നമ്മുടെ ശാസ്ത്രസാങ്കേതികവളര്‍ച്ചയോടും അതിനു വഴിതെളിയ്ക്കുന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരോടും എനിയ്ക്കുള്ള ബഹുമാനം ഞാനാദ്യമേ രേഖപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാ‍നത്തില്‍ തന്നെ ഒരുപാട് വിദേശനാണ്യം രാജ്യത്തിനു നേടിത്തരാവുന്നത്രയും പ്രാബല്യമുള്ള ടെക്നോളജികള്‍ അനിവാര്യവും അഭിനന്ദനാര്‍ഹവും രാജ്യത്തെ ഓരോ പൌരനും അഭിമാനിയ്ക്കാവുന്നതും തന്നെ. കണ്ടുപിടുത്തങ്ങള്‍ മാനവര്‍ക്കെന്നും ആവശ്യമായതും ജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കാനുപകരിയ്ക്കുന്ന പുതിയ പരീക്ഷണങ്ങളുമാണെന്നിരിയ്ക്കെ മനസ്സില്‍ നുരയുന്ന ഒരു “പിന്തിരിപ്പന്‍ വാദം“ (അങ്ങനെയാണ് ഒരു സുഹൃത്ത് പറഞ്ഞത്) പങ്കുവയ്ക്കുന്നു.

ചന്ദ്രയാനമെന്നല്ല, രാജ്യത്തിന്റെ ഏതു വികസന പ്രക്രിയയിലും നമുക്കുവേണമെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം.. പക്ഷെ തിരിച്ച് ഒന്നും പറയാന്‍ പാടില്ല, അത് രാജ്യസ്നേഹമല്ലാതാകും. ഇനിയിപ്പൊ എന്തു പറഞ്ഞാലും ഇല്ലെങ്കിലും വികസനം അതിന്റെ പാതയില്‍ നീങുകയും ചെയ്യും, എന്നാ പിന്നെ പറയാല്ലെ?

ഞങ്ങളുടേ നാട്ടില്‍ എന്റെ വീടിനടുത്തുനിന്നും ഏകദേശം 40-50 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോയാല്‍ ആനപാന്തം എന്ന് പേരുള്ള ഒരു ആദിവാസിമേഖലയുണ്ട്. (പണ്ട് വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ കാട്ടിലെ കഞ്ചാവുകൃഷിയില്‍ പങ്കാളിത്തമുണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ച ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എയുടെ ആ വെല്ലുവിളി സ്വീകരിച്ച്, വനത്തില്‍ സ്വയം വന്ന് കൃഷി കാട്ടിത്തരുകയാണേങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാം എന്ന ഓഫറും സ്വീകരിച്ച് അവസാനം മാധ്യമ പ്രവര്‍ത്തകരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടുമൊപ്പം ഒരു സുപ്രഭാതത്തില്‍ കാടുകയറാന്‍ തുടങ്ങിയ മന്ത്രി-എം എല്‍ എ മാര്‍, നാലിലൊന്നിടം പോലും നടന്നെത്തുമ്പോഴേയ്ക്കും കൈകാല്‍ തളര്‍ന്നവശരായി തിരിച്ചു പോരേണ്ടി വന്ന, പണ്ട് നമ്മള്‍ കേട്ടിട്ടുള്ള അതേ ആനപാന്തം) ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എനിയ്ക്കറിയില്ലെങ്കിലും അറിഞ്ഞിടത്തോളം അവിടെ ഇന്നും പട്ടിണിമരണങ്ങള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, റോഡ്, വിദ്യഭ്യാസം, ആരോഗ്യകേന്ദ്രം തുടങ്ങി വളരെ പ്രാഥമികമായ അടിസ്ഥാനസൌകര്യങ്ങള്‍ പോലും എത്തിപ്പെടാത്ത ഒരു മേഖലയാണ് ഈ പറയുന്ന ആനപാന്തം. ജോലിയില്ലാത്ത ഗൃഹനാഥന്മാര്‍, പോഷകാഹാരമില്ലാതെ വികൃതരൂപം വന്ന കുട്ടികള്‍, വൃദ്ധരും രോഗപീഡിതരും വേറെ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് ജീവിയ്ക്കാനാവില്ലെന്ന് വീമ്പിളക്കുന്ന നമ്മള്‍ക്ക് അവരെങ്ങനെ ജീവിയ്ക്കുന്നു എന്ന് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ കഴിയാത്തയത്രയും താണ തലങ്ങളിലെ ജീവിതം നയിയ്ക്കുന്ന ഒരു പറ്റം ജനങ്ങള്‍. ഇതുപോലുള്ളവര്‍ കഴിയുന്ന എത്രയെത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍...

രണ്ടോ മൂന്നോ മാസം പെയ്യുന്ന മഴയില്‍ മാത്രം കുളിച്ച് വര്‍ഷത്തെ ബാക്കികാലം മുഴുവന്‍ വിയര്‍പ്പിലും മണല്‍കാറ്റിലും കുടിവെള്ളം പോലുമില്ലാതെ നരകിയ്ക്കുന്ന, ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ആദിവാസികള്‍ എന്റെ ജീവിത അനുഭവമാണ്. അവരോടൊപ്പം താമസിയ്ക്കേണ്ടിവന്ന തിളച്ച ഒരു രാത്രിയില്‍, ഗൃഹനാഥന്‍ എനിയ്ക്കു തന്ന ഒരു കുപ്പി വെള്ളം അന്നവര്‍ക്ക് നിധിയെക്കാള്‍ വലുതായിരുന്നു, കാരണം അദ്ദേഹത്തിന്റെ മകള്‍ കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലേയ്ക്കിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്‍കുന്ന വില അത്രയേറെയാണ്... കുളിയ്ക്കാന്‍ പോയിട്ട് പാത്രങ്ങള്‍ കഴുകാന്‍ പോലും വെള്ളമില്ലാതെ പൊടിമണല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടിവരുന്ന നമ്മുടെ സ്വന്തം ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വിഭാഗം ജനതയെ നമുക്കെങനെ മനസ്സിലാവാന്‍? അപ്പോള്‍ പിന്നെ നമ്മുടേ സര്‍ക്കാരിനോ?

