എ ടി എം സെന്ററുകളുടെ പരിസരത്തും മറ്റുമായി ചുറ്റിത്തിരിയുന്ന ഏജന്റുമാരുടെ, 'യാചനയോടെയുള്ള അഭ്യര്‍ത്ഥനയുടെ ഫലമായി 'ആജീവനാന്തസൗജന്യമെന്നും പറഞ്ഞ്‌', കൈയ്യിലെത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു, എന്റെ എച്‌ എസ്‌ ബി സി യുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌. ഒരു കാലത്ത്‌ പലരും, മൊബെയില്‍ ഫോണുകളെക്കാളേറെ, പൊങ്ങച്ച-പുറമ്പൂച്ചുകള്‍ക്കൊക്കെ ഉദാഹരണമായി, സുഹൃത്തുക്കളുടേയും മറ്റും മുന്നില്‍ പോക്കറ്റില്‍ നിന്നും പുറത്തെടുക്കാന്‍ വ്യഗ്രത കാട്ടിയിരുന്ന അതേ 'രണ്ടേ നാലിഞ്ചു' സാധനം! ലൈഫ്‌ ടൈം ഫ്രീയായി തരുന്നതുകൊണ്ട്‌ ഭാര്യയ്ക്കും ഒരു ആഡ്‌-ഓണ്‍ പ്രത്യേകം പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു... സ്വര്‍ണ്ണനിറമുള്ള ആ രണ്ടു കൊച്ചുസുന്ദരന്മാരെയും ഒരുമിച്ച്‌ കൈയ്യില്‍ കിട്ടിയപ്പോള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്റെ സന്തോഷവും സ്നേഹവും വാത്സല്യവും പോലെ ഓരോ ഉമ്മ വച്ചുകൊടുക്കുവാനാണ്‌ ആദ്യം തോന്നിയത്‌!...

ദിവസങള്‍ കടന്നുപോയി... ഏറ്റവുമാദ്യത്തെ ബില്‍ കിറുകൃത്യമായി കൈയ്യില്‍ കിട്ടിയപ്പോഴും യഥാസമയം അതിന്റെ പണം കൊടുത്തപ്പോഴും, മനസ്സില്‍ വെറുതെ തോന്നി, എത്ര നല്ല സര്‍വീസ്‌... എന്തുകൊണ്ട്‌ ഇത്രയും നല്ല സര്‍വ്വീസു തരുന്ന എച്‌ എസ്‌ ബി സി യുടെ കാര്‍ഡ്‌ മുന്‍പേ സ്വന്തമാക്കാന്‍ തോന്നിയില്ലാ എന്നൊക്കെ.. അത്യാവശ്യത്തിനൊരല്‍പം കുണ്ഡിതമൊക്കെ തോന്നിയെങ്കിലും, സാരമില്ല, ഇപ്പോഴെങ്കിലും ഇതുസ്വന്തമാക്കാന്‍ കഴിഞ്ഞല്ലോ, എന്നോര്‍ത്ത്‌ സമാധാനിയ്ക്കുകയും ചെയ്തു...

കാര്‍ഡ്‌ കൈയ്യിലെത്തിയതോടുകൂടി പതുക്കെ പതുക്കെ ചിലവുകള്‍ പതിവുരീതികളില്‍ നിന്നും വിഭിന്നമാവുകയായിരുന്നു..., മിസ്റ്റര്‍ കോണ്‍ഫിഡെന്‍സ്‌, കൈയ്യിലുള്ളപ്പോള്‍ എന്തിനു ഭയക്കണം? ആരെ ഭയക്കണം?.....

അങ്ങനെ ഒരുമാസം കൂടെ, തകൃതിയായി കടന്നുപോയി. രണ്ടുദിവസം മുന്‍പ്‌, അതായത്‌ ഇക്കഴിഞ്ഞ നാലാം തീയ്യതി, ശനിയാഴ്ച, പുതിയ ബില്‍ വന്നു. ബില്ലിന്റെ റേറ്റും സാധനങ്ങള്‍ വാങ്ങിയ കടകളുടെ പേരുകളും വെറുതെ ഒന്നോടിച്ചുനോക്കി.. എല്ലാം ശരിയാണെന്നു തോന്നി.. ആ! അല്ലെങ്കില്‍തന്നെ ആര്‍ക്കാ ഇതൊക്കെ ഓര്‍മ്മയുണ്ടാവുക... അതൊക്കെ ഓര്‍ത്തുവയ്ക്കുന്നതുതന്നെ ഇക്കാലത്ത്‌ സ്റ്റാറ്റസ്സിനു ചേര്‍ന്നതല്ല... എന്തായാലും, ഓഫീസില്‍ പോകാനുള്ളതിന്റെ തിരക്കായിരുന്നതുകൊണ്ട്‌, ലെറ്റര്‍ ബോക്സില്‍നിന്നും എടുത്തുപൊട്ടിച്ച കവര്‍ അതേ പടിതന്നെ തിരിച്ച്‌ കവറില്‍ നിക്ഷേപിച്ച്‌ വീട്ടിലെ എന്റെ പ്രധാന ഡോക്യുമന്റ്‌ സൂക്ഷിപ്പുകേന്ദ്രമായ കമ്പ്യൂട്ടര്‍ ടേബിളിന്മേലേയ്ക്ക്‌ വലിച്ചെറിഞ്ഞു. ചിരിയ്ക്കേണ്ട, ഇത്രയും സേഫ്‌ ആയിട്ടുള്ള വേറൊരു സ്ഥലം വിട്ടിലില്ല കാരണം, അതേല്‍ തപ്പിയാല്‍ എന്റെ ജാതകം മുതല്‍ കല്യാണകാര്‍ഡുവരെ കിട്ടിയെന്നുവരും.. [അതു വരെ മാത്രം ട്ടോ, പിന്നങ്ങോട്ടുള്ള കഥ ഏതൊരു വിവാഹിതനേയും പോലെ.. ഛെ, അതൊക്കെ ഇവിടെ പറയാന്‍ കൊള്ളുവോ.. ;) ]...

എന്തായാലും കഥ നടക്കുന്ന രണ്ടാം ദിവസം, അതായത്‌ തിങ്കളാഴ്ച കാലത്ത്‌, ബ്രേക്ക്‌ ഫാസ്റ്റിനിടെ, ടിവി വാര്‍ത്തകള്‍ക്കിടയില്‍, എച്‌ എസ്‌ ബി സി യുടെ പരസ്യം തെളിഞ്ഞപ്പോഴാണ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്റെ അവസാനതീയ്യതി ഏതെന്ന സന്ദേഹം തോന്നിയത്‌. ഉടനെതന്നെ, മേശമുകളില്‍നിന്നും ബില്ലെടുത്തു പരിശോദിച്ചപ്പോള്‍, അയ്യോ, ദാണ്ടെ, കിടക്കുന്നൂ, അവസാനതീയ്യതി ആറ്‌! അതായത്‌ ഇന്നത്തെ ഡേറ്റ്‌. എന്നാല്‍, ബില്‍ ഡേറ്റഡ്‌ പിരീഡ്‌ നോക്കിയപ്പോള്‍ അവിടെ കൊടുത്തിരിയ്ക്കുന്നത്‌ കഴിഞ്ഞമാസം പതിന്നാലുമുതല്‍ ഈ മാസം പതിന്നാലുവരെ എന്നാണ്‌.. അങ്ങനെയെങ്കില്‍, തപാലുകാര്‍ കത്ത്‌ വൈകിപ്പിച്ചതായിരിക്കില്ലേ?.. അതോ ഇനി ബാങ്കുകാര്‍ തന്നെയാണോ? അങ്ങനേയുമാകാമല്ലോ..! ഒരു പക്ഷെ, അവരത്‌ വൈകി ഡെസ്‌ പാച്ച്‌ ചെയ്തതാവാനും സാധ്യതയുണ്ട്‌... അതുകൊണ്ടുള്ള ഗുണം ബാങ്കുകാര്‍ക്കുതന്നെയായതുകൊണ്ട്‌ അത്തരമൊരു അതിനിഗൂഡമായ സാധ്യതയ്ക്കാണ്‌ മുന്തൂക്കം. (ങൂം... പതിയെ പതിയെ എന്നിലെ സേതുരാമയ്യര്‍ ഉണരാന്‍ തുടങ്ങിയോന്നൊരു സംശയം!.)

പക്ഷെ, ഇനിയിപ്പോള്‍ എന്തു ചെയ്യും? എങ്ങനെയെങ്കിലും ഇന്നുതന്നെ പണമടച്ചില്ലെങ്കില്‍, പത്തുനാനൂറുരൂപയെങ്കിലും "ഗോവിന്ദ" ആകുമെന്നുള്ളൊരു സാധ്യതയ്ക്ക്‌, അങ്ങു തലച്ചോറിന്റെ ചക്രവാളങ്ങളിലെവിടെയോ വെള്ളകീറിതുടങ്ങിയതായെനിയ്ക്ക്‌ അനുഭവപ്പെട്ടു...

എച് എസ് ബി സിയുടേത്, ഒരാറേഴുവര്‍ഷം മുന്‍പ്‌ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിക്കാര്‍ ഉണ്ടാക്കിയ സാലറി അക്കൗണ്ടാണ്‌.. വര്‍ഷം ഇത്രയേറെ കഴിഞ്ഞിട്ടും ജോലികള്‍ പലതും മാറിയിട്ടും സാലറികള്‍ ഒന്നും തന്നെ ചെല്ലാതെയായിട്ടും അവരത്‌ ഇപ്പോഴും സീറോ ബാലന്‍സ്‌ ആയി തന്നെ കണക്കാക്കുന്നതില്‍ അന്നുകാലങ്ങളില്‍ ദുരൂഹതയൊന്നും തോന്നിയിരുന്നില്ലെങ്കിലും ഈ ഒരനുഭവത്തോടെ അതിലെ എല്ലാ ലൂപ്‌ ഹോളുകളും തെളിഞ്ഞുവരുന്നപോലെ...എന്തായാലും ഓഫീസിലെത്തട്ടെ, കസ്റ്റമര്‍കെയറിലേയ്ക്ക്‌ വിളിച്ചു ചോദിയ്ക്കണം. മനസ്സില്‍ തീ‍രുമാനിച്ചുറപ്പിച്ചു... ഓഫീ‍സിലെത്തട്ടെ എന്നുപറയ്യാന്‍ കാരണമുണ്ട്.. കഴിഞ്ഞ തവണത്തോടുകൂടി സ്വന്തം സെല്‍ ഫോണില്‍നിന്ന് കസ്റ്റമര്‍ കെയറിലേയ്ക്കുള്ള വിളി നിറുത്തി. All Our representatives are busy, please hold on..... എന്നും പറഞ്ഞ്‌ "ലവന്റെ ലാ ഫിക്സഡ്‌ ഡെപോസിറ്റ്‌ ലിവന്റെ ലീ ഫിക്സഡ്‌ ഡിപോസിറ്റ്‌" എന്നൊക്കെയുള്ള സ്വന്തം പരസ്യങ്ങളൊക്കെയും യാതൊരു ഉളുപ്പുമില്ലാതെ കേള്‍പ്പിച്ച്‌കൊണ്ട്, ലൈനില്‍ വരുന്നതിനുമുന്‍പേ തന്നെ അവര്‍ നഷ്ടപ്പെടുത്തിയ ആ 22 മിനിറ്റ്‌ നഷ്ട സംഭവത്തിനുശേഷം പിന്നെ ഒരിയ്ക്കലും സ്വന്തം സെല്‍ഫോണില്‍നിന്നു കസ്റ്റമര്‍കെയറിലേയ്ക്ക്‌ വിളിയ്ക്കുകയുണ്ടായിട്ടില്ല.

