മറ്റു കച്ചോടങ്ങള്
നുമ്മടെ ഒരു മാമനുണ്ട്... മാധവന്‍ മാമന്‍....
മാഞ്ഞാഞ്ഞ എന്ന് അമ്മയും വല്യമ്മാരും വിളിയ്ക്കുന്ന മാധവന്‍ ഞാഞ്ഞ...
ചീങ്കണ്യാണ്... ‘പടക്കം’ എന്നാണ് വട്ടപ്പേര്... എങ്ങന്യാ ഈ പേര് വന്നേന്നല്ലെ? പണ്ട്, പുള്ളി പന്നിപ്പടക്കത്തിന്റെ എക്സ്പേര്‍ട്ടായിരുന്നു... പന്നിപ്പടക്കം വച്ച് നായാട്ടിനു പോയി അവിടെനിന്ന് കിട്ടുന്ന കാട്ടുപന്നിയേയും കാട്ടുപോത്തിനേയും നാട്ടില്‍ കൊണ്ടുവന്ന് കട്ട് പീസാക്കി വില്‍ക്കുന്നതായിരുന്നു മൃഗയാവിനോദം.. പിന്നെ പിന്നെ പന്നിപ്പടക്കങ്ങള്‍ ആള്‍ക്കാരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചു തുടങ്ങിയതോടെ മാമനാ പരിപാടി നിര്‍ത്തി... അതിനു കാരണമുണ്ടായിരുന്നു...
പണ്ട് രാജീവ് ഗാന്ധിയെ ശ്രീ പെരുമ്പുത്തൂരില്‍ ബോംബ് വച്ച് കൊലപ്പെടുത്തിയപ്പോള്‍ കേരളമൊട്ടുക്ക് ഇങ്ങനെ ലോക്കലായി “നാടന്‍ ബോംബുകളുണ്ടാക്കുന്ന” ചുള്ളന്മാരെ പൊക്കാന്‍ പൊലീസിനു നിര്‍ദ്ദേശം കൊടുത്തിരുന്നു... അന്ന് മുങ്ങിനടന്ന മാമന്‍ അതോടെ പരിപാടി നിര്‍ത്തി... വന്യജീവിസംരക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരുമൊക്കെ ആക്റ്റീവാകുന്നതിനു മുന്നേ തന്നെ മാമന്‍ നിര്‍ത്തിയതുകൊണ്ട് ലവരുടെ പണി പകുതിയായി കുറഞ്ഞു എന്ന് വേണം പറയാന്‍.. ഇപ്പോള്‍ 80 നോടടുത്ത് പ്രായം കാണും...
പറഞ്ഞുവന്നത്, മാമന്‍, മാമന്റെ ചെറുപ്പത്തില്‍, അതായത് എഴുത്തിനൊക്കെ ഇരുത്തുന്ന സമയത്തേ ജഗജില്ലിയായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... അതിലൊന്നായിരുന്നു,
മാമന്റെ അത്താഴസമയത്തെ വികൃതികള്‍...
വൈദ്യുതിയില്ലാത്ത കാലം, രാത്രിസമയം, വീട്ടില്‍ ഭക്ഷണം കഴിയ്ക്കുന്ന കുട്ടികള്‍.. മാമനും അമ്മയും വല്യമ്മമാരും ഒക്കെ മണ്ണെണ്ണവിളക്കിനു ചുറ്റുമിരുന്ന് ചോറുണ്ണുന്നു... ചോറിനൊപ്പം, സ്പെഷ്യലായിട്ടുള്ളത് മീന്‍ വറുത്തതാണ്... കരുതിയപോലെ തന്നെ, മാമന്റെ മീന്‍ നേരത്തേ കഴിഞ്ഞു... പതിയെ പതിയെ മറ്റുള്ളവരുടേയും തീരാറായി... മാമന്‍ അടുത്തിരിയ്ക്കുന്നവരോട് അല്പം വറുത്ത മീന്‍ ചോദിച്ചിട്ട് ആരും കൊടുത്തില്ല..