ചിലപ്പോള്‍ കണ്ടിരിയ്ക്കും, മൊത്തം സമയത്തിന്റെ പകുതിപരസ്യം ഒഴിവാക്കിയാല്‍ കിട്ടുന്ന കണ്ണാടിയെന്ന ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞുവരാറുള്ള തെളിമ നശിച്ച‍, തൊട്ടടുത്ത പരസ്യത്തോടെ നാം മറന്നുപോകുന്ന മുഖങ്ങള്‍... ചാഞ്ഞും ചരിഞ്ഞുമെടുത്താന്‍ അവാര്‍ഡും അപ്രീസിയേഷനും കിട്ടാന്‍ സാധ്യതയുള്ള ചില ഫോട്ടോകള്‍ക്കപ്പുറം യാതൊരു ഗുണവും തരാത്ത കുറച്ചു തുറിച്ച കണ്ണും ഒട്ടിയ വയറുമുള്ള ജീവികള്‍! പണ്ടായിരുന്നെങ്കില്‍, കാട്ടില്‍ കയറി അവരെന്തെങ്കിലും കഴിച്ചോളുമായിരുന്നു.. ഇന്ന് ആ കാടും നമ്മുടേ സ്വന്തം അല്ലെ? അവനാരാ... ആദിവാസി പണ്ട്.. ഇപ്പോള്‍ ഏതോ വാസി!

ഇന്നിവര്‍ക്ക് അല്ലറചില്ലറയായി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് അഞ്ചാം വര്‍ഷം വന്നുപോകുന്ന ഇലക്ഷന്‍ കാലങ്ങളില്‍ ലഭ്യമാകാനിടയുള്ള വോട്ട് ബാങ്കിനെ മുന്‍ കണ്ടുകൊണ്ട് നേതാക്കള്‍ വല്ലതും കൊടുക്കുമ്പോഴാണ്. അങനെയെങ്കിലും ചിലപ്പോള്‍ അവനു വായയ്ക്കു രുചികിട്ടുന്നൊരു കറി കൂട്ടി വയര്‍ നിറയെ ഒരൂണ് തരമാവുന്നുണ്ടെങ്കിലോ?... അങ്ങനെയൊക്കെ അവരെ ഊട്ടാനായി കൂടിയാവുമോ വരുന്ന ഇലക്ഷനില്‍ പതിനായിരം കോടി ചിലവ് പ്രതീക്ഷിയ്ക്കുന്നത്? (വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാത്രം ചിലവാക്കാന്‍ പോകുന്ന തുകയാണത്.. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വക വേറേയും).

സമ്പൂര്‍ണ്ണസാക്ഷരത എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അന്നു പഠിച്ചവരില്‍ പേരും ഒപ്പും നാലാം ദിവസം മറന്നുപോയ എത്രപേരെ നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് തൊട്ടുകാണിയ്ക്കാന്‍ കഴിയുന്നു... വികസനങ്ങള്‍ പലരീതിയില്‍ നമ്മളാഘോഷിച്ചിട്ടും ഒറ്റത്തവണപോലും അതിന്റെ ഒരംശം പോലും പങ്കുപറ്റാന്‍ സാമര്‍ത്ഥ്യമില്ലാതെ പോകുന്ന നമ്മുടെ സ്വന്തം ജനത. പ്രകൃതിക്ഷോഭങ്ങളില്‍പോലും എത്തിച്ചേരുന്ന പണം വീതിച്ചുകൊടുക്കാത്ത നമ്മുടെ സ്വന്തം സര്‍ക്കാര്‍... ഒരു പക്ഷെ, ചാന്ദ്രയാനത്തിനു ചിലവിട്ട നാനൂറ് കോടി ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ചാല്‍ (അങനെ വേണമെന്നൊന്നും ഞാന്‍ പറയുന്നില്ല) അതിന്റെ പത്തിനൊന്നുപോലും ലക്ഷ്യം കണ്ടെന്നു വരില്ല. നമ്മുടെ വ്യവസ്ഥിതി അങ്ങനെയൊക്കെ ആയിപ്പോയി.. അല്ലാതെന്തു പറയാന്‍!

ഈ വികസന പരീക്ഷണങ്ങളൊക്കെ തന്നെ മറ്റുരാജ്യങ്ങളോട് കിടപിടിയ്ക്കാനുള്ള ഇന്ത്യയുടേ മത്സരമായി കാണാം... നല്ലത്! പക്ഷെ, അതേസമയം അവരുടെ നാട്ടില്‍ ദാരിദ്ര്യരേഖയുടേ സ്ഥാനം നമ്മുടേയത്രയും മോശമായിരിയ്ക്കുമോ? വഴിയില്ലെന്നു തോന്നുന്നു! നൂറ് കോടിയിലേറെ ജനങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍, ഒരു പൌരന്‍ വെറും 4 രൂപ വച്ചെടുത്താല്‍തന്നെ ചന്ദ്രയാനത്തിന് ചിലവഴിച്ച പണത്തില്‍ മിച്ചം വരുമെന്നിരിയ്ക്കേ, മാസത്തില്‍ നാലുരൂപപോലും വരുമാനമില്ലാത്ത ഒരുപാട് പേര്‍ താമസിയ്ക്കുന്ന ഒരു രാജ്യത്തെ ചില “വികസന കുതിയ്ക്കലുകള്‍” എല്ലാ അര്‍ത്ഥത്തിലും കുതിയ്ക്കല്‍ തന്നെയാണോ എന്നേ ഞാന്‍ ശങ്കിയ്ക്കുന്നുള്ളൂ..