അങനെ ഓഫീസിലെത്തിയതും, കസ്റ്റമര്‍കെയര്‍ നമ്പറിലേയ്ക്ക്‌ ഫോണ്‍ വിളിച്ചുചോദിയ്ക്കലായിരുന്നു ആദ്യപടി. ഒരു മാരത്തോണ്‍ തര്‍ക്കത്തിന്റെ തുടക്കമായതുകൊണ്ടാണോ എന്നറിയില്ല, പെട്ടെന്നുതന്നെ ലൈന്‍ കിട്ടി... ലൈനില്‍ വന്ന 'പയ്യന്റെ' ഉപദേശമനുസരിച്ച്‌, അവസാനദിവസമായതുകൊണ്ട്‌ രണ്ടുവിധത്തിലുള്ള പേമെന്റുകളാണ്‌ ഉചിതമത്രെ. അവന്‍ പറയുന്നത്‌ ഒന്നുകില്‍, ഏറ്റവും അടുത്തുള്ള എ റ്റി എം സെന്ററില്‍ പോയി റെഡികാഷ്‌ കവറിലാക്കി മെഷീന്‍ 'ദ്വാരാ' പേ ചെയ്യുക അല്ലെങ്കില്‍, ഏറ്റവും അടുത്തുള്ള എച്‌ എസ്‌ ബിസി ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി പണം ഡയറക്റ്റ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ഡെപോസിറ്റിലേയ്ക്കിടുക. ഞാനാലോചിച്ചപ്പോള്‍, പരസ്യങ്ങളൊക്കെ തകൃതിയായി കൊടുക്കുന്ന ബാങ്കാണെങ്കിലും, മഹാനഗരമായ മുംബൈയില്‍ ഈ ബാങ്കിലുള്ള എ ടി എം കൗണ്ടറുകള്‍ പത്തില്‍ താഴെയാണ്‌... ഒരു പക്ഷെ, അഞ്ചില്‍താഴെ എന്നുപറയുന്നതാകും കൂടുതല്‍ ശരി... ആയതുകൊണ്ട്, മനസ്സിനെ കൂലങ്കുഷമായ ചര്‍ച്ചകളൊന്നുമില്ലാതെ, വളരെ സിമ്പിളായി, ജോലിസ്ഥലത്തിനടുത്തുള്ള എ റ്റി എം സെന്ററില്‍ പോകുന്നതാണ്‌ ബാങ്കിന്റെ ബ്രാഞ്ചില്‍ പോകുന്നതിനേക്കാള്‍ അഭികാമ്യമെന്ന് തീരുമാനിച്ചു.

ഉച്ചയൂണ്‌ അരമണിക്കൂര്‍ മുന്‍പേ തന്നെയാക്കി. 10 മിനിറ്റു നടക്കാനുള്ള ദൂരമേ ഉള്ളു. എങ്കിലും ഊണ്‌ നേരത്തേ ആക്കിയതില്‍ കാര്യമുണ്ട്‌. എ ടി എം സെന്ററല്ലേ, ചുറ്റുവട്ടത്തുള്ള ഓഫീസുകളിലെ സ്റ്റാഫുകളില്‍ മിക്കവരും പണമെടുക്കാന്‍ എത്തുന്ന സ്ഥലമാണത്‌. അതുകൊണ്ട് നമ്മളായിട്ട് ഒരു താമസം വേണ്ട.. പുറത്ത്, ചെറുതായിട്ട്‌ മഴ ചാറുന്നുണ്ടായിരുന്നു.. കുടയെടുത്തുനിവര്‍ത്തി ഫുട്‌പാത്തിന്റെ ഓരത്തിലൂടെ തിരക്കിട്ടുനടന്നു... എന്നാല്‍, കരുതിയതിനു വിപരീതമായി സ്ഥലത്തെത്തിയപ്പോള്‍, പ്രതീക്ഷിച്ചത്ര തിരക്കില്ലായിരുന്നു.

മഴക്കാലമായതുകൊണ്ടാകാം, എ റ്റി എം സെന്ററിന്റെ ചില്ലുവാതിലുകളില്‍ എ സിയുടെ തണുപ്പുകണങ്ങള്‍ നിറഞ്ഞ്‌ ഉള്ളിലെ കാഴ്ചകള്‍ കാണാന്‍ പറ്റാത്തവിധം പൂര്‍ണ്ണമായും മറഞിരുന്നു...

ഉള്ളിലെ മാര്‍ബോണൈറ്റ്‌ ടയില്‍സുകളില്‍, മഴവെള്ളവും മണലും കൂടിക്കുഴഞ്ഞ കാല്‍പാടുകള്‍ പതിച്ച്‌ ഞാന്‍ ഉള്ളിലേയ്ക്കു കയറി, മെഷീനിലേയ്ക്ക്‌ എ ടി എം കാര്‍ഡിട്ടു. 'പേമന്റ്‌ ത്രൂ ചെക്ക്‌' ഓപ്ഷന്‍ സെലെക്റ്റുചെയ്തു. പണം ഇന്‍സേര്‍ട്‌ ചെയ്യാനുള്ള കവര്‍ വന്നു. അതില്‍ പണമിട്ട്‌, മെഷീനിലേയ്ക്ക്‌ തിരിച്ചുകൊടുക്കുന്നതിനുമുന്‍പ്‌, വെറുതെ ഒരു സംശയം... ഇങ്ങനെ പണം ഇട്ടാല്‍, അത്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ടിലേയ്ക്ക്‌ എങ്ങനെ പോകും? മറിച്ച്‌, സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ടിലേയ്ക്കല്ലേ പോവുക...ആരോടു ചോദിയ്ക്കും? അടുത്ത്‌ ആരുമില്ല. ആകെയുള്ളത്‌, ഒരു സെക്യൂരിറ്റിക്കാരനാണ്‌. അവനിതൊക്കെ അറിയുമായിരിയ്ക്കോ? ആ..? ആര്‍ക്കറിയാം...എന്തായാലും ചോദിച്ചുനോക്കാം...

"ഭായ്‌ സാബ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ട്‌ കാ ബില്‍പേമന്റ്‌ കൈസേ കിയേ ജാതാ ഹേ...ആപ്‌ കോ കുച്ച്‌ ഐഡിയ ഹൈ ക്യാ?"

"കാഷ്‌ യാ ചെക്ക്‌?" അവനടുത്തേയ്ക്കു വന്നു.

"കാഷ്‌"."

എ റ്റി എം കാര്‍ഡ്‌, ഡാലാ നാ?"

"ഹാന്‍ ജീ"

"ബസ്‌... പേമന്റ്‌ കര്‍ ദോ..."

"പേമന്റ്‌ കര്‍ ദൂം? അരേ യാര്‍, ലേകിന്‍, മെഷീന്‍ മേം ഐസാ ഉസ്‌ കേ ലിയേ സുവിധാ രഹനാ ഭീ ചാഹിയേ നാ ?

"തോ ഫിര്‍ ഹംകോ നഹീ മാലും ഭായ്‌സാബ്‌. ആപ്‌ ബഡീ ഓഫീസ്‌ മേന്‍ ഫോണ്‍ കര്‍ കേ പൂഛോ..."

അവന്‍ പറഞ്ഞപോലെ കസ്റ്റമര്‍ കീയറില്‍ വിളിച്ചുനോക്കാം, എ ടി എം സെന്ററിലെ ഫോണായതുകൊണ്ട്‌ സംസാരം എത്ര നീണ്ടാലും കാശുകൊടുക്കേണ്ടല്ലോ...

ഞാന്‍ ഫോണെടുത്ത്‌ സിംഗിള്‍ ഡിജിറ്റ്‌ നമ്പര്‍ ഡയല്‍ ചെയ്തു. അവസാനം ഒരു മണിനാദം "welcome to HSBC customer service, you are talking to Ms Meera Shah... how can I assist you?"

വളച്ചുകെട്ടാതെ തന്നെ ചോദിച്ചു... "എങ്ങനെ റെഡികാഷ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ അക്കൗന്റിലേയ്ക്ക്‌ ഡെപോസിറ്റ്‌ ചെയ്യാം..??"

ചില ലഘു ഐഡന്റിഫികേഷന്‍ ചോദ്യങ്ങള്‍ക്കുശേഷം അവള്‍ മൊഴിഞ്ഞു, " Sir insert the credit card into the machine... and use ur ATM PIN... choose the 'others' option from the file menu ... then the 'mode of payment'... click on payment by cash option." type the bill amount, you'll get an envelop, put your money inside the envelop and deposit that into the envelope inserting area of the machie." so simple. anything else sir?"

"nothing more. thanks you for the info."

ശ്ശെടാ.. അതുശരിയാണ്‌ എനിക്കെന്റെ അബദ്ധം മനസ്സിലായി. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്‌, കാഷായിട്ട്‌ പേ മെന്റ്‌ ചെയ്യണമെങ്കില്‍, ക്രെഡിറ്റ്‌ കാര്‍ഡല്ലാതെ എ ടി എം കാര്‍ഡിട്ടിട്ടെന്ത്‌ ഗുണം?

അവര്‍ പറഞ്ഞപടി തന്നെ ഞാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്‍സെര്‍ട്ട്‌ ചെയ്തു. പിന്നെതെളിഞ്ഞ സ്ക്രീനില്‍, എ ടി എം പിന്‍ എന്റ്രി ചെയ്തു.. ഒരല്‍പം സമയമെടുത്ത മോണിറ്റര്‍ സ്ക്രീനില്‍, കരിങ്കാലി അക്ഷരങ്ങള്‍ പതിയെ തെളിഞ്ഞു വന്നു... please enter a valid PIN number..!

വാലിഡ്‌ പിന്‍ നമ്പറോ?? അപ്പോ ഇപ്പോളിട്ടത്‌ വാലീഡ്‌ അല്ലെന്നോ? കമോണ്‍ യാര്‍, എന്തൂട്ടാ ഈ പറേണെ... വന്നപ്പോള്‍ തന്നെ ഞാന്‍ അതിട്ടല്ലേ അക്കൗണ്ട്‌ നമ്പര്‍ ചെക്ക്‌ ചെയ്തത്‌...! പിന്നെ ഇതെങ്ങനെ സംഭവിച്ചു? ഇനിയിപ്പോ പിന്‍ ഞാനെങ്ങാന്‍ തെറ്റിക്കൊടുത്തിരിയ്ക്കുമോ? എന്തായാലും ഒന്നൂടെ ട്രൈ ചെയ്തുനോക്ക തന്നെ.. അങ്ങനെ ഞാന്‍ വീണ്ടും കാര്‍ഡ്‌ ഇന്‍സേര്‍ട്‌ ചെയ്തു... അപ്പോഴും അതേ സ്ക്രീന്‍ .. അതേ പിന്‍... പക്ഷേ ഇത്തവണ വളരെ "വ്യക്‌തവും ശക്‌തവുമായി തന്നെ...." എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തെളിഞ്ഞതും മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല... ഛേ.. ഇനി ലവളെങ്ങാന്‍ തെറ്റിപ്പറഞ്ഞതായിരിയ്ക്കോ? സാധ്യത തള്ളിക്കളയാനാവില്ല.. കാരണം, ക്രെഡിറ്റ്‌ കാര്‍ഡാണ്‌ ഇടുന്നത്‌... പിന്‍ നമ്പര്‍ ഇടാന്‍ പറഞ്ഞേക്കുന്നതോ എ ടി എം കാര്‍ഡിന്റെയും!.. അതൊരുപക്ഷേ, തെറ്റായ പ്രോസസ്‌ ആയിക്കൂടെന്നില്ലല്ലോ...ഒരു കാര്യം ചെയ്യാം.. ഒന്നൂടെ ക്രെഡിറ്റ്‌ കാര്‍ഡിടുക, ശേഷം സേവിംഗ്‌ അക്കൗണ്ടിന്റെ ടെലി-പിന്‍ ഉള്ളതൊന്നെടുത്തു പൂശിയാലോ? നോറ്റ്‌ എ ബാഡ്‌ ഐഡിയ... അതെ, അതുശറിയാവാന്‍ സാധ്യതയുണ്ട്‌.. എനിയ്ക്കെന്റെ കുരുട്ടുബുദ്ധിയില്‍ (ചുമ്മാ) എന്തെന്നില്ലാത്ത ആത്മവിശ്വാസവും കുറച്ച്‌ പുളകവും അനുഭവപ്പെട്ടു.

