മാഞ്ഞാഞ്ഞ...


നുമ്മടെ ഒരു മാമനുണ്ട്... മാധവന്‍ മാമന്‍.... 
മാഞ്ഞാഞ്ഞ എന്ന് അമ്മയും വല്യമ്മാരും വിളിയ്ക്കുന്ന മാധവന്‍ ഞാഞ്ഞ... 


ചീങ്കണ്യാണ്... ‘പടക്കം’ എന്നാണ്  വട്ടപ്പേര്... എങ്ങന്യാ ഈ പേര് വന്നേന്നല്ലെ? പണ്ട്, പുള്ളി പന്നിപ്പടക്കത്തിന്റെ എക്സ്പേര്‍ട്ടായിരുന്നു... പന്നിപ്പടക്കം വച്ച് നായാട്ടിനു പോയി അവിടെനിന്ന് കിട്ടുന്ന കാട്ടുപന്നിയേയും കാട്ടുപോത്തിനേയും നാട്ടില്‍ കൊണ്ടുവന്ന് കട്ട് പീസാക്കി വില്‍ക്കുന്നതായിരുന്നു മൃഗയാവിനോദം.. പിന്നെ പിന്നെ പന്നിപ്പടക്കങ്ങള്‍ ആള്‍ക്കാരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചു തുടങ്ങിയതോടെ മാമനാ പരിപാടി നിര്‍ത്തി... അതിനു കാരണമുണ്ടായിരുന്നു... 


പണ്ട് രാജീവ് ഗാന്ധിയെ ശ്രീ പെരുമ്പുത്തൂരില്‍ ബോംബ് വച്ച് കൊലപ്പെടുത്തിയപ്പോള്‍ കേരളമൊട്ടുക്ക് ഇങ്ങനെ ലോക്കലായി “നാടന്‍ ബോംബുകളുണ്ടാക്കുന്ന” ചുള്ളന്മാരെ പൊക്കാന്‍ പൊലീസിനു നിര്‍ദ്ദേശം കൊടുത്തിരുന്നു... അന്ന് മുങ്ങിനടന്ന മാമന്‍ അതോടെ പരിപാടി നിര്‍ത്തി... വന്യജീവിസംരക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരുമൊക്കെ ആക്റ്റീവാകുന്നതിനു മുന്നേ തന്നെ മാമന്‍ നിര്‍ത്തിയതുകൊണ്ട് ലവരുടെ പണി പകുതിയായി കുറഞ്ഞു എന്ന് വേണം പറയാന്‍.. ഇപ്പോള്‍ 80 നോടടുത്ത് പ്രായം കാണും...    


പറഞ്ഞുവന്നത്, മാമന്‍, മാമന്റെ ചെറുപ്പത്തില്‍, അതായത് എഴുത്തിനൊക്കെ ഇരുത്തുന്ന സമയത്തേ ജഗജില്ലിയായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...  അതിലൊന്നായിരുന്നു, 




മാ‍മന്റെ അത്താഴസമയത്തെ വികൃതികള്‍... 


വൈദ്യുതിയില്ലാത്ത കാലം, രാത്രിസമയം, വീട്ടില്‍ ഭക്ഷണം കഴിയ്ക്കുന്ന കുട്ടികള്‍.. മാമനും അമ്മയും വല്യമ്മമാരും ഒക്കെ മണ്ണെണ്ണവിളക്കിനു ചുറ്റുമിരുന്ന് ചോറുണ്ണുന്നു... ചോറിനൊപ്പം, സ്പെഷ്യലായിട്ടുള്ളത് മീന്‍ വറുത്തതാണ്... കരുതിയപോലെ തന്നെ, മാമന്റെ മീന്‍ നേരത്തേ കഴിഞ്ഞു... പതിയെ പതിയെ മറ്റുള്ളവരുടേയും തീരാറായി... മാമന്‍ അടുത്തിരിയ്ക്കുന്നവരോട് അല്പം വറുത്ത മീന്‍ ചോദിച്ചിട്ട് ആരും കൊടുത്തില്ല.. 