നമ്മളൊക്കെ എത്രയെത്ര യാനങ്ങള്‍ വിട്ട് വികസനം കൈവരിച്ചാലും അതിന്റെ യാതൊരു പങ്കും കടന്നുചെല്ലാത്ത ഒത്തിരിയിടങ്ങള്‍ ഇന്നും നമ്മുടേ ഇന്ത്യയിലുണ്ട്, അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.



[ഇതിലെ കമന്റുകള്‍ കൂടി വായിച്ചാലേ, ഈ പോസ്റ്റ് പൂര്‍ണ്ണമാവുകയുള്ളു..]


 

16 COMMENTS:

[ nardnahc hsemus ] November 5, 2008 at 3:13 PM  

ഇയാളിങ്ങനെ ഒക്കെ പറഞ്ഞോണ്ടിരുന്നാല്‍ എന്നെങ്കിലും വികസനം വരുമോ? ഞാന്‍ അങനെ പറയുന്നില്ല, വികസനം എല്ലാ തുറകളിലും വേണം.. അതു ഗ്രാമങ്ങളിലേയ്ക്കും കടന്നു ചെല്ലണം, കുറഞ്ഞ പക്ഷം പ്രാഥമികസൌകര്യങ്ങളായെങ്കിലും!

G.MANU November 5, 2008 at 3:19 PM  

ചര്‍ച്ച അര്‍ഹിക്കുന്ന ഒരു പോസ്റ്റ്..
കമന്റുകള്‍ക്കായി ഞാനും കാത്തിരിക്കുന്നു..

ഇന്ത്യ പട്ടിണികിടന്ന് പറക്കണോ... ഉത്തരം ആരു തരും?

ശ്രീ November 5, 2008 at 3:46 PM  

നല്ല പോസ്റ്റ്!
സുമേഷേട്ടന്‍ പറഞ്ഞത് അനുകൂലിയ്ക്കുന്നു. എങ്കിലും വികസനത്തിനു സഹായിയ്ക്കുന്ന ചാന്ദ്രയാന്‍ പോലുള്ള പരിപാടികളെ പ്രോത്സാഹിപ്പിയ്ക്കാനാണ് എനിയ്ക്കിഷ്ടം.

ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിരിയ്ക്കുന്നു, തിരഞ്ഞെടുപ്പിന്റെ പേരില്‍ ഒഴുക്കിക്കളയുന്ന കോടികളെ കുറിച്ച്. അതില്‍ നിന്ന് അനാവശ്യമായി നശിപ്പിയ്ക്കുന്ന തുകയെങ്കിലും ഇത്തരക്കാരുടെ ഉന്നമനത്തിനായി ഉപയോഗിച്ചു കൂടേ?

കൂടുതല്‍ പേര്‍ പ്രതികരിയ്ക്കട്ടേ...

ശിശു November 5, 2008 at 4:42 PM  

സുമേഷ്‌, ചർച്ച അർഹിക്കുന്ന പോസ്റ്റ്‌ തന്നെ! താങ്കൾ തന്നെ ശാസ്ത്ര പരീക്ഷണങ്ങളോട്‌ യോജിക്കുകയും അവയുടെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌, (തുടക്കത്തിൽ) ഒപ്പം ഇത്തരം ചിലവേറിയ വിക്ഷേപണങ്ങൾ പോലെയുള്ള പരീക്ഷണങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നു. രണ്ടും ചേർന്നു പോകുന്നതല്ല.

താങ്കൾ സവിസ്തരം പ്രദിപാദിച്ച ആദിവാസികളുടേയും മറ്റ്‌ സാധാരണക്കാരന്റെയും അവസ്ഥ സത്യം തന്നെയാണ്‌. അവരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പ്രഥമ പരിഗണന അർഹിക്കുന്നതുമാണ്‌. ഭൂമിയിൽ മൃഗങ്ങളോളമോ അതിലും മോശമായതൊ ആയ അവസ്ഥയിൽ അവരിൽ ഭൂരിഭാഗവും ഇന്നും അധിവസിക്കുന്നു എന്നത്‌ ഏതൊരു ചിന്തിക്കുന്ന മനുഷ്യനേയും വേദനിപ്പിക്കാൻ പര്യാപ്തമാണ്‌. അതിൽ ഒരു രാഷ്ടീയക്കാരന്റെ കാപട്യത്തോടുകൂടി 'അഗാധമായി വേദനി'ച്ചാൽ മാത്രം പോരാ, നാമോരോരുത്തരും അക്ഷീണം, നിർവ്വ്യാജം പരിശ്രമിച്ചാൽ മാത്രമേ അതിനൊരു മാറ്റം വരികയുള്ളൂ. രാഷ്ടീയക്കാർക്കൊ, ഗവൺമന്റുകൾക്കൊ മാത്രമല്ല ഇത്തരത്തിലുള്ള ഓരോ ദൗത്യങ്ങളുടേയും ചുമതല. നാമോരോരുത്തർക്കുമുണ്ട്‌. അത്‌ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴെ യഥാർത്ഥ വിപ്ലവം വിരുന്നു വരൂ. ഇല്ലെങ്കിൽ കവലപ്രസംഗങ്ങൾ തകൃതിയായി നടക്കുകമാത്രമേ ഉണ്ടാകുകയുള്ളൂ.