അങ്ങനെ ഞാന്‍ വീണ്ടും ക്രെഡിറ്റ്‌ കാര്‍ഡെടുക്കുന്നു... മെഷീനുള്ളില്‍ ഇടുന്നു.. എ ടി ഏം നമ്പറിനുപകരം സേവിംഗ്‌ ബാങ്ക്‌ റ്റെലിപിന്‍ ഇടുന്നു... ഒന്ന്... രണ്ട്‌.. മൂന്ന്...നാല്‌.. സെക്കന്റുകളെണ്ണി ഞാന്‍ കാത്തു.. നേരത്തെക്കാലും സമയം കൂടുതലെടുക്കുന്നോ?.. അതെയതെ.. ആദ്യമായിട്ടല്ലെ, ഞാനീ കാര്‍ഡ്‌ ഇങ്ങനെ ട്രൈ ചെയ്യുന്നത്‌.. മെഷീനത്‌ ചെക്ക്‌ ചെയ്യുന്നതായിരിക്കും...എന്നാല്‍ അങ്ങനെയല്ല, സോദരാ.. എന്ന മറുപടിയുമായി അക്ഷരങ്ങള്‍ മോണിറ്റര്‍ സ്ക്രീനില്‍ പതിയെ തെളിഞ്ഞുവന്നു... kindly contact the bank's main branch to collect your card. inconvienience regretted. ഈ മെസ്സേജ്‌ വന്ന് 10 സെക്കന്റ്‌ തികയും മുന്‍പേ, ആ മഷീനില്‍ ഔറ്റ്‌ ഓഫ്‌ ഓര്‍ഡര്‍ എന്നുള്ള മെസ്സേജ്‌ വരികയും ചെയ്തു... അന്നേരം ആ മോണിറ്ററിനിട്ട്‌ ഒരു ഇടി വച്ചുകൊടുക്കാന്‍ തോന്നി.. ഛേ... തൊന്തരവായല്ലോ.. ഇനിയെന്തു ചെയ്യും?? ഇന്നുതന്നെ എങ്ങനെയെങ്കിലും ബില്‍ പേ ചെയ്തല്ലെ മതിയാകൂ.. ഇന്നാണെങ്കില്‍ അവസാനതിയ്യതിയുമാണ്‌...

ഇനിയിപ്പോള്‍ കസ്റ്റമര്‍ കെ യര്‍ തന്നെ ശരണം.. വേറൊരുവഴിയും തല്‍കാലം ഞാന്‍ കാണുന്നില്ല... വീണ്ടും ഫോണെടുക്കുന്നു... ഡയല്‍ ചെയ്യുന്നു.. പരസ്യങ്ങള്‍ കേള്‍ക്കുന്നു... അവസാനം ഒരു കിളിമൊഴി മറുതലയ്ക്കല്‍.. നേരത്തേ വന്നവളേക്കാള്‍ പ്രായമുള്ള സ്ത്രീയാണെന്ന് ശബ്ദവും സംസാരരീതിയും കേട്ടപ്പോള്‍ തോന്നി... എല്ലാം പറഞ്ഞപ്പോള്‍, അവര്‍ എനിയ്ക്ക്‌ രണ്ടു വഴികളെ പറയുവാനുണ്ടായിരുന്നുള്ളു.. ഒന്ന്, ആദ്യം പറഞ്ഞപോലെ, ബാങ്കിന്റെ ബ്രാഞ്ചില്‍പോയി ഡയറക്റ്റ്‌ പണമടയ്ക്കുക.. which they describe, the best way, അതല്ലെങ്കില്‍, ഫൈനോടുകൂടി, സമയം പോലെ പിന്നെ അടയ്ക്കുക... ഇതുരണ്ടുമല്ലാതെ വേറെ വഴികളൊന്നുമില്ല... രണ്ടും എനിയ്ക്ക്‌ ശരിയായിതോന്നിയില്ല. കാരണം, ഒന്നാമത്‌, പണം വൈകി അടച്ചാല്‍, എനിയ്ക്കു നഷ്ടമാകുന്നത്‌ ഏതാണ്ട്‌ 400-450 രൂപയാണ്‌... എന്നാല്‍, ഞാനിന്നീ ബില്‍ പേ ചേയ്യാന്‍ വേണ്ടി, ഹാല്‍ഫ്‌ ഡേ ലീവെടുക്കുകയാണെങ്കില്‍, എനിയ്ക്കു നഷ്ടപ്പെടുന്നത്‌ മേല്‍പറഞ്ഞ തുകയില്‍നിന്നും ഏറെ കൂടുതലായതുകൊണ്ട്‌ ആ പരിപാടി വേണ്ടെന്നുവയ്ക്കുകയാണ്‌ ബുദ്ധി. രണ്ടാമതായി, ഫൈനടിപ്പിയ്ക്കുന്ന ആ പരിപാടി അള മുട്ടുമ്പോള്‍ മാത്രം ചെയ്താല്‍ മതിയാകുമെന്നുതോന്നി... അതിനു മുന്‍പേ എങ്ങനെയെങ്കിലും ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടണം, അതിനൊരു കച്ചിതുരുമ്പ്‌ വേണം... എവിടന്നുകിട്ടും...? ആലോചിച്ചിക്കൂ ആലോചിച്ചിക്കൂ എന്നു ഞാന്‍ മനസ്സിനോടും മനസ്സ്‌ എന്നോടും കെഞ്ചിപ്പറഞ്ഞുകൊണ്ടേയിരുന്നു ...അതെ, എന്തെങ്കിലും വഴി കാണാതിരിയ്കയില്ല...പക്ഷെ അതേതു വഴി....? ആ സ്ത്രീയോട്‌ ഓരോ കാര്യങ്ങള്‍ ചോദിയ്ക്കുന്നതിനിടയിലും, തലയില്‍ ക്യാമറ ഘടിപ്പിച്ച പാമ്പിന്റെ പുല്ലിലൂടെയുള്ള സഞ്ചാരം ഡിസ്കവറിചാനലില്‍ തെളിഞ്ഞുവരുന്ന പോലെ, ഒളിച്ചിരിയ്ക്കുന്ന മറ്റുകുട്ടികളെ കണ്ടുപിടിയ്ക്കാന്‍ നടക്കുന്ന കുട്ടിയുടെ അന്വേഷണപാടവവുമായി അനുഭവങ്ങളുടെ ഓര്‍മ്മക്കുമ്പാരങ്ങള്‍ക്കിടവഴിയിലൂടെ സാഹചര്യത്തിനനുകൂലമായൊരു കച്ചിതുരുമ്പും പരതികൊണ്ട്‌ മനസ്സ്‌ പായുകയായിരുന്നു.

പെട്ടെന്ന് എന്തൊക്കെയോ വര്‍ക്കൗട്ടായേന്നുതോന്നുന്ന പോലെ മനസ്സില്‍ ഒരാശയം... ബില്ലടയ്ക്കാനായി കൊണ്ടുവന്ന റെഡികാഷ്‌ കയ്യിലുണ്ടല്ലോ.. അത്‌ വച്ച്‌ ഒരു കളി കളിച്ചാലോ? അതെ, ഇത്‌ ഒരുപക്ഷേ ശരിയായേക്കാം...

മാഡം, എന്റെ കയ്യിലുള്ള റെഡികാഷ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ മഷീനുള്ളില്‍ പെട്ടതുകൊണ്ട്‌ ഇനിയെനിയ്ക്കെന്റെ ബില്‍ അടയ്ക്കാന്‍ പറ്റില്ല... റൈറ്റ്‌...? എന്നാല്‍ ഞാനെന്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബില്ലിലെ തുക എന്റെ സേവിങ്ങ്സ്‌ ബാങ്ക്‌ അകൗണ്ടില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കതു ക്രെഡിറ്റ്‌ കാര്‍ഡ്‌ അകൗണ്ടിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തുകൂടെ? കാര്‍ഡ്‌ പ്രൊവിഡ്‌ ചെയ്ത ബാങ്കില്‍ തന്നെയാണല്ലോ അകൗണ്ട്‌... അങ്ങനെ ചെയ്യാനായി ഈ എ ടി എം മഷീനില്‍ വല്ല സൗകര്യവുമുണ്ടോ?"

“ഓ!, അതൊരു നല്ല ചോദ്യമാണ്‌ സര്‍.. ഞാനീ കോള്‍ സേവിംഗ്‌ അകൗണ്ടുമായി ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക്‌ കാള്‍ ട്രാസ്ഫര്‍ ചെയ്യാം... ദയവായി നടന്ന കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക..“

എന്റെ ‘സ്വന്തം ബ്രാന്റ്റ്' കുരുട്ടുബുദ്ധിയില്‍ എനിക്കാത്മാഭിമാനം തോന്നിയ ഒരസുലഭമുഹൂര്‍ത്തം...

അങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട എന്റെ കോള്‍, ഒരു പുതിയ കോള്‍ എന്ന പോലെ വീണ്ടും ഇഴഞ്ഞിഴഞ്ഞ്‌, പരസ്യങ്ങള്‍ കേള്‍പ്പിച്ച്‌ കേള്‍പ്പിച്ച്‌, എന്റെ നാരായണക്കല്ല് ഇളക്കിപറിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ, ടെലെഫോണ്‍ റിസീവറിലൂടെ കാതുകളിലേയ്ക്ക്‌ ഒരു കുയില്‍നാദം (നോട്ട് കളമൊഴി) ഒഴുകിയെത്തി..

“മിസ്റ്റര്‍ സുമേഷ്‌ ചന്ദ്രന്‍, താങ്ക്സ്‌ ഫോര്‍ കാളിംഗ്‌ ടു എച്‌ എസ്‌ ബി സി കസ്റ്റമര്‍ കെയര്‍, ദിസ്‌ ഇസ്‌ അര്‍പ്പിത ഠക്കര്‍... ഹൗ കാന്‍ ഐ ഹെല്‍പ്‌ യു സര്‍..?“

“എന്റെ പൊന്നുമോളേ... അതിനുവേണ്ടിയല്യോ ഞാനിവിടെ ചുറ്റിക്കളിയ്ക്കുന്നത്‌“ എന്നൊന്നും പറയാന്‍ നില്‍ക്കാതെ കാര്യങ്ങള്‍ മണികിണിയായി തുറന്നുപറഞ്ഞു... പറഞ്ഞുമുഴുവനാക്കാന്‍ ഇട തരാതെ, അവള്‍ പറഞ്ഞു.. " അതിനെന്താ സര്‍, അകൗണ്ട്‌ നമ്പര്‍ പറയൂ... നമ്പര്‍ പറഞ്ഞുകൊടുക്കുമ്പോള്‍, അവളത്‌ എന്‌ട്രി ചെയ്യുന്ന ശബ്ദം അവ്യക്തമെങ്കിലും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു... എത്രയാണ്‌ ബില്‍ എമൗണ്ട്‌ സര്‍...? ഞാന്‍ തുക പറഞ്ഞുകൊടുത്തു...എന്നാല്‍ അതവള്‍ റ്റൈപ്‌ ചെയ്യുന്നതിനുമുന്‍പേ, പെട്ടെന്ന്, അത്യാസന്നനിലയില്‍ പാഞ്ഞുപോകുന്ന ആംബുലന്‍സിന്റെ ലൈറ്റുപോലെ, എന്റെ ബുദ്ധിബള്‍ബ് കത്താന്‍ തുടങ്ങി...

"മിസ്സ്‌ അര്‍പ്പിതാ, എന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ബില്‍ അടയ്ക്കാനുള്ള തുക ഉണ്ടാകാന്‍ തരമില്ല..."

"പിന്നെ...?"

പിന്നെന്താ... കുന്തം! സീറോ ബാലന്‍സ്‌ ഫെസിലിറ്റി തന്നിട്ടുള്ള ഒരു അകൗണ്ടില്‍, അതും അഞ്ചുവര്‍ഷം മുന്‍പ്‌ ജോലിചെയ്തിരുന്ന കമ്പനിയുടെ സാലറി അകൗണ്ട്‌ എന്ന ഔദാര്യ ലേബല്‍ ഒട്ടിച്ചു തന്ന ഈ അകൗണ്ടില്‍തന്നെ ഞാനെന്റെ പണം ചുമ്മാ അങ്ങ്‌ ഡെപോസിറ്റ്‌ ചെയ്യണം അല്യോ?, എന്നൊന്നും ചോദിച്ച്‌ സമയം കളയാതെ ഞാന്‍ ഒരു സല്‍സ്വഭാവിയായ മനുഷ്യജീവിയെപോലെ പറഞ്ഞുതുടങ്ങി...