ഇതില്‍ രണ്ടാമത്തെ വല്യമ്മയുടെ മീന്‍ പാത്രത്തില്‍ അതേപടി തൊടാതെ ഇരിയ്ക്കാണ്.. പുള്ളിക്കാരി ഇത് ചോറുണ്ടശേഷം മീന്‍ മാത്രമായി നുള്ളിത്തിന്നാനായി വച്ചിരിയ്ക്കാണ്...  മാമന്‍ പകുതി ചോദിച്ചു.. കൊടുത്തില്ല... കാല്‍ ഭാഗം ചോദിച്ചു നോക്കി, കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞു... മാമന്റെ വക്രബുദ്ധി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി.. 


പുള്ളി അങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് ആരും തന്നെ ശ്രദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഒറ്റ ഊതലാണ്....  മണ്ണെണ്ണവിളക്ക് കെട്ടു.... !!!


പിന്നെ എല്ലാവരും കേള്‍ക്കുന്നത് വല്യമ്മയുടെ കരച്ചിലാണ്... "അയ്യോ അച്ചാ ദേ, ഞാഞ്ഞ എന്റെ മീന്‍ കട്ടോണ്ട് പോവാന്‍ വരണേ....ഓടിവായോ...“ ന്ന്. വിളക്ക് വീണ്ടും കത്തിച്ച വീട്ടുകാര് കണ്ടത് വിളറി നില്ക്കുന്ന മാമനെ ആയിരുന്നു... വല്യമ്മയാണെങ്കില്‍ കൂളായിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു...  മീന്‍ കഷ്ണം അതേപടി വല്യമ്മയുടെ പാത്രത്തിലുണ്ട്... വല്യമ്മ ആരാ മോള്... മാമന്റെ സ്വഭാവം നന്നായി അറിയാവുന്ന വല്യമ്മ, മാമന്‍ വിളക്കൂതിയതും  ചോറും പാത്രത്തിന്റെ മുകളിലേയ്ക്ക് കമിഴ്ന്ന് വീണിരുന്നത്രെ..  തലങ്ങും വിലങ്ങും വന്ന മാമന്റെ കൈകള്‍ക്ക് മീന്‍ കഷ്ണത്തെ തൊടാന്‍ പോലും പറ്റിയില്ല!!!




ആശാന്റടുത്തുള്ള വെളച്ചിലുകള്‍... 


അന്നൊക്കെ സ്കൂളിലല്ല, ആശാന്റെ അടുക്കല്‍ മണലിലെഴുതിയായിരുന്നു പഠിത്തം.. ചക്രപാണ്യാശാന്റെ ഒരു കുഴപ്പം എന്താണെന്ന് വച്ചാല്‍, പറഞ്ഞപടി പിള്ളേരു  എഴുതിയില്ലെങ്കില്‍, എഴുതിക്കൊണ്ടിരിയ്ക്കുന്ന വിരല്‍ പിടിച്ച് അതേ മണലില്‍ അമര്‍ത്തി ഒറ്റൊരയ്ക്കലാണ്.. ഉള്ളീന്ന് കിളിക്കുഞ്ഞ് പറന്ന് പോവുമായിരുന്നത്രെ... ആ ആശാന്റെ വിരലൊരയ്ക്കല്‍ കഷായം ഒരിയ്ക്കല്‍ മാഞ്ഞാഞ്ഞയില്‍ പ്രയോഗിയ്ക്കപ്പെട്ടു... “അരി” എന്നെഴുതാന്‍ പറഞ്ഞാല്‍ എന്ത് ചെയ്താലും പുള്ളി എഴുതില്ല... ആശാ‍ന്‍ വിരലുരച്ചു... മാമന്റെ വാശി പതിന്മടങ്ങ് വര്‍ദ്ധിച്ചു... 


“അരീന്ന് പറയെടാ”.. “ഇല്ല” “അരീന്ന് പറയെടാ” ഇല്ല... “അരീന്ന് പറയെടാ” “അരിവാള്‍!” .. “അരീന്ന് പറയെടാ” ആശാന്റെ അമ്മെടെ അരിവാള്‍!!!! അതും പറഞ്ഞ് മാമന്‍ അവിടെനിന്നൊരോട്ടം ഓടിയതാത്രെ.. പിന്നെ അങ്ങോട്ട് പോയിട്ടില്ല്ല്ല... അതോടെ പഠിപ്പ് നിര്‍ത്തിയത്രെ...!


(ഭൈ ദ ഭൈ ഈ മാമനാളൊരു ശില്‍പ്പിയും കൂട്യാണ്..)



© Copyright [ nardnahc hsemus ] 2010

Back to TOP