അടിസ്ഥാന സൗകര്യവികസനം എന്നതുകൊണ്ട്‌ അരിവാങ്ങിക്കൊടുക്കുകയും വീട്‌ കെട്ടിക്കൊടുക്കുകയും മാത്രമല്ലല്ലോ അർത്ഥമാക്കേണ്ടത്‌. ഒരു ജനതയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെ നിറവേറ്റാൻ കഴിയുന്ന എന്തും മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും അതിനുവേണ്ടിയുള്ള പരീക്ഷണങ്ങളും അതിലുൾപ്പെടാമല്ലോ?. ചന്ദ്രായനിലൂടെ നാം ലക്ഷ്യമിടുന്നത്‌ ഊർജ്ജസുരക്ഷ മുന്നിൽക്കണ്ടുള്ള പരീക്ഷണങ്ങളാകും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ചന്ദ്രോപരിതലത്തിലുള്ള ഹീലിയം ത്രീയിലാണ്‌ ഇന്ന്‌ എല്ലാ രാജ്യങ്ങളുടേയും കണ്ണ്‌. കോടിക്കണക്കിനു രൂപചിലവിട്ട്‌, പാരിസ്ഥിതിക മലിനീകരണം വരുത്തി നാം നടത്താൻ പോകുന്ന ആണവോർജ്ജപ്ലാന്റുകളുടെതിനെ അപേക്ഷിച്ച്‌ ഹീലിയം വഴി ഉത്പാദിപ്പിക്കപ്പെട്ടേക്കാവുന്ന ഊർജ്ജം പാരിസ്ത്ഥിതിക പ്രശ്നങ്ങൽ ഇല്ലാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കുമെന്ന നിഗമനവും ഇത്തരം പരീക്ഷണങ്ങൾക്ക്‌ ആക്കം കൂട്ടിയിരിക്കാം. ഏതായാലും ഈ ദിശയിലുള്ള പരീക്ഷണങ്ങളിൽ നാം പങ്ക്‌ ചേരുന്നത്‌ ദീർഘവീക്ഷണത്തോടുകൂടിയ ചിന്തയിൽനിന്നുമുരുത്തിരിഞ്ഞതുതന്നെയെന്നു സമ്മതിക്കേണ്ടിവരും.

മാറേണ്ടത്‌ നമ്മുടെ മനോഭാവമാണ്‌, എന്തിനോടുമുള്ള മനോഭാവം. നാം ഓരൊരുത്തരും ആഡംബരമായല്ലേ ജീവിക്കുന്നത്‌? എന്തേ നാം ഈ ദരിദ്രനാരായണന്മാരെപ്പറ്റി ഓർക്കുന്നില്ല. ഒരുനേരമെങ്കിലും ഒരു ദരിദ്രനു ആഹാരംവാങ്ങി നൽകാൻ മിനക്കെടുന്നില്ല, അല്ലെങ്കിൽ അവന്റെ അവസ്ഥക്ക്‌ പരിഹാരം ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നില്ല? പണ്ടൊക്കെ വീടുകളിൽ അത്താഴം കഴിഞ്ഞൊരു ചോദ്യമുണ്ടായിരുന്നു. വീട്ടിലെ സ്ത്രീ പുറത്ത്‌ വന്ന് "അത്താഴപട്ടിണിക്കാരുണ്ടൊ" എന്ന് വിളിച്ചുചോദിക്കുമായിരുന്നു. അന്നത്തെ ദിവസം അധികം വന്ന ആഹാരം നശിപ്പിച്ചുകളയാൻ മനസ്സില്ലാതെ അത്‌ ആരെങ്കിലും വിശപ്പ്സഹിക്കുന്നവനുണ്ടെങ്കിൽ അവനുകൊടുക്കാം എന്നുള്ള ചിന്തയിൽനിന്നും വന്നതാകാം ആ ചോദ്യം. ഇന്ന് നാമെന്താണ്‌ ചെയ്യുന്നത്‌? ആഹാരം എന്നും നാം വെറുതെ കളയുന്നു. ഹോട്ടലുകളിൽ അധികമുള്ള ആഹാരം ഒരു ഭിക്ഷക്കാരനുകൊടുക്കാതെ ഏതെങ്കിലും പന്നിവളർത്തുകാരനു കൊടുക്കും. ഭിക്ഷക്കാരനുകൊടുത്താൽ അത്‌ ബിസിനസ്സിനോടുകാണിക്കുന്ന കൃത്യനിർവ്വഹണമില്ലായ്മയായവർ കരുതുന്നുണ്ടാകും. പന്നിയെ വളർത്തുന്നവനാകുമ്പോൾ ആ പ്രശ്നമില്ലല്ലോ? തന്റെ നിലനിൽപ്പിനെ ബധിക്കുന്ന ഒന്നല്ലല്ലോ അത്‌. ഇങ്ങനെ എന്തിനും ഏതിനോടുമുള്ള നമ്മുടെ മനോഭാവം മാറിയാൽ നാടിന്റെ ഇന്നതെ അവസ്ഥയും മാറും.

ഒരുവൻ വിചാരിച്ചാൽ ഒരു തിരിതെളിക്കാം.
പലരും ചേർന്നാൽ ദീപാവലിയായി.

ആദിവാസികളെക്കുറിച്ചോർത്തു വിഷമിക്കുന്ന നല്ല മനസ്സിനു മുന്നിൽ ഞാനും നമിക്കുന്നു.

ഉപാസന || Upasana November 5, 2008 at 5:03 PM  

സുമേഷ് നല്ല ആശയമാണ് പങ്ക് വെച്ചിരിയ്ക്കുന്നത്. തേ സമയം നമ്മുടെ നാടിന്റെ എല്ലാ അവശതകളും മറിയിട്ടേ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങാവൂ എന്ന് ശഠിക്കൂനതില്‍ കാര്യമില്ലെന്നും ഞാന്‍ കരുതുന്നു.
:-)
ഉപാസന