"അര്‍പ്പിതാ, ഞാന്‍ പറഞ്ഞുവന്ന കാര്യം മുഴുമിയ്ക്കാന്‍ നിങ്ങളെന്നെ അനുവദിച്ചില്ലല്ലോ...

"ദയവായി എന്റെ ചോദ്യം ശ്രദ്ധിയ്ക്കുക.., ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ബില്ലിനു വേണ്ടത്ര പണമില്ല എന്നതു ശരി തന്നെ... എന്നാല്‍, ഇപ്പോള്‍ എന്റെ കൈവശം വേണ്ടത്ര പണമുണ്ട്‌. അതുകൊണ്ട്‌, ഈ നിമിഷം, ഞാനെന്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബില്ലിലെ തുക എന്റെ സേവിങ്ങ്സ്‌ ബാങ്ക്‌ അകൗണ്ടില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കതു ക്രെഡിറ്റ്‌ കാര്‍ഡ്‌ അകൗണ്ടിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തുകൂടെ? കാര്‍ഡ്‌ പ്രൊവിഡ്‌ ചെയ്ത ബാങ്കില്‍ തന്നെയാണല്ലോ അകൗണ്ട്‌... അങ്ങനെ ചെയ്യാനായി ഈ എ ടി എം മഷീനില്‍ വല്ല സൗകര്യവുമുണ്ടോ?" എന്നാണ്‌ എന്റെ ചോദ്യം...

“ഓ ഓ, ഗോട്ടീറ്റ്‌... അയാം സോ സോറി സര്‍, ഇന്നു പണം എ ടി എം മഷീനില്‍ ഡെപോസിറ്റ്‌ ചെയ്താല്‍, അത്‌ 24 മണിക്കൂറിനു ശേഷം മാത്രമേ അക്കൗണ്ടില്‍ പ്രതിഫലിയ്ക്കുകയുള്ളു... ബാങ്ക്‌ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ എനിയ്ക്കെങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകും സര്‍?"

അതെ. അങ്ങനെ ഒരു സംശയം എനിയ്ക്കും ഉണ്ടായിരുന്നു.. പക്ഷെ, വേറെന്തുവഴി? ഹാഫ്‌ ഡേ എടുക്കാന്‍ പറ്റിയതരത്തിലല്ല ഇപ്പോഴത്തെ പ്രൊജക്റ്റിന്റെ അവസ്ഥ. അപ്പോള്‍, പേമന്റ്‌ വൈകിപ്പിച്ചതിന്റെ ഫൈന്‍ ചാര്‍ജ്ജ്‌ അടയ്ക്കുകയല്ലാതെ വേറെ നിവര്‍ത്തിയൊന്നുമില്ല.

" ശരി ശരി, ഞാന്‍ ബില്ല് പേമന്റ്‌ അടച്ചോളാം, ഓ കെ?" പക്ഷേ എനിയ്ക്കൊരു സംശയം... ചോദിയ്ക്കട്ടെ?

"അതിനെന്താ സര്‍, പറയൂ..."

ഇതുവരെയുള്ള എന്റെ പര്‍ചേസ്‌ ബില്‍ എമൗണ്ടുകളൊക്കെ അടച്ച്‌ ശേഷം ഇതേ നമ്പറില്‍ വിളിച്ചാല്‍ എനിക്കീ ക്രെഡിറ്റ്‌ കാര്‍ഡ്‌ "കാന്‍സല്‍" ചെയ്യാന്‍ പറ്റുമോ?"

"എന്താ സര്‍, എന്തുപറ്റി? എന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?"

"ഒന്നുമല്ല, എനിയ്ക്കിത്രയും സ്ട്രൈയിന്‍ തന്ന ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇനിയെനിയ്ക്കുവേണ്ടാ... ഇതുകൊണ്ടെന്തെങ്കിലും ഗുണമുള്ളതായി എനിയ്ക്കു തോന്നിയില്ല, മറിച്ച്‌ ഇതെന്നെയും എന്റെ സമയത്തെയും കാര്‍ന്നുതിന്നുന്നപോലെ... ഇനി പറയൂ.. ഇവിടെ വിളിച്ചാല്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റുമോ? അതോ ബാങ്കില്‍ പോകേണ്ടിവരുമോ?"

മറുതലയ്ക്കല്‍ നിശ്ശബ്ദത... ആരോടൊ ഈ വിഷയസംബന്ധമായി സംസാരിയ്ക്കുകയാവാം...

അല്‍പനിമിഷത്തിനുശേഷം..

"സര്‍, ഞാന്‍ സാറിന്റെ കാള്‍ ഇതുമായി ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്നു, ദേ വില്‍ ഗിവ്‌ യു പ്രോപ്പര്‍ ഗൈഡന്‍സ്‌....""ശരി" എന്നാ കുട്ടിയോടു പറയുമ്പോള്‍ മനസ്സ്‌ ഒന്നു പൊട്ടിച്ചിരിയ്ക്കാന്‍ വെമ്പുന്നുണ്ടായിരുന്നു.. കാരണം, ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു... കുറച്ചുനേരത്തേ ഈ ബുദ്ധി തോന്നിയിരുന്നെങ്കില്‍, കുറച്ചെങ്കിലും സമയം ലാഭിയ്ക്കാമായിരുന്നു...

ട്രാന്‍സ്ഫര്‍ ചെയ്ത കാള്‍, വീണ്ടും, മുഴുവന്‍ പരസ്യങ്ങളും ഒന്നൊന്നായി കേള്‍പ്പിയ്ക്കാന്‍ തുടങ്ങി...അവസാനം, എന്നോട്‌ പാവം തോന്നിതുടങ്ങിയ ഒരു വിശാലമനസ്കന്‍ (ഡേങ്ങ്‌.., നോ, നോ, നോട്ട്‌ നമ്മടെ വിശാലേട്ടന്‍സ്‌;) ) എന്റെ സങ്കടം ആരായുകയും അതിനു മറുപടിയായി മണികിണി, വള്ളിപുള്ളി, കുത്ത്‌ കോമ ഒക്കെ ചേര്‍ത്ത്‌ നല്ലോണം കൊയച്ച്‌ കൊയച്ച്‌ ഒരല്‍പ്പം സെന്റിമെന്റ്‌സില്‍ കൂടെ ഒന്നു മുക്കി അണ്ണാക്കിലോട്ട്‌ തിരുകിവയ്ക്കാന്‍ പാകത്തിന്‌, ഞാനെന്റെ കദനഭാരം ഉരുളകളാക്കി, അവനുമുന്‍പില്‍ കാഴ്ച വച്ചു...

"മിസ്റ്റര്‍, സുമേഷ്‌ ചന്ദ്രന്‍, വൈകി ബില്‍ ഡെസ്‌പാച്ച്‌ ചെയ്തതും എ ടി എം മഷീന്‍ പ്രോപ്പര്‍ ആയി സര്‍വ്വീസ്‌ നടത്താതിരുന്നതുമടക്കം ബാങ്കിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള സകലമാന തെറ്റുകള്‍ക്കും ഞങ്ങള്‍ ഖേദം രേഖപ്പെടുത്തുന്നു... വി ആര്‍ വെരി വെരി സോറി ഫോര്‍ ദാറ്റ്‌... ഇറ്റ്‌ വില്‍ നെവര്‍ ഹാപ്പന്‍ എഗൈന്‍ വിത്‌ യു സര്‍... ഐ പ്രോമിസ്‌.., സര്‍....കാര്‍ഡ്‌, കാന്‍സല്‍ ചെയ്യുന്ന കാര്യം ഒന്നു പുനര്‍ചിന്തനം ചെയ്തുകൂടെ...? സര്‍ പ്ലീസ്‌....!"

പതിയെ പതിയെ പന്ത്‌ എന്റെ കോര്‍ട്ടിലേയ്ക്ക്‌ വരുന്നത്‌ ഞാനറിഞ്ഞു.. ഞാനതു പ്രതീക്ഷിച്ചിരിയ്ക്കയായിരുന്നു... എങ്കിലും അതറിയിയ്ക്കാതെ പറഞ്ഞു..

" ഫോര്‍ വാട്ട്‌ യൂസ്‌ ബ്രദര്‍?"

"ലൈഫ്‌ ടൈം ഫ്രീ കാര്‍ഡ്‌" എന്നൊക്കെ പറഞ്ഞപ്പോള്‍, അത്‌ ലൈഫില്‍ യാതൊരു പണിയുമില്ലാതെ, കൈയ്യില്‍ ഇഷ്ടം പോലെ സമയവുമായി നടക്കുന്നവര്‍ക്കുള്ളതാണെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയില്ല.. നോക്ക്, ഇപ്പോള്‍ തന്നെ എന്റെ എത്ര സമയമാണ്‌ നിങ്ങള്‍ വിഴുങ്ങിയത്‌?? പോരാത്തതിന്‌ ഞാനിനി ഹാല്‍ഫ്‌ ഡേ ലീവെടുത്ത്‌ "ലൈഫ്‌ റ്റൈം ഫ്രീ കാര്‍ഡിന്റെ ബില്‍ പേമെന്റിനായി ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ പോകണം... അതും ഉച്ചയ്ക്ക്‌ 3:30നുള്ളില്‍ അവിടെയെത്തുകയും വേണം, ഇല്ലെങ്കില്‍, അവര്‍ പൂട്ടിപോകും... ഐ സി ഐ സി ഐ പോലുള്ള ബാങ്കുകള്‍ രാവിലെ 8 മുതല്‍ വൈകിട്ട്‌ 8 വരെ തുറന്നുപ്രവര്‍ത്തിയ്ക്കുമ്പോള്‍, നിങ്ങളുടെ ബാങ്ക്‌, 10:30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 3:30 വരെ മാത്രം.... നിങ്ങള്‍ക്കറിയോ, എന്റെ പകുതിദിവസത്തെ സാലറിയുണ്ടെങ്കില്‍, നിങ്ങളുടെ കാര്‍ഡിന്റെ വാര്‍ഷികഫീസ്‌ അടച്ചുതീര്‍ക്കാമെന്ന്...ലൈഫ്‌ ടൈം ഫ്രീയാണുപോലും...

“സര്‍ പ്ലീസ്‌ സര്‍, അങ്ങനെ പറയരുത്‌.. i'll give you the cheque payment option sir... സാറിന്റെ കൈയ്യില്‍ ചെക്ക്‌ ലീഫുണ്ടെങ്കില്‍, അവിടത്തെ ബോക്സില്‍ നിക്ഷേപിച്ചോളൂ സര്‍...

"അപ്പോള്‍ ഫൈനടയ്ക്കേണ്ടി വരില്ലേ? തന്നെയുമല്ല, അതൊക്കെ അസാധ്യമല്ലെന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്‌??"

"ഇല്ല സര്‍ ഫൈനടിയ്ക്കില്ല... സാറിനെപ്പോലുള്ള ഇമ്പോര്‍റ്റന്റ്‌ കസ്റ്റമേര്‍സിന്‌ ഞങ്ങള്‍ ഇളവുനല്‍കുന്നതാണ്‌ സര്‍..."

"ഓ പിന്നേ.. ഇളവ്‌... അങ്ങ്‌ നിറഞ്ഞുകവിഞ്ഞൊഴുകുവല്ല്യോ.. ശ്ശോ..ഒന്നു പോയേരാ കൊച്ചനെ..." ഞാന്‍ മനസ്സില്‍ പറഞ്ഞു..

"പക്ഷേ, മൈ ഡിയര്‍ ഫ്രന്റ്‌ , ‍ലിസന്‍ മീ.., ചെക്ക് മുഖേന പണമടയ്ക്കാന്‍, ഇപ്പോള്‍ എന്റെ കൈവശം ചെക്ക്‌ ലീഫ്‌ ഇല്ലല്ലോ? അപ്പോള്‍ നാന്‍ എന്ന പണ്ണുവേന്‍ സാമീ... (ഹൊ, ചുമ്മാ)"

"സാരമില്ല സര്‍, ഇന്നില്ലെങ്കില്‍, നാളെയോ, മറ്റെന്നാളോ ചെക്കിട്ടാല്‍ മതി സര്‍... സാറിന്‌ ഫൈനൊന്നും വരില്ല സര്‍..."

