വയം വന്ന് കൃഷി കാട്ടിത്തരുകയാണേങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാം എന്ന ഓഫറും സ്വീകരിച്ച് അവസാനം മാധ്യമ പ്രവര്‍ത്തകരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടുമൊപ്പം ഒരു സുപ്രഭാതത്തില്‍ കാടുകയറാന്‍ തുടങ്ങിയ മന്ത്രി-എം എല്‍ എ മാര്‍, നാലിലൊന്നിടം പോലും നടന്നെത്തുമ്പോഴേയ്ക്കും കൈകാല്‍ തളര്‍ന്നവശരായി തിരിച്ചു പോരേണ്ടി വന്ന, പണ്ട് നമ്മള്‍ കേട്ടിട്ടുള്ള അതേ ആനപാന്തം) ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എനിയ്ക്കറിയില്ലെങ്കിലും അറിഞ്ഞിടത്തോളം അവിടെ ഇന്നും പട്ടിണിമരണങ്ങള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, റോഡ്, വിദ്യഭ്യാസം, ആരോഗ്യകേന്ദ്രം തുടങ്ങി വളരെ പ്രാഥമികമായ അടിസ്ഥാനസൌകര്യങ്ങള്‍ പോലും എത്തിപ്പെടാത്ത ഒരു മേഖലയാണ് ഈ പറയുന്ന ആനപാന്തം. ജോലിയില്ലാത്ത ഗൃഹനാഥന്മാര്‍, പോഷകാഹാരമില്ലാതെ വികൃതരൂപം വന്ന കുട്ടികള്‍, വൃദ്ധരും രോഗപീഡിതരും വേറെ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് ജീവിയ്ക്കാനാവില്ലെന്ന് വീമ്പിളക്കുന്ന നമ്മള്‍ക്ക് അവരെങ്ങനെ ജീവിയ്ക്കുന്നു എന്ന് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ കഴിയാത്തയത്രയും താണ തലങ്ങളിലെ ജീവിതം നയിയ്ക്കുന്ന ഒരു പറ്റം ജനങ്ങള്‍. ഇതുപോലുള്ളവര്‍ കഴിയുന്ന എത്രയെത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍...

രണ്ടോ മൂന്നോ മാസം പെയ്യുന്ന മഴയില്‍ മാത്രം കുളിച്ച് വര്‍ഷത്തെ ബാക്കികാലം മുഴുവന്‍ വിയര്‍പ്പിലും മണല്‍കാറ്റിലും കുടിവെള്ളം പോലുമില്ലാതെ നരകിയ്ക്കുന്ന, ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ആദിവാസികള്‍ എന്റെ ജീവിത അനുഭവമാണ്. അവരോടൊപ്പം താമസിയ്ക്കേണ്ടിവന്ന തിളച്ച ഒരു രാത്രിയില്‍, ഗൃഹനാഥന്‍ എനിയ്ക്കു തന്ന ഒരു കുപ്പി വെള്ളം അന്നവര്‍ക്ക് നിധിയെക്കാള്‍ വലുതായിരുന്നു, കാരണം അദ്ദേഹത്തിന്റെ മകള്‍ കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലേയ്ക്കിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്‍കുന്ന വില അത്രയേറെയാണ്... കുളിയ്ക്കാന്‍ പോയിട്ട് പാത്രങ്ങള്‍ കഴുകാന്‍ പോലും വെള്ളമില്ലാതെ പൊടിമണല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടിവരുന്ന നമ്മുടെ സ്വന്തം ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വിഭാഗം ജനതയെ നമുക്കെങനെ മനസ്സിലാവാന്‍? അപ്പോള്‍ പിന്നെ നമ്മുടേ സര്‍ക്കാരിനോ?

ചിലപ്പോള്‍ കണ്ടിരിയ്ക്കും, മൊത്തം സമയത്തിന്റെ പകുതിപരസ്യം ഒഴിവാക്കിയാല്‍ കിട്ടുന്ന കണ്ണാടിയെന്ന ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞുവരാറുള്ള തെളിമ നശിച്ച‍, തൊട്ടടുത്ത പരസ്യത്തോടെ നാം മറന്നുപോകുന്ന മുഖങ്ങള്‍... ചാഞ്ഞും ചരിഞ്ഞുമെടുത്താന്‍ അവാര്‍ഡും അപ്രീസിയേഷനും കിട്ടാന്‍ സാധ്യതയുള്ള ചില ഫോട്ടോകള്‍ക്കപ്പുറം യാതൊരു ഗുണവും തരാത്ത കുറച്ചു തുറിച്ച കണ്ണും ഒട്ടിയ വയറുമുള്ള ജീവികള്‍! പണ്ടായിരുന്നെങ്കില്‍, കാട്ടില്‍ കയറി അവരെന്തെങ്കിലും കഴിച്ചോളുമായിരുന്നു.. ഇന്ന് ആ കാടും നമ്മുടേ സ്വന്തം അല്ലെ? അവനാരാ... ആദിവാസി പണ്ട്.. ഇപ്പോള്‍ ഏതോ വാസി!

