മാഞ്ഞാഞ്ഞ...


നുമ്മടെ ഒരു മാമനുണ്ട്... മാധവന്‍ മാമന്‍.... 
മാഞ്ഞാഞ്ഞ എന്ന് അമ്മയും വല്യമ്മാരും വിളിയ്ക്കുന്ന മാധവന്‍ ഞാഞ്ഞ... 


ചീങ്കണ്യാണ്... ‘പടക്കം’ എന്നാണ്  വട്ടപ്പേര്... എങ്ങന്യാ ഈ പേര് വന്നേന്നല്ലെ? പണ്ട്, പുള്ളി പന്നിപ്പടക്കത്തിന്റെ എക്സ്പേര്‍ട്ടായിരുന്നു... പന്നിപ്പടക്കം വച്ച് നായാട്ടിനു പോയി അവിടെനിന്ന് കിട്ടുന്ന കാട്ടുപന്നിയേയും കാട്ടുപോത്തിനേയും നാട്ടില്‍ കൊണ്ടുവന്ന് കട്ട് പീസാക്കി വില്‍ക്കുന്നതായിരുന്നു മൃഗയാവിനോദം.. പിന്നെ പിന്നെ പന്നിപ്പടക്കങ്ങള്‍ ആള്‍ക്കാരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചു തുടങ്ങിയതോടെ മാമനാ പരിപാടി നിര്‍ത്തി... അതിനു കാരണമുണ്ടായിരുന്നു... 


പണ്ട് രാജീവ് ഗാന്ധിയെ ശ്രീ പെരുമ്പുത്തൂരില്‍ ബോംബ് വച്ച് കൊലപ്പെടുത്തിയപ്പോള്‍ കേരളമൊട്ടുക്ക് ഇങ്ങനെ ലോക്കലായി “നാടന്‍ ബോംബുകളുണ്ടാക്കുന്ന” ചുള്ളന്മാരെ പൊക്കാന്‍ പൊലീസിനു നിര്‍ദ്ദേശം കൊടുത്തിരുന്നു... അന്ന് മുങ്ങിനടന്ന മാമന്‍ അതോടെ പരിപാടി നിര്‍ത്തി... വന്യജീവിസംരക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരുമൊക്കെ ആക്റ്റീവാകുന്നതിനു മുന്നേ തന്നെ മാമന്‍ നിര്‍ത്തിയതുകൊണ്ട് ലവരുടെ പണി പകുതിയായി കുറഞ്ഞു എന്ന് വേണം പറയാന്‍.. ഇപ്പോള്‍ 80 നോടടുത്ത് പ്രായം കാണും...    


പറഞ്ഞുവന്നത്, മാമന്‍, മാമന്റെ ചെറുപ്പത്തില്‍, അതായത് എഴുത്തിനൊക്കെ ഇരുത്തുന്ന സമയത്തേ ജഗജില്ലിയായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...  അതിലൊന്നായിരുന്നു, 




മാ‍മന്റെ അത്താഴസമയത്തെ വികൃതികള്‍... 


വൈദ്യുതിയില്ലാത്ത കാലം, രാത്രിസമയം, വീട്ടില്‍ ഭക്ഷണം കഴിയ്ക്കുന്ന കുട്ടികള്‍.. മാമനും അമ്മയും വല്യമ്മമാരും ഒക്കെ മണ്ണെണ്ണവിളക്കിനു ചുറ്റുമിരുന്ന് ചോറുണ്ണുന്നു... ചോറിനൊപ്പം, സ്പെഷ്യലായിട്ടുള്ളത് മീന്‍ വറുത്തതാണ്... കരുതിയപോലെ തന്നെ, മാമന്റെ മീന്‍ നേരത്തേ കഴിഞ്ഞു... പതിയെ പതിയെ മറ്റുള്ളവരുടേയും തീരാറായി... മാമന്‍ അടുത്തിരിയ്ക്കുന്നവരോട് അല്പം വറുത്ത മീന്‍ ചോദിച്ചിട്ട് ആരും കൊടുത്തില്ല.. 


ഇതില്‍ രണ്ടാമത്തെ വല്യമ്മയുടെ മീന്‍ പാത്രത്തില്‍ അതേപടി തൊടാതെ ഇരിയ്ക്കാണ്.. പുള്ളിക്കാരി ഇത് ചോറുണ്ടശേഷം മീന്‍ മാത്രമായി നുള്ളിത്തിന്നാനായി വച്ചിരിയ്ക്കാണ്...  മാമന്‍ പകുതി ചോദിച്ചു.. കൊടുത്തില്ല... കാല്‍ ഭാഗം ചോദിച്ചു നോക്കി, കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞു... മാമന്റെ വക്രബുദ്ധി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി.. 


പുള്ളി അങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് ആരും തന്നെ ശ്രദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഒറ്റ ഊതലാണ്....  മണ്ണെണ്ണവിളക്ക് കെട്ടു.... !!!


പിന്നെ എല്ലാവരും കേള്‍ക്കുന്നത് വല്യമ്മയുടെ കരച്ചിലാണ്... "അയ്യോ അച്ചാ ദേ, ഞാഞ്ഞ എന്റെ മീന്‍ കട്ടോണ്ട് പോവാന്‍ വരണേ....ഓടിവായോ...“ ന്ന്. വിളക്ക് വീണ്ടും കത്തിച്ച വീട്ടുകാര് കണ്ടത് വിളറി നില്ക്കുന്ന മാമനെ ആയിരുന്നു... വല്യമ്മയാണെങ്കില്‍ കൂളായിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു...  മീന്‍ കഷ്ണം അതേപടി വല്യമ്മയുടെ പാത്രത്തിലുണ്ട്... വല്യമ്മ ആരാ മോള്... മാമന്റെ സ്വഭാവം നന്നായി അറിയാവുന്ന വല്യമ്മ, മാമന്‍ വിളക്കൂതിയതും  ചോറും പാത്രത്തിന്റെ മുകളിലേയ്ക്ക് കമിഴ്ന്ന് വീണിരുന്നത്രെ..  തലങ്ങും വിലങ്ങും വന്ന മാമന്റെ കൈകള്‍ക്ക് മീന്‍ കഷ്ണത്തെ തൊടാന്‍ പോലും പറ്റിയില്ല!!!




ആശാന്റടുത്തുള്ള വെളച്ചിലുകള്‍... 


അന്നൊക്കെ സ്കൂളിലല്ല, ആശാന്റെ അടുക്കല്‍ മണലിലെഴുതിയായിരുന്നു പഠിത്തം.. ചക്രപാണ്യാശാന്റെ ഒരു കുഴപ്പം എന്താണെന്ന് വച്ചാല്‍, പറഞ്ഞപടി പിള്ളേരു  എഴുതിയില്ലെങ്കില്‍, എഴുതിക്കൊണ്ടിരിയ്ക്കുന്ന വിരല്‍ പിടിച്ച് അതേ മണലില്‍ അമര്‍ത്തി ഒറ്റൊരയ്ക്കലാണ്.. ഉള്ളീന്ന് കിളിക്കുഞ്ഞ് പറന്ന് പോവുമായിരുന്നത്രെ... ആ ആശാന്റെ വിരലൊരയ്ക്കല്‍ കഷായം ഒരിയ്ക്കല്‍ മാഞ്ഞാഞ്ഞയില്‍ പ്രയോഗിയ്ക്കപ്പെട്ടു... “അരി” എന്നെഴുതാന്‍ പറഞ്ഞാല്‍ എന്ത് ചെയ്താലും പുള്ളി എഴുതില്ല... ആശാ‍ന്‍ വിരലുരച്ചു... മാമന്റെ വാശി പതിന്മടങ്ങ് വര്‍ദ്ധിച്ചു... 


“അരീന്ന് പറയെടാ”.. “ഇല്ല” “അരീന്ന് പറയെടാ” ഇല്ല... “അരീന്ന് പറയെടാ” “അരിവാള്‍!” .. “അരീന്ന് പറയെടാ” ആശാന്റെ അമ്മെടെ അരിവാള്‍!!!! അതും പറഞ്ഞ് മാമന്‍ അവിടെനിന്നൊരോട്ടം ഓടിയതാത്രെ.. പിന്നെ അങ്ങോട്ട് പോയിട്ടില്ല്ല്ല... അതോടെ പഠിപ്പ് നിര്‍ത്തിയത്രെ...!


(ഭൈ ദ ഭൈ ഈ മാമനാളൊരു ശില്‍പ്പിയും കൂട്യാണ്..)





വഴിതെറ്റിപ്പോയ കൊലപാതകക്കുറ്റം


ഏകദേശം പത്തുപതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവമാണ്..
വേദ്ഛിയാണ് ലൊക്കേഷന്‍.. വിദ്യാര്‍ത്ഥികളൊക്കെ കോഴ്സുപൂര്‍ത്തിയാക്കി അവരവരുടെ നാടുകളിലേയ്ക്ക് മടങ്ങിപ്പോയൊരൊഴിവുകാലം.. അന്തേവാസികളായി അവശേഷിയ്ക്കുന്ന മുന്നാലുപേരില്‍ ഒന്നോ രണ്ടോ ഒറീസക്കാരും മലയാളികളും മാത്രം ...  ഞാനാണെങ്കില്‍ രണ്ടുവര്‍ഷത്തെ വിദ്യാലയജീവിതത്താല്‍ അനുഭവസമ്പന്നനായ ഒരന്തേവാസിയായി വിലസുന്നു....