"ഉവ്വോ..? എന്നാലും അങ്ങനെ വെറുതെ പറഞ്ഞതുകൊണ്ടായില്ലല്ലോ, തന്റെ വാക്കും കേട്ട്‌ നാളെ ഞാന്‍ പോയി പേമന്റ്‌ ചെയ്താല്‍ അടുത്ത ബില്ലില്‍ ഫൈനടിച്ചതിന്റെയും, അതിന്റെ മേല്‍ പലിശയുമൊക്കെ ആയി വരില്ല എന്ന് എന്താ ഉറപ്പ്‌? ഒരു തെളിവു വേണ്ടെ? അല്ല അതല്ലെ അതിന്റെ ശരി?"

"തെളിവുണ്ട്‌ സര്‍.. കസ്റ്റമര്‍കെയര്‍ സെന്ററിലെ സംഭാഷണങ്ങള്‍ മുഴുവന്‍ റെകോര്‍ഡ്‌ ചെയ്യപ്പെടുന്നതാണ്‌.. പിന്നെ എന്റെ പേര്‌ അതുല്‍ ഭൂഷണ്‍..., സാര്‍ വേണമെങ്കില്‍ എഴുതിവച്ചോളൂ... തന്നെയുമല്ല.. അടുത്തതവണമുതല്‍ ബില്ലിന്റെ ഒരു കോപ്പി, സാറിന്റെ ഇമെയില്‍ അഡ്രസ്സിലേയ്ക്കും വന്നിരിയ്ക്കും ..."

"അങ്ങനെയെങ്കില്‍ പിന്നെ ഞാനെന്തു പറയാന്‍...ഓ കെ . നാളെതന്നെ ഞാന്‍ പേമന്റ്‌ ചെക്ക്‌ ത്രൂ ചെയ്തേക്കാം.."

“ഓ കെ സര്‍... താങ്ക്‌ യു സര്‍... താങ്ക്‌ യു ഫോര്‍ കാളിംഗ്‌ റ്റു എച്‌ എസ്‌ ബി സി....ഹാവ്‌ എ നൈസ്‌ ഡേ"

"...യു ടൂ.."

ഫോണ്‍ വച്ചതും വിക്കറ്റുകിട്ടിയ ശ്രീശാന്തിനെപ്പോലെ ചന്തി ഒന്നുകുലുക്കാനും ഗ്രൗണ്ടില്‍ കുരങ്ങനെപ്പോലെ കയ്യമര്‍ത്തിയടിയ്ക്കാനുമൊക്കെ തോന്നിയെങ്കിലും മീഡിയാകവറേജ്‌ ഇല്ലാത്തതുകൊണ്ടും മറ്റു 'ധന' സഹായസാധ്യതകള്‍ ഇല്ലാത്തതുകൊണ്ടും എല്ലാത്തിലുമുപറ്റി പരിസരബോധം നഷ്ടപ്പെടാതിരുന്നതുകൊണ്ടും അതു വേണ്ടെന്നുവച്ചു...

ഒരു മഹായുദ്ധം ജയിച്ചുവരുന്ന യോദ്ധാവിനെപ്പോലെ പുറത്തെയ്ക്കു നടക്കുമ്പോള്‍, എ ടി എം സെന്ററിന്റെ ഗ്ലാസ്സ്‌ ഡോറിലെ തണുപ്പുകണങ്ങള്‍ മാഞിരുന്നു...!



[ എന്നെപ്പോലെതന്നെ മറ്റൊരുപാട്‌ പേര്‍ക്ക്‌ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിയ്ക്കാം... ഞാനെഴുതി പഠിയ്ക്കുകയാണ്‌.. ഈ പോസ്റ്റ്‌ അതിന്റെ ഭാഗമായി കരുതുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിയ്ക്കുക, പക്ഷേ, മുഴുവന്‍ വായിച്ചിട്ടുമാത്രം.... :) ]

33 COMMENTS:

ആഷ | Asha September 28, 2007 at 1:57 PM  

മൊത്തം വായിച്ചു സഹോദരാ
അപാരബുദ്ധി തന്നെ.
എന്നിട്ട് അവരു ഫൈനൊന്നും ഇടാക്കിയില്ലല്ലോ അല്ലേ.
നീളം കൂടുതലെങ്കിലും മടുപ്പില്ലാതെ മുഴുവന്‍ വായിക്കാന്‍ പറ്റണുണ്ട്.
ഈ വിദ്യകള്‍ സ്റ്റോറു ചെയ്തു വെയ്ക്കുന്നു. എന്നിട്ടു പറ്റുന്ന എവിടെയെങ്കിലും എടുത്തു പ്രയോഗിക്കണം.
പിന്നെ ക്രഡിറ്റ് കാര്‍ഡ് തിരികെ കിട്ടിയോ?

ശ്രീ September 28, 2007 at 2:18 PM  

സുമേഷ് ജീ...
മുഴുവനായും ഒറ്റയടിക്കു തന്നെ വായിച്ചു... സംഗതി കൊള്ളാം... ഇത് മറ്റുള്ളവര്‍‌ക്കും കൂടി പ്രയോജനപ്പെടുമെന്ന് തോന്നുന്നു.
:)

ആവനാഴി September 28, 2007 at 2:20 PM  

പ്രിയ സുമേഷ് ചന്ദ്രന്‍,

ക്രെഡിറ്റ് കാര്‍ഡ് വീരഗാഥ വായിച്ചു.

ഇവിടെ (സൌത്ത് ആഫ്രിക്ക) കറന്റ് അക്കൌണ്ടൂള്ളവര്‍ക്കേ ക്രെഡിറ്റ് കാര്‍ഡ് കിട്ടൂ. ക്രെഡിറ്റ് കാര്‍ഡ് കറന്റ് അക്കൌണ്ടുമായി ലിങ്കു ചെയ്തിരിക്കും. അപ്പോള്‍ മാസാമാസം ഒരു മിനിമം തുക (ചിലവാക്കിയതിന്റെ 10%) സ്വയം ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ടിലേക്കു മാറിയിരിക്കും. അതല്ല അതില്‍ കൂടുതല്‍ തുക മാറ്റണം എന്നുണ്ടെങ്കില്‍ കറന്റു അക്കൌണ്ടിന്റെ കാര്‍ഡ് എ.ടി.എം ല്‍ ഇട്ടശേഷം ഇന്റര്‍ അക്കൌണ്ട് ട്രാന്‍സ്ഫര്‍ വഴി തുക മാറ്റാം. അക്കൌണ്ടില്‍ കാശുണ്ടെങ്കില്‍ ക്രേഡിറ്റ് കാര്‍ഡിലെ പലിശ ഒഴിവാക്കാന്‍ അതാണു ചെയ്യുക.

പിന്നെ ക്രെഡിറ്റ് കാര്‍ഡ് പലപ്പോഴും സൌകര്യമാണ്. ഏറ്റവും പ്രധാനം സാമ്പത്തിക അച്ചടക്കം ഉണ്ടാകണം എന്നുള്ളതാണു. അതില്ലാത്തവര്‍ വേണ്ടതും വേണ്ടാത്തതും ഒക്കെ ക്രെഡിറ്റ് കാര്‍ഡില്‍ മേടിച്ചു കൂട്ടും. പിന്നെ അതടക്കാനുള്ള ബുദ്ധിമുട്ടാകും.

ഇവിടെ തുണിക്കടകള്‍, സ്റ്റേഷണറിക്കടകള്‍ തുടങ്ങി പല വ്യാപാരസ്ഥാപനങ്ങളും കാര്‍ഡു കൊടുക്കുന്നുണ്ട്. അതിനെ ക്രെഡിറ്റ് കാര്‍ഡെന്നല്ല പറയുക. ആ കാര്‍ഡുകൊണ്ട് ആ കടയില്‍ നിന്നോ ആ കടയുടെ ശാഖയില്‍ നിന്നോ അപ്പോള്‍ മുഴുവന്‍ തുകയും കൊടുക്കാതെ സാധനങ്ങള്‍ വാങ്ങാം. ഇവിടെ പലരുടേയും കയ്യില്‍ എട്ടും പത്തും അത്തരം കാര്‍ഡുകള്‍ കണ്ടിട്ടുണ്ട്. എന്നിട്ട് സാധനങ്ങളങ്ങു വാങ്ങിക്കൂട്ടും, അധികവും സ്ത്രീകളാണിതു ചെയ്യുന്നത്. മേടിച്ചുകൂട്ടുന്നതോ അപ്പപ്പോള്‍ ഇറങ്ങുന്ന വസ്ത്രങ്ങളും. മാസാവസാനം ഈ കടകളുടെയൊക്കെ മാസവരി കൊടുത്തുകഴിയുമ്പോള്‍ ശമ്പളത്തില്‍ പിന്നെ യാതൊന്നും ബാക്കി കാണുകയില്ല. സാമ്പത്തിക അച്ചടക്കരാഹിത്യം, അതാണിവിടെയും കുഴപ്പമുണ്ടാക്കുന്നത്.

ഇന്ത്യയില്‍ നമ്മുടെ ബാങ്ക് അക്കൌണ്ടുമായി ലിങ്കു ചെയ്തല്ല ക്രെഡിറ്റ് കാര്‍ഡ് തരുന്നത് എന്നുള്ളത് പുതിയ അറിവാണു.

Jay September 28, 2007 at 2:23 PM  

ഒരിക്കല്‍ ബി.എസ്.എന്‍. എല്ലിന്റെ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച് അവിടെ കേട്ട ഒരു തരുണീനാദവുമായി, സകല അതിര്‍വരമ്പുകളും ഭേദിച്ച്‌ സംസാരിച്ചത് ഓര്‍മ്മ വന്നു. തരുണികള്‍ എന്തായാലും നല്ല സഹകരണമാ. എ.റ്റി എമ്മില്‍ കയറി ചില സംഗതികള്‍ മനസ്സിലാകാതെ നില്ക്കുമ്പോള്‍ സെക്യൂരിറ്റി കയറി വന്ന് ഉപദേശിക്കുന്നത് എനിക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. 'എന്നെക്കാള്‍ വിവരം നിനക്കോ?' എന്ന എന്റെ കോംപ്ലക്‌സ്, അയാള്‍ക്കിട്ട് ഒരു ചവിട്ട് കൊടുക്കാന്‍ എന്നെ പ്രേരിപ്പിക്കാറുണ്ട്. പക്ഷേ, അവസാനം കാര്യം നടക്കണമെങ്കില്‍ ആ പാവത്തിന്റെ ഉപദേശം കേക്കണം. ശ്രീശാന്തനെ കൊട്ടിയത്‌ നോമിന്‌ ഇശ്ശി പിടിച്ചിരിക്ക്‌ണു... മുംബൈ വീരഗാഥകള്‍ ഇനിയും വേണം.....നിര്‍ത്തട്ടെ.....ഒരു അഭ്യുദയകാമാക്ഷി.....

Sathees Makkoth | Asha Revamma September 28, 2007 at 2:31 PM  

സുമേഷ്,
രസിച്ച് വായിച്ചു.ഇനിയും ഇതുപോലുള്ള അടവുകള്‍ സ്റ്റോക്ക് ഉണ്ടാവുമല്ലോ. എഴുതുക.

സഹയാത്രികന്‍ September 28, 2007 at 2:59 PM  

ഹ ഹ ഹ .... മക്കളേ ...കലക്കി...

വീണിടം വിഷ്ണുലോകം...!

ക്രെഡിറ്റ് കാര്‍ഡ് യൂസേര്‍ഴ്സ് നോട്ടിക്കൊള്ളൂ... ഉപകരിച്ചേക്കാം....!
:)

R. September 28, 2007 at 3:17 PM  

യെന്റെ പൊന്നു ചേട്ടോ... ഇതാണ് മൊതല്, മൊതല് എന്നൊക്കെ പറയുന്നത് !!! ഹൌ !!!