ഇതില്‍ രണ്ടാമത്തെ വല്യമ്മയുടെ മീന്‍ പാത്രത്തില്‍ അതേപടി തൊടാതെ ഇരിയ്ക്കാണ്.. പുള്ളിക്കാരി ഇത് ചോറുണ്ടശേഷം മീന്‍ മാത്രമായി നുള്ളിത്തിന്നാനായി വച്ചിരിയ്ക്കാണ്... മാമന്‍ പകുതി ചോദിച്ചു.. കൊടുത്തില്ല... കാല്‍ ഭാഗം ചോദിച്ചു നോക്കി, കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞു... മാമന്റെ വക്രബുദ്ധി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി..
പുള്ളി അങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് ആരും തന്നെ ശ്രദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഒറ്റ ഊതലാണ്.... മണ്ണെണ്ണവിളക്ക് കെട്ടു.... !!!
പിന്നെ എല്ലാവരും കേള്‍ക്കുന്നത് വല്യമ്മയുടെ കരച്ചിലാണ്... "അയ്യോ അച്ചാ ദേ, ഞാഞ്ഞ എന്റെ മീന്‍ കട്ടോണ്ട് പോവാന്‍ വരണേ....ഓടിവായോ...“ ന്ന്. വിളക്ക് വീണ്ടും കത്തിച്ച വീട്ടുകാര് കണ്ടത് വിളറി നില്ക്കുന്ന മാമനെ ആയിരുന്നു... വല്യമ്മയാണെങ്കില്‍ കൂളായിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു... മീന്‍ കഷ്ണം അതേപടി വല്യമ്മയുടെ പാത്രത്തിലുണ്ട്... വല്യമ്മ ആരാ മോള്... മാമന്റെ സ്വഭാവം നന്നായി അറിയാവുന്ന വല്യമ്മ, മാമന്‍ വിളക്കൂതിയതും ചോറും പാത്രത്തിന്റെ മുകളിലേയ്ക്ക് കമിഴ്ന്ന് വീണിരുന്നത്രെ.. തലങ്ങും വിലങ്ങും വന്ന മാമന്റെ കൈകള്‍ക്ക് മീന്‍ കഷ്ണത്തെ തൊടാന്‍ പോലും പറ്റിയില്ല!!!
ആശാന്റടുത്തുള്ള വെളച്ചിലുകള്‍...
അന്നൊക്കെ സ്കൂളിലല്ല, ആശാന്റെ അടുക്കല്‍ മണലിലെഴുതിയായിരുന്നു പഠിത്തം.. ചക്രപാണ്യാശാന്റെ ഒരു കുഴപ്പം എന്താണെന്ന് വച്ചാല്‍, പറഞ്ഞപടി പിള്ളേരു എഴുതിയില്ലെങ്കില്‍, എഴുതിക്കൊണ്ടിരിയ്ക്കുന്ന വിരല്‍ പിടിച്ച് അതേ മണലില്‍ അമര്‍ത്തി ഒറ്റൊരയ്ക്കലാണ്.. ഉള്ളീന്ന് കിളിക്കുഞ്ഞ് പറന്ന് പോവുമായിരുന്നത്രെ... ആ ആശാന്റെ വിരലൊരയ്ക്കല്‍ കഷായം ഒരിയ്ക്കല്‍ മാഞ്ഞാഞ്ഞയില്‍ പ്രയോഗിയ്ക്കപ്പെട്ടു... “അരി” എന്നെഴുതാന്‍ പറഞ്ഞാല്‍ എന്ത് ചെയ്താലും പുള്ളി എഴുതില്ല... ആശാന്‍ വിരലുരച്ചു... മാമന്റെ വാശി പതിന്മടങ്ങ് വര്‍ദ്ധിച്ചു...
“അരീന്ന് പറയെടാ”.. “ഇല്ല” “അരീന്ന് പറയെടാ” ഇല്ല... “അരീന്ന് പറയെടാ” “അരിവാള്‍!” .. “അരീന്ന് പറയെടാ” ആശാന്റെ അമ്മെടെ അരിവാള്‍!!!! അതും പറഞ്ഞ് മാമന്‍ അവിടെനിന്നൊരോട്ടം ഓടിയതാത്രെ.. പിന്നെ അങ്ങോട്ട് പോയിട്ടില്ല്ല്ല... അതോടെ പഠിപ്പ് നിര്‍ത്തിയത്രെ...!