ഈയൊരു ചുറ്റുവട്ടത്തിലാണ്  കൊച്ചിയില്‍ നിന്നും ഫെലിക്സ് എന്ന പേരിലൊരു മലയാളിപ്പയ്യന്‍സ് അവിടെ എത്തുന്നത്... ഇരുപത്തിരണ്ടോ ഇരുപത്തിനാലോ പ്രായം കാണും.. ഏകദേശം ആറടിയോളം പൊക്കം.. 75-80 കിലോ തൂക്കം... ഇരുണ്ട നിറം.. ചുരുണ്ട മുടി.. സോഡക്കുപ്പിയുടെ മൂടുപോലുള്ള കണ്ണടകള്‍ ധരിച്ചിട്ടും ഇടയ്ക്കിടെ ഉണ്ടന്‍ കണ്ണുകള്‍ മുകളിലേയ്ക്കും താഴേയ്ക്കുമൊക്കെ ചിമ്മിനോക്കിക്കൊണ്ടേയിരിയ്ക്കും..  മുംബൈയില്‍ ജോലിചെയ്യുന്ന തമിഴ് നാട്ടുകാരനായ അവരുടെ ഒരു ബന്ധുവിനൊപ്പമാണ് ഫെലിക്സ് വിദ്യാലയത്തിലേയ്ക്കെത്തുന്നത് ..  കൂടെ വന്നയാള്‍ രണ്ടാംദിവസം തന്നെ തിരിച്ചു പോവുകയും ചെയ്തു..


ഫെലിക്സ് ഒരേയൊരു മകനായതുകൊണ്ടാവണം മിക്കവാറും എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ തവണ ഫോണ്‍കാള്‍ വരും..  (മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമായതുകൊണ്ടാണ് പ്രത്യേകം എടുത്തു പറയുന്നത്.. വീട്ടുകാരുടെ സ്നേഹം മറ്റുള്ള അന്തേവാസികള്‍ക്ക് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വരുന്ന കത്തുകളെന്നിരിയ്ക്കേയാണ് ഫെലിക്സിന്റെ ആര്‍ഭാടകരമായ ഈ ഫോണ്‍ സംസാരത്തിന് മതിപ്പേറുന്നത്...  എന്റെ കാര്യത്തിലാണെങ്കില്‍ 3 വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ തവണ മാത്രം ഉണ്ടായിട്ടുള്ളൊരു പ്രതിഭാസമാണിത്.. മാസത്തിലോരോ കത്തുകളെത്താറുണ്ടായിരുന്നതൊഴികെ). ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.. പതിയെ വിദ്യാലയത്തിലെ പതിവുചിട്ടകളോട് ഫെലിക്സും ഇണങ്ങി..


വിദ്യാലയത്തിന്റെതായി കാമ്പസ് വളപ്പിനോട് ചേര്‍ന്നുകിടക്കുന്ന കുറച്ചു നെല്‍പാടമുണ്ട്... നെല്ലും കടലയും അമരപ്പയറും ചെറുപയറുമൊക്കെ പലപല സമയങ്ങളിലായി ഇവിടെയാണ് കൃഷി ചെയ്തെടുക്കാറുള്ളത്.. ഈ നെല്‍പ്പാടത്തിന്റെ ഒരരികിലൂടെ ഒരു ടാറിടാത്ത റോഡും വേറോരു അരികില്‍ ഒരു മെയിന്‍ റോഡുമുണ്ട് ... ടാറിടാതെകിടക്കുന്നത് സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തിലേയ്ക്കും ഗാന്ധി വിദ്യാപീഠ് എന്ന റൂറല്‍ സര്‍വ്വകലാശാലയിലേയ്ക്കുമായി തിരിയുന്ന പോക്കറ്റ് റോഡാണ്... ഈ റോഡിനോഡ് ചേര്‍ന്നുള്ള അരികിലൂടെ ഒരു ചെറിയ കനാലും ഒഴുകുന്നുണ്ട്.. കരിമ്പ്, ഗോതമ്പ്, മാവ്, ചിക്കു, നിലക്കടല, കാബേജ്, കോളിഫ്ലവര്‍, ബീറ്റ് റൂട്ട്, കാരറ്റ്, പടവലം, മത്തങ്ങ, മുളക്  എന്നിങ്ങനെയുള്ള ഗ്രാമീണരുടെ വൈവിധ്യമാര്‍ന്ന കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം പോകുന്നത് ഈ കനാലിലൂടെയാണ്.. ഇതിന്റെ ഓരത്തായി വിദ്യാലയത്തിന്റേതായി മുളങ്കൂട്ടം, വാഴ‍, ചേമ്പ്, ചേന തുടങ്ങിയവ നട്ടുപിടിപ്പിച്ചിട്ടുണ്ട്.. ഇത് ഒരു വേലിയുടെ ഉപകാരം ചെയ്യുമെന്നാണ് വിദ്യാലയത്തിന്റെ വിശ്വാസം..  രഹസ്യമായി ‘റാബിറ്റ് പാച്ച് ‘ എന്ന് ഞങ്ങളിതിനെ വിളിച്ചുപോന്നു. ( വിദേശരാജ്യങ്ങളില്‍ കൃഷിയിടത്തിലെ വിളകള്‍ മുയലുകളും മറ്റും തിന്ന് നശിപ്പിയ്ക്കാതിരിയ്ക്കാന്‍ കൃഷിയിടത്തിനു ചുറ്റുമായി ഒരല്പം അകലത്തില്‍ മുയലുകള്‍ക്കും മറ്റും മാത്രമായി കൃഷിക്കാര്‍ വിളകള്‍ നട്ടുപിടിപ്പിയ്ക്കുന്നതിനെ ആണ് റാബിറ്റ് പാച്ച് എന്ന് വിളിയ്ക്കുന്നത്.. കൃഷിയിടത്തിലേയ്ക്ക് അതിക്രമിച്ചു കടക്കാറുള്ള മൃഗങ്ങള്‍ ഈ പാച്ചിലുള്ളവ തിന്ന് വിശപ്പടക്കി അവയുടെ വഴിയേ തിരിച്ചുപൊയ്ക്കോളുമത്രെ) ..  ആയതിനാല്‍ ഈ ഭാഗത്ത് നട്ടിരിയ്ക്കുന്ന വാഴകളില്‍ നിന്നുള്ള കുലകള്‍ വിദ്യാലയത്തിലാരും പ്രതീക്ഷിയ്ക്കാറേയില്ല..


ഈ കനാലിനടുത്തായി റോഡ് സൈഡിനോട് ചേര്‍ന്ന്  നില്‍ക്കുന്നഒരു വമ്പന്‍ റെയിന്‍ ട്രീയുടെ ശിഖരങ്ങള്‍ വയലിന്റെ മേലേയുള്ള ചില ഭാഗങ്ങളിലേയ്കായി വളര്‍ന്ന് വന്നിട്ടുള്ളതുകൊണ്ട് അതിനു താഴെ എന്ത് നട്ടാലുമവയ്ക്ക് മതിയായ വളര്‍ച്ച ലഭിയ്ക്കാറില്ല.. ഈ പ്രശ്നത്തിനു ആകെയുള്ളൊരു പരിഹാരമായിരുന്നു റെയിന്‍ ട്രീയുടെ മുകളില്‍ കയറി അതിന്റെ ചില്ലകള്‍ മുറിയ്ക്കുക എന്നുള്ളത്... പക്ഷെ പൂച്ചയ്ക്കാരു മണികെട്ടും എന്ന മട്ടിലുള്ള  ഈയൊരു ദൌത്യം ഏറ്റെടുക്കാന്‍ അങ്ങനെ ആരും മുതിരാത്തതുകൊണ്ട്, അവസാനം ഈ ഞാന്‍ തന്നെ കാര്യസാധ്യത്തിനായി തുനിഞ്ഞിറങ്ങുകയായിരുന്നു... മരം മുറിയ്ക്കാന്‍ മറ്റാരും തയ്യാറാവത്തതുകൊണ്ടുമാത്രം ഗോദയില്‍ ഞാനിറങ്ങിയെന്നേയുള്ളൂ.. അല്ലാതെ ഈയൊരു കലയില്‍ നൈപുണ്യമൊന്നും ഉണ്ടായിട്ടായിരുന്നില്ല...


പിറ്റേന്ന് പ്രഭാതഭക്ഷണത്തിനുശേഷം വെട്ടുകത്തിയുമായി ഞാനങ്കം കുറിച്ചു...  പ്രശ്നക്കാരനായ റെയിന്‍ ട്രീയുടെ ചില്ലകള്‍ ഒരു മാലയിലെ കണ്ണിപോലെ പരസ്പരം പിണഞ്ഞുണ്ടായ വിടവിലൂടെ ഏതാണ്ട് മുപ്പത് ഇഞ്ചോളം വണ്ണവും 25 മീറ്ററോളം നീളവുമുള്ള ഒരു യൂക്കാലിപ്റ്റസ്സിന്റെ മരം നെടുങ്ങനെ വളര്‍ന്ന് നില്‍പ്പുണ്ട്..  ഈ യൂക്കാലിപ്റ്റസ്സ് മുറിച്ചാല്‍ മാത്രമേ, റെയിന്‍ ട്രീയുടെ എനിയ്ക് മുറിയ്ക്കേണ്ട ചില്ലകള്‍ താഴെയ്ക്ക് വീഴുകയുള്ളൂ.. ആയതിനാല്‍ ആദ്യം കത്തി വച്ചത് യൂക്കാലിയുടെ കടയ്ക്കലാണ്... വെട്ടു തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമായി... മരം വെട്ടല്‍ വിചാരിച്ച പോലെ എളുപ്പമല്ല ‍.. വാക്കത്തിയുടെ മൂര്‍ച്ചയില്ലായ്മ കൂടിയായപ്പോള്‍ എനിയ്ക്കേറേ പണിപ്പെടേണ്ടി വന്നു..  ഒരുകണക്കിന് യൂക്കാലിയെ മുറിച്ചപ്പോഴേയ്ക്കും ഞാന്‍ തളര്‍ന്നു.. ശേഷം ഭാഗം അടുത്ത ദിവസത്തേയ്ക്കാകാമെന്ന് വച്ചു...  കടഭാഗം മുറിച്ച യൂക്കാലിമരം റെയിന്‍ ട്രീയുടെ ചില്ലകള്‍ക്കിടയില്‍ ചാരി സുരക്ഷിതമായിരിയ്ക്കുന്നത് കണ്ട് ഞാന്‍ മുറിയിലേയ്ക്ക് പോയി...