:-)

Mubarak Merchant September 28, 2007 at 3:42 PM  

വിവരണം നന്നായിട്ടുണ്ട്.
എനിക്ക് ഇതുപോലെ ഒരു ആജീവനാന്ത കാര്‍ഡ് ഫ്രീയായി കിട്ടി, സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിന്റെ. പുതിയ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയതിനു ട്രീറ്റ് ചോദിച്ചവര്‍ക്ക് (ഓരോ ട്രീറ്റിനും കാരണം അന്വേഷിച്ച് കണ്ടെത്തുന്നവരാണല്ലോ യഥാര്‍ത്ഥ കൂട്ടുകാര്‍) ചെലവു ചെയ്തിട്ട് ആ കാര്‍ഡ് വഴി തന്നെ അതിന്റെ ബില്ലും പേ ചെയ്തു. അതു കഴിഞ്ഞ് കാര്‍ഡ് അത് വന്ന കവര്‍ സഹിതം വീട്ടിലെ അലമാരയ്ക്കുള്ളില്‍ നിക്ഷേപിച്ചു, അപ്പൊത്തന്നെ അതിനെപ്പറ്റി മറന്നും പോയി.
പിന്നെ എനിക്ക് സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിന്റെ ക്രെഡിറ്റ് കാര്‍ഡുള്ള വിവരം ഓര്‍മ്മ വരുന്നത് ഒരു ബില്‍ കളക്ഷന്‍ ഏജന്റ് ഫോണ്‍ ചെയ്തപ്പോളാണ്. ഇതുവരെ എനിക്ക് സ്റ്റേറ്റ്മെന്റ് ഒന്നും കിട്ടിയിട്ടില്ല എന്നു പറഞ്ഞപ്പൊ ‘സാര്‍ ചെക്ക് റെഡിയാക്കി വച്ചോളൂ, ഞാന്‍ അത് കളക്ട് ചെയ്യാന്‍ വരുമ്പൊ സ്റ്റേറ്റ്മെന്റ് കൊണ്ടുവരാം’ എന്നായിരുന്നു മറുപടി. അയാള്‍ കൊണ്ടുവന്ന സ്റ്റേറ്റ്മെന്റ് കണ്ട് എന്റെ കണ്ണു തള്ളി, ചെലവാക്കിയ പണത്തേക്കാള്‍ 441 രൂപാ കൂടുതല്‍!!
എന്തായാലും ഫൈന്‍ കൊടുക്കേണ്ടിവരും, എന്നാല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് നാലു പറഞ്ഞിട്ടടയ്ക്കാം എന്നു കരുതി ഫോണെടുത്തു, ആ നമ്പര്ആവട്ടെ ഹൈദരാബാദ് നമ്പര്‍-ഞാനിരിക്കുന്നത് കൊച്ചീലും! സ്വന്തം ആവശ്യമല്ലേന്ന് കരുതി വിളിച്ചു. അഞ്ച് മിനിറ്റ് കാത്ത് നിന്നപ്പൊ ഒരു കിളിമൊഴി വന്നു സഹായത്തിന്. സ്റ്റേറ്റ്മെന്റ് കിട്ടീലെന്നും അതുകൊണ്ട് ഫൈനടയ്ക്കാന്‍ പറ്റില്ലെന്നും പറഞ്ഞപ്പൊ ഒരു കൊറിയര്‍ കമ്പനിയുടെ എയര്‍വേ ബില്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു, ഇത് സാറിനു സ്റ്റേറ്റ്മെന്റയച്ച നമ്പരാണ്, നിങ്ങള്‍ ഒപ്പിട്ട് കൈപ്പറ്റിയതായാണല്ലോ കാണുന്നത് എന്നു പറഞ്ഞു. ആ കോള്‍ കട്ട് ചെയ്ത ശേഷം കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ആദ്യം ഉരുണ്ടു കളിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് വിവരം പറയാം എന്നു പറഞ്ഞു. ഞാന്‍ ഈ വിവരങ്ങള്‍ പറയാന്‍ വീണ്ടും കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിക്കാന്‍ ഫോണെടുത്തപ്പോളല്ലേ അദ്ഭുതം!! മൊബൈലില്‍ രണ്ട് എസ്സെമ്മെസ് വന്നിരിക്കുന്നു, താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ 441 ക കുറവ് ചെയ്തിട്ടുണ്ട്, അത് കഴിച്ചുള്ളത് അടച്ചാല്‍ മതി എന്ന്!! ഇതിന്റെയൊക്കെ പിന്നിലെ കളി എന്താണെന്ന് അറിയില്ല. എന്തായാലും പിന്നീട് ആ ക്രെഡിറ്റ് കാര്‍ഡ് ഞാന്‍ ഇടയ്ക്കൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. ബില്ല് കറക്ടായി എല്ലാ മാസവും 13ആം തിയതി കിട്ടും. 22നു ഡ്യൂ ഡേറ്റ്, ഞാന്‍ വീസാ മണി ട്രാന്‍സ്ഫര്‍ വഴി ഓണ്‍ലൈന്‍ ആയി കാശും അടയ്ക്കുന്നു..
ശുഭം.
(നീണ്ടകമന്റിനു മാപ്പ്)

Vish..| ആലപ്പുഴക്കാരന്‍ September 28, 2007 at 3:43 PM  

ഹി ഹി ഹി ഹി ഹി ഹി.. ഇത്രയും പറഞതു കൊണ്ട്.. വാറന്‍ ബഫറ്റ് യൂത്തിനു കൊടുത്ത് ഉപ്ദേശം കൂടെ പറയാം..
“Stay away from credit cards and invest in yourself.“

പിന്നെ എനിക്ക് കസ്റ്റമര്‍ കെയറുമായി ഏറ്റവും പ്രശ്നം ഉണ്ടാക്കേണ്ടി വന്നിട്ടുള്ളത് എയര്‍ടെല്ലുമായാ.. :(

മൂര്‍ത്തി September 28, 2007 at 6:21 PM  

നന്നായി എഴുതിയിരിക്കുന്നു...
ട്രൈയ്‌ലര്‍ വേറെ സിനിമ വേറെ എന്നു പറഞ്ഞപോലെയാണ് പുത്തന്‍ ബാങ്കുകളുടെ പരസ്യവും ശരിക്ക് നടക്കുന്നതും...

[ nardnahc hsemus ] September 28, 2007 at 6:27 PM  

ആഷ, താങ്ക് യൂ.. ഇല്ല. അവര്‍ പറഞ വാക്കുപാലിച്ചു. കാര്‍ഡ് രണ്ടുദിവസത്തിനുള്ളില്‍ വീട്ടിലെത്തുകയും ചെയ്തു.

ശ്രീ, നന്ദി.

ആവനാഴി സര്‍, നന്ദി. ഇന്ത്യയില്‍, വ്യക്തികള്‍ക്കല്ല മറിച്ച്, സ്ഥാപനങള്‍ക്കാണ് കറന്റ് അകൌണ്ടുകള്‍ ഇഷ്യൂ ചെയ്യുക എന്നാണെന്റെ അറിവ്... ഉറപ്പില്ല.
എന്റെ അകൌണ്ടില്‍ പണമുണ്ടെങ്കിലേ, ഞാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാറുള്ളൂ.. അതിരു വിടാറില്ല.!അതുകൊണ്ട് കുറഞത്, 45 ദിവസത്തേയ്ക്കെങ്കിലും ആ പണം എന്റെ അകൌണ്ടില്‍ ഉണ്ടാകും. എമര്‍ജന്‍സികളില്‍ ഉപയോഗിയ്ക്കാം...!

ഇക്കാസ്,
എന്റെ അറിവില്‍, ബാങ്കുകളെക്കാള്‍ കൂടുതല്‍, ബില്ലുകളില്‍ കള്ളത്തരങള്‍ ചെയ്യുന്നത് മൊബൈല്‍ കമ്പനിക്കാരാണ്.. മുംബൈയിലെ ചില പ്രമുഖ കമ്പനികള്‍, ചാര്‍ട്ടേഡ് അകൌ‍ണ്ടന്റുകളെ ‘ ബില്‍ കൃത്രിമം കാണിയ്ക്കാന്‍ വേന്ടി മാത്രം കൂലിയ്ക്കു വച്ചിരിയ്ക്കുന്നുണ്ടത്രെ...
പ്രതികരിയ്ക്കുന്നവര്‍ക്ക്, അവരാവശ്യപ്പെടുന്നപോലെ ചെയ്തുകൊടുക്കും... അതിനുസമയം കിട്ടാത്തവരുടെ കഷ്ടകാലം!

അജേഷ്, സതീഷ്, സഹയാത്രികന്‍, രജീഷ്, ആലപ്പുഴക്കാരന്‍ കമന്റുകള്‍ക്ക് നന്ദി! വീണ്ടും വരിക!:)

[ nardnahc hsemus ] September 28, 2007 at 6:28 PM  

മൂര്‍ത്തി സര്‍, നന്ദി.

മഴത്തുള്ളി September 28, 2007 at 6:35 PM  

സുമേഷ്,

ഇതേ അനുഭവം എനിക്കുമുണ്ട്.

എച്ച് എസ്‌ ബി സി ക്രെഡിറ്റ് കാര്‍ഡ് ആയുഷ്കാലം മുഴുവന്‍ സൌജന്യമാണെന്ന് പറഞ്ഞ് ഏജന്റുമാര്‍ എന്റെ പുറകെ വന്നെങ്കിലും ആദ്യമൊന്നും ഞാന്‍ വാങ്ങിയില്ല. കാരണം സിറ്റി ബാങ്ക് കാര്‍ഡ് മൂലം എനിക്ക് പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്നാല്‍ എന്റെ സാലറി അക്കൌണ്ടും ആ ബാങ്കില്‍ തന്നെ ആയതിനാല്‍ അവര്‍ എനിക്കൊരു കാര്‍ഡ് അയച്ചു. ആദ്യം ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ലെങ്കിലും എന്തോ അത്യാവശ്യമായി വാങ്ങാന്‍ കാര്‍ഡ്‍ ഉപയോഗിച്ചു. ഒരാഴ്ചക്കകം അടുത്ത കാര്‍ഡും എത്തി. അത് ഇപ്പോഴും ഉപയോഗിക്കാതെയിരിക്കുന്നു. ഇപ്പോഴിതാ ക്രെഡിറ്റ് ലിമിറ്റ് കൂട്ടാമെന്ന് പറഞ്ഞ് വിളിക്കുന്നു :) വല്ലാത്ത കളികള്‍ തന്നെ.

2 ദിവസം മുന്‍പ് അത്യാവശ്യമായി കുറെ പണം വേണ്ടിവന്നപ്പോള്‍ എച്ച് എസ്‌ ബി സി ക്രെഡിറ്റ് കാര്‍ഡുമായി ഞാന്‍ എ.റ്റി.എം. സെന്ററിലെത്തി. ക്രെഡിറ്റ് കാര്‍ഡിട്ട് എന്റെ ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ അടിച്ചുനോക്കി. അത് തെറ്റാണെന്ന് അറിയിച്ചു. വീണ്ടും 2 പ്രാവശ്യം കൂടി അടിച്ചപ്പോഴേക്കും മുന്നറിയിപ്പ് കിട്ടി ഇനി ഒന്നുകൂടി ശ്രമിച്ചാല്‍ കാര്‍ഡ് അകത്താവുമെന്ന്. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് പുറത്തെടുത്ത് ഡെബിറ്റ് കാര്‍ഡിട്ടു. അതിന്റെ പിന്‍ അടിച്ചപ്പോഴേക്കും പെട്ടെന്ന് കാര്‍ഡ് പുറത്തുചാടി. വെറുതെ അര മണിക്കൂറോളം നഷ്ടമായത് മിച്ചം. അടുത്ത ദിവസം ഒന്ന് കൂടി ശ്രമിക്കാമെന്നോര്‍ത്ത് വീണ്ടും ക്രഡിറ്റ് കാര്‍ഡിട്ടു. അത് തിരികെ വന്നില്ല. മാത്രമല്ല എ.റ്റി.എം. ഔട്ട് ഓഫ് ഓര്‍ഡര്‍ :) ഈ അനുഭവം സുമേഷിനുണ്ടായ അതേ അനുഭവം ആയതിനാലാണ് ഞാന്‍ എഴുതിയത്. കൂടാതെ എന്റെ സാലറി അക്കൌണ്ടും ഈ ബാങ്കിലാണ്. വിത്ത് സീറോ ബാലന്‍സ്.