ചാർ‌വാകൻ‌ November 6, 2008 at 6:45 PM  

വികസനം ഭിതിയുണ്ര്ത്തുന്ന വാക്കാണിന്ന്.
എല്ലാതരം വികസനവും ചിലസമൂഹങ്ങളെ പുറന്തള്ളുന്നു.
ആദിവാസി-ദലിത്-ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നം ,
മുഖ്യധാരയുടെ അജണ്ടയിലില്ലാത്തത്,ഭരണവര്‍ഗ്ഗപത്യശാസ്ത്രം -
പൊതുസമൂഹത്തിന്റെ ബോധമായതിനാലാണ്`.
വരും കാലങ്ങളില്‍കേരളം കാണാന്‍പോകുന്ന വന്‍ സമരങ്ങളെല്ലാം ,
ഈ ജനതയുടെ സ്വന്തമായിരിക്കും .ഇതുതിരിച്ചറിഞ്ഞാണ്`,
ചെങ്ങറകളെ മുഖ്യരാഷ്റ്റ്രീയക്കാര്‍ പ്രതിരോധിക്കുന്നത്.
ശാസ്ട്ത്ര-സാങ്കേതിക വികാസം ചില ജനസമൂഹങ്ങള്‍ക്ക്
അപ്പ്രാപിയമാകുന്നതെന്തുകോണ്ടാണ്`?
പരിഗണന അര്‍ഹിക്കുന്നജനതയായി കാണുന്നേയില്ല.
മധ്യവര്‍ഗ്ഗനീതിബോധം പൊതുബോധ്യമായി വളരുകയാണ്`.

[ nardnahc hsemus ] November 7, 2008 at 3:02 PM  

ശിശു,
വിശാലമായ പ്രതികരണത്തിനു നന്ദി.

എങ്കിലും ഞാന്‍ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയാണോ ആ മറുപടി എന്ന ശങ്ക ഇപ്പോഴും ഇല്ലാതില്ല. കാരണം ആദ്യപാരയില്‍ എന്റേതെന്നു താങ്കള്‍ പറയുന്ന രണ്ടു തരം അഭിപ്രായങ്ങള്‍ അല്ല എനിയ്ക്കുള്ളത്. അത് ഞാനീ പോസ്റ്റിന്റെ സ്റ്റാര്‍ട്ടര്‍ കമന്റ് ആയി സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു.

ഞാന്‍ പറയാനുദ്ദേശിച്ചത്, ശാസ്ത്രവികസനവും ‘അതെത്തിപ്പെടാത്ത‘ ഗ്രാമവികസനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ്. എങ്കില്‍ മാത്രമേ, ഒരു രാജ്യത്തിന് അതിന്റെ വികസനവീരത്വം വിളിച്ചുകൂവാനാകൂ എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. അതായത് രാജ്യത്തിന്റെ ഇന്നത്തെ ശാസ്ത്രസാങ്കേതികവിദ്യയുടെ വിജയപരീക്ഷണങ്ങളില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും ഒപ്പം അതിന്റെ യാതൊരുവിധ ഗുണവും എത്തിപ്പെടാത്ത ഒരു ജനതയെ കാണുമ്പോളുള്ള ഉള്ളിലെ അമര്‍ഷവും ഒരേ സമയം രേഖപ്പെടുകയായിരുന്നു ഈ പോസ്റ്റിന്റെ ലക്ഷ്യം.

ശിശു വായിച്ച അതേ രീതിയിലാണ് മറ്റു പലരും വായിച്ചതും കമന്റുകള്‍ രേഖപ്പെടുത്തിയതും. ചിലര്‍ വിട്ടുനിന്നു, ചിലര്‍ ചാറ്റിലൂടേയും മറ്റും വന്ന് അവരുടേ അഭിപ്രായങ്ങള്‍ അറിയിച്ചു.. ഒക്കെയില്‍നിന്നും മനസ്സിലാകുന്നത്, പറഞ്ഞു പറഞ്ഞ് നമ്മള്‍ ഗൌരവം നഷ്ടപ്പെടുത്തിയ ഒരു പ്രശ്നമായിപ്പോയി ഈ അധ:കൃതവര്‍ഗ്ഗ(!) ത്തിന്റേതെന്നാണ്. ആര്‍ക്കും അതിനെ കുറിച്ച് സംസാരിയ്ക്കാന്‍ പോലും താല്പര്യമില്ല. ചിലര്‍ പറഞ്ഞു, നമ്മുടെ നാടിന്റെ എല്ലാ അവശതകളും മാറിയിട്ടേ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങാവൂ എന്ന് ശഠിയ്ക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്ന്.. ശരിയാണ്. അങനെയല്ല വേണ്ടത്. എന്നാല്‍ രണ്ടും ഒരുമിച്ചുകൊണ്ടുപോവുകയാണു വേണ്ടത്.

ഭക്ഷണം, ജോലി, പാര്‍പ്പിടം, മറ്റു അടിസ്ഥാനസൌകര്യങ്ങള്‍ ഒക്കെ നിലനില്‍ക്കേ പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ നിലവിലുണ്ടായിരുന്ന അവകാശ ലംഘനങ്ങളേക്കാള്‍ പതിന്മടങ്ങ് മീതെ ആണ് ഈ വിഷയമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കാരണം ഇവര്‍ക്ക് ഇന്നും ഇവിടെ എല്ലാം ശൂന്യമാണ്.

ഒരു മണിക്കൂര്‍ വൈദ്യുതി ഇല്ലാതായാല്‍, ഒരു നേരത്തെ ഭക്ഷണം കിട്ടാതിരുന്നാല്‍, ഒരു ഹര്‍ത്താല്‍ ദിവസത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍, ഉറ്റവരെ ഡോക്റ്റര്‍മാരുടേ സമരദിവസം ഒരാശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നാല്‍ എത്രയെത്ര ക്ലേശങ്ങളായാണ് അതൊക്കെ നമുക്ക് അനുഭവപ്പെടുക? എന്നാല്‍ തന്റെ സ്വന്തം രാജ്യത്ത് തലമുറകളായി ഇതൊന്നുമില്ലാതെ ജീവിയ്ക്കുന്ന ഒരു ജനതയെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.. അതിന്റെ മറുവശത്ത് മാറിമാറിവരുന്ന ഇലക്ഷനുകളില്‍ ഉയര്‍ന്നുവരുന്ന കോടികളുടേ ചിലവാക്കല്‍, വികസനങ്ങള്‍, പരീക്ഷണങ്ങള്‍, ടെക്നോളജികള്‍, യാത്രാസൌകര്യങ്ങള്‍... എല്ലാം..