പിറ്റേന്ന്, രാവിലെ കൃഷിയിടത്തില്‍ പണിയുണ്ടായിരുന്നത് കൊണ്ട് ‘മിഷന്‍ റെയിന്‍ ട്രീ‘ ഉച്ചതിരിഞ്ഞിട്ടാണ് തുടങ്ങിയത്.. ഞാന്‍ റെയിന്‍ ട്രീയുടെ മുകളില്‍ കയറിനിന്ന് പ്രശ്നക്കാരനായ ആ വലിയ ചില്ല വെട്ടാന്‍ തുടങ്ങി.. സമയം നാല് നാലരയായി കാണണം.. അങ്ങ് ദൂരെ ഫെലിക്സ് സ്വന്തമായി കിളച്ചുണ്ടാക്കിയ പച്ചക്കറിതോട്ടത്തില്‍ വെള്ളമൊഴിച്ചുകൊണ്ടിരിയ്ക്കുന്നത് എനിക്ക് കാണാം... ഞാന്‍ വെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു.. ക്ലാസ്സ് കഴിഞ്ഞ് വിദ്യാപീഠിലെ കുട്ടികള്‍ റോഡിലൂടെ പുറത്ത് പോകുന്നത് വെട്ടിക്കൊണ്ടിരിയ്ക്കുന്ന എനിയ്ക്ക് കാണാമായിരുന്നു... ഇവരെ കണ്ടിട്ടോ ചെടികള്‍ക്ക് വെള്ളമൊഴിയ്ക്കുന്നത് തീര്‍ന്നതുകൊണ്ടോ ബക്കറ്റുമായി ഫെലിക്സ് റെയിന്‍ ട്രീയുടെ പുറകിലായി റോഡിനോട് ചേര്‍ന്ന സൈഡില്‍ വന്ന് നിന്നു... വെള്ള ബനിയനും നീല കള്ളികളുള്ള ലുങ്കിയുമാണ് വേഷം.. റെയിന്‍ ട്രീയുടെ വെട്ടിക്കൊണ്ടിരിയ്ക്കുന്ന കൊമ്പുകള്‍ പാടത്തിലോട്ട് നീണ്ടുനില്‍ക്കുന്നതിനും നേരെ പിന്നിലായിട്ടും മരത്തിന്റെ കടഭാഗത്തിനടുത്തുമായിട്ടാണ്  കക്ഷിയുടെ നില്‍പ്പ്..  ഞാന്‍ വെട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു... വെട്ടി വെട്ടി അവസാനം ഫൈനല്‍ വെട്ടിനോടടുത്തു തുടങ്ങി.... ഫെലിക്സ് അപ്പോഴും പുറകില്‍ തന്നെയല്ലേ എന്ന് ഞാന്‍ തിരിഞ്ഞുനോക്കി ഉറപ്പുവരുത്തി.. അതെ, പുള്ളി അപ്പോഴും റോഡിലൂടെ പോകുന്ന കുട്ടികളെ നോക്കിനില്‍പ്പാണ്.. എല്ലാം ഓകെ... താഴെയുള്ള നെല്‍പ്പാടത്തിലേയ്ക്ക് മരം വീഴുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.. ഞാന്‍ വിചാരിച്ചപോലെ തന്നെ നെല്‍പ്പാടത്തിലേയ്ക്ക് റേയിന്‍ ട്രീയുടെ ചില്ലകള്‍ ചാഞ്ഞ് വീഴുന്നത്തിന്റെ ലക്ഷണം കാട്ടുവാനും തുടങ്ങി.. ഞാന്‍ ഫൈനല്‍ വെട്ട് വെട്ടി...


“ട്.ര്‍ ര്‍ ര്‍.....ര്‍...ര്‍ .... ര്‍ “


മുകളില്‍ നിന്നും മരത്തിന്റെ വീഴ്ചയുടെ ശബ്ദം കേട്ടതും പിറകില്‍ നില്‍ക്കുന്ന ഫെലിക്സ് പെട്ടെന്ന് തിരിഞ്ഞ് മുകളിലേക്ക് നോക്കുകയും തന്റെ സോഡക്കുപ്പി ഗ്ലാസ്സിന്റെ എഫക്റ്റ് കൊണ്ടോ എന്തോ, മരം തന്റെ മേലോട്ട് വീഴുമെന്ന് ഭയന്നമ്പരന്ന് നോക്കിയതും എന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി നെല്‍പ്പാടത്തിലേയ്ക്ക് ഒറ്റ ഓട്ടവുമായിരുന്നു..  ഞാന്‍ മുകളില്‍ നിന്നു നോക്കുമ്പോള്‍ മരം വീഴുന്ന അതേ പോയിന്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ഫെലിക്സ്‍...  മുകളിലൂടെ താഴേയ്ക്ക് അതിശക്തമായി പതിയ്ക്കുന്ന യൂക്കാലി മരം.. എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യ.. ഞാന്‍ മുകളില്‍ നിന്ന് അലറിവിളിച്ച് പറയുന്നുണ്ട് അങ്ങോട്ട് ഓടല്ലേ... അങ്ങോട്ടാണ് മരം വീഴുന്നത് എന്നൊക്കെ.. എവിടെ കേള്‍ക്കാന്‍... ഫ്രാക്ഷന്‍ ഓഫ് സെക്കന്റ്... താഴേനില്‍ക്കുന്ന ഒരാളുടെ മേലേയ്ക്ക് ഒരു ഷിപ്പിംഗ് കണ്ടെയിനര്‍ പതിച്ചപോലെ മരം ഫെലിക്സിന്റെ ഷോള്‍ഡറിലും തലയ്ക്ക് പിന്നിലുമായി ഊക്കോടേ പതിച്ചതും ‘ഠ്പ്പോ!!!” എന്ന പോലെ വേഗത്തില്‍ ഓടിയിരുന്ന ഫെലിക്സ് ഒറ്റയടിയ്ക്ക് നിലം പൊത്തുകയും ചെയ്തു... അനങ്ങുന്നില്ല!!! റെയിന്‍ ട്രീയുടെ ഇടയില്‍ മുറിച്ചു നിര്‍ത്തിയിട്ടുള്ള യൂക്കാലിയ്ക്ക് നല്ല ഭാരമുണ്ടായിരുന്നത് കൊണ്ട് മരത്തില്‍ നിന്നുള്ള ശബ്ദവും വേഗതയും വളരെ കൂടുതലായിരുന്നു..  ഏതാണ്ട് രണ്ട് രണ്ടര ആളുയരത്തില്‍ മരത്തില്‍ നില്ക്കുന്ന ഞാന്‍ താഴോട്ട് ചാടിയിറങ്ങി ഫെലിക്സിന്റെ അടുത്തേക്കോടി ചെന്ന് പൊക്കിയെടുക്കാന്‍ നടത്തിയ ശ്രമം വിഫലം..  കഴിയുന്നില്ല.. സ്വതവേ നല്ല ഭാരമുള്ളയാള്‍ തളര്‍ന്ന അവസ്ഥയില്‍ കൂടിയായപ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്നെകൊണ്ടായില്ല... പൂര്‍ണ്ണമായും ഫെലിക്സിന്റെ ബോധം നഷ്ടപ്പെട്ടിരിയ്ക്കുന്നു.. വായിലൂടെ അല്പാല്പം ചോര വരുന്നുണ്ട്...  തത്സമയസംഭവം കണ്ട് ബസ് സ്റ്റോപ്പില്‍ ഇരിയ്ക്കുകയായിരുന്ന വിദ്യാപീഠിലെ കുട്ടികള്‍ സംഭവസ്ഥലത്തേയ്ക്ക് ഓടിവന്നതുകൊണ്ട് ഫെലിക്സിനെ പൊക്കിയെടുത്ത് വിദ്യാലയത്തിലെത്തിയ്ക്കാന്‍ കഴിഞ്ഞു.. ആരോ അടുക്കളയില്‍ നിന്ന് കുറച്ചു വെള്ളമെടുത്തുകൊണ്ട് വന്നു... അതില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് ഫെലിക്സിന്റെ മുഖത്തേയ്ക്ക് തളിച്ച് അക്ഷമയോടെ നോക്കി... നാലഞ്ചുദിവസം ഇരുട്ടുമുറിയിലടച്ചിട്ട ആള്‍ പ്രകാശത്തിലേയ്ക്ക് നോക്കുന്നതുപോലെ ഫെലിക്സ് പതിയെ കണ്ണുതുറന്നു.. തലയുടെ പിന്‍ഭാഗത്ത് കനത്ത വേദനയുള്ളതുപോലെ കൈകൊണ്ട് പൊത്തിപ്പിടിച്ചിട്ടുണ്ട്.. കുറച്ചുവെള്ളം കുടിയ്ക്കാന്‍ കൊടുത്തു.. ഒരു കവിള്‍ വെള്ളം കൊണ്ട് ഒലിച്ചുവന്ന ചോരപ്പാടുകള്‍ കുലുക്കുഴിഞ്ഞ് തുപ്പിക്കൊണ്ട് ഫെലിക്സ് വെള്ളം കുടിച്ചു.. നാവ് മുറിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ ഫെലിക്സിന്റെ ശരീരത്തില്‍ മുറിവുകളൊന്നുമില്ല.... മരം വീണതിന്റെ ആഘാതത്തില്‍ നാവില്‍ അമര്‍ത്തി കടിച്ചതാകണം ചോരപൊടിയാന്‍ കാരണം..


