എ ടി എം സെന്ററുകളുടെ പരിസരത്തും മറ്റുമായി ചുറ്റിത്തിരിയുന്ന ഏജന്റുമാരുടെ, 'യാചനയോടെയുള്ള അഭ്യര്‍ത്ഥനയുടെ ഫലമായി 'ആജീവനാന്തസൗജന്യമെന്നും പറഞ്ഞ്‌', കൈയ്യിലെത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു, എന്റെ എച്‌ എസ്‌ ബി സി യുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌. ഒരു കാലത്ത്‌ പലരും, മൊബെയില്‍ ഫോണുകളെക്കാളേറെ, പൊങ്ങച്ച-പുറമ്പൂച്ചുകള്‍ക്കൊക്കെ ഉദാഹരണമായി, സുഹൃത്തുക്കളുടേയും മറ്റും മുന്നില്‍ പോക്കറ്റില്‍ നിന്നും പുറത്തെടുക്കാന്‍ വ്യഗ്രത കാട്ടിയിരുന്ന അതേ 'രണ്ടേ നാലിഞ്ചു' സാധനം! ലൈഫ്‌ ടൈം ഫ്രീയായി തരുന്നതുകൊണ്ട്‌ ഭാര്യയ്ക്കും ഒരു ആഡ്‌-ഓണ്‍ പ്രത്യേകം പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു... സ്വര്‍ണ്ണനിറമുള്ള ആ രണ്ടു കൊച്ചുസുന്ദരന്മാരെയും ഒരുമിച്ച്‌ കൈയ്യില്‍ കിട്ടിയപ്പോള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്റെ സന്തോഷവും സ്നേഹവും വാത്സല്യവും പോലെ ഓരോ ഉമ്മ വച്ചുകൊടുക്കുവാനാണ്‌ ആദ്യം തോന്നിയത്‌!...

ദിവസങള്‍ കടന്നുപോയി... ഏറ്റവുമാദ്യത്തെ ബില്‍ കിറുകൃത്യമായി കൈയ്യില്‍ കിട്ടിയപ്പോഴും യഥാസമയം അതിന്റെ പണം കൊടുത്തപ്പോഴും, മനസ്സില്‍ വെറുതെ തോന്നി, എത്ര നല്ല സര്‍വീസ്‌... എന്തുകൊണ്ട്‌ ഇത്രയും നല്ല സര്‍വ്വീസു തരുന്ന എച്‌ എസ്‌ ബി സി യുടെ കാര്‍ഡ്‌ മുന്‍പേ സ്വന്തമാക്കാന്‍ തോന്നിയില്ലാ എന്നൊക്കെ.. അത്യാവശ്യത്തിനൊരല്‍പം കുണ്ഡിതമൊക്കെ തോന്നിയെങ്കിലും, സാരമില്ല, ഇപ്പോഴെങ്കിലും ഇതുസ്വന്തമാക്കാന്‍ കഴിഞ്ഞല്ലോ, എന്നോര്‍ത്ത്‌ സമാധാനിയ്ക്കുകയും ചെയ്തു...

കാര്‍ഡ്‌ കൈയ്യിലെത്തിയതോടുകൂടി പതുക്കെ പതുക്കെ ചിലവുകള്‍ പതിവുരീതികളില്‍ നിന്നും വിഭിന്നമാവുകയായിരുന്നു..., മിസ്റ്റര്‍ കോണ്‍ഫിഡെന്‍സ്‌, കൈയ്യിലുള്ളപ്പോള്‍ എന്തിനു ഭയക്കണം? ആരെ ഭയക്കണം?.....

അങ്ങനെ ഒരുമാസം കൂടെ, തകൃതിയായി കടന്നുപോയി. രണ്ടുദിവസം മുന്‍പ്‌, അതായത്‌ ഇക്കഴിഞ്ഞ നാലാം തീയ്യതി, ശനിയാഴ്ച, പുതിയ ബില്‍ വന്നു. ബില്ലിന്റെ റേറ്റും സാധനങ്ങള്‍ വാങ്ങിയ കടകളുടെ പേരുകളും വെറുതെ ഒന്നോടിച്ചുനോക്കി.. എല്ലാം ശരിയാണെന്നു തോന്നി.. ആ! അല്ലെങ്കില്‍തന്നെ ആര്‍ക്കാ ഇതൊക്കെ ഓര്‍മ്മയുണ്ടാവുക... അതൊക്കെ ഓര്‍ത്തുവയ്ക്കുന്നതുതന്നെ ഇക്കാലത്ത്‌ സ്റ്റാറ്റസ്സിനു ചേര്‍ന്നതല്ല... എന്തായാലും, ഓഫീസില്‍ പോകാനുള്ളതിന്റെ തിരക്കായിരുന്നതുകൊണ്ട്‌, ലെറ്റര്‍ ബോക്സില്‍നിന്നും എടുത്തുപൊട്ടിച്ച കവര്‍ അതേ പടിതന്നെ തിരിച്ച്‌ കവറില്‍ നിക്ഷേപിച്ച്‌ വീട്ടിലെ എന്റെ പ്രധാന ഡോക്യുമന്റ്‌ സൂക്ഷിപ്പുകേന്ദ്രമായ കമ്പ്യൂട്ടര്‍ ടേബിളിന്മേലേയ്ക്ക്‌ വലിച്ചെറിഞ്ഞു. ചിരിയ്ക്കേണ്ട, ഇത്രയും സേഫ്‌ ആയിട്ടുള്ള വേറൊരു സ്ഥലം വിട്ടിലില്ല കാരണം, അതേല്‍ തപ്പിയാല്‍ എന്റെ ജാതകം മുതല്‍ കല്യാണകാര്‍ഡുവരെ കിട്ടിയെന്നുവരും.. [അതു വരെ മാത്രം ട്ടോ, പിന്നങ്ങോട്ടുള്ള കഥ ഏതൊരു വിവാഹിതനേയും പോലെ.. ഛെ, അതൊക്കെ ഇവിടെ പറയാന്‍ കൊള്ളുവോ.. ;) ]...

