മരമര്‍മ്മരമോടൊപ്പമൊരു മധുരമാം കൂജനം
ഒഴുകിവന്നെന്റെ ശ്രവണേന്ദ്രിയങ്ങളില്‍...
ഇളംകാറ്റതിന്‍ ചിലങ്കയില്‍ ഇക്കിളികൂട്ടവേ,
മൃദുതാളത്തിലാടുംനിന്നുടയാടയുലയുന്നു...!

മുദ്രകള്‍ കൈകളില്‍ വന്നെത്തും നേരത്താ-
വാലിട്ട കണ്ണുകള്‍ വശ്യമായ്‌ തെന്നിച്ച്‌
മേനകാരംഭാതിലോത്തമ തോല്‍ക്കും പോല്‍
‍ശ്രംഗാരഭാവങ്ങളുതിരുന്നുനിന്മുഖത്തായിരം...!

പൊഴിയുന്നു വാര്‍മുടിതുമ്പിലെ തുളസിയും
മുല്ലയും നിറമോലും കനകാംബരമാലയും
ഞാനതിന്‍ ലഹരിയില്‍ മുങ്ങവേ പ്രിയസഖീ,
ഒന്നാടിതിമിര്‍ക്കുവാന്‍ തുടിയ്ക്കുന്നുയെന്മനം...!

താരാട്ടു പാടാന്‍ കൊതിയ്ക്കുന്ന കിളികളും
നാണം കുണുങ്ങി കുതിയ്ക്കുന്ന ചോലയും
പൂത്തുവിടര്‍ന്നയാ മണമോലും തെച്ചിയും
മീട്ടുന്നു, എന്നുള്ളില്‍ സ്നേഹമാനസവീണകള്‍...!

മുറുകിടും തബലതന്‍ ധിനിയുടെ ധ്വനികളില്‍
മധുവനത്തില്‍ രാധയും കൃഷ്ണനുമെന്നപോല-
ലിയുന്നിതാ, ഞാന്‍ നിന്‍ നെഞ്ചോട്‌ ചേര്‍ന്ന്,
പ്രാണനില്‍ പ്രാണനാമെന്‍ പ്രണയസ്വരൂപമേ...!

© Copyright [ nardnahc hsemus ] 2010

Back to TOP