ഡോക്റ്ററായ ഉമാദിദി ഈ സമയത്ത് വിദ്യാലയത്തിലില്ല.. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരെ വാലോഡ് എന്ന സ്ഥലത്തുള്ള ഗ്രാമോദ്ദ്യോഗ് ഭവനില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഒരു ശിബിരത്തില്‍ പങ്കെടുക്കുകയായിരുന്നു ദിദി‍.. സുരേന്‍ഭായ് ഉടന്‍ തന്നെ ബൈക്കുമായി പോയി ദിദിയെ കൂട്ടികൊണ്ടു വന്നു.. ഫെലിക്സിനെ പരിശോദിച്ച ദിദി മരം വീണ ഭാഗത്തെ വേദനയും മറ്റും ചോദിച്ചു മനസ്സിലാക്കിയ ശേഷം അവിടെ നാടന്‍ മരുന്നായി ഉപയോഗിയ്ക്കുന്ന, എണ്ണയില്‍ സവാളയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റിയ മിശ്രിതം കൊണ്ടുവരാന്‍ പറഞ്ഞു.. അത് വേദനയുള്ള ഭാഗത്തൊക്കെ പൊത്തിവച്ചു തുണികൊണ്ട് വരിഞ്ഞ് കെട്ടി.. തലയില്‍ വേദയുണ്ടെന്ന് പരാതി പറഞ്ഞതുകൊണ്ട് രാത്രിയില്‍ ഫെലിക്സിനരികെ ഉറക്കമിളച്ചിരിയ്ക്കാന്‍ ആളെ ഏര്‍പ്പാടാക്കി.. ഛര്‍ദ്ദിയ്ക്കുകയാണെങ്കില്‍ ഉടനടി ആശുപത്രിയില്‍ എത്തിയ്ക്കണം.. മുംബൈയിലുള്ള ഫെലിക്സിന്റെ റിലേറ്റീവീനെ വിവരമറിയിച്ചു...  എല്ലാവരുടേയും മുഖത്ത് ടെന്‍ഷന്‍.. എനിയ്ക്കാണെങ്കില്‍ ഭയങ്കര വിഷമം, ഒന്നും മന:പൂര്‍വ്വമല്ലായിരുന്നിട്ടും... അന്ന് രാത്രി ഫെലിക്സിനൊപ്പം ഞാനും ഉറങ്ങാതെയിരുന്നു...


പിറ്റേന്ന്, രാവിലെതന്നെ ദിദി വന്നു ഫെലിക്സിനെ കണ്ടു.. കഴുത്തിനു പിന്നില്‍ അല്പം നീരു വന്നിട്ടുണ്ട്.. പിന്നെ ഇടയ്ക്ക് ഒന്നുരണ്ടുതവണ ഛര്‍ദ്ദിയ്ക്കാന്‍ തോന്നിയിരുന്നെന്നും അത് ഞങ്ങളോട് പറഞ്ഞില്ലെന്നും ഫെലിക്സ് ദിദിയോട് പറഞ്ഞു..  എന്നാല്‍ പിന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കാമെന്ന് ദിദി അറിയിയ്ക്കുകയും ഉടനടി വണ്ടിയില്‍ ഫെലിക്സിനെ സൂറത്തിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു.. മുംബൈയിലെ ഫെലിക്സിന്റെ ബന്ധു നേരെ ആശുപത്രിയിലേയ്ക്കാണെത്തിയത്.. കൊച്ചിയില്‍ നിന്ന് ഫെലിക്സിന്റെ അമ്മ ഫ്ലൈറ്റില്‍ ബറോഡയിലെത്തി പിന്നീട് ടാക്സിയില്‍ ആശുപത്രിയിലേയ്ക്കും.. ആദ്യദിവസം ഞാന്‍ പോയിരുന്നില്ല.. പിറ്റേന്ന് ഫെലിക്സിന്റെ വസ്ത്രങ്ങളും മറ്റുമായി ഞാന്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു... അവിടെയുള്ള അമ്മയേയും ബന്ധുവിനേയും എങ്ങനെ അഭിമുഖീകരിയ്ക്കും എന്നോര്‍ത്ത് മനസ്സ് കലുഷിതമായിരുന്നു.. ആകെയുള്ള മകനല്ലേ.. അവര്‍ പ്രകോപിതരായാല്‍ തെറ്റ് പറയാനൊക്കുമോ? എന്തായാലും വരുന്നിടത്തു വച്ചുകാണാം എന്ന് മനസ്സിലുറപ്പിച്ചു...


ഞാന്‍ ആശുപത്രിയുടെ വരാന്തയിലെത്തി.. ഫസ്റ്റ് ഫ്ലോറിലാണ് ഫെലിക്സിനെ അഡ്മിറ്റ് ചെയ്തിരിയ്ക്കുന്നത്.. സ്റ്റെയര്‍കേസിലെ ഓരോ പടികള്‍ കയറുമ്പോഴും നെഞ്ചിടിപ്പ് പെരുമ്പറ പോലെ കൂടി കൂടിവന്നു... അവസാനം മുറിയുടെ മുന്നിലെത്തി... സ്വന്തം മകനെ കൊല്ലാന്‍ ശ്രമിച്ച ഒരു കൊലപാതകിയുടെ മേലെ ഒരമ്മയുടെ പൊള്ളുന്ന നോട്ടം ഏതുസമയവും ശാപാഗ്നി പോലെ വന്നു വീഴാമെന്ന കരുതലില്‍ മനസ്സിനെ ഊട്ടിയുറപ്പിച്ച്, തലകുമ്പിട്ട്, ഞാനാ മുറിയുടെ വാതില്‍ പതിയെ തള്ളിത്തുറന്നു...


എതിരേറ്റത് ഫെലിക്സിന്റെ പുഞ്ചിരിയായിരുന്നു.. മുഖം തിരിച്ച് അമ്മയോട് പറഞ്ഞു ‘ഇതാണ് ഹ്സേമുസ്... ‘.


ഞാന്‍ ഞെട്ടലോടെ അമ്മയെ നോക്കി.. ആ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു..


നിറയെ വെള്ളം നിറച്ച ആശ്വ്വാസത്തിന്റെ ഒരു വലിയ ബലൂണ്‍ എന്റെ തലയിലൂടെ പൊട്ടിവീണ പോലെ തോന്നി..


ഞാന്‍ പറഞ്ഞു, “അമ്മേ ഞാനറിയാതെ...”


“എന്നോടെല്ലാം ഫെലിക്സ് പറഞ്ഞു.. ദെവത്തിന്റെ നിശ്ചയങ്ങള്‍ ആര്‍ക്കാ തടുക്കാന്‍ കഴിയുക.. “എന്ന് ആ അമ്മ മറുപടി പറഞ്ഞു...


അങ്ങോട്ടുമിങ്ങോട്ടും കുശലാന്വേഷണങ്ങള്‍ നടത്തി. മണിക്കൂറുകള്‍ കടന്നുപോയി...


എക്സ് റേ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്, തോളെല്ലില്‍ ചെറിയ ചിന്നലുണ്ടായിരുന്നു.. തലയുടെ പിന്‍ഭാഗം പലസമയങ്ങളിലായി വേദനിയ്ക്കുന്നതുകൊണ്ട് ഡോക്റ്റര്‍ അടുത്ത ദിവസം സി ടീ സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.. അതു വന്നാലേ കാര്യങ്ങളുടെ സീരിയസ്നസ്സ് മനസ്സിലാവൂത്രെ.. ടെന്‍ഷന്‍ തീരുന്നില്ലല്ലോ ഭഗവാനേ!..


അന്ന് വൈകും വരെ ഞാന്‍ ഫെലിക്സിനൊപ്പമിരുന്നു.. പിന്നീട് യാത്ര പറഞ്ഞ് വിദ്യാലത്തിലേക്ക് തിരിച്ചുപോയി.. മുറിയിലെത്തി അവനൊന്നും പറ്റല്ലേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു...  പക്ഷെ, അന്നാശുപത്രിയില്‍ നിന്നും അവനെ കണ്ട് ഇറങ്ങുമ്പോള്‍ കരുതിയില്ല പിന്നീടൊരിയ്ക്കലും ഞങ്ങള്‍ പരസ്പരം  കാണില്ലെന്ന്..


സി ടി സ്കാന്‍ റിപ്പോര്‍ട്ട് വന്നു. ഗുരുതരമായി ഒന്നുമില്ല.. രണ്ടു ദിവസം കൂടെ ആശുപത്രിയില്‍ തങ്ങിയ ഫെലിക്സ് അമ്മയോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ തീരുമാനമെടുക്കുകയായിരുന്നു.. അമ്മ നിര്‍ബന്ധിച്ചിരുന്നിരിയ്ക്കണം... ഫെലിക്സിന്റേതായി വിദ്യാലത്തിലുണ്ടായിരുന്ന സാധനങ്ങളൊക്കെതന്നെ സൂറത്തിലേയ്ക്കെത്തിച്ചു കൊടുത്തു.. എനിയ്ക്ക് സൂറത്തില്‍ പോയി അവരെ യാത്രയയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫെലിക്സ് എന്നെ ഫോണില്‍ വിളിച്ച് യാത്ര പറഞ്ഞു..


നിര്‍ഭാഗ്യവശാല്‍, പിന്നീടൊരിയ്ക്കലും അവനോ ഞാനോ പരസ്പരം വിളിയ്ക്കുകയുണ്ടായില്ല.. എങ്കിലും ഇന്നും ഓര്‍മ്മകളില്‍ ആ മരത്തിന്റെ വീഴ്ചയുടെയും എന്റെ അലറിവിളിയുടേയും മാറ്റൊലികള്‍ ഇടയ്ക്കിടെ കടന്നുവരാറുണ്ട്.. പിന്നോടിയായി വഴിതെറ്റിപ്പോയ ഒരു കൊലപാതകകുറ്റത്തില്‍ നിന്നും രക്ഷപ്പെട്ടതിലുള്ള നെടുവീര്‍പ്പുകളും...






(രേഖാചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കിയാല്‍ കാര്യത്തിന്റെ ഏകദേശരൂപം പിടികിട്ടും)








ആപ്രേഷന്‍ തവളാച്ചി
 

പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു.. ഞാന്‍ കൊടകരയില്‍ വല്യമ്മയുടെ വീട്ടില്‍ നിന്നു പഠിയ്ക്കുന്ന കാലം... തലേമെ തലതെറിച്ച സ്വഭാവം...  ഒരു ദിവസം രാവിലെ ഞാന്‍ ഉറക്കമുണര്‍ന്നെണീറ്റത് അക്കാലത്ത് കണ്ട ഏതോ ഒരു സിനിമയുടെ ഹാങ്ങ്-ഓവറുമായായിരുന്നു.. അത് മനസ്സില്‍ നിന്നും എന്ത് ചെയ്തിട്ടും പോയില്ല.. പ്രഭാതകൃത്യങ്ങള്‍ തീര്‍ത്ത് കാപ്പികുടി കഴിഞ്ഞതും ചൂണ്ടയുമായി നേരെ തൊട്ടടുത്തുള്ള പാടത്തേയ്ക്ക് വിട്ടു... പറവൂര്‍ ഭരതന്‍ ഒച്ചയില്ലാതെ ‘ഹ ഹ ഹ‘ യെന്ന് ചിരിയ്ക്കുന്ന പോലെയിരുന്ന ഒരു പച്ചത്തവളയെ ചൂണ്ടയാല്‍ പിടിച്ചു. (ചൂണ്ടയില്‍ പിടിയ്ക്കാന്‍ ഇത്രയും ഈസിയായിട്ടുള്ള വേറൊരു ജീവീ ഇല്ലല്ലോ! നമ്മളൊന്നും ചെയ്യേണ്ട... ഇരയെ കോര്‍ക്കാത്ത ചൂണ്ടക്കൊളുത്തില്‍ പോലും രണ്ടു കോലെങ്ങിനും പൊക്കത്തില്‍ പുള്ളി ‘എന്നെ കൂടെകൊണ്ടു പോകൂ...’ എന്നും പറഞ്ഞ് ചാടിവന്നു കൊത്തിക്കോളും).

അങ്ങനെ പിടിച്ച തവളയെ കൊണ്ട് വന്ന്, വളപ്പില്‍ ചാഞ്ഞുകിടക്കുന്ന തെങിന്റെ കടയ്ക്കല്‍ വച്ച് കുറച്ച് മൊട്ടുസൂചികള്‍ കൊണ്ട് ജീസസ് ക്രൈസ്റ്റിന്റെ കുരിശ് പോസ്സില്‍ കൈകളിലേയ്ക്ക് സൂചി അടിച്ചുകയറ്റി.. ഒരു കുതറല്‍.. ഒരു പിടയല്‍... എന്നിട്ടും തവളാഹങ്കാരത്തിനൊരു കുറവും ഇണ്ടായില്ല.... വായ വീണ്ടും പറവൂര്‍ ഭരതനെപോലെ തന്നെ... ഞാനത് മൈന്റു ചെയ്യാതെ അടുത്ത സ്റ്റെപ്പിലേയ്ക്ക് കടന്നു... ചേട്ടായി ഷേവ് ചെയ്യാന്‍ കൊണ്ട് വച്ച പുതിയ ബ്ലേഡെടുത്ത്  (പുതിയതാവുമ്പോ അധികം വേദന തോന്നില്ല... തന്നെയുമല്ല, നാളെവന്ന് തുരുമ്പുകേറി പോയ്സനടിച്ച് ചത്തെന്ന് പറയില്ലല്ലോ...) തവളയുടെ കഴുത്തിന്റെ താഴെവച്ച് ഏതാണ്ട് കാലിന്റെ ലെവല്‍ വരെയ്ക്കും അമര്‍ത്തി പിടിച്ചിട്ട് ഒറ്റ വര. ദേ കെടക്കണൂ.. ഗംബ്ലീറ്റ് ഇന്റേല്‍ ഇന്‍സൈഡ് തവള പാക്കേജ്... തൊട്ടടുത്ത് കിടന്ന ഒരീര്‍ക്കിലെടുത്ത് ഉള്ളിലൊള്ളതൊക്കെ ഒന്നു പൊക്കീം താഴ്ത്തീം നോക്കി.. അന്നൊക്കെ ആകപ്പാ‍ടെ അറിയാവുന്ന ആന്തരികഘടന ഇടയ്കിടെ വീട്ടില്‍ ‘ബ്ബ ബ്ബാ ബ്ബാ” വിളിച്ച് ചോറിട്ടുകൊടുത്ത് വളര്‍ത്തി വലുതാക്കിനിറുത്തിയിരിയ്ക്കുന്ന ഹൃതിക് റോഷനെപോലെയുള്ള കോഴിക്കുട്ടന്മാരെ വിരുന്നുകാരാരെങ്കിലും വീട്ടില്‍ വരുന്ന കാലത്ത് വെട്ടിക്കൂട്ടാക്കുമ്പോഴാണ്... എന്തായാലും മിക്കവാറും ‘സംഗതിക‘ളൊക്കെ യഥാസ്ഥാനങ്ങളില്‍ അല്പസ്വല്പം ഷേപ്പ് വിത്യാസമുണ്ടെങ്കിലും ഉണ്ടെന്നു തന്നെ ഉറപ്പു വരുത്തി... ഇനിയെന്തു ചെയ്യും?? അപ്പോഴാണ് ടപ്പോ ടപ്പോന്നിടിയ്ക്കുന്ന ഹൃദയം കണ്ടത്.. ഒരു രസം തോന്നി.. തൊട്ടടുത്ത് നിന്ന കറുകപുല്ലിന്റെ നീണ്ട ഒരു ഭാഗം പറിച്ചെടുത്ത്  തവളാച്ചീടെ ഹൃദയത്തിന്റെ അടിഭാഗത്തിലേയ്ക്ക് അങ്ങ് തിരുകികേറ്റി വച്ചു.. അപ്പഴല്ലെ രസം.. ഡിംഗ് ഡോംഗ് .. അതെ കറുകപ്പുല്ല് മുകളിലേയ്ക്കും താഴേയ്ക്കും പൊങ്ങിതാഴാന്‍ തുടങ്ങി... ക്വാര്‍ട്സ് ക്ലോക്കിന്റെ സെക്കന്റ് സൂചിപോലെ... പതിയെ പതിയെ പുല്ലിന്റെ ഭാരം കൂട്ടിയും കുറച്ചും ഹൃദയമിടിപ്പിന്റെ ഹോഴ്സ് പവ്വറും പരീക്ഷിച്ചു..  ബോറടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ തുന്നുന്ന സൂചിയും നൂലും കൊണ്ട് വന്ന് തവള വയര്‍ തുണി തുന്നും പോലെ ചേര്‍ത്ത് വച്ച് തുന്നി... ഇടയിലിത്തിരി ഭസ്മോം ഇട്ട് കൊടുക്കാന്‍ മറന്നില്ല.. വേഗം മുറിവുണങ്ങൂലോ... എന്നിട്ട് മൊട്ടുസൂചിയൊക്കെ ഇളക്കിയെടുത്ത് തവള പേഷ്യന്റിനെ പാടത്തുള്ള കുളത്തില്‍ കൊണ്ടിട്ടിട്ട് തിരിച്ചു നടന്നു..

ഇപ്പോഴും ഇടയ്ക്കൊക്കെ ഞാനാ തവളയെ ഓര്‍ക്കാറുണ്ട്.. അപ്പോഴൊക്കെ, അതിനെ അന്നു ഞാന്‍ കൊല്ലാതെ വിട്ടല്ലോ എന്നൊരാശ്വാസവും തോന്നാറുണ്ട്..  പാവം ഇപ്പോ എന്തെടുടുക്കുന്നുണ്ടാവും? എന്നെ ഓര്‍ക്കാറുണ്ടാവൊ ആവോ....




റോഡ് ടു സമ്പൂര്‍ണ്ണ ക്രാന്തി

1990-കളുടെ ആദ്യം, കേരളത്തിലെ പെരിങ്ങോം എന്ന സ്ഥലത്ത് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്ന ആണവനിലയത്തിനെതിരേയുള്ള പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കാനെത്തിയ സംഗമിത്ര ദേശായിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ അന്നത്തെ ‘വീക്ഷണം‘ പത്രത്തിന്റെ സബ്-എഡിറ്റര്‍,
പി പി ബാബുരാജ് എന്ന എന്റെ കസിന്‍ ബ്രദര്‍, സംഗമിത്രയുടെ വാചാലമായ പ്രഭാഷണത്തില്‍ പ്രചോദനം പൂണ്ട്, ഉള്ള ജോലിയും വിട്ടെറിഞ്ഞ്, രായ്ക്കുരാമാനം വേദ്ച്ഛിയിലെത്തിപ്പെടുകയായിരുന്നു..