എന്തായാലും കഥ നടക്കുന്ന രണ്ടാം ദിവസം, അതായത്‌ തിങ്കളാഴ്ച കാലത്ത്‌, ബ്രേക്ക്‌ ഫാസ്റ്റിനിടെ, ടിവി വാര്‍ത്തകള്‍ക്കിടയില്‍, എച്‌ എസ്‌ ബി സി യുടെ പരസ്യം തെളിഞ്ഞപ്പോഴാണ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്റെ അവസാനതീയ്യതി ഏതെന്ന സന്ദേഹം തോന്നിയത്‌. ഉടനെതന്നെ, മേശമുകളില്‍നിന്നും ബില്ലെടുത്തു പരിശോദിച്ചപ്പോള്‍, അയ്യോ, ദാണ്ടെ, കിടക്കുന്നൂ, അവസാനതീയ്യതി ആറ്‌! അതായത്‌ ഇന്നത്തെ ഡേറ്റ്‌. എന്നാല്‍, ബില്‍ ഡേറ്റഡ്‌ പിരീഡ്‌ നോക്കിയപ്പോള്‍ അവിടെ കൊടുത്തിരിയ്ക്കുന്നത്‌ കഴിഞ്ഞമാസം പതിന്നാലുമുതല്‍ ഈ മാസം പതിന്നാലുവരെ എന്നാണ്‌.. അങ്ങനെയെങ്കില്‍, തപാലുകാര്‍ കത്ത്‌ വൈകിപ്പിച്ചതായിരിക്കില്ലേ?.. അതോ ഇനി ബാങ്കുകാര്‍ തന്നെയാണോ? അങ്ങനേയുമാകാമല്ലോ..! ഒരു പക്ഷെ, അവരത്‌ വൈകി ഡെസ്‌ പാച്ച്‌ ചെയ്തതാവാനും സാധ്യതയുണ്ട്‌... അതുകൊണ്ടുള്ള ഗുണം ബാങ്കുകാര്‍ക്കുതന്നെയായതുകൊണ്ട്‌ അത്തരമൊരു അതിനിഗൂഡമായ സാധ്യതയ്ക്കാണ്‌ മുന്തൂക്കം. (ങൂം... പതിയെ പതിയെ എന്നിലെ സേതുരാമയ്യര്‍ ഉണരാന്‍ തുടങ്ങിയോന്നൊരു സംശയം!.)

പക്ഷെ, ഇനിയിപ്പോള്‍ എന്തു ചെയ്യും? എങ്ങനെയെങ്കിലും ഇന്നുതന്നെ പണമടച്ചില്ലെങ്കില്‍, പത്തുനാനൂറുരൂപയെങ്കിലും "ഗോവിന്ദ" ആകുമെന്നുള്ളൊരു സാധ്യതയ്ക്ക്‌, അങ്ങു തലച്ചോറിന്റെ ചക്രവാളങ്ങളിലെവിടെയോ വെള്ളകീറിതുടങ്ങിയതായെനിയ്ക്ക്‌ അനുഭവപ്പെട്ടു...

എച് എസ് ബി സിയുടേത്, ഒരാറേഴുവര്‍ഷം മുന്‍പ്‌ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിക്കാര്‍ ഉണ്ടാക്കിയ സാലറി അക്കൗണ്ടാണ്‌.. വര്‍ഷം ഇത്രയേറെ കഴിഞ്ഞിട്ടും ജോലികള്‍ പലതും മാറിയിട്ടും സാലറികള്‍ ഒന്നും തന്നെ ചെല്ലാതെയായിട്ടും അവരത്‌ ഇപ്പോഴും സീറോ ബാലന്‍സ്‌ ആയി തന്നെ കണക്കാക്കുന്നതില്‍ അന്നുകാലങ്ങളില്‍ ദുരൂഹതയൊന്നും തോന്നിയിരുന്നില്ലെങ്കിലും ഈ ഒരനുഭവത്തോടെ അതിലെ എല്ലാ ലൂപ്‌ ഹോളുകളും തെളിഞ്ഞുവരുന്നപോലെ...എന്തായാലും ഓഫീസിലെത്തട്ടെ, കസ്റ്റമര്‍കെയറിലേയ്ക്ക്‌ വിളിച്ചു ചോദിയ്ക്കണം. മനസ്സില്‍ തീ‍രുമാനിച്ചുറപ്പിച്ചു... ഓഫീ‍സിലെത്തട്ടെ എന്നുപറയ്യാന്‍ കാരണമുണ്ട്.. കഴിഞ്ഞ തവണത്തോടുകൂടി സ്വന്തം സെല്‍ ഫോണില്‍നിന്ന് കസ്റ്റമര്‍ കെയറിലേയ്ക്കുള്ള വിളി നിറുത്തി. All Our representatives are busy, please hold on..... എന്നും പറഞ്ഞ്‌ "ലവന്റെ ലാ ഫിക്സഡ്‌ ഡെപോസിറ്റ്‌ ലിവന്റെ ലീ ഫിക്സഡ്‌ ഡിപോസിറ്റ്‌" എന്നൊക്കെയുള്ള സ്വന്തം പരസ്യങ്ങളൊക്കെയും യാതൊരു ഉളുപ്പുമില്ലാതെ കേള്‍പ്പിച്ച്‌കൊണ്ട്, ലൈനില്‍ വരുന്നതിനുമുന്‍പേ തന്നെ അവര്‍ നഷ്ടപ്പെടുത്തിയ ആ 22 മിനിറ്റ്‌ നഷ്ട സംഭവത്തിനുശേഷം പിന്നെ ഒരിയ്ക്കലും സ്വന്തം സെല്‍ഫോണില്‍നിന്നു കസ്റ്റമര്‍കെയറിലേയ്ക്ക്‌ വിളിയ്ക്കുകയുണ്ടായിട്ടില്ല.

അങനെ ഓഫീസിലെത്തിയതും, കസ്റ്റമര്‍കെയര്‍ നമ്പറിലേയ്ക്ക്‌ ഫോണ്‍ വിളിച്ചുചോദിയ്ക്കലായിരുന്നു ആദ്യപടി. ഒരു മാരത്തോണ്‍ തര്‍ക്കത്തിന്റെ തുടക്കമായതുകൊണ്ടാണോ എന്നറിയില്ല, പെട്ടെന്നുതന്നെ ലൈന്‍ കിട്ടി... ലൈനില്‍ വന്ന 'പയ്യന്റെ' ഉപദേശമനുസരിച്ച്‌, അവസാനദിവസമായതുകൊണ്ട്‌ രണ്ടുവിധത്തിലുള്ള പേമെന്റുകളാണ്‌ ഉചിതമത്രെ. അവന്‍ പറയുന്നത്‌ ഒന്നുകില്‍, ഏറ്റവും അടുത്തുള്ള എ റ്റി എം സെന്ററില്‍ പോയി റെഡികാഷ്‌ കവറിലാക്കി മെഷീന്‍ 'ദ്വാരാ' പേ ചെയ്യുക അല്ലെങ്കില്‍, ഏറ്റവും അടുത്തുള്ള എച്‌ എസ്‌ ബിസി ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി പണം ഡയറക്റ്റ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ഡെപോസിറ്റിലേയ്ക്കിടുക. ഞാനാലോചിച്ചപ്പോള്‍, പരസ്യങ്ങളൊക്കെ തകൃതിയായി കൊടുക്കുന്ന ബാങ്കാണെങ്കിലും, മഹാനഗരമായ മുംബൈയില്‍ ഈ ബാങ്കിലുള്ള എ ടി എം കൗണ്ടറുകള്‍ പത്തില്‍ താഴെയാണ്‌... ഒരു പക്ഷെ, അഞ്ചില്‍താഴെ എന്നുപറയുന്നതാകും കൂടുതല്‍ ശരി... ആയതുകൊണ്ട്, മനസ്സിനെ കൂലങ്കുഷമായ ചര്‍ച്ചകളൊന്നുമില്ലാതെ, വളരെ സിമ്പിളായി, ജോലിസ്ഥലത്തിനടുത്തുള്ള എ റ്റി എം സെന്ററില്‍ പോകുന്നതാണ്‌ ബാങ്കിന്റെ ബ്രാഞ്ചില്‍ പോകുന്നതിനേക്കാള്‍ അഭികാമ്യമെന്ന് തീരുമാനിച്ചു.