(ഭൈ ദ ഭൈ ഈ മാമനാളൊരു ശില്‍പ്പിയും കൂട്യാണ്..)
Labels കഥ
പകലൊക്കേം വീട്ടുകാരോടും നാട്ടുകാരോടും തങ്കപ്പെട്ട സ്വഭാവത്തോടെ പെരുമാറേം സ്ത്രീകളോടൂം കുട്ട്യോളോടും ഇന്നേവരെ ഒറ്റത്തവണപോലും കൊള്ളരുതായ്മ കാണിയ്ക്കാത്തവനും ആയ ഇമ്മ്ടേ തെക്കേകാരന്റോടത്തെ മിഖായേല്‍ എന്ന വിയാലു പക്ഷെ, വൈന്നേരായിക്കഴിഞ്ഞാ ആളു ഭയങ്കര പെശകാ.... ന്താന്ന് വച്ചാ, ഇഷ്ടന്‍ നല്ല ബെസ്റ്റായിട്ട് തേവും. ന്ന് ച്ചാ ഏതാണ്ട് വയറ് നെറയണവരെ.. അതാ വന്റൊരു കണക്ക്.. അതു കഴിഞ്ഞ് ഷാപ്പീന്നെറങ്ങുമ്പോഴേക്കും എതാണ്ടൊരു പൈനൊന്നു പന്ത്രണ്ട് മണ്യായിട്ട് ണ്ടാവും.. ഹൈ, എന്താന്ന് ച്ചാ അപ്ലാണല്ലോ റോട്ടില് തെരക്ക് കൊറേണ നേരം..
ഷാപ്പീന്ന് വീടുവരെ പോണേന്റെടേല് റോഡ് സൈഡിലൊരു കപ്പേള ണ്ട്.. നടന്ന് നടന്ന് അവടെയ്ക്ക് ങ്ങഡ് എത്തുമ്പൊ പുള്ളിക്കാരന്‍ കപ്പേളേം വിട്ട് ഒര് നാലടി മുന്നോട്ട് നടക്കും... ന്ന് ട്ട് ദേ രണ്ട് കൈയ്യോണ്ടും മുണ്ടിന്റെ തുമ്പ് പൊക്കിപ്പിടിച്ചോണ്ടും പണ്ടേങ്ങാണ്ട് നീലവരേണ്ടാര്‍ന്ന സൌസറ് കാണിച്ചോണ്ടും ബാക്കിലിയ്ക്ക് ഒട്ടും തിരിയാണ്ട് ഒര് റിവേര്‍സ് ണ്ട്, ആരോടോ എന്തോ പറയാനൊള്ള പോലെ.... അത് നേരെ പുണ്യാളന്റെ രൂപം നോക്കി നിക്കണ ഭാഗത്തെത്തീട്ടേ നിക്കൂ... ന്ന് ട്ട് പുണ്യാളന്റെ മോത്തേയ്ക്ക് വെട്ടിത്തിരിഞ്ഞിട്ട് ഒറ്റ നോട്ടാ... എപ്പ നോക്യാലും എന്ത് പറഞ്ഞാലും മിണ്ടാണ്ട് നിക്കണ പുണ്യാളനെ നോക്കി പിന്നെ അങ്ങ്ഡ് ഒരു ജ്യാതി നോണ്‍-സ്റ്റോപ് നോണ്‍-വെജ് വെളമ്പലാണ്... ജനിച്ചേന് ശേഷം ആരോടൊക്കെ ദേഷ്യണ്ടൊ അവന്റൊക്കെ അപ്പനും അമ്മയ്ക്കും വിളിച്ചോണ്ട് ഏതാണ്ട് ഒരു മണിക്കൂറ് നേരത്തേയ്ക്ക് പറ്റാവുന്നത്രെം ഒച്ചേലുള്ള തെറീടെ അയ്യരു കളിയാ പിന്നെ!