എതാണ്ട് ഒന്നര വര്‍ഷത്തോളം അവിടെ കഴിഞ്ഞിരുന്ന ഇദ്ദേഹം ആറേഴുമാസം കൂടുമ്പോള്‍ നാട്ടില്‍ വരികയോ അല്ലെങ്കില്‍ അന്നത്തെ 15 പൈസ പോസ്റ്റ് കാര്‍ഡില്‍ "സിഗരറ്റ് വലി ഹാനികരമെന്നോ, കണ്ടീഷന്സ് അപ്ലൈ' എന്നൊക്കെയോ എഴുതിവച്ചിരിയ്ക്കും പോലെയുള്ള അക്ഷരവലിപ്പത്തില്‍ കുനുകുനാന്നെഴുതിപിടിപ്പിച്ചുകൊണ്ട് സ്നേഹത്തോടെ എനിയ്ക്കയച്ചുതന്നുകൊണ്ടിരുന്ന വേഡ്ഛിയെന്ന സുന്ദരമായ ആ കൊച്ചുഗ്രാമത്തിന്റെ ഹഢാദാകര്‍ഷിയ്ക്കുന്ന വാഗ്മയചിത്രങ്ങളും ക്ഷണപത്രങ്ങളും, നാട്ടില്‍, 'തല്ലുകൊള്ളിത്തരവും കാമ്പസ് ലൈഫും' എന്ന ഡെയിലി കോമ്പിനേഷന്‍ പ്രോഗ്രാമൊഴിച്ച് വേറെ യാതൊരുപണിയുമില്ലാതെ 'തെക്കുവടക്കുസര്‍വീസില്‍ ഒരാജീവനാന്ത ലൈസന്‍സിനപ്ലികേഷന്‍ കൊടുത്താലോ എന്നാലോചിച്ചു കൊണ്ടിരിയ്ക്കുന്നവനുമായ എന്റെ പാവം മാടപ്രാവുമനസ്സിലെവിടൊക്കെയോ ചുമ്മാതങ്ങനെ അടിഞ്ഞുകൂടിക്കിടക്കുമ്പോള്‍, എന്നുവച്ചാല്‍, തെക്കു-വടക്ക്-കിഴക്കു-പടിഞ്ഞാറ് ഒക്കെ ജാതിമതഭേദവിത്യാസമില്ലാതെ യഥേഷ്ടം തേരാപാരാ നടക്കുന്ന ആ മനോഹര സമയത്തിങ്കല്‍, സാക്ഷാല്‍ ശ്രീ ബാബുരാജണ്ണന്‍ ഹിംസെല്‍ഫ്, നാട്ടില്‍ സമാഗതനാവുകയും, 'അടുത്ത ഒരു രംഗത്തോടുകൂടി ഈ നാടകം ഇവിടെ അവസാനിയ്ക്കുന്നതായിരിയ്ക്കും' എന്നതിനു സമാനമായ ധ്വനിയില്‍ തന്ന, താക്കീതുപോലുള്ള ആ അവസാനക്ഷണം " ഡാ, ഇതെന്റെ അവസാന വരവാണ്... ഞാനിനിയവിടെ ഒരാറുമാസം കൂടിയേ ഉണ്ടാകൂ ..., ഇപ്പൊ പോരുന്നെങ്കില്‍, പോരെ..' എന്നുമുള്ള വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്ന, എനിയ്ക്ക് നഷ്ടപ്പെട്ടുപോകുവാന്‍ സാധ്യതയുണ്ടായിരുന്ന ഇന്നത്തെ എന്നെ, ഞാന്‍ പോലുമറിയാതെ സാക്ഷാല്‍ ശ്രീ ഭഗവാന്‍ ജീ, എന്റെ മാതാപിതാക്കന്മാരെ സമ്മതിപ്പിച്ചെടുക്കുന്നതിലൂടെ (ഓണ്‍ലി ഫോര്‍ ആറുമാസം എന്നൊരു കണ്ടീഷനില്‍) എനിയ്ക്ക് നേടിത്തന്ന് അനുഗ്രഹിയ്ക്കുകയായിരുന്നു... (വാചകം നീണ്ടുപോയെങ്കില്‍ ഇത്തവണത്തേയ്ക്ക് ക്ഷമിയ്ക്കണേ..)

അങനെ ചിത്രരചനയുടെ വിത്യസ്തമേഖലകളുടെ "കേട്ടറിഞ്ഞ" സാധ്യതകള്‍ സ്വായത്തമാക്കാനും എന്ന ബാനറോടുകൂടി (അന്ന് ഫ്ലെക്സില്ല :)) ആറുമാസത്തേയ്ക്കുള്ള വിസയുമായി ഗുജറാത്തിലെ, സൂറത്തിലെ, സമസ്തശാന്തസുന്ദരമായ വേഡ്ച്ഛിഗ്രാമത്തിലേയ്ക്ക് ഏട്ടനോടൊപ്പം ഞാനും യാത്രയാവുകയായിരുന്നു...

മാമരങ്ങള്‍ കോച്ചിവലിയ്ക്കുന്ന ജനുവരിമാസത്തിന്റെ കറുത്തുകനത്ത രാത്രിയില്‍ ഏതാണ്ട് ഒന്നോ രണ്ടോ മണിസമയത്ത്, തണുത്തുവിറച്ച് ഇരുള്‍തിങ്ങിയ വഴിയിലൂടെ, തപ്പിത്തടഞ്ഞ് ബാബുച്ചേട്ടനൊപ്പം ഞാനും 'ഭാവികാലത്തിന്റെ' പുതിയൊരു പ്രഭാതത്തെയും പ്രതീക്ഷിച്ച് വിദ്യാലയത്തിലേയ്ക്ക് വലതുകാല്‍ വച്ചു കയറിക്കൂടി എന്നു സാരം.

എന്നാല്‍, ചില സാങ്കേതിക വികാസപരിണാമങ്ങളുടെ ഫലമായി ഇന്ത്യന്‍ കമ്മ്യൂണികേറ്ററെന്നും സദ് വാര്‍ത്തയെന്നുമുള്ള പേരുകളോടെ പള്ളിക്കാരായ അച്ചായന്മാര്‍ എറണാകുളത്തുനിന്നും തുടങ്ങാനിരുന്ന പത്രക്കമ്പനിയില്‍ എഡിറ്റിംഗ് ജോലിയുടെ സാധ്യതകള്‍ കണ്ട ബാബുച്ചേട്ടന്‍, എന്നോടൊപ്പം ആറുമാസത്തേയ്ക്കുണ്ടാവും എന്ന മോഹനവാഗ്ദാനം സ്വയം തിരുത്തിത്തരികയും വേഡ്ച്ഛിയിലെത്തിയതിനു പതിനൊന്നാം പക്കം, നാട്ടിലേയ്ക്കു ഒറ്റയ്ക്ക് വണ്ടികയറുകയും ചെയ്തു..


ആവശ്യത്തില്‍ കൂടുതലുള്ള പട്ടിക്കുട്ടികളെ ചാക്കില്‍ പൊതിഞ് ദൂരെയെവിടെയെങ്കിലുമൊക്കെ കൊണ്ടുകളയുന്നതും കഥകളില്‍ വായിച്ചിട്ടുള്ള റോബിന്‍സണ്‍ ക്രൂസോയുടേയുമൊക്കെ കഥകള്‍ പരസ്പരവിരുദ്ധമായ സംഗതികളാണെങ്കിലും എന്റെ കാര്യത്തിലവ ഏറെ സാമ്യമുള്ളവയായി എനിയ്ക്കുതോന്നുകയും പിന്നീടുള്ള എന്റെ ഉറക്കങളില്‍ അവയൊക്കെ സ്ലൈഡ്ഷോകളായി മിന്നിമറയുകയും ഞാന്‍ പേടിസ്വപ്നങള്‍ കണ്ടപോലെ ഞെട്ടിത്തരിയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു...

അതുവരെ മലയാളമൊഴിച്ച് ബാക്കിയെല്ലാം വെറും കാ-പീ-കൂവാണെന്നു ധരിച്ചിരുന്ന ഞാന്‍ അത്തരം ധാരണകള്‍ ശുദ്ധ അബദ്ധങ്ങളാണെന്ന് പതിയെ പതിയെ തിരിച്ചറിയാന്‍ തുടങ്ങുകയും ഒപ്പം വേഡ്ച്ഛിയില്‍ അന്തര്‍ലീനമായ അനന്തസാധ്യതകള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയും മന്ദം മന്ദം മനംമാറ്റം വരികയും നാട്ടിലേയ്ക്കുപോകാതെതന്നെ ‘വിസിറ്റിംഗ് വിസ‘ അണ്‍ലിമിറ്റഡാക്കി പുതുക്കി ഇനി എന്നെ തല്ലിക്കൊന്നാലും ഞാനിവിടം വിടില്ലെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു...

പിന്നെയങോട്ട്, കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി അസംബ്ലിംഗ് വരെ, ഹകു ഷാ മുതല്‍ വാസുദേവ് സ്മാര്‍ത്ത് വരെ, നൂല്‍ നൂക്കുന്നതുമുതല്‍ ഖാദികൂര്‍ത്തവരെ, പൊവ നാസ്ത മുതല്‍ ബേഗന്‍ രായ്ത വരെ, ജയപ്രകാശ് നാരായണ്‍ മുതല്‍ നാരായണ്‍ ദേശായി വരെ, സൂറത്തിലെ പ്ലേഗുമുതല്‍ കച്ചിലെ വെള്ളപ്പൊക്കം വരെ, സുരേന്ദ്ര ഗാഡേകര്‍ തുടങ്ങി നചികേത ദേശായിവരെ.... അങ്ങനെയങ്ങനെ ഞാനറിയാതെതന്നെ തലങ്ങും വിലങ്ങും എന്നിലേയ്ക്കുവന്നുവീണ അനുഭവങ്ങളുടെ, അനുഭവസ്ഥരുടെ പൂമ്പൊടിയേറ്റ് കിടന്ന വിദ്യാലയത്തിലെ മൂന്നുവര്‍ഷങ്ങള്‍..., കൈമോശം വന്നുപോകുമായിരുന്ന എന്നിലെ എന്നെകാട്ടിത്തരുകയും മനുഷ്യജീവിതത്തെ ഒരു പുതിയ കണ്ണിലൂടെ നോക്കികാണുവാന്‍ വഴിയൊരുക്കിത്തരുകയുമായിരുന്നു...


" ഹലോ, ന്റെ പൊന്നുചേട്ടോ... ഇതെന്തുവാ സംഭവം?"... "എന്തോന്ന് സമ്പൂര്‍ണ്ണക്രാന്തി..."? "എന്തോന്ന് വേഡ്ച്ഛി...., എന്തോന്ന് വിദ്യാലയം....???" എന്നല്ലേ, ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുയരുന്ന ചോദ്യം... അതെ, അതങ്ങനെയാണ് സമ്പൂര്‍ണ്ണക്രാന്തിവിദ്യാലയത്തെക്കുറിച്ച് പറയാതെ ഒരു പക്ഷേ, എനിയ്ക്കെന്നെക്കുറിച്ച് പറയാന്‍ കഴിയില്ല. ആയതുകൊണ്ട്, ഇത്തരമൊരു പരിചയപ്പെടുത്തല്‍ എഴുതുന്ന എനിയ്ക്കും വായിയ്ക്കുന്ന നിങ്ങള്‍ക്കുംവേണ്ടി, ഒപ്പം ആകപ്പാടെ കിട്ടിയ ഈ കൊച്ചുജീവിതത്തില്‍ വീണുകിട്ടിയ കൊച്ചുകൊച്ചുസന്തോഷങ്ങള്‍ നമ്മേപോലെ നമ്മോടൊപ്പം ജീവിയ്ക്കുന്ന മറ്റുപലര്‍ക്കും നിഷേധിയ്ക്കപ്പെടുന്നത് കണ്ടുനില്ക്കാനാകാത്തവര്‍ക്കുവേണ്ടി, മനുഷ്യത്വമുള്ള ഒരു പറ്റം മനുഷ്യരുടെ സത്കര്‍മ്മകൂട്ടായ്മയെക്കുറിച്ച്, സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തെക്കുറിച്ച്, ഞാനിവിടെ കുറിച്ചിടുന്നു...