ഉച്ചയൂണ്‌ അരമണിക്കൂര്‍ മുന്‍പേ തന്നെയാക്കി. 10 മിനിറ്റു നടക്കാനുള്ള ദൂരമേ ഉള്ളു. എങ്കിലും ഊണ്‌ നേരത്തേ ആക്കിയതില്‍ കാര്യമുണ്ട്‌. എ ടി എം സെന്ററല്ലേ, ചുറ്റുവട്ടത്തുള്ള ഓഫീസുകളിലെ സ്റ്റാഫുകളില്‍ മിക്കവരും പണമെടുക്കാന്‍ എത്തുന്ന സ്ഥലമാണത്‌. അതുകൊണ്ട് നമ്മളായിട്ട് ഒരു താമസം വേണ്ട.. പുറത്ത്, ചെറുതായിട്ട്‌ മഴ ചാറുന്നുണ്ടായിരുന്നു.. കുടയെടുത്തുനിവര്‍ത്തി ഫുട്‌പാത്തിന്റെ ഓരത്തിലൂടെ തിരക്കിട്ടുനടന്നു... എന്നാല്‍, കരുതിയതിനു വിപരീതമായി സ്ഥലത്തെത്തിയപ്പോള്‍, പ്രതീക്ഷിച്ചത്ര തിരക്കില്ലായിരുന്നു.

മഴക്കാലമായതുകൊണ്ടാകാം, എ റ്റി എം സെന്ററിന്റെ ചില്ലുവാതിലുകളില്‍ എ സിയുടെ തണുപ്പുകണങ്ങള്‍ നിറഞ്ഞ്‌ ഉള്ളിലെ കാഴ്ചകള്‍ കാണാന്‍ പറ്റാത്തവിധം പൂര്‍ണ്ണമായും മറഞിരുന്നു...

ഉള്ളിലെ മാര്‍ബോണൈറ്റ്‌ ടയില്‍സുകളില്‍, മഴവെള്ളവും മണലും കൂടിക്കുഴഞ്ഞ കാല്‍പാടുകള്‍ പതിച്ച്‌ ഞാന്‍ ഉള്ളിലേയ്ക്കു കയറി, മെഷീനിലേയ്ക്ക്‌ എ ടി എം കാര്‍ഡിട്ടു. 'പേമന്റ്‌ ത്രൂ ചെക്ക്‌' ഓപ്ഷന്‍ സെലെക്റ്റുചെയ്തു. പണം ഇന്‍സേര്‍ട്‌ ചെയ്യാനുള്ള കവര്‍ വന്നു. അതില്‍ പണമിട്ട്‌, മെഷീനിലേയ്ക്ക്‌ തിരിച്ചുകൊടുക്കുന്നതിനുമുന്‍പ്‌, വെറുതെ ഒരു സംശയം... ഇങ്ങനെ പണം ഇട്ടാല്‍, അത്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ടിലേയ്ക്ക്‌ എങ്ങനെ പോകും? മറിച്ച്‌, സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ടിലേയ്ക്കല്ലേ പോവുക...ആരോടു ചോദിയ്ക്കും? അടുത്ത്‌ ആരുമില്ല. ആകെയുള്ളത്‌, ഒരു സെക്യൂരിറ്റിക്കാരനാണ്‌. അവനിതൊക്കെ അറിയുമായിരിയ്ക്കോ? ആ..? ആര്‍ക്കറിയാം...എന്തായാലും ചോദിച്ചുനോക്കാം...

"ഭായ്‌ സാബ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ട്‌ കാ ബില്‍പേമന്റ്‌ കൈസേ കിയേ ജാതാ ഹേ...ആപ്‌ കോ കുച്ച്‌ ഐഡിയ ഹൈ ക്യാ?"

"കാഷ്‌ യാ ചെക്ക്‌?" അവനടുത്തേയ്ക്കു വന്നു.

"കാഷ്‌"."

എ റ്റി എം കാര്‍ഡ്‌, ഡാലാ നാ?"

"ഹാന്‍ ജീ"

"ബസ്‌... പേമന്റ്‌ കര്‍ ദോ..."

"പേമന്റ്‌ കര്‍ ദൂം? അരേ യാര്‍, ലേകിന്‍, മെഷീന്‍ മേം ഐസാ ഉസ്‌ കേ ലിയേ സുവിധാ രഹനാ ഭീ ചാഹിയേ നാ ?

"തോ ഫിര്‍ ഹംകോ നഹീ മാലും ഭായ്‌സാബ്‌. ആപ്‌ ബഡീ ഓഫീസ്‌ മേന്‍ ഫോണ്‍ കര്‍ കേ പൂഛോ..."

അവന്‍ പറഞ്ഞപോലെ കസ്റ്റമര്‍ കീയറില്‍ വിളിച്ചുനോക്കാം, എ ടി എം സെന്ററിലെ ഫോണായതുകൊണ്ട്‌ സംസാരം എത്ര നീണ്ടാലും കാശുകൊടുക്കേണ്ടല്ലോ...

ഞാന്‍ ഫോണെടുത്ത്‌ സിംഗിള്‍ ഡിജിറ്റ്‌ നമ്പര്‍ ഡയല്‍ ചെയ്തു. അവസാനം ഒരു മണിനാദം "welcome to HSBC customer service, you are talking to Ms Meera Shah... how can I assist you?"

വളച്ചുകെട്ടാതെ തന്നെ ചോദിച്ചു... "എങ്ങനെ റെഡികാഷ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗന്റിലേയ്ക്ക്‌ ഡെപോസിറ്റ്‌ ചെയ്യാം..??"