വിയാലൂന്റെ ദീയൊര് എടവാടോണ്ട് ഏറ്റവും കൂടുതല്‍ പ്രശ്നണ്ടാര്‍ന്നത് മ്മടേ എടവകപള്ളീടെ മണിമേടേല് ഒറങ്ങാന്‍ കെടക്കണ റാഫേലച്ചനാര്‍ന്നേയ്.. അച്ചനവനെ പകല്‍ സമയം എന്തോരാന്നോ ഉപദേശിച്ചേക്കണേ, പക്ഷെ വൈന്നേരായാ ഒക്കെ വെള്ളത്തീ വരച്ച വരപോലെ.. ന്താ കാര്യം ണ്ടായേ... ഒരു കാര്യോല്യ , വിയാലുണ്ടോ കേക്കണേ... പോരെങ്കീ പള്ളീലൊട്ട് പോവേമില്ല...
വിയാലൂന്റെ പുളിച്ച തെറീഡെ കാര്യം പോട്ടേന്ന് വയ്ക്കാം, കാരണച്ചനത് കേട്ട് കേട്ട് ഒരു ശീലായി... അച്ചനിപ്പൊ അതല്ല പേടി, വിയാലു പറ്റിന്റെ പൊറത്ത് പുണ്യാളന്റെ രൂപത്തേല്‍ വല്ല അതിക്രമോം ചെയ്യോന്നാ... ഇദിങനെ വിട്ടാ ശര്യാവില്ലാന്ന് വെച്ചട്ട്, വിയാലൂന്റെ തെറിമഴ തരണം ചെയ്യാന്‍ എന്തെങ്കിലും പ്രതിവിധിയ്ക്കായി തല പൊകഞ്ഞാലോചിച്ചു.. അവസാനം അച്ചന്റെ പെടലീല് ഒരു കിണ്ണംകാച്ചി ഐഡിയ വന്നു.. അമ്പ് പെരുന്നാളിന് കൊണ്ടോവാറുള്ള പുണ്യാളന്റെ ഒരു ചെറിയ രൂപം ഇരിയ്ക്കണ് ണ്ട്.. സന്ധ്യായാ, അതെടുത്ത് കപ്പേളേല് കൊണ്ടു വയ്ക്ക...ഞിപ്പൊ വിയാലു എങ്ങാന്‍ വയലന്റായിട്ട് കുഞ്ഞ്യ പുണ്യാളനെ ന്തെങ്കിലും ചെയ്യാണേങ്കി തന്നെ മാറ്റി വയ്ക്കാന്‍ വല്യ പുണ്ട്യാളനൊണ്ടല്ലൊ.. അങ്ങനാവുമ്പൊ എടവകയ്ക്ക് അത്ര വല്യ നഷ്ടോം വരില്ല. പിന്നെ അമാന്തിച്ചില്ല പിറ്റേ ദെവസം തന്നെ അച്ചന്‍ കപ്യാരെകൊണ്ട് സാധനം ഡിങ്കോള്‍ഫി ആക്കി.
അന്നും വൈന്നേരായി... മണി പൈനൊന്നായി.. പിന്നെ പന്ത്രണ്ടുമായി... റാഫേലച്ചന് കെടന്ന് ട്ട് ഒരു നെലയ്ക്കും ഒറക്കം വരണില്യ... വിയാലൂന്റെ ദൂരേന്നൊള്ള തെറിപ്പാട്ടിന്റെ ഈരടികള്‍ അടുത്തുവരുംതോറും റാഫേലച്ചച്ചന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരാന്‍ തൊടങ്ങി...