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *



സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയം: ഒരു പരിചയം

ലളിതമായി പറഞ്ഞാല്‍, മനുഷ്യത്വപരമായ എല്ലാ സദ്ചിന്തകളോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറിയ ആശ്രമ-സാമൂഹ്യ-സംസ്കാരിക-കൂട്ടായ്മ... അതാണ്‌ സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയം!

ഭൂമിശാസ്ത്രപരമായി, സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ, വേദ്ച്ഛി എന്ന ചെറിയ ഒരു ഗ്രാമത്തില്‍, ഏകദേശം മൂന്നേക്കറയോളം വരുന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ശ്രീ
ജയപ്രകാശ് നാരയണന്റെ പ്രത്യയശാസ്ത്ര (ideology) മായിരുന്ന 'സമ്പൂര്‍ണ്ണ ക്രാന്തി അഥവാ സമ്പൂര്‍ണ വിപ്ലവം' എന്ന സ്വപ്നസാക്ഷാല്‍കാരത്തിനായി അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീ നാരായണ്‍ ദേശായിയുടെ നേതൃത്വത്തില്‍ നടന്ന "സമ്പൂര്‍ണ ക്രാന്തി വിദ്യാലയം (Institute for Total Revolution)" എന്ന പേരിലുള്ള ട്രസ്റ്റ്‌ രൂപീകരണത്തോടെ 1980ല്‍ സ്ഥാപിയ്ക്കപ്പെട്ടതാണ്‌.

അടിസ്ഥാനപരമായി ഈ വിദ്യാലയം, മഹാത്മഗാന്ധിയുടേയും, വിനോബാ ഭാവേയുടെയും ആശയങ്ങളോടും ആണവിരുദ്ധപ്രവര്‍ത്തകരോടും അനുകൂലമായ നയപ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ചുപോരുകയും ഈ വിശ്വാസങ്ങളെ, കഴിയുന്നതിന്റെ പരമാവധി ജനങ്ങളിലെത്തിക്കുക ഏന്ന ലക്ഷ്യത്തിന്റെ ഭാഗമായി, സമാനമനസ്കരായ ലോകത്തെമ്പാടുമുള്ള പൗരന്മാര്‍ക്ക്‌ വേണ്ടരീതിയില്‍ ട്രെയിനിംഗ്‌ കൊടുക്കുകയും അവര്‍ക്ക്‌ വിദ്യാലയത്തില്‍ , സൗജന്യമായി, താമസിച്ചു പഠിയ്ക്കുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ ഒരല്‍പം experimental കൃഷിയും ഇവിടത്തെ ദൈനംദിന-സാമൂഹ്യജീവിതത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്‌.

1980-കളില്‍, ശ്രീ ജയപ്രകാശ്‌ നാരായണനുണ്ടായിരുന്ന രക്തസംബന്ധമായ അസുഖത്തെതുടര്‍ന്ന് തുടരെതുടരെയുള്ള രക്തമാറ്റം അനിവാര്യമായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളെല്ലാം ചേര്‍ന്ന്, 'ഒരാളില്‍നിന്ന് ഒരു രൂപാ മാത്രം' എന്ന രീതിയില്‍ ഇന്ത്യയിലൊട്ടാകെ ഒരു സംഭാവനപിരിവുനടത്തുകയും പ്രതീക്ഷകള്‍ക്കതീതമായി ജനസമ്മതനായിരുന്ന ആ നേതാവിനുവേണ്ടി, ഒറ്റരൂപാസംഭാവന എന്ന മാനദണ്ഡത്തില്‍ നിന്നുകൊണ്ടുതന്നെ വന്‍പിച്ച തോതില്‍ ധനശേഖരണം നടക്കുകയും, ശേഷം, ആ പണത്തിന്റെ പത്തിലൊന്നുപോലും അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക്‌ ചിലവാകാതെ വരികയും വന്നതുമൂലം, വന്‍തോതില്‍ മിച്ചം വന്ന പണം പിന്നീട്‌, ജനസേവനത്തിനുവേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സാമൂഹ്യസംഘടനകളെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന സദുദ്ദേശലക്ഷ്യവുമായി 'ജയപ്രകാശ്‌ അമൃത്‌
കോശ്‌' എന്നപേരില്‍ ഒരു ട്രസ്റ്റ്‌ തുടങ്ങി നിക്ഷേപിയ്ക്കുകയുമായിരുന്നു... വര്‍ഷംതോറും അതില്‍നിന്നൊരു വിഹിതം വേദ്ച്ഛിയിലെ ഈ വിദ്യാലയത്തിന്‌ അതിന്റെ നടത്തിപ്പുകാര്യങ്ങളിലേയ്ക്കായി കിട്ടികൊണ്ടിരിയ്ക്കുകയും ചെയ്തുപോരുന്നു. (കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷങ്ങളായിട്ട്‌ വിദ്യാലയം ഈ തുക നിരസ്സിക്കുകയും സ്വയം പര്യാപ്തി കൈവരിച്ചതായും അറിയുന്നു...). ഫോറിന്‍ ഫണ്ടിംഗിനെ വിദ്യാലയം ഏതൊരവസ്ഥയിലും സപ്പോര്‍ട്ടുചെയ്യുന്നില്ല എന്നത് ഈയവസരത്തില്‍ പ്രത്യേകം എടുത്തുപറയുന്നു..

പ്രധാന പ്രവര്‍ത്തികള്‍

രാജസ്ഥാനിലെ രാവത്‌ ഭാട്ടയിലുള്ള ആണവനിലയത്തിനു ചുറ്റും താമസിയ്ക്കുന്ന ജനങ്ങളിലെ ജനിതകവും അല്ലാതെയുമുള്ള ആരോഗ്യപരമായ വൈകല്യങ്ങളെക്കുറിച്ചും ഒറീസ്സയിലെ ജദുഗുഡയിലുള്ള യുറേനിയം മൈനിംഗ്‌ തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിദ്യാലയം നടത്തിയ സര്‍വ്വേകള്‍ ദേശീയതലത്തില്‍ ഒരുപാട്‌ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുള്ള സത്യസന്ധമായ ആധികാരികപഠനങ്ങളാണ്‌. അതുപോലെതന്നെ പ്ലേഗ്‌, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയുള്ള പ്രകൃതിക്ഷോഭങ്ങളില്‍ വിദ്യാലയവാസികള്‍ നടത്തിയിട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തികള്‍ അതീവപ്രശംസനാര്‍ഹമാണ്‌.

പെര്‍മാ-കള്‍ച്ചര്‍, നാച്ചുറല്‍ ഫാര്‍മിംഗ്‌ തുടങ്ങിയ ജൈവ കൃഷിരീതികളില്‍ വിദ്യാലയം കാണിയ്ക്കുന്ന താല്‍പര്യങ്ങളും ഇതേ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി ഇവര്‍ വച്ചു പുലര്‍ത്തുന്ന ബന്ധങ്ങളും ഈ വിഷയങ്ങളെക്കുറിച്ച്‌ പഠിയ്ക്കാന്‍ താല്‍പര്യമുള്ളവരുടെ അന്വേഷണങ്ങളെ സാരമായി തന്നെ ലഘൂകരിയ്ക്കുന്നു...

ഭൂമികുലുക്കത്തിനുശേഷം, സാമ്പത്തികമായും വംശപരമായി തന്നെയും വെല്ലുവിളികള്‍ നേരിടുന്ന , കച്ചിലെ ഭുജ്‌ ജില്ലയിലെ പാരമ്പര്യ കച്ചവടക്കാരായ നെയ്ത്തുകാരില്‍നിന്നും, നാചുറല്‍ ഡൈ-യും നാചുറല്‍ കളറുകളും ഉപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങള്‍ നല്ല വിലകൊടുത്തു വാങ്ങി ഒട്ടും ലാഭേച്ഛയില്ലാതെ മറിച്ചുവില്‍ക്കാനുള്ള സംവിധാനവും, ഏറെ വിജയകരമായി വിദ്യാലയം നടത്തിപോരുന്നു.

സാമൂഹ്യസേവനത്തെ കുറിച്ചും, കലാരൂപങ്ങളെക്കുറിച്ചും, കൃഷിയെക്കുറിച്ചും മറ്റുമുള്ള
ജനനന്മയ്ക്കുതകുന്ന തരത്തിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയും ഇവിടെ വര്‍ഷം തോറും ശില്‍പശാലകകളും മറ്റും സംഘടിപ്പിച്ചുപോരുന്നു...

1991ല്‍, കണ്ണൂരിനടുത്തുള്ള പെരിങ്ങോം എന്ന സ്ഥലത്ത്‌, കേരളസര്‍ക്കാര്‍ തുടങ്ങാനിരുന്ന ആണവോര്‍ജ്ജ പദ്ധതിയെക്കുറിച്ചും അതുവന്നാലുണ്ടാകാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സൂറത്തില്‍ നിന്ന് പെരിങ്ങോത്തേയ്ക്ക്‌ 40-ഓളം പേരടങ്ങുന്ന സംഘവുമായി വിദ്യാലയം നടത്തിയ, ഒരു മാസത്തോളം നീണ്ടുനിന്ന സൈക്കിള്‍ യാത്രയും ഗാന്ധിജിയുടെ ആശയവും സ്വപ്നവുമായിരുന്ന "ഹിന്ദ്‌സ്വരാജ്‌" എന്ന സന്ദേശവുമായി സൂറത്തില്‍ നിന്നും ഉത്തരഗുജറാത്തിലെ, ഭാവ്‌ നഗര്‍ ജില്ലയിലെ 'സാവര്‍കുണ്ട്‌ലാ' എന്ന സ്ഥലത്തേയ്ക്ക്‌ വിദ്യാലയം നടത്തിയ, 30 പേരോളമടങ്ങിയ, സൈക്കിള്‍ യാത്രയും വിദ്യാലയത്തിന്റെ ചരിത്രത്തില്‍, കൂടുതല്‍ ജനങ്ങളിലേയ്ക്ക്‌ ഒരേസമയം സംഘടിതമായി സന്ദേശമെത്തിയ്ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ എടുത്തുപറയേണ്ടുന്ന സംഭവങ്ങളാണ്‌.