ചില ലഘു ഐഡന്റിഫികേഷന്‍ ചോദ്യങ്ങള്‍ക്കുശേഷം അവള്‍ മൊഴിഞ്ഞു, " Sir insert the credit card into the machine... and use ur ATM PIN... choose the 'others' option from the file menu ... then the 'mode of payment'... click on payment by cash option." type the bill amount, you'll get an envelop, put your money inside the envelop and deposit that into the envelope inserting area of the machie." so simple. anything else sir?"

"nothing more. thanks you for the info."

ശ്ശെടാ.. അതുശരിയാണ്‌ എനിക്കെന്റെ അബദ്ധം മനസ്സിലായി. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്‌, കാഷായിട്ട്‌ പേ മെന്റ്‌ ചെയ്യണമെങ്കില്‍, ക്രെഡിറ്റ്‌ കാര്‍ഡല്ലാതെ എ ടി എം കാര്‍ഡിട്ടിട്ടെന്ത്‌ ഗുണം?

അവര്‍ പറഞ്ഞപടി തന്നെ ഞാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്‍സെര്‍ട്ട്‌ ചെയ്തു. പിന്നെതെളിഞ്ഞ സ്ക്രീനില്‍, എ ടി എം പിന്‍ എന്റ്രി ചെയ്തു.. ഒരല്‍പം സമയമെടുത്ത മോണിറ്റര്‍ സ്ക്രീനില്‍, കരിങ്കാലി അക്ഷരങ്ങള്‍ പതിയെ തെളിഞ്ഞു വന്നു... please enter a valid PIN number..!

വാലിഡ്‌ പിന്‍ നമ്പറോ?? അപ്പോ ഇപ്പോളിട്ടത്‌ വാലീഡ്‌ അല്ലെന്നോ? കമോണ്‍ യാര്‍, എന്തൂട്ടാ ഈ പറേണെ... വന്നപ്പോള്‍ തന്നെ ഞാന്‍ അതിട്ടല്ലേ അക്കൗണ്ട്‌ നമ്പര്‍ ചെക്ക്‌ ചെയ്തത്‌...! പിന്നെ ഇതെങ്ങനെ സംഭവിച്ചു? ഇനിയിപ്പോ പിന്‍ ഞാനെങ്ങാന്‍ തെറ്റിക്കൊടുത്തിരിയ്ക്കുമോ? എന്തായാലും ഒന്നൂടെ ട്രൈ ചെയ്തുനോക്ക തന്നെ.. അങ്ങനെ ഞാന്‍ വീണ്ടും കാര്‍ഡ്‌ ഇന്‍സേര്‍ട്‌ ചെയ്തു... അപ്പോഴും അതേ സ്ക്രീന്‍ .. അതേ പിന്‍... പക്ഷേ ഇത്തവണ വളരെ "വ്യക്‌തവും ശക്‌തവുമായി തന്നെ...." എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തെളിഞ്ഞതും മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല... ഛേ.. ഇനി ലവളെങ്ങാന്‍ തെറ്റിപ്പറഞ്ഞതായിരിയ്ക്കോ? സാധ്യത തള്ളിക്കളയാനാവില്ല.. കാരണം, ക്രെഡിറ്റ്‌ കാര്‍ഡാണ്‌ ഇടുന്നത്‌... പിന്‍ നമ്പര്‍ ഇടാന്‍ പറഞ്ഞേക്കുന്നതോ എ ടി എം കാര്‍ഡിന്റെയും!.. അതൊരുപക്ഷേ, തെറ്റായ പ്രോസസ്‌ ആയിക്കൂടെന്നില്ലല്ലോ...ഒരു കാര്യം ചെയ്യാം.. ഒന്നൂടെ ക്രെഡിറ്റ്‌ കാര്‍ഡിടുക, ശേഷം സേവിംഗ്‌ അക്കൗണ്ടിന്റെ ടെലി-പിന്‍ ഉള്ളതൊന്നെടുത്തു പൂശിയാലോ? നോറ്റ്‌ എ ബാഡ്‌ ഐഡിയ... അതെ, അതുശറിയാവാന്‍ സാധ്യതയുണ്ട്‌.. എനിയ്ക്കെന്റെ കുരുട്ടുബുദ്ധിയില്‍ (ചുമ്മാ) എന്തെന്നില്ലാത്ത ആത്മവിശ്വാസവും കുറച്ച്‌ പുളകവും അനുഭവപ്പെട്ടു.

അങ്ങനെ ഞാന്‍ വീണ്ടും ക്രെഡിറ്റ്‌ കാര്‍ഡെടുക്കുന്നു... മെഷീനുള്ളില്‍ ഇടുന്നു.. എ ടി ഏം നമ്പറിനുപകരം സേവിംഗ്‌ ബാങ്ക്‌ റ്റെലിപിന്‍ ഇടുന്നു... ഒന്ന്... രണ്ട്‌.. മൂന്ന്...നാല്‌.. സെക്കന്റുകളെണ്ണി ഞാന്‍ കാത്തു.. നേരത്തെക്കാലും സമയം കൂടുതലെടുക്കുന്നോ?.. അതെയതെ.. ആദ്യമായിട്ടല്ലെ, ഞാനീ കാര്‍ഡ്‌ ഇങ്ങനെ ട്രൈ ചെയ്യുന്നത്‌.. മെഷീനത്‌ ചെക്ക്‌ ചെയ്യുന്നതായിരിക്കും...എന്നാല്‍ അങ്ങനെയല്ല, സോദരാ.. എന്ന മറുപടിയുമായി അക്ഷരങ്ങള്‍ മോണിറ്റര്‍ സ്ക്രീനില്‍ പതിയെ തെളിഞ്ഞുവന്നു... kindly contact the bank's main branch to collect your card. inconvienience regretted. ഈ മെസ്സേജ്‌ വന്ന് 10 സെക്കന്റ്‌ തികയും മുന്‍പേ, ആ മഷീനില്‍ ഔറ്റ്‌ ഓഫ്‌ ഓര്‍ഡര്‍ എന്നുള്ള മെസ്സേജ്‌ വരികയും ചെയ്തു... അന്നേരം ആ മോണിറ്ററിനിട്ട്‌ ഒരു ഇടി വച്ചുകൊടുക്കാന്‍ തോന്നി.. ഛേ... തൊന്തരവായല്ലോ.. ഇനിയെന്തു ചെയ്യും?? ഇന്നുതന്നെ എങ്ങനെയെങ്കിലും ബില്‍ പേ ചെയ്തല്ലെ മതിയാകൂ.. ഇന്നാണെങ്കില്‍ അവസാനതിയ്യതിയുമാണ്‌...