ശീലം പോലെന്നെ അന്നും നാലടി മുന്നോട്ട് പോയ വിയാലൂന് റിവേഴ്സിടണേന് മുമ്പന്നെ ഒരു പന്തികേട് തോന്ന്യാര്‍ന്നു... രൂപക്കൂട്ടിലൊരു വശപെശക് ... ഏതാണ്ടൊരു മിനിറ്റ് നേരത്ത് യ്ക്ക് ആളവടങ്ങനെതന്നെ നിന്നു... എന്നിട്ട് ഒന്നും മിണ്ടാണ്ട് വലതുകാലീന്ന് ഇടതുകാലീലേയ്ക്ക് തന്റെ മൊത്തം ‘കുയില്‍ബോഡീടേ‘ വെയ്റ്റ് മാറ്റണേന്റെ എടേല് ‘ഉം തൃപ്ത്യായി ട്ടാ..” എന്ന മാതിരി ഒന്നു തലകുലുക്കേം ചെയ്തു... എന്നിട്ട് പതുക്കേ സൈലന്റായിട്ട് രൂപക്കൂടിന്റവിടുത്തേയ്ക്ക് നടന്നു... ന്ന് ട്ടാ റോഡീന്ന് ഇച്ചിരി പൊന്തി നിക്കണ വലത് വശത്തെ സിമന്റ് തറേല് പുണ്യാളന്റെ രൂപം ഫേസ് ചെയ്യണ സൈഡീല്‍യ്ക്ക് തിരിഞ്ഞട്ട് ഒറ്റ ഇരിപ്പ്.... വീണ്ടും കമ്പ്ലീറ്റ് സൈലന്റ്... വിയാലൂന്റെ ഡെയ്‌ലി തെറികള്‍ കേട്ടു ശീലമായ ചീവീടുകള്‍ പോലും ഈ പുതിയ രംഗങ്ങള്‍ കണ്ട് അന്തം വിട്ടിരിപ്പായി... വിചാരിച്ചേന് വിരുദ്ധമായി വിയാലൂന്റെ പരിവാടികള്‍ അന്ന് തെറ്റാന്‍ തുടങ്ങിയതോടെ മണിമേടേല്‍ ലൈറ്റണച്ച് സംഗതികള്‍ നിരീക്ഷിച്ചോണ്ടിരിയ്ക്കുന്ന അച്ചനും കണ്‍ഫ്യൂഷനടിയ്ക്കാന്‍ തൊടങ്ങി... മിനിറ്റുകള്‍ എഴഞ്ഞിഴഞ്ഞ് നീങ്ങണേന്റെടേല് പെട്ടെന്ന് ഇമ്മടെ വിയാലു ഇരിയ്ക്കണാ ഇരിപ്പില്‍ റോട്ടിലേയ്ക്ക് കാര്‍ക്കിച്ചു ഒറ്റ തുപ്പ്... എന്നിട്ട് തല എടത്തോട്ട് തിരിച്ച് പിന്നീ നിക്കണ പുണ്യാളന്റെ മൊകത്തേയ്ക്കൊന്നു നോക്കീട്ട് ഒറ്റ ചോദ്യാ...,
”ടാ മോനേ, നെന്റപ്പനെന്ത്യേറാ??”
Labels കഥ
അഞ്ചുമിനിറ്റ് നടന്നാല്‍ എത്തേണ്ട ബസ് സ്റ്റോപ്പിലേയ്ക്ക് പതിനഞ്ചുമിനിട്ടെടുത്തു.
ഉള്ളിലെവിടെനിന്നോ നടുക്കത്തിന്റെ ഒരു കൊള്ളിയാന്‍ മിന്നല്‍പിണരുകളയി ചിതറിതെറിച്ച് ശരീരത്തിന്റെ നാനാഭാഗങ്ങളിലൂടെയും കയറിയിറങ്ങിപോയി... താന്‍ പോക്കറ്റടിയ്ക്കപെട്ടിരിയ്ക്കുന്നു.. സങ്കടം വന്നു... പത്താംക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ കിട്ടിയപ്പോള്‍ അച്ചന്‍ സമ്മാനമായി തന്ന മൊബെയിലാ... ഇനിയെന്തു ചെയ്യും?... കണ്ടക്റ്റര്‍ ദാ അടുത്തെത്തിക്കഴിഞ്ഞു.. കൈയ്യില്‍ വേറെ പൈസയൊന്നുമില്ല..
ടെന്‍ഷന്‍.. ടെന്‍ഷന്‍... കണ്ടക്റ്ററോട് ഒന്നു പറഞ്ഞു നോക്കിയാലൊ? അയാളു സമ്മതിയ്ക്കോ? ഉറപ്പില്ല. ഇതു പോലെ നൂറുനൂറു കഥകള്‍ ദിവസവും കേള്‍ക്കുന്നതാണെന്നയാള്‍ പറഞ്ഞാലോ?... സ്മിതയോടു എല്ലാം തുറന്നുപറഞ്ഞു .... കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കൂട്ടുകാരി സ്മിത തന്റെകൂടി ടിക്കറ്റ് എടുത്തു... താങ്ക് ഗോഡ്! സ്മിതയില്ലായിരുന്നെങ്കില്‍... അവള്‍ക്കൊരായിരം നന്ദി പറഞ്ഞു... ജീവിതത്തില്‍ ആദ്യമായിട്ടാണ് പോക്കറ്റടിയ്ക്കപ്പെടുന്നത്. എന്നാലും കഷ്ടമായിപ്പോയി, സങ്കടം വന്നു കണ്ണ് നിറഞ്ഞിരുന്നു...