ശിശു പറഞ്ഞപോലെ, നമുക്ക് നമ്മുടെ മനോഭാവങ്ങള്‍ മാറ്റി നമ്മുടേ പടിമുറ്റത്തുനിന്നുമാണ് തുടങ്ങേണ്ടതെന്ന്. ശരിയാണ് തീര്‍ച്ചയായും തുടങ്ങണം. അത് അനിവാര്യവുമാണ്. പക്ഷെ, ദേശപൌരന്മാരായ നമ്മള്‍ എങ്ങനെ തുടങ്ങിയാ‍ാലും അത് സിമ്പതിയാണ്.. ഇവിടേ ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചത് അങ്ങനെ ഒരു സിമ്പതിയെക്കുറിച്ചല്ല. ഒരു രാജ്യത്തെ ഒരു വിഭാഗം ജനതയ്ക്ക് നഷ്ടമാകുന്ന അവകാശങ്ങളേക്കുറിച്ചാണ്. അത് സര്‍ക്കാര്‍ തന്നെ ചെയ്തേ മതിയാവൂ... അതവരുടെ മൌലികമായ അവകാശമാണ്. പക്ഷെ അതിനുമാത്രം പണവും നിയമങ്ങളും ഇന്നും നമ്മുടെ രാജ്യത്തായിട്ടില്ല എന്ന് ഖേദത്തോടേ ഓര്‍ക്കുകയാണ്.

ചാന്ദ്രയാന്‍ പ്രൊജക്റ്റ് ഊര്‍ജ്ജസുരക്ഷയ്ക്ക് ഉതകുന്ന ഹീലിയം ത്രീയും മറ്റും അന്വേഷിച്ചുള്ള യാത്രയാണ്. ശരി തന്നെ. വളരെ നല്ലത്. പക്ഷെ, അങ്ങനെ ഒരു ഹീലിയം ത്രീയുടേ ആവശ്യം നമുക്കു വന്നുചേര്‍ന്നത്, ഭൂമിയില്‍ ഊര്‍ജ്ജത്തിനുവന്ന / വരാനിരിയ്ക്കുന്ന കനത്ത ക്ഷാമം മൂലമാണേന്നോര്‍ക്കണം. അതായത്, ഇത്രയും നാള്‍ ഇവിടേ ലഭ്യമായിരുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ തീരുംവരെ നാം അവയെ ഉപയോഗിച്ചിട്ടും അതിന്റെ ഒരു നാമ്പുപോലും പ്രയോജനം ലഭിയ്ക്കാതിരുന്ന ഒരു വിഭാഗം ജനതയ്ക്ക് ഇനി ചന്ദ്രനില്‍ ഊര്‍ജ്ജസ്രോതസ്സ് കണ്ടുപിടിയ്യ്ക്കപ്പെട്ടാല്‍ അത് തീര്‍ച്ചയായും ഗുണകരമാകും എന്ന് വിശ്വസിയ്ക്കണമെന്നാണോ?

ഈ വൈരുധ്യങ്ങളിലേയ്ക്കൊക്കെ വിരല്‍ ചൂണ്ടുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയെന്നു മാത്രമേ ഉള്ളൂ.. അതിന് ഒരു കവലപ്രാസംഗികന്റെ പുറംപൂച്ച് തോന്നിയെങ്കില്‍ ദയവായി അതെന്റെ ഭാഷയുടെ കുറവായി കാണുക. ഞാന്‍ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇതൊരു ചാന്ദ്രയാന്‍ പ്രൊജക്റ്റിനു നേരെയുള്ള പിന്തിരിപ്പന്‍ ആശയമായി കാണരുത്. അതുപോലെ കേരളത്തിലെ മാത്രം ആദിവാസികളുടെ പ്രശ്നമായും.

മുസ്തഫ|musthapha November 8, 2008 at 10:45 AM  

സുമേഷ്, ഈ പോസ്റ്റ് വഴി പറയാന് ഉദ്ദേശിച്ചത് അവസാനത്തെ കമന്റില് വ്യക്തമാവുന്നുണ്ട്.

nardnahc hsemus said...
എന്നാല്‍ തന്റെ സ്വന്തം രാജ്യത്ത് തലമുറകളായി ഇതൊന്നുമില്ലാതെ ജീവിയ്ക്കുന്ന ഒരു ജനതയെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?..

വളരെ നല്ലത്, ഇങ്ങിനെ ചിന്തിക്കുന്ന സുമേഷിന്റെ നല്ല മനസ്സിനെ ആദ്യം അഭിനന്ദിക്കട്ടെ.

പക്ഷെ നമ്മുടെ ചിന്തകളില് അല്ലെങ്കില് ഒരു ചറ്ച്ചയിലേക്ക് ഇവറ് കടന്നു വരാന് ചാന്ദ്രയാന് വിക്ഷേപണവും ഇലക്ഷന് മാമാങ്കവും വിഷയമാവേണ്ടിയിരിക്കുന്നു എന്നതെത്ര ഖേദകരം അല്ലേ!

പാവപ്പെട്ടവറ്ക്കും പീഡിതറ്ക്കും വേണ്ടി തയ്യാറാക്കുന്ന പദ്ധതികളില് എത്രമാത്രം അതിന്റെ ലക്ഷ്യങ്ങള് കൈവരിക്കുന്നുണ്ട്? അല്ലെങ്കില് അവയെത്രമാത്രം നടപ്പാക്കപ്പെടുന്നുണ്ട്? എന്നാലോ ഇവയ്ക്ക് വേണ്ടി വകയിരുത്തുന്ന തുക മാത്രം നയാപൈ ബാക്കിയില്ലാതെ ചിലവഴിക്കപ്പെടുന്നുമുണ്ട്!