ഇനിയിപ്പോള്‍ കസ്റ്റമര്‍ കെ യര്‍ തന്നെ ശരണം.. വേറൊരുവഴിയും തല്‍കാലം ഞാന്‍ കാണുന്നില്ല... വീണ്ടും ഫോണെടുക്കുന്നു... ഡയല്‍ ചെയ്യുന്നു.. പരസ്യങ്ങള്‍ കേള്‍ക്കുന്നു... അവസാനം ഒരു കിളിമൊഴി മറുതലയ്ക്കല്‍.. നേരത്തേ വന്നവളേക്കാള്‍ പ്രായമുള്ള സ്ത്രീയാണെന്ന് ശബ്ദവും സംസാരരീതിയും കേട്ടപ്പോള്‍ തോന്നി... എല്ലാം പറഞ്ഞപ്പോള്‍, അവര്‍ എനിയ്ക്ക്‌ രണ്ടു വഴികളെ പറയുവാനുണ്ടായിരുന്നുള്ളു.. ഒന്ന്, ആദ്യം പറഞ്ഞപോലെ, ബാങ്കിന്റെ ബ്രാഞ്ചില്‍പോയി ഡയറക്റ്റ്‌ പണമടയ്ക്കുക.. which they describe, the best way, അതല്ലെങ്കില്‍, ഫൈനോടുകൂടി, സമയം പോലെ പിന്നെ അടയ്ക്കുക... ഇതുരണ്ടുമല്ലാതെ വേറെ വഴികളൊന്നുമില്ല... രണ്ടും എനിയ്ക്ക്‌ ശരിയായിതോന്നിയില്ല. കാരണം, ഒന്നാമത്‌, പണം വൈകി അടച്ചാല്‍, എനിയ്ക്കു നഷ്ടമാകുന്നത്‌ ഏതാണ്ട്‌ 400-450 രൂപയാണ്‌... എന്നാല്‍, ഞാനിന്നീ ബില്‍ പേ ചേയ്യാന്‍ വേണ്ടി, ഹാല്‍ഫ്‌ ഡേ ലീവെടുക്കുകയാണെങ്കില്‍, എനിയ്ക്കു നഷ്ടപ്പെടുന്നത്‌ മേല്‍പറഞ്ഞ തുകയില്‍നിന്നും ഏറെ കൂടുതലായതുകൊണ്ട്‌ ആ പരിപാടി വേണ്ടെന്നുവയ്ക്കുകയാണ്‌ ബുദ്ധി. രണ്ടാമതായി, ഫൈനടിപ്പിയ്ക്കുന്ന ആ പരിപാടി അള മുട്ടുമ്പോള്‍ മാത്രം ചെയ്താല്‍ മതിയാകുമെന്നുതോന്നി... അതിനു മുന്‍പേ എങ്ങനെയെങ്കിലും ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടണം, അതിനൊരു കച്ചിതുരുമ്പ്‌ വേണം... എവിടന്നുകിട്ടും...? ആലോചിച്ചിക്കൂ ആലോചിച്ചിക്കൂ എന്നു ഞാന്‍ മനസ്സിനോടും മനസ്സ്‌ എന്നോടും കെഞ്ചിപ്പറഞ്ഞുകൊണ്ടേയിരുന്നു ...അതെ, എന്തെങ്കിലും വഴി കാണാതിരിയ്കയില്ല...പക്ഷെ അതേതു വഴി....? ആ സ്ത്രീയോട്‌ ഓരോ കാര്യങ്ങള്‍ ചോദിയ്ക്കുന്നതിനിടയിലും, തലയില്‍ ക്യാമറ ഘടിപ്പിച്ച പാമ്പിന്റെ പുല്ലിലൂടെയുള്ള സഞ്ചാരം ഡിസ്കവറിചാനലില്‍ തെളിഞ്ഞുവരുന്ന പോലെ, ഒളിച്ചിരിയ്ക്കുന്ന മറ്റുകുട്ടികളെ കണ്ടുപിടിയ്ക്കാന്‍ നടക്കുന്ന കുട്ടിയുടെ അന്വേഷണപാടവവുമായി അനുഭവങ്ങളുടെ ഓര്‍മ്മക്കുമ്പാരങ്ങള്‍ക്കിടവഴിയിലൂടെ സാഹചര്യത്തിനനുകൂലമായൊരു കച്ചിതുരുമ്പും പരതികൊണ്ട്‌ മനസ്സ്‌ പായുകയായിരുന്നു.

പെട്ടെന്ന് എന്തൊക്കെയോ വര്‍ക്കൗട്ടായേന്നുതോന്നുന്ന പോലെ മനസ്സില്‍ ഒരാശയം... ബില്ലടയ്ക്കാനായി കൊണ്ടുവന്ന റെഡികാഷ്‌ കയ്യിലുണ്ടല്ലോ.. അത്‌ വച്ച്‌ ഒരു കളി കളിച്ചാലോ? അതെ, ഇത്‌ ഒരുപക്ഷേ ശരിയായേക്കാം...

മാഡം, എന്റെ കയ്യിലുള്ള റെഡികാഷ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ മഷീനുള്ളില്‍ പെട്ടതുകൊണ്ട്‌ ഇനിയെനിയ്ക്കെന്റെ ബില്‍ അടയ്ക്കാന്‍ പറ്റില്ല... റൈറ്റ്‌...? എന്നാല്‍ ഞാനെന്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബില്ലിലെ തുക എന്റെ സേവിങ്ങ്സ്‌ ബാങ്ക്‌ അകൗണ്ടില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കതു ക്രെഡിറ്റ്‌ കാര്‍ഡ്‌ അകൗണ്ടിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തുകൂടെ? കാര്‍ഡ്‌ പ്രൊവിഡ്‌ ചെയ്ത ബാങ്കില്‍ തന്നെയാണല്ലോ അകൗണ്ട്‌... അങ്ങനെ ചെയ്യാനായി ഈ എ ടി എം മഷീനില്‍ വല്ല സൗകര്യവുമുണ്ടോ?"

“ഓ!, അതൊരു നല്ല ചോദ്യമാണ്‌ സര്‍.. ഞാനീ കോള്‍ സേവിംഗ്‌ അകൗണ്ടുമായി ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക്‌ കാള്‍ ട്രാസ്ഫര്‍ ചെയ്യാം... ദയവായി നടന്ന കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക..“

എന്റെ ‘സ്വന്തം ബ്രാന്റ്റ്' കുരുട്ടുബുദ്ധിയില്‍ എനിക്കാത്മാഭിമാനം തോന്നിയ ഒരസുലഭമുഹൂര്‍ത്തം...

അങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട എന്റെ കോള്‍, ഒരു പുതിയ കോള്‍ എന്ന പോലെ വീണ്ടും ഇഴഞ്ഞിഴഞ്ഞ്‌, പരസ്യങ്ങള്‍ കേള്‍പ്പിച്ച്‌ കേള്‍പ്പിച്ച്‌, എന്റെ നാരായണക്കല്ല് ഇളക്കിപറിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ, ടെലെഫോണ്‍ റിസീവറിലൂടെ കാതുകളിലേയ്ക്ക്‌ ഒരു കുയില്‍നാദം (നോട്ട് കളമൊഴി) ഒഴുകിയെത്തി..

“മിസ്റ്റര്‍ സുമേഷ്‌ ചന്ദ്രന്‍, താങ്ക്സ്‌ ഫോര്‍ കാളിംഗ്‌ ടു എച്‌ എസ്‌ ബി സി കസ്റ്റമര്‍ കെയര്‍, ദിസ്‌ ഇസ്‌ അര്‍പ്പിത ഠക്കര്‍... ഹൗ കാന്‍ ഐ ഹെല്‍പ്‌ യു സര്‍..?“

“എന്റെ പൊന്നുമോളേ... അതിനുവേണ്ടിയല്യോ ഞാനിവിടെ ചുറ്റിക്കളിയ്ക്കുന്നത്‌“ എന്നൊന്നും പറയാന്‍ നില്‍ക്കാതെ കാര്യങ്ങള്‍ മണികിണിയായി തുറന്നുപറഞ്ഞു... പറഞ്ഞുമുഴുവനാക്കാന്‍ ഇട തരാതെ, അവള്‍ പറഞ്ഞു.. " അതിനെന്താ സര്‍, അകൗണ്ട്‌ നമ്പര്‍ പറയൂ... നമ്പര്‍ പറഞ്ഞുകൊടുക്കുമ്പോള്‍, അവളത്‌ എന്‌ട്രി ചെയ്യുന്ന ശബ്ദം അവ്യക്തമെങ്കിലും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു... എത്രയാണ്‌ ബില്‍ എമൗണ്ട്‌ സര്‍...? ഞാന്‍ തുക പറഞ്ഞുകൊടുത്തു...എന്നാല്‍ അതവള്‍ റ്റൈപ്‌ ചെയ്യുന്നതിനുമുന്‍പേ, പെട്ടെന്ന്, അത്യാസന്നനിലയില്‍ പാഞ്ഞുപോകുന്ന ആംബുലന്‍സിന്റെ ലൈറ്റുപോലെ, എന്റെ ബുദ്ധിബള്‍ബ് കത്താന്‍ തുടങ്ങി...

"മിസ്സ്‌ അര്‍പ്പിതാ, എന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ബില്‍ അടയ്ക്കാനുള്ള തുക ഉണ്ടാകാന്‍ തരമില്ല..."

"പിന്നെ...?"

പിന്നെന്താ... കുന്തം! സീറോ ബാലന്‍സ്‌ ഫെസിലിറ്റി തന്നിട്ടുള്ള ഒരു അകൗണ്ടില്‍, അതും അഞ്ചുവര്‍ഷം മുന്‍പ്‌ ജോലിചെയ്തിരുന്ന കമ്പനിയുടെ സാലറി അകൗണ്ട്‌ എന്ന ഔദാര്യ ലേബല്‍ ഒട്ടിച്ചു തന്ന ഈ അകൗണ്ടില്‍തന്നെ ഞാനെന്റെ പണം ചുമ്മാ അങ്ങ്‌ ഡെപോസിറ്റ്‌ ചെയ്യണം അല്യോ?, എന്നൊന്നും ചോദിച്ച്‌ സമയം കളയാതെ ഞാന്‍ ഒരു സല്‍സ്വഭാവിയായ മനുഷ്യജീവിയെപോലെ പറഞ്ഞുതുടങ്ങി...

"അര്‍പ്പിതാ, ഞാന്‍ പറഞ്ഞുവന്ന കാര്യം മുഴുമിയ്ക്കാന്‍ നിങ്ങളെന്നെ അനുവദിച്ചില്ലല്ലോ...

"ദയവായി എന്റെ ചോദ്യം ശ്രദ്ധിയ്ക്കുക.., ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ബില്ലിനു വേണ്ടത്ര പണമില്ല എന്നതു ശരി തന്നെ... എന്നാല്‍, ഇപ്പോള്‍ എന്റെ കൈവശം വേണ്ടത്ര പണമുണ്ട്‌. അതുകൊണ്ട്‌, ഈ നിമിഷം, ഞാനെന്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബില്ലിലെ തുക എന്റെ സേവിങ്ങ്സ്‌ ബാങ്ക്‌ അകൗണ്ടില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കതു ക്രെഡിറ്റ്‌ കാര്‍ഡ്‌ അകൗണ്ടിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തുകൂടെ? കാര്‍ഡ്‌ പ്രൊവിഡ്‌ ചെയ്ത ബാങ്കില്‍ തന്നെയാണല്ലോ അകൗണ്ട്‌... അങ്ങനെ ചെയ്യാനായി ഈ എ ടി എം മഷീനില്‍ വല്ല സൗകര്യവുമുണ്ടോ?" എന്നാണ്‌ എന്റെ ചോദ്യം...

“ഓ ഓ, ഗോട്ടീറ്റ്‌... അയാം സോ സോറി സര്‍, ഇന്നു പണം എ ടി എം മഷീനില്‍ ഡെപോസിറ്റ്‌ ചെയ്താല്‍, അത്‌ 24 മണിക്കൂറിനു ശേഷം മാത്രമേ അക്കൗണ്ടില്‍ പ്രതിഫലിയ്ക്കുകയുള്ളു... ബാങ്ക്‌ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ എനിയ്ക്കെങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകും സര്‍?"

അതെ. അങ്ങനെ ഒരു സംശയം എനിയ്ക്കും ഉണ്ടായിരുന്നു.. പക്ഷെ, വേറെന്തുവഴി? ഹാഫ്‌ ഡേ എടുക്കാന്‍ പറ്റിയതരത്തിലല്ല ഇപ്പോഴത്തെ പ്രൊജക്റ്റിന്റെ അവസ്ഥ. അപ്പോള്‍, പേമന്റ്‌ വൈകിപ്പിച്ചതിന്റെ ഫൈന്‍ ചാര്‍ജ്ജ്‌ അടയ്ക്കുകയല്ലാതെ വേറെ നിവര്‍ത്തിയൊന്നുമില്ല.

" ശരി ശരി, ഞാന്‍ ബില്ല് പേമന്റ്‌ അടച്ചോളാം, ഓ കെ?" പക്ഷേ എനിയ്ക്കൊരു സംശയം... ചോദിയ്ക്കട്ടെ?