മനസ്സിലെ ചിന്തകളോടേറ്റുമുട്ടുന്നതിനിടയില്‍, വെറുതെ പുറത്തേയ്ക്കൊന്നു നോക്കിയതും തലകറങ്ങുന്ന പോലെ തോന്നി...! ആ റൂട്ടിന്റെ ചരിത്രത്തില്‍ അന്നേവരെ സംഭവിയ്കാത്തത് സംഭവിയ്ക്കാന്‍ പോകുന്നു!! പുറത്തൊരു ടിക്കറ്റ് എക്സാമിനര്‍! അയാളതാ ബസ്സിലേയ്ക്കു കയറുന്നു... ഹൃദയം പടപടാ മിടിയ്കാന്‍ തുടങ്ങി.. അതാ ടി സി ഒരു സൈഡില്‍ നിന്ന് ചെക്കിംഗ് തുടങ്ങിക്കഴിഞ്ഞു... എന്തു ചെയ്യും...! ദൈവമേ ഇങ്ങോട്ടു വരാതിരുന്നെങ്കില്‍... പക്ഷേ ഉപ്പുതിന്നവര്‍ വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ?.. രണ്ടുപേരോടും അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളാന്‍ പറഞ്ഞു, ഒപ്പം ടി സിയും ഇറങ്ങി.
ടി. സി. ആളൊരു മര്യാദക്കാരനായിരുന്നു.. നടന്നതൊക്കെ മനസ്സിലായിക്കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, "സാരമില്ല.. എനിയ്ക്കും നിങ്ങളുടെ പ്രായമുള്ള ഒരു മകളുള്ളതാ.. എന്തായാലും ഞാന്‍ ഫൈനൊന്നും ചാര്‍ജ്ജ് ചെയ്യുന്നില്ല. അടുത്ത ബസ്സുവരുമ്പോള്‍ രണ്ടുപേരും കയറിപൊയ്ക്കോളൂ" എന്നും പറഞ്ഞ് അയാള്‍ പോയി... നല്ല മനുഷ്യന്‍! മനസ്സിനെന്തൊരാശ്വാസം..
ശബ്ദം കൂടിയതുകൊണ്ടാകാം, ബസ്സ് കടിഞ്ഞാണിട്ടപോലെ നിന്നു..
തൊട്ടടുത്ത് നില്‍ക്കുന്ന പയ്യനും വിയര്‍ത്തൊലിച്ചുപോയി! (പാവം)
" വേണ്ട.. എനിയ്ക്കിവിടെ ഇറങ്ങണം..."
Labels അനുഭവങള്, അബദ്ധങ്ങള്‍, കഥ
Archives
ഇന്നത്തെ വാര്‍ത്തകള്‍
Categories
- കവിതകള്‍ (5)
- അനുഭവങള് (3)
- കഥ (3)
- sampoorna kranti vidyalaya (2)
- sumesh chandran (2)
- അബദ്ധങ്ങള്‍ (2)
- ക്രൂരകൃത്യങ്ങള്‍ (2)
- anumukti (1)
- baburaj (1)
- nachiketa desai (1)
- narayan desai (1)
- sangamitra desai (1)
- surendra gadekar (1)
- unconventional education (1)
- vedchhi (1)
- ആക്ഷേപഹാസ്യം (1)
- ആഹ്ലാദം (1)
- കുടുംബം (1)
- ചാന്ദ്രയാനം (1)
- നര്‍മ്മസല്ലാപം (1)
- പദമുദ്ര (1)
- വികസനം (1)
- സാങ്കേതികം (1)
- ഹാപ്പി ഓണം (1)