ഞാന് പറയാന് ശ്രമിക്കുന്നത്, ചാന്ദ്രയാന് പദ്ധതിക്ക് വേണ്ടി ചിലവഴിച്ച തുക മാറ്റി വിനിയോഗിച്ചാല് പോലും ഇത്തരം പ്രശ്നങ്ങള്ക്ക് ഒരു പരിഹാരമാവില്ല. നമുക്ക് പണത്തേക്കാളും ദൌറ്ലഭ്യം ഇച്ഛാശക്തിക്കും ആത്മാറ്ത്ഥതയ്ക്കുമാണ്!

ഈ പോസ്റ്റും കമന്റു കഴിഞ്ഞാല് നമുക്ക് മറ്റ് വിഷയങ്ങളെ പറ്റി ആലോചിക്കാം, നമ്മള് മുകളില് പറഞ്ഞ ജനതയെ പറ്റി മറക്കാം... അറ്റ് ലീസ്റ്റ് മറ്റൊരു ചാന്ദ്രയാനും ഇലക്ഷനും വരുന്നത് വരേയ്ക്കെങ്കിലും...!

Jayasree Lakshmy Kumar November 8, 2008 at 11:08 PM  

‘കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലേയ്ക്കിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്‍കുന്ന വില അത്രയേറെയാണ്... കുളിയ്ക്കാന്‍ പോയിട്ട് പാത്രങ്ങള്‍ കഴുകാന്‍ പോലും വെള്ളമില്ലാതെ പൊടിമണല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടിവരുന്ന നമ്മുടെ സ്വന്തം ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വിഭാഗം ‘

എന്തൊരു കഷ്ടമായ അവസ്ഥയാണ്. ചന്ദ്രയാൻ അഭിമാനം തരുന്ന കാര്യം തന്നെ. പ്പക്ഷെ അതിനു കാണിക്കുന്ന ഉത്സാഹം സാധാരണക്കാരുടെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിനു ഉപയോഗിക്കുന്നില്ലല്ലോ എന്നത് ഞാനും ചിന്തിച്ച കാര്യമാണ്. ഏതയാലും ചന്ദ്രയാൻ ഒരു ദീർഘവീക്ഷണത്തോടെ ചെയ്ത കാര്യമാണെന്നും അതു വിദൂരഭാവിയിൽ പ്രയോചനപ്പെടും എന്നൂം ആശ്വസിക്കാം

pandavas... November 9, 2008 at 10:07 PM  

നന്നായിരിക്കുന്നു സുമേഷ്,......
പ്രതികരണങ്ങള്‍ വിപ്ലവങ്ങളാണ് .....
വിശക്കുന്നവന്റ്റെ സ്വപ്നം ഭക്ഷണവും
നിറഞവന്‍ പറക്കാനും സ്വപ്നം കാണുന്ന കാലം
കലികാലമെന്ന് പറഞ് ആശ്വസിക്കുന്നവര്‍ തുലയട്ടെ...
മുലപ്പാല്‍ കവറില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവന്
വിശപ്പിന്റ്റെ കവതയെക്കുറിച്ച് ചിന്തിക്കാന്‍ സമയമുണ്ടൊ:.....?
ഒരു ദീര്‍ഘനിശ്വാസത്തിന്റ്റെ ചൂടിനുമപ്പുറത്ത്,
കൈകളില്‍ രക്തം നിറച്ച് പറയേണ്ടതാണ്........
ഇതൊന്നും ശരിയല്ലെന്ന്......
ഒരു കബ്യൂട്ടറിന്റ്റെ മുന്നിലിരുന്ന് പ്രതികരിക്കുന്നവരോട് ഒരു ചോദ്യം......!
ഇതെല്ലാം വെറും രോദനങ്ങളായി മാറുന്നുണ്ടോ ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 12, 2008 at 3:49 PM  

chinthaneeyam thanne..!!!

തറവാടി November 13, 2008 at 3:24 PM  

നമുക്കെന്തിനാണ് കാറുകള്‍?
കമ്പ്യൂട്ടറുകള്‍?
നമുക്കെന്തിനാണ് മോബൈല്‍ ഫോണുകള്‍?
നമുക്കെന്തിനാണ് ടെലിഫോണ്‍?
നമുക്കെന്തിനാണ് ഇന്‍‌റ്റര്‍ നെറ്റുകള്‍?
നമുക്കെന്തിനാണ് വിദ്യാഭ്യാസം?
നമുക്കെന്തിനാണ് സ്കൂളുകള്‍?
നമുക്കെന്തിനാണ് വിമാനങ്ങള്‍?
നമുക്കെന്തിനാണ് റോടുകള്‍?
നമുക്കെന്തിനാണ് ഹോട്ടലുകള്‍?
നമുക്കെന്തിനാണ് വീടുകള്‍?
നമുക്കെന്തിനാണ് ????

*******???
*******???
*******???
*******???
*******???

പറയാനുള്ളത് ഈ പോസ്റ്റിലും പിന്നെ
ഈ പോസ്റ്റിലും പറഞ്ഞിട്ടുണ്ട്.

murmur........,,,,, November 26, 2008 at 12:22 PM  

vikasanam anivaryamaya onnalle?

അഹങ്കാരി... December 9, 2008 at 10:29 PM  

മറ്റൊരു സഹായം ചോദിക്കാനാണു വന്നത്

എങ്കിലും ഈ പോസ്റ്റില്‍ മൌനമായിപ്പോകുന്നു - കാരണം, ഗുജറാത്തിലെ ആ മനുഷ്യരുടെ അവസ്ഥ - ഇന്ന് നമ്മള്‍ പാഴാക്കിക്കളയുന്ന ജലത്തിന്റെ വില....