"അതിനെന്താ സര്‍, പറയൂ..."

ഇതുവരെയുള്ള എന്റെ പര്‍ചേസ്‌ ബില്‍ എമൗണ്ടുകളൊക്കെ അടച്ച്‌ ശേഷം ഇതേ നമ്പറില്‍ വിളിച്ചാല്‍ എനിക്കീ ക്രെഡിറ്റ്‌ കാര്‍ഡ്‌ "കാന്‍സല്‍" ചെയ്യാന്‍ പറ്റുമോ?"

"എന്താ സര്‍, എന്തുപറ്റി? എന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?"

"ഒന്നുമല്ല, എനിയ്ക്കിത്രയും സ്ട്രൈയിന്‍ തന്ന ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇനിയെനിയ്ക്കുവേണ്ടാ... ഇതുകൊണ്ടെന്തെങ്കിലും ഗുണമുള്ളതായി എനിയ്ക്കു തോന്നിയില്ല, മറിച്ച്‌ ഇതെന്നെയും എന്റെ സമയത്തെയും കാര്‍ന്നുതിന്നുന്നപോലെ... ഇനി പറയൂ.. ഇവിടെ വിളിച്ചാല്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റുമോ? അതോ ബാങ്കില്‍ പോകേണ്ടിവരുമോ?"

മറുതലയ്ക്കല്‍ നിശ്ശബ്ദത... ആരോടൊ ഈ വിഷയസംബന്ധമായി സംസാരിയ്ക്കുകയാവാം...

അല്‍പനിമിഷത്തിനുശേഷം..

"സര്‍, ഞാന്‍ സാറിന്റെ കാള്‍ ഇതുമായി ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്നു, ദേ വില്‍ ഗിവ്‌ യു പ്രോപ്പര്‍ ഗൈഡന്‍സ്‌....""ശരി" എന്നാ കുട്ടിയോടു പറയുമ്പോള്‍ മനസ്സ്‌ ഒന്നു പൊട്ടിച്ചിരിയ്ക്കാന്‍ വെമ്പുന്നുണ്ടായിരുന്നു.. കാരണം, ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു... കുറച്ചുനേരത്തേ ഈ ബുദ്ധി തോന്നിയിരുന്നെങ്കില്‍, കുറച്ചെങ്കിലും സമയം ലാഭിയ്ക്കാമായിരുന്നു...

ട്രാന്‍സ്ഫര്‍ ചെയ്ത കാള്‍, വീണ്ടും, മുഴുവന്‍ പരസ്യങ്ങളും ഒന്നൊന്നായി കേള്‍പ്പിയ്ക്കാന്‍ തുടങ്ങി...അവസാനം, എന്നോട്‌ പാവം തോന്നിതുടങ്ങിയ ഒരു വിശാലമനസ്കന്‍ (ഡേങ്ങ്‌.., നോ, നോ, നോട്ട്‌ നമ്മടെ വിശാലേട്ടന്‍സ്‌;) ) എന്റെ സങ്കടം ആരായുകയും അതിനു മറുപടിയായി മണികിണി, വള്ളിപുള്ളി, കുത്ത്‌ കോമ ഒക്കെ ചേര്‍ത്ത്‌ നല്ലോണം കൊയച്ച്‌ കൊയച്ച്‌ ഒരല്‍പ്പം സെന്റിമെന്റ്‌സില്‍ കൂടെ ഒന്നു മുക്കി അണ്ണാക്കിലോട്ട്‌ തിരുകിവയ്ക്കാന്‍ പാകത്തിന്‌, ഞാനെന്റെ കദനഭാരം ഉരുളകളാക്കി, അവനുമുന്‍പില്‍ കാഴ്ച വച്ചു...

"മിസ്റ്റര്‍, സുമേഷ്‌ ചന്ദ്രന്‍, വൈകി ബില്‍ ഡെസ്‌പാച്ച്‌ ചെയ്തതും എ ടി എം മഷീന്‍ പ്രോപ്പര്‍ ആയി സര്‍വ്വീസ്‌ നടത്താതിരുന്നതുമടക്കം ബാങ്കിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള സകലമാന തെറ്റുകള്‍ക്കും ഞങ്ങള്‍ ഖേദം രേഖപ്പെടുത്തുന്നു... വി ആര്‍ വെരി വെരി സോറി ഫോര്‍ ദാറ്റ്‌... ഇറ്റ്‌ വില്‍ നെവര്‍ ഹാപ്പന്‍ എഗൈന്‍ വിത്‌ യു സര്‍... ഐ പ്രോമിസ്‌.., സര്‍....കാര്‍ഡ്‌, കാന്‍സല്‍ ചെയ്യുന്ന കാര്യം ഒന്നു പുനര്‍ചിന്തനം ചെയ്തുകൂടെ...? സര്‍ പ്ലീസ്‌....!"

പതിയെ പതിയെ പന്ത്‌ എന്റെ കോര്‍ട്ടിലേയ്ക്ക്‌ വരുന്നത്‌ ഞാനറിഞ്ഞു.. ഞാനതു പ്രതീക്ഷിച്ചിരിയ്ക്കയായിരുന്നു... എങ്കിലും അതറിയിയ്ക്കാതെ പറഞ്ഞു..

" ഫോര്‍ വാട്ട്‌ യൂസ്‌ ബ്രദര്‍?"

"ലൈഫ്‌ ടൈം ഫ്രീ കാര്‍ഡ്‌" എന്നൊക്കെ പറഞ്ഞപ്പോള്‍, അത്‌ ലൈഫില്‍ യാതൊരു പണിയുമില്ലാതെ, കൈയ്യില്‍ ഇഷ്ടം പോലെ സമയവുമായി നടക്കുന്നവര്‍ക്കുള്ളതാണെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയില്ല.. നോക്ക്, ഇപ്പോള്‍ തന്നെ എന്റെ എത്ര സമയമാണ്‌ നിങ്ങള്‍ വിഴുങ്ങിയത്‌?? പോരാത്തതിന്‌ ഞാനിനി ഹാല്‍ഫ്‌ ഡേ ലീവെടുത്ത്‌ "ലൈഫ്‌ റ്റൈം ഫ്രീ കാര്‍ഡിന്റെ ബില്‍ പേമെന്റിനായി ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ പോകണം... അതും ഉച്ചയ്ക്ക്‌ 3:30നുള്ളില്‍ അവിടെയെത്തുകയും വേണം, ഇല്ലെങ്കില്‍, അവര്‍ പൂട്ടിപോകും... ഐ സി ഐ സി ഐ പോലുള്ള ബാങ്കുകള്‍ രാവിലെ 8 മുതല്‍ വൈകിട്ട്‌ 8 വരെ തുറന്നുപ്രവര്‍ത്തിയ്ക്കുമ്പോള്‍, നിങ്ങളുടെ ബാങ്ക്‌, 10:30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 3:30 വരെ മാത്രം.... നിങ്ങള്‍ക്കറിയോ, എന്റെ പകുതിദിവസത്തെ സാലറിയുണ്ടെങ്കില്‍, നിങ്ങളുടെ കാര്‍ഡിന്റെ വാര്‍ഷികഫീസ്‌ അടച്ചുതീര്‍ക്കാമെന്ന്...ലൈഫ്‌ ടൈം ഫ്രീയാണുപോലും...