ഈ കാര്‍ഡ് കൊണ്ട് പിന്നെ മറ്റൊരു ഗുണം ഉള്ളത് ഫ്ലൈറ്റ് ടിക്കറ്റ് ഓണ്‍ലൈന്‍ എടുക്കാന്‍ പറ്റും എന്നതാണ്.

എന്തായാലും സുമേഷിന്റെ ഈ വിദ്യ എനിക്കും ആവശ്യം വരും, കാരണം അവര്‍ എനിക്ക് തരുന്ന ചില സ്റ്റേറ്റ്മെന്റുകളില്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് എന്നൊക്കെ കാണിച്ച് പൈസ തട്ടാറുണ്ട്. എന്നാല്‍ ഈയിടെ ഇതു കാണുന്നുമില്ല :) പഴയ സ്റ്റേറ്റ്മെന്റുകള്‍ തപ്പിയെടുത്തിട്ട് അവരെ ഇനി ഒന്ന് ഭീഷണിപ്പെടുത്തട്ടെ ;)

[ nardnahc hsemus ] September 28, 2007 at 6:43 PM  

മാത്യൂസ് (മഴത്തുള്ളി)സര്‍, നന്ദി.. ഇത്, നമ്മുടെ “എച്‌ എസ്‌ ബി സി" അനുഭവം.. എന്നാല്‍ ഇതേ അനുഭവങളുള്ള മറ്റെത്രയോ ബാങ്കുകളുടെ ഉപഭോക്താക്കള്‍.. ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടെ! അല്ലെ? :)

P Das September 28, 2007 at 7:17 PM  

നല്ല പോസ്റ്റ് :)

റ്റാറ്റാ ഇണ്ടിക്കോമിന്റെ കസ്റ്റ്മര്‍ കെയറില്‍ വിളിച്ചിട്ടുണ്ടോ? ഒരു തരം മീന്‍ ചന്തയില്‍ പോകുന്നതു പോലെയാണ്‍!!

Satheesh September 28, 2007 at 8:46 PM  

രസിച്ച് വായിച്ചു! നീളം കുറച്ച് കൂടിയോ എന്ന ഒരു സംശയം!
‘കാര്‍ഡെടുക്കുന്നവന്‍ കാറ്ഡാല്‍‘ എന്നാണ്‍ സിദ്ധാന്തം!

ആവനാഴി September 28, 2007 at 9:13 PM  

പ്രിയ മഴത്തുള്ളി & സുമേഷ് ചന്ദ്രന്‍,

എന്റെ അനുഭവത്തില്‍ ക്രെഡിറ്റ് കാര്‍ഡിനു വേറേ പിന്‍ നമ്പറാണു.

കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് മൂവാറ്റുപുഴയില്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം ല്‍ നിന്നു കുറച്ചു കാശെടുക്കുകയുണ്ടായി. അതിന്റെ (മാസ്റ്റര്‍ കാര്‍ഡിന്റെ)പിന്‍ നമ്പര്‍ എന്റെ കറന്റ്/ചെക്ക് അക്കൌണ്ടിന്റെ എ.ടി.എം കാര്‍ഡിന്റേതില്‍നിന്നു വ്യത്യാസമാണ്. ബാങ്കില്‍ ചോദിക്കൂ. അപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ തരും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കടയില്‍ നിന്നു സാധനം വാങ്ങുമ്പോള്‍ അതിന്റെ പിന്‍ നമ്പര്‍ ആവശ്യമില്ല. എന്നാല്‍ അതുപയോഗിച്ച് എ.ടി.എം ല്‍ നിന്നു കാശെടുക്കാന്‍ പിന്‍ നമ്പര്‍ വേണം താനും.

സസ്നേഹം
ആവനാഴി.

Sherlock September 28, 2007 at 11:29 PM  

ഒരിക്കല്‍ സിറ്റിബാങ്കുകാര്‍ ലൈഫ്ടൈമായി കിട്ടിയ ക്രെഡിറ്റ് കാര്‍ഡിനു ആനുവല്‍ ഫീസ് ആയി 2000 രൂപ അടയക്കാന്‍ പറഞ്ഞു...യെവടെ ഒടനെ വിളിച്ചു കസ്റ്റമര് കെയറിലേയ്ക്ക്..എന്നിട്ട് ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു...ദാറ്റ്സ് ഓള്‍...പിന്നെ നടന്നതെല്ലാം സുമേഷ് പറഞ്ഞ പോലെ...എന്തൊരു എളീമ.

Sethunath UN September 29, 2007 at 1:11 AM  

കൊള്ളാം സുമേഷേ.
നന്നായി വിവരിച്ചിരിയ്ക്കുന്നു. നീ‌ള‌ം കൂടിയെങ്കിലും ഒട്ടും ബോറായില്ല.

[ nardnahc hsemus ] September 29, 2007 at 12:29 PM  

ആവനാഴി സര്‍, ആ പിന്‍ നമ്പറുണ്ട്. പക്ഷെ, അന്നേരത്തെ സംശയവും സാഹചര്യവും ഒക്കെ വഴിതെളിച്ചതിന്റെ പരിണിതഫലം ഇങനെയൊക്കെ ആയിപ്പോയി... :)

ജിഹേഷ്, നിഷ്കളങ്കന്‍, നന്ദി.

ഗ്രീഷ്മയുടെ ലോകം September 29, 2007 at 1:01 PM  

ഇതേ അടവൊരിക്കല്‍ ഞാനും പയറ്റി നോക്കിയതാണ്‍; എസ് ബി ഐ ക്രെഡിറ്റ് കാറ്ഡ് പുത്ക്കാന്‍ 1500 രൂപയും അതടക്കാത്തതിനു പിഴയായി 200 രുപ വേറേയും ആവശ്യപ്പെട്ടുള്ള ബില്ലു കിട്ടിയപ്പോള്‍, കസ്റ്റമര്‍ കെയറില്‍ ഞാനും വിളിച്ചു ചൊദിച്ചു, ക്രെഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ എന്താണു ചെയ്യേണ്ടതെന്നു.
ഫലാം: ഇനി ആജീവനാന്തകാലം, എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഫീ!!

മൂര്‍ത്തി September 29, 2007 at 1:19 PM  

29/09/07ലെ മാത്രൃഭൂമി ദിനപ്പത്രത്തില്‍ പേജ് 15, തിരുവനന്തപുരം എഡിഷനില്‍ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു.
സര്‍വാന്‍കറിന്റെ ആത്മഹത്യ; ഐ.സി.ഐ.സി.ഐ. ബാങ്ക് 15 ലക്ഷം നഷ്ടപരിഹാരം നല്കും

മുംബൈ: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സര്‍വാന്‍കറിന്റെ കുടുംബത്തിന് ഐ.സി.ഐ.സി.ഐ. ബാങ്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്കും.

വായ്പയെടുത്ത 50,000 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് നിയോഗിച്ച ഗുണ്ടകള്‍ വീട്ടിലെത്തി സര്‍വാന്‍കറിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് സര്‍വാന്‍കര്‍ ആത്മഹത്യ ചെയ്തെന്നും ആയിരുന്നു പരാതി. ഈ സംഭവം വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഗുണ്ടകള്‍ക്കെതിരെയും ബാങ്കിനെതിരെയും നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ഐ.സി.ഐ.സി.ഐ. ബാങ്ക് വായ്പ റിക്കവറി മാനേജരെയും നാലു പേരെയും ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍വാന്‍കറുടെ ചെറിയ മൂന്നു പെണ്‍മക്കളുടെ പഠനത്തിനും മറ്റുമായി 15 ലക്ഷം രൂപ നല്കാനാണ് ബാങ്ക് തീരുമാനിച്ചത്.

നോ കമന്റ്സ്....

Kaithamullu September 29, 2007 at 2:23 PM  

സുമേഷെ,
ക്രെഡിറ്റ് കാര്‍ഡ് ഗാഥകള്‍ പറഞ്ഞാലേറെ.
-എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം സ്റ്റേറ്റ്മെന്റുകള്‍ നന്നായി ചെക്ക് ചെയ്യണം എന്നതാണ്.അതിലെ പല തെറ്റുകളും‍ സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണ്.

എന്റെ എക്കൌണ്ട് സി ബി ഡി യിലും കാര്‍ഡ് എം ഇ ബിയിലുമായിരുന്നതിനാല്‍ എല്ലാ മാസവും ചെക്ക് പേയ്മെന്റായിരുന്നു ചെയ്തിരുന്നത്. ഡ്യൂ ഡേറ്റ് 5 ആയതിനാല്‍ 1 ന് തന്നെ ചെക്ക് ബോക്സിലിടും. അടുത്തടുത്ത രണ്ട് മാസങ്ങളില്‍ പിഴ 70, പലിശ വേറെ എന്ന് കണ്ടു ഞെട്ടി,‍ ഞാന്‍. പിന്നെ ടെലി വീളികളുടെ ബഹളം. ഓരോ പ്രാവശ്യവും ഓരോ കിളികള്‍ ലൈനില്‍ വരും.താളത്തില്‍ കൊഞ്ചിയും ചിരിച്ചും അവരാശ്വസിപ്പിച്ചു- എന്ട്രി റിവേര്‍സ് ചെയ്യും.
അവസാനം ഞാന്‍ നല്ല കടുപ്പത്തിലൊരു കത്തെഴുതി(
with copy to all senior Managers)
ഏഴു ദിവസത്തിന്നകം മറുപടി കിട്ടിയില്ലെങ്കില്‍ ഞാനിത് മീഡിയകളില്‍ ഫ്ലാഷ് ചെയ്യും: നിങ്ങളുടെ സ്റ്റാഫ് ചെക്കുകള്‍ പിടിച്ച് വച്ച് ഡ്യൂ ഡേറ്റിന് ശേഷം ക്രെഡിറ്റ് ചെയ്യുന്നതും പലിശയും പിഴയും മന്‍ഃപ്പൂര്‍വം
ഈടാക്കുന്നതും പരസ്യമാക്കും എന്ന്.
പിറ്റേന്ന് വന്നൂ കാള്‍: എണ്ട്രികളെല്ലാം റിവേര്‍സ് ചെയ്തിരിക്കുന്നൂ, കൂടെ മാപ്പപേക്ഷയും.അതോടെ കാര്‍ഡും കാന്‍സല്‍ ചെയ്തു, ഞാന്‍.

HSBC ക്കാര്‍ ഇടക്കിടെ തരികിട കാണിക്കും: ഇന്‍ഷൂറന്‍സ്, ക്രെഡിറ്റ് ഷീള്‍ഡ് എന്നൊക്കെപ്പറഞ്ഞ് ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഡെബിറ്റുകള്‍.
- തെറി വിളിച്ചാ‍ല്‍ മാത്രം റിഫണ്ട്.

ഒന്നു കൂടി:
എന്റെ കൂട്ടുകാരന്റെ കഴിഞ്ഞ
മാസത്തെ visa statement ല്‍
ബാലന്‍സ് :2350.16. അവന്‍ 2350 ന്റെ ചെക്കെഴുതി അയച്ചു. (0.16 കൊടുത്തില്ല)
ഈ മാസത്തെ സ്റ്റേറ്റ്മെന്റ്റില്‍ കണക്കിങ്ങനെ:
arrears :0.16
late fee : 69.00
Interest : 0.00

Shaf September 29, 2007 at 3:05 PM  

ഒഴുക്കോടെ വായിച്ചു പോകാന്‍ പറ്റി,അഭിനന്ദനങള്‍ ATM cabin ല്‍ ഒരു ചുറ്റിക കൂടിവെക്കാന്‍ അടുത്ത സമയം വിളിക്കുമ്പോള്‍ പറയണേ..

[ nardnahc hsemus ] September 29, 2007 at 3:39 PM  

കൈതമുള്ള് സാര്‍,
നന്ദി. എച് ഡി എഫ് സി യില്‍ എനിയ്ക്കുമുണ്ട് ഇത്തരം ഒരനുഭവം.

അവിടെ മിനിമം ബാങ്ക് ബാലന്‍സ് 5000 രൂപയിലോ 10000 രൂപയിലൊ ഒക്കെ കുറഞുപോയാല്‍ പലയളവില്‍ അവര്‍ നമ്മുടെ അകൌണ്ടുകളിലെ പണം നമ്മളുടെ അനുവാദമില്ലെങ്കിലും, ഫൈനടിയ്ക്കുന്നു എന്ന പേരില്‍ ഡിഡക്റ്റ് ചെയ്യുന്നത് അനുഭവിച്ചവനാണു ഞാന്‍...