ഇന്നിവര്‍ക്ക് അല്ലറചില്ലറയായി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് അഞ്ചാം വര്‍ഷം വന്നുപോകുന്ന ഇലക്ഷന്‍ കാലങ്ങളില്‍ ലഭ്യമാകാനിടയുള്ള വോട്ട് ബാങ്കിനെ മുന്‍ കണ്ടുകൊണ്ട് നേതാക്കള്‍ വല്ലതും കൊടുക്കുമ്പോഴാണ്. അങനെയെങ്കിലും ചിലപ്പോള്‍ അവനു വായയ്ക്കു രുചികിട്ടുന്നൊരു കറി കൂട്ടി വയര്‍ നിറയെ ഒരൂണ് തരമാവുന്നുണ്ടെങ്കിലോ?... അങ്ങനെയൊക്കെ അവരെ ഊട്ടാനായി കൂടിയാവുമോ വരുന്ന ഇലക്ഷനില്‍ പതിനായിരം കോടി ചിലവ് പ്രതീക്ഷിയ്ക്കുന്നത്? (വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാത്രം ചിലവാക്കാന്‍ പോകുന്ന തുകയാണത്.. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വക വേറേയും).

സമ്പൂര്‍ണ്ണസാക്ഷരത എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അന്നു പഠിച്ചവരില്‍ പേരും ഒപ്പും നാലാം ദിവസം മറന്നുപോയ എത്രപേരെ നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് തൊട്ടുകാണിയ്ക്കാന്‍ കഴിയുന്നു... വികസനങ്ങള്‍ പലരീതിയില്‍ നമ്മളാഘോഷിച്ചിട്ടും ഒറ്റത്തവണപോലും അതിന്റെ ഒരംശം പോലും പങ്കുപറ്റാന്‍ സാമര്‍ത്ഥ്യമില്ലാതെ പോകുന്ന നമ്മുടെ സ്വന്തം ജനത. പ്രകൃതിക്ഷോഭങ്ങളില്‍പോലും എത്തിച്ചേരുന്ന പണം വീതിച്ചുകൊടുക്കാത്ത നമ്മുടെ സ്വന്തം സര്‍ക്കാര്‍... ഒരു പക്ഷെ, ചാന്ദ്രയാനത്തിനു ചിലവിട്ട നാനൂറ് കോടി ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ചാല്‍ (അങനെ വേണമെന്നൊന്നും ഞാന്‍ പറയുന്നില്ല) അതിന്റെ പത്തിനൊന്നുപോലും ലക്ഷ്യം കണ്ടെന്നു വരില്ല. നമ്മുടെ വ്യവസ്ഥിതി അങ്ങനെയൊക്കെ ആയിപ്പോയി.. അല്ലാതെന്തു പറയാന്‍!

ഈ വികസന പരീക്ഷണങ്ങളൊക്കെ തന്നെ മറ്റുരാജ്യങ്ങളോട് കിടപിടിയ്ക്കാനുള്ള ഇന്ത്യയുടേ മത്സരമായി കാണാം... നല്ലത്! പക്ഷെ, അതേസമയം അവരുടെ നാട്ടില്‍ ദാരിദ്ര്യരേഖയുടേ സ്ഥാനം നമ്മുടേയത്രയും മോശമായിരിയ്ക്കുമോ? വഴിയില്ലെന്നു തോന്നുന്നു! നൂറ് കോടിയിലേറെ ജനങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍, ഒരു പൌരന്‍ വെറും 4 രൂപ വച്ചെടുത്താല്‍തന്നെ ചന്ദ്രയാനത്തിന് ചിലവഴിച്ച പണത്തില്‍ മിച്ചം വരുമെന്നിരിയ്ക്കേ, മാസത്തില്‍ നാലുരൂപപോലും വരുമാനമില്ലാത്ത ഒരുപാട് പേര്‍ താമസിയ്ക്കുന്ന ഒരു രാജ്യത്തെ ചില “വികസന കുതിയ്ക്കലുകള്‍” എല്ലാ അര്‍ത്ഥത്തിലും കുതിയ്ക്കല്‍ തന്നെയാണോ എന്നേ ഞാന്‍ ശങ്കിയ്ക്കുന്നുള്ളൂ..

നമ്മളൊക്കെ എത്രയെത്ര യാനങ്ങള്‍ വിട്ട് വികസനം കൈവരിച്ചാലും അതിന്റെ യാതൊരു പങ്കും കടന്നുചെല്ലാത്ത ഒത്തിരിയിടങ്ങള്‍ ഇന്നും നമ്മുടേ ഇന്ത്യയിലുണ്ട്, അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.[ഇതിലെ കമന്റുകള്‍ കൂടി വായിച്ചാലേ, ഈ പോസ്റ്റ് പൂര്‍ണ്ണമാവുകയുള്ളു..]


 

© Copyright [ nardnahc hsemus ] 2010

Back to TOP