“സര്‍ പ്ലീസ്‌ സര്‍, അങ്ങനെ പറയരുത്‌.. i'll give you the cheque payment option sir... സാറിന്റെ കൈയ്യില്‍ ചെക്ക്‌ ലീഫുണ്ടെങ്കില്‍, അവിടത്തെ ബോക്സില്‍ നിക്ഷേപിച്ചോളൂ സര്‍...

"അപ്പോള്‍ ഫൈനടയ്ക്കേണ്ടി വരില്ലേ? തന്നെയുമല്ല, അതൊക്കെ അസാധ്യമല്ലെന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്‌??"

"ഇല്ല സര്‍ ഫൈനടിയ്ക്കില്ല... സാറിനെപ്പോലുള്ള ഇമ്പോര്‍റ്റന്റ്‌ കസ്റ്റമേര്‍സിന്‌ ഞങ്ങള്‍ ഇളവുനല്‍കുന്നതാണ്‌ സര്‍..."

"ഓ പിന്നേ.. ഇളവ്‌... അങ്ങ്‌ നിറഞ്ഞുകവിഞ്ഞൊഴുകുവല്ല്യോ.. ശ്ശോ..ഒന്നു പോയേരാ കൊച്ചനെ..." ഞാന്‍ മനസ്സില്‍ പറഞ്ഞു..

"പക്ഷേ, മൈ ഡിയര്‍ ഫ്രന്റ്‌ , ‍ലിസന്‍ മീ.., ചെക്ക് മുഖേന പണമടയ്ക്കാന്‍, ഇപ്പോള്‍ എന്റെ കൈവശം ചെക്ക്‌ ലീഫ്‌ ഇല്ലല്ലോ? അപ്പോള്‍ നാന്‍ എന്ന പണ്ണുവേന്‍ സാമീ... (ഹൊ, ചുമ്മാ)"

"സാരമില്ല സര്‍, ഇന്നില്ലെങ്കില്‍, നാളെയോ, മറ്റെന്നാളോ ചെക്കിട്ടാല്‍ മതി സര്‍... സാറിന്‌ ഫൈനൊന്നും വരില്ല സര്‍..."

"ഉവ്വോ..? എന്നാലും അങ്ങനെ വെറുതെ പറഞ്ഞതുകൊണ്ടായില്ലല്ലോ, തന്റെ വാക്കും കേട്ട്‌ നാളെ ഞാന്‍ പോയി പേമന്റ്‌ ചെയ്താല്‍ അടുത്ത ബില്ലില്‍ ഫൈനടിച്ചതിന്റെയും, അതിന്റെ മേല്‍ പലിശയുമൊക്കെ ആയി വരില്ല എന്ന് എന്താ ഉറപ്പ്‌? ഒരു തെളിവു വേണ്ടെ? അല്ല അതല്ലെ അതിന്റെ ശരി?"

"തെളിവുണ്ട്‌ സര്‍.. കസ്റ്റമര്‍കെയര്‍ സെന്ററിലെ സംഭാഷണങ്ങള്‍ മുഴുവന്‍ റെകോര്‍ഡ്‌ ചെയ്യപ്പെടുന്നതാണ്‌.. പിന്നെ എന്റെ പേര്‌ അതുല്‍ ഭൂഷണ്‍..., സാര്‍ വേണമെങ്കില്‍ എഴുതിവച്ചോളൂ... തന്നെയുമല്ല.. അടുത്തതവണമുതല്‍ ബില്ലിന്റെ ഒരു കോപ്പി, സാറിന്റെ ഇമെയില്‍ അഡ്രസ്സിലേയ്ക്കും വന്നിരിയ്ക്കും ..."

"അങ്ങനെയെങ്കില്‍ പിന്നെ ഞാനെന്തു പറയാന്‍...ഓ കെ . നാളെതന്നെ ഞാന്‍ പേമന്റ്‌ ചെക്ക്‌ ത്രൂ ചെയ്തേക്കാം.."

“ഓ കെ സര്‍... താങ്ക്‌ യു സര്‍... താങ്ക്‌ യു ഫോര്‍ കാളിംഗ്‌ റ്റു എച്‌ എസ്‌ ബി സി....ഹാവ്‌ എ നൈസ്‌ ഡേ"

"...യു ടൂ.."

ഫോണ്‍ വച്ചതും വിക്കറ്റുകിട്ടിയ ശ്രീശാന്തിനെപ്പോലെ ചന്തി ഒന്നുകുലുക്കാനും ഗ്രൗണ്ടില്‍ കുരങ്ങനെപ്പോലെ കയ്യമര്‍ത്തിയടിയ്ക്കാനുമൊക്കെ തോന്നിയെങ്കിലും മീഡിയാകവറേജ്‌ ഇല്ലാത്തതുകൊണ്ടും മറ്റു 'ധന' സഹായസാധ്യതകള്‍ ഇല്ലാത്തതുകൊണ്ടും എല്ലാത്തിലുമുപറ്റി പരിസരബോധം നഷ്ടപ്പെടാതിരുന്നതുകൊണ്ടും അതു വേണ്ടെന്നുവച്ചു...

ഒരു മഹായുദ്ധം ജയിച്ചുവരുന്ന യോദ്ധാവിനെപ്പോലെ പുറത്തെയ്ക്കു നടക്കുമ്പോള്‍, എ ടി എം സെന്ററിന്റെ ഗ്ലാസ്സ്‌ ഡോറിലെ തണുപ്പുകണങ്ങള്‍ മാഞിരുന്നു...![ എന്നെപ്പോലെതന്നെ മറ്റൊരുപാട്‌ പേര്‍ക്ക്‌ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിയ്ക്കാം... ഞാനെഴുതി പഠിയ്ക്കുകയാണ്‌.. ഈ പോസ്റ്റ്‌ അതിന്റെ ഭാഗമായി കരുതുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിയ്ക്കുക, പക്ഷേ, മുഴുവന്‍ വായിച്ചിട്ടുമാത്രം.... :) ]

© Copyright [ nardnahc hsemus ] 2010

Back to TOP