ഇല്ല...ഒന്നും പറയാനില്ല...ഇങ്ങനെ ഊണും കഴിച്ച് കമ്പ്യൂട്ടറിനു മുന്നില്‍ ആലസ്യത്തോടെ ഇരുന്ന് കമന്റിടുന്നതിലെന്ത് പ്രസക്തി (സുമേഷിനെ കുറ്റപ്പെറ്റുത്തിയതല്ല, ആ കുടുംബത്തോടൊപ്പം ജീവിച്ചു എന്ന് പറഞ്ഞതിലൂടെ തന്നെ സുമേഷ് സംസാരം മാത്രമല്ല ചെയ്യ്യുന്നത് എന്‍nന്‍ വ്യക്തമാണ്)

എങ്കിലൂം സുമേഷ്, നാം , നമ്മുടെ ചുമതലകള്‍ ചെയ്യുന്നുണ്ടോ?

അട്ടപ്പാടിയിലെ മനുഷ്യക്കോലങ്ങള്‍! മനുഷ്യരെന്ന് കയ്യും കാലും തുണിയും ഉള്ളതിനാല്‍ മാത്രം വിളിക്കേണ്ടി വരുന്ന ശരീരവും മനസ്സും ജീവിതവും ഉണങ്ങിപ്പോയവര്‍!

ക്കാമഭ്രാന്ത് പിടിച്ച നാഗരികന്റെ വിഷബീജം ഏറ്റ്വാണ്‍ഗിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി അമ്മമാര്‍!

നരകമെന്നത് നേരില്‍ കാണണോ? എങ്കില്‍ അട്ടപ്പാടിയിലേക്ക് പോയാല്‍ മതി! അവര്‍ ചെയ്ത തെറ്റ് മറ്റൊന്നുമല്ല, പ്രകൃതിയെ സ്നേഹിച്ച , കaടിന്റെ മക്കളുടെ വംശ്ശത്തില്‍ വന്ന് പിറന്നു എന്നത് - വോട്ട്ബാങ്ക് ആയി മാ‍ാറിയില്ല എന്നത്!

നേരില്‍ കണ്ട് മനസു മടുത്തിട്ടുണ്ടെനിക്ക്, അട്ടപ്പാടിയിലെ ജീ‍വിതത്തിന്റെ തിളക്കുന്ന സത്യങ്ങളേ...എന്നിട്ടോ?

നാമോരോരുത്തരും ഓരോ നിമിഷവും ഈ സത്യങ്ങളെ നേരില്‍ കാണുന്നു... എന്നിട്ടോ?

നാം വീണ്ടും നോക്കിയാ N96 ചാര്‍ജ്ജു ചെയ്ത് അവരുടെ ഫോട്ടോ എടുക്കുന്നു, കയ്യിലെ കോളാക്കുപ്പി വായിലേക്ക് കമഴ്ത്തിയിട്ട്!

നാം ആണവക്കരാറിനെ പറ്റിയും ഒബാമയുടെ പട്ടിയെ പറ്റിയും ചര്‍ച്ച ചെയ്യുന്നു! (മനോരമ പത്രം ഒബാമയുടെ വിശേഷങ്ങള്‍ക്ക് നീക്കിവച്ചത് 9 പേജ്!)

ഐഫോണിനും നാനോയ്ക്കും ബുക്ക് ചെയ്യുന്നു!!

ഒടുവില്‍, പ്രായശ്ചിത്തമെന്നപോലെ ഇത് പോലെ സത്യത്തിലേക്കൂള്ള ജാലകങ്ങളില്‍ വന്ന് കണ്ണീരൊഴുക്കുന്നു!!

ഞാനുള്‍പ്പടെ ,സുമേഷുള്‍പ്പടെ ആരും ഈ തെറ്റില്‍ നിന്ന് മോചിതരല്ല, ആകാന്‍ കഴിയില്ല!

ഇന്നിന്റെ വ്യവസ്ഥിതിയും മനഃസാക്ഷിയും അങ്ങനെ ആണ്...

ആ ഒഴുക്കിനെതിരെ തുഴയുന്നവനു മരണം മാത്രം, അല്ലാതെ കരയ്ക്കട്റ്റുക്കാനോ തോണി കരയ്ക്കടുപ്പിക്ക്kആനോ പറ്റില്ല തന്നെ!

ഒരിക്കലെങ്കിലും ആ ഗ്രാമത്തില്‍ , നാമൊക്കെ കൂടി നരകമാക്കിയ അട്ടപ്പാടി എന്ന ആ ജനന്തയുടെ പഴയ സ്വര്‍ഗ്ഗത്തില്‍ ഒരിക്കലെങ്കിലും നിങ്ങളൊക്കെ ഒന്ന് പോകൂ...

നമുക്ക് ഇനി ആ ജനതയ്ക്ക് സ്വസ്തി ആശംസിക്കാം.

അവരുടെ ചിത്രങ്ങള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് പുരാവസ്തു പഠനത്തിനു നല്‍കാം!

**************************

സുമേഷ്, ഒന്ന് പരിചയപ്പെടണമെന്നുണ്ട്, ഒരു ചിന്ന ഉതവി കേട്ടു താ ഇങ്കെ വന്തേ....ഹെല്പ് പണ്ണലാമാ? :)

sasthamcotta@gmail.com

Anonymous January 5, 2009 at 9:10 PM  

ഇതൊന്നും വായിക്കാനെനിക്ക് തല്‍ക്കാലം സമയം ഇല്ല.
വായിച്ചാലെനിക്ക്ക് മനസ്സിലാകാനും പോണില്ല.
എന്തായാലും ബ്ലോഗ് നന്നായിട്ടുണ്ട്

Anonymous July 8, 2009 at 3:29 PM  

നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റുകള്‍ മാത്രം വായ്ച്ചു ശീലിച്ച എനിക്ക് ജീവിതത്തിണ്ടേ മരുപാകം കൂടി കാണിച്ചു തന്നതിന് നന്ദി. വെള്ളം പോലും കിട്ടാതെ കഷ്ടം അനുഭവിക്കുന്നവരെ കുറിച്ച് ഓര്‍ത്തപോള്‍ മനസ്സിന് വല്ലാത്ത ഒരു വേതന തോന്നി പോയി.

© Copyright [ nardnahc hsemus ] 2010

Back to TOP