കഴിഞ ഒരു വര്‍ഷത്തില്‍, എന്റെ 2000 രൂപ എനിയ്ക്കു നഷ്ടമായി..
എന്റെ അകൌണ്ടില്‍ ആകെ ഉണ്ടായിരുന്നത്, 2334 രൂപയാണ്.. ഞാനാ അകൌണ്ടിനെ കുറിച്ച് അധികം ഓര്‍ക്കാറില്ലായിരുന്നു..
ഒരു ദിവസം എന്തോ അത്യാവശ്യത്തിന്, പണമെടുക്കാന്‍ ചെന്ന ഞാന്‍ ഞെട്ടിപ്പോയി... അതിലാകെ 334 രൂപയേ ഉള്ളൂ.. ബാക്കിയുള്ളവ അവന്മാര്‍ രണ്ടുതവണയായി 1000 രൂപ വച്ച് തട്ടി... പണം ബാങ്ക് തന്നെ കക്കുന്ന അവസ്ഥ...
സമയമില്ലാത്തതുകൊണ്ട്, ആ പണം തിരിച്ചുവാങാന്‍ ഞാന്‍ ഒന്നും ചെയ്തില്ല.. എന്നാല്‍ രസകരമായ മറ്റൊന്ന് ചെയ്തു... ബാക്കിയുള്ള പണം എ ടി
എം മുഖേന എടുത്തു... ഇപ്പോള്‍ കഴിഞ ഒരു വര്‍ഷമായി അവിടെ, 34 രൂപയെ ഉള്ളൂ.. എനിയ്ക്കാ അകൌണ്ട് ഇനി വേണ്ട.. അതു പക്ഷെ, ക്ലോസ് ചെയ്യണമെങ്കില്‍, ബാങ്കില്‍ പോകണം.. ക്യൂവില്‍ നില്‍ക്കണം... വയ്യാവേലികള്‍... ഇങനെയാകുമ്പോള്‍, ഇന്‍-ആക്ടീവായി താനെ, അകൌണ്ട് ക്ലോസ് ആയിക്കോളും! :)

ഷഫീര്‍, നന്ദി

[ nardnahc hsemus ] September 29, 2007 at 3:41 PM  

ഡിയര്‍ മൂര്‍ത്തിസാര്‍,
ഇത് ഇന്നലെ കണ്ടുവെങ്കിലും ഇവിടെ പറയാന്‍ വിട്ടുപോയി... പക്ഷേ ഇന്നു കാലത്തെ, ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ വാര്‍ത്ത കണ്ടപ്പോള്‍, അത് ഇവിടെ റെലവന്റ് ആണല്ലോ എന്നോര്‍ക്കുകയും രണ്ടുപത്രവും തൂക്കി ഓഫീസിലെ സ്കാനറില്‍ ലഞ്ച് റ്റൈമില്‍ സ്കാന്‍ ചെയ്യാനിരിയ്ക്കുമ്പോഴാണ് സാറാ വാര്‍ത്ത ഇവിടെ എടുത്തിട്ടത്... നന്ദി... എന്തായാലും, ഞാനാ വാര്‍ത്തകള്‍ താഴെ പറയുന്ന ലിങ്കുകളില്‍ ഇട്ടിട്ടുണ്ട്..:)

ഇമേജുകള്‍ zoom ചെയ്ത് വായിയ്ക്കുമല്ലോ! :)

1.

ഇന്നലത്തെ ഡി എന്‍ എ പത്രത്തിലെ ഐ സി ഐ സി ഐ യുടെ റികവറി ഏജന്റുമാരെപ്പറ്റിയുള്ള വാര്‍ത്ത


2. ഇന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ എച് ഡി എഫ് സി യുടെ റികവറി ഏജന്റുമാരെപ്പറ്റിയുള്ള വാര്‍ത്ത

mani October 1, 2007 at 12:26 PM  

good Article on credit card troubles

Appu Adyakshari October 1, 2007 at 1:23 PM  

സുമേഷേ.. ഇതുപോലുള്ള “ഇളവുകള്‍” ഇവിടെയും കാണാറുണ്ട്. എന്റെ കൈവശം ഉണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് പുതിയ കാര്‍ഡ് വന്നു. വാര്‍ഷിക ഫീസ് 350 ദിര്‍ഹംസ്. ഞാന്‍ കസ്റ്റ്മര്‍ കെയറിലേക്ക് വിളിച്ചു. എനീക്ക് ഈ കാര്‍ഡ് പുതുക്കാന്‍ താത്പര്യമില്ല എന്നറിയിച്ചു. കാരണം എന്തേ എന്നുമറു ചോദ്യം. മറ്റു ചില ബാങ്കുകള്‍ ഫ്രീയായി തരുന്നുണ്ടല്ലോ, പിന്നെന്തിന് ഞാന്‍ 350 മുടക്കണം? അതേയുള്ളോ പ്രശ്നം, ഞങ്ങളും ഇതാ ഫീസ് വേണ്ടാ എന്നു വച്ചിരിക്കുന്നു. അടുത്തബില്ലില്‍ ആ 350 മൈനസ് ചെയ്തു തന്നോളാം എന്നു ബാങ്കിന്റെ വക ഔദാര്യം. അപ്പോ ചോദിക്കാതിരുന്നെങ്കിലോ?

[ nardnahc hsemus ] October 1, 2007 at 6:55 PM  

അപ്പു നന്ദി. അതെ പ്രതികരിയ്ക്കുന്നവര്‍ക്കേ ഇളവുനല്‍കേണ്ടു എന്ന നയമാണവരുടേത്..

പണ്ട്, ഓറഞ്ച് കമ്പനിയുടെ ബില്ലിംഗ് കണക്ഷന്‍ എടുത്ത എന്റെ ഒരു ഫ്രണ്ടിന് ബില്‍ വന്നപ്പോള്‍ 12345 എന്ന നമ്പറിലേയ്ക്ക് വിളിച്ചു എന്ന പേരില്‍ ഓരോ കോളിനും 150 രൂപ ഈടാക്കുന്ന 4 കോളുകള്‍ ചാര്‍ജ്ജ് ചെയ്തിരിയ്ക്കുന്നു! എന്റെ ഫ്രണ്ടാണെങ്കില്‍ അങനെയൊരു നംബറിലേയ്ക്ക് വിളിച്ചിട്ടുമില്ല.. അവസാനം കസ്റ്റമര്‍ കെയറിലേയ്ക്ക് വിളിച്ചപ്പോള്‍ ആദ്യമൊന്നും സമ്മതിച്ചുതന്നില്ലെങ്കിലും പിന്നീട് തെറ്റു സമ്മതിയ്ക്കുകയും അത് 150 അല്ല മറിച്ച് വെറും 1.49 രൂപയാണ് (അന്ന് ഒരു ലോകല്‍ കോളിന് മുംബൈയില്‍, 1.49 ആയിരുന്നു) എന്നും ടൈപ് ചെയ്തപ്പോള്‍ തെറ്റിപ്പോയതാണെന്നും പറഞ് റീ-ഫണ്ട് ചെയ്യുകയായിരുന്നു...

എന്നിട്ടും സംശയങള്‍, ബാക്കിയുണ്ടായിരുന്നു.. കാരണം, ഒന്നാമതായി, ഒരു കമ്പ്യൂടര്‍ ബിലാകുമ്പോള്‍ അതൊരിയ്ക്കലും 1.49 എന്നത് 1.50 ആയി ചെയ്യാറില്ലല്ലോ.. രണ്ട്, ലോകല്‍ കോള്‍ ചാര്‍ജ്ജായിരുന്നെങ്കില്‍ തന്നെ, എന്റെ സുഹൃത്ത് അങനൊരു കോള്‍ വിളിച്ചിട്ടില്ല എന്നിരിയ്ക്കേ 12345 ആരുടെ, ആര്‍ ആര്‍ക്കുവിളിച്ച നമ്പറായിരുന്നു?

അതുകൊണ്ട്, ഏതു കമ്പനിയുടെയായാലും ബില്ലുകള്‍ ക്രോസ് ചെക്ക് ചെയ്യുകയും അനാസ്ഥകള്‍ക്കെതിരെ പ്രതികരിയ്ക്കുകയ്യും ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അനുഭവങള്‍ തെളിയിയ്ക്കുന്നത്!

Mani, thanks for the comment.

Sapna Anu B.George October 20, 2007 at 10:55 AM  

മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് സാഹിത്യം...അതിന്റെ
ദന്യതയും നിസ്സഹായതയും അനുഭവിക്കുന്നവര്‍ക്കെ അറിയൂ!! വിരസതയുടെ ലാഞ്ചനപോലുമില്ലാതെ ഇത്ര ദീര്‍ഘമായി,ലാഘവത്തോടെയുള്ള വിവരണം നന്നായി.

ദിലീപ് വിശ്വനാഥ് October 20, 2007 at 10:58 PM  

ഇതു എല്ലാ ക്രെഡിറ്റ് കാര്‍ഡ്‌ കമ്പനികളും ചെയുന്ന കാര്യം ആണ്. നമ്മള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ നമ്മളുടെ വഴിക്കു വരും.
എഴുത്ത് നന്നായി.

Saha October 20, 2007 at 11:39 PM  

സുമേഷ്.. ശ്രദ്ധീച്ചില്ലെങ്കില്‍ ഈ പറ്റ് ആര്‍ക്കും പറ്റാം. നല്ല ഒരു വാണിങും സൂത്രപ്പണിയും ആണ് ഈ പോസ്റ്റില്‍. സമ്മതിച്ചിരിക്കുന്നു.
ലൈഫ്ടൈം ഫ്രീ കാര്‍ഡ് ഏത് ബാങ്ക് ഓഫര്‍ ചെയ്താലും എടുക്കുന്ന ഒരു ദു:സ്വഭാവം എനിക്കുണ്ട്. ഇവയുടെ മാര്‍ക്കറ്റിങ് നടത്തുന്ന പാവം ചെറുപ്പക്കാര്‍ക്ക് ഒരു ചേതവുമില്ലാത്ത ഒരു ഉപകാരം എന്ന നിലയ്ക്കാണ് ഇത് ചെയ്യുക. മൊബൈലിലും ഔട്‌ലുക്ക് ഷെഡ്യ്യൂളറിലും ചില റിമൈന്‍ഡര്‍ സെറ്റ് ചെയ്ത്,(മറവിക്ക് ഒരു മറുമരുന്നായി)കൃത്യമായി ബില്ലടച്ചാല്‍ പ്രശ്നമില്ല.
പിന്നെ, ക്രെഡിറ്റ്കാര്‍ഡുണ്ടെന്നു കരുതി വേണ്ടാത്ത പര്‍ചേസ് നടത്താതിരിക്കുക. ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്ന എല്ലായിടത്തും അതുതന്നെ ഉപയോഗിച്ച് ബില്‍ പേ ചെയ്ത്, പിന്നീട് ചെക്കുവഴി കൃത്യമായി പണമടച്ചാല്‍ ഇത് അത്ര പ്രശ്നമുള്ള സംഗതി അല്ല. മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ്, ഇ-ബേ, സ്കൈപ്പ് തുടങ്ങി ഓണ്‍ലൈന്‍ പണമടയ്ക്കലിനെല്ലാം ഒരു ക്രെഡിറ്റ് കാര്‍ഡുള്ളത് നല്ലതുതന്നെ.

[ nardnahc hsemus ] October 25, 2007 at 6:12 PM  

സപ്ന, കമന്റിനു നന്ദി.

വാല്‍മീകി, പറഞത് പരമാര്‍ഥം. വന്നതിനു നന്ദി.

സഹ, നന്ദി.
ശരിയാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണങള്‍ ഇവിടെ പറഞില്ലെങ്കിലും അത് പലപ്പോഴും ഒരു സഹായം തന്നെയാണ്.
എന്തുതന്നെയായാലും ആരുതന്നെയായാലും എല്ലാറ്റിനും ഒരു ‘ലിമിറ്റ്‘ വേണം.. വേണ്ടെ? :)

© Copyright [ nardnahc hsemus ] 2010

Back to TOP