ജനനന്മയെക്കുറിച്ചും ആണവവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗാന്ധിജിയുടെ സമാധാന സന്ദേശത്തെക്കുറിച്ചും വികല്‍പവൈദ്യുതിയെക്കുറിച്ചും നടക്കുന്ന അന്താരാഷ്ട്രസെമിനാറുകളിലും ശില്‍പശാലകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദ്യാലയത്തിലെ പ്രമുഖവ്യക്തികള്‍ പങ്കെടുക്കാറുണ്ട്‌...

വിദ്യാലയത്തിലെ ചില പ്രമുഖവ്യക്തികള്‍

നാരായണ്‍ ദേശായി

ഇപ്പോള്‍ 83 വയസ്സ്‌ പ്രായമുള്ള ശ്രീ നാരായണ്‍ ദേശായി ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന ശ്രീ
മഹാദേവ ദേശായിയുടെ ഒരേയൊരു പുത്രനാണ്‌. ഗാന്ധിയെക്കുറിച്ച്‌ ഇദ്ദേഹം നടത്തിയിട്ടുള്ളയത്രയും ആധികാരികമായ പഠനങ്ങള്‍, ഒരു പക്ഷെ, ഗാന്ധിജിയുടെ കുടുംബക്കാര്‍ പോലും ചെയ്തിരിയ്ക്കാന്‍ വഴിയില്ല... പിറന്നതും വളര്‍ന്നതും പഠിച്ചതുമെല്ലാം ഗാന്ധിജിയുടെ "സാബര്‍മതി ആശ്രമത്തില്‍". തന്റെ ഇരുപതുവയസ്സുവരെ ഗാന്ധിജിയോടൊപ്പം സാബര്‍മതിയില്‍ കഴിഞ്ഞിട്ടുള്ള ഇദ്ദേഹം സ്വാതന്ത്ര്യസമരമടക്കം ഒട്ടനവധി സമരമുറകളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ജയപ്രകാശ്‌ നാരായണനോടോപ്പം ചേര്‍ന്ന് പ്രര്‍ത്തിയ്ക്കുകയുമായിരുന്നു... സ്വാതന്ത്ര്യസമരക്കാലത്ത്‌ ‘ജയിലില്‍ കിടന്നവരെമാത്രം‘ സ്വാതന്ത്ര്യസമരസേനാനികളായി മുദ്രകുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരിന്റെ കണ്ണില്‍ 'ജയിലില്‍' കിടക്കാതെപോയതുകൊണ്ട്‌ മാത്രം നാരായണനെ ഒരു സ്വാതന്ത്ര്യസമരസേനാനിയായി കണക്കുകൂട്ടിയില്ലെന്നത്‌ രസകരമായ വസ്തുതയാണ്‌.

ഗാന്ധിജിയുടെ ആശ്രമത്തില്‍തന്നെ അക്ഷരാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ച നാരായണ്‍, നര്‍മ്മത്തോടെ 'താന്‍ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല' എന്നു പറയുമെങ്കിലും, ഇതിനകം നൂറിലേറെ കവിതകളും ഇരുപതിലേറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്‌. 1996-ല്‍, തന്റെ പിതാവിനെ(മഹാദേവ് ദേശായി)ക്കുറിച്ച് ഗുജറാത്തിഭാഷയില്‍ എഴുതിയ ഉപന്യാസ


ഗ്രന്ഥത്തിന്‌ (അഗ്നികുണ്ഡമാ ഉഗേലു ഗുലാബ്‌) കേന്ദ്രസാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌. 2004 ലെ ജ്ഞാനപീഠത്തിന്റെ 'മൂര്‍ത്തീദേവി അവാര്‍ഡ്‌' കിട്ടിയിരിക്കുന്നതും ഇദ്ദേഹത്തിനാണ്‌. ഗാന്ധിജിയെക്കുറിച്ച്‌ നാലു വാള്യങ്ങളില്‍ ഇദ്ദേഹം എഴുതിയ കൃതിയാണ്‌ ഈ ബഹുമതിയ്ക്കദ്ദേഹത്തെ അര്‍ഹനാക്കിയത്‌. ഈ സാഹിത്യ അവാര്‍ഡുകളെക്കൂടാതെ ജമനാലാല്‍ ബജാജ്‌ അവാര്‍ഡും സമാധാനത്തിനുള്ള യുനെസ്കോ പുരസ്കാരവും ഇദ്ദേഹത്തിനു കിട്ടുകയുണ്ടായി...

ഈ എണ്പത്തിമൂന്നാമത്തെ വയസ്സിലും ചുറുചുറുക്കോടെ "ഗാന്ധികഥ" പോലുള്ള പ്രഭാഷണ ശില്‍പശാലകളുടെ ചുക്കാന്‍ പിടിയ്ക്കുകയും മറ്റു സാമാജികപ്രവര്‍ത്തനങ്ങളില്‍ തന്റെ സാമീപ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ശ്രീ ദേശായി ഇപ്പോള്‍ ഗുജറാത്ത് വിദ്ധ്യാപീഠിന്റെ (University) ചാന്സലറാണ്. ഈ വരുന്ന ഡിസംബര്‍ 24 മുതല്‍ ഗുജറാത്ത്‌ സാഹിത്യകലാ അകാദമിയുടെ പ്രസിഡന്റ് പദവിയും ഏറ്റെടുക്കുന്നു.

ഒറീസ്സയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നബോകൃഷ്ണ ചൗധരിയുടെ എകമകള്‍ ഉത്തരാ ദേശായിയായിരുന്നു ഭാര്യ (ഇന്ന് ജീവിച്ചിരിപ്പില്ല). മൂന്നുമക്കള്‍:
സംഗമിത്രാ ഗാഡേകര്‍, നചികേത ദേശായി, അഫ്ലാത്തൂന്‍ ദേശായി.


ഡോ: സുരേന്ദ്ര ഗാഡേകര്‍:

54-നടുത്തു പ്രായമുള്ള, ശ്രീ ഗാഡേകര്‍, ഊര്‍ജ്ജതന്ത്രശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്‌ ഉള്ളയാളാണ്‌. വര്‍ഷങ്ങളോളം ബാംഗ്ഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്‌ ഓഫ്‌ സയന്‍സില്‍, ശാസ്ത്രജ്ഞനായി ജോലി നോക്കിയിട്ടുള്ള ഇദ്ദേഹം, അമേരിക്കയില്‍ ശാസ്ത്രസംബന്ധമായ ജോലി നോക്കിയിരിയ്ക്കേ, എണ്‍പതുകളുടെ അവസാനത്തോടെ, ജോലി രാജിവച്ച്‌, സമൂഹ്യവ്യവസ്ഥിതികളില്‍ വന്നുചേരേണ്ട അനിവാര്യമായ മാറ്റത്തിന്റെ ആവശ്യകതകളെ സ്വയമുള്‍കൊണ്ട്‌, അതിനുവേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്ന വേദ്ച്ഛിയിലെ വിദ്യാലയത്തില്‍, കുടുംബസമേതം വന്നുചേരുകയും വിദ്യാലയത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കാളിത്വം വരിയ്ക്കുകയും ചെയ്തതിനോടൊപ്പം തന്നെ, "അണുമുക്തി" എന്ന പേരില്‍ ഒരു മാഗസിന്‍ പ്രസിദ്ധീകരിയ്ക്കുകയും അതിന്റെ എഡിറ്ററായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. നാരായണ്‍ ദേശായിയുടെ ഒരേയൊരു മകളായ സംഗമിത്രയുടെ ഭര്‍ത്താവാണ്‌ ഇദ്ദേഹം.

ഇന്ത്യയിലെ അറിയപ്പെടുന്ന
ഒരു പരിസ്ഥിതിപ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി, ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാന ആണവവിരുദ്ധപ്രവര്‍ത്തകന്‍ എന്ന വിശേഷണമാണ്‌ ഗാഡേകര്‍ക്ക്‌ കൂടുതല്‍ ചേരുക. അതോടൊപ്പം തന്നെ, എതൊരു വിഷയത്തിലും ആധികാരികമായി സംസാരിയ്ക്കാനുള്ള ഇദ്ദേഹത്തിന്റെ പ്രാവീണ്യം അത്ഭുതാവഹമായി പലപ്പോഴും തോന്നിയിട്ടുണ്ട്‌.

എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ ഗുണങ്ങളില്‍ നിന്നെല്ലാം മാറി, എന്നെയാകര്‍ഷിച്ചത്‌ ഇദ്ദേഹത്തിന്റെ ഫൈന്‍ ആര്‍ട്ടിനോടുള്ള താല്പര്യങ്ങളാണ്. നല്ലൊരു പെയിന്ററും ഫോട്ടോഗ്രാഫറും കൂടിയാണ്‌ ഇദ്ദേഹം. ജര്‍മ്മനിയിലെ, ഒരു ഗാലറിയില്‍, ഏതാണ്ട്‌ ഒരുവര്‍ഷത്തോളം ഇദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനം നടന്നിട്ടുണ്ട്‌.

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പുതിയതായിവരാന്‍ പോകുന്ന ആണവനിലയം പ്രൊപോസ്‌ ചെയ്തിട്ടുള്ള മേഖലയില്‍ താമസിയ്ക്കുന്ന ജനങ്ങളുടെ ഇപ്പോഴത്തെ ആരോഗ്യപരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള സര്‍വ്വേയില്‍ വ്യാപൃതനാണ്‌. (സര്‍വ്വോപരി, എന്റെ ഗുരു എന്ന് ഞാന്‍ കരുതുന്ന വ്യക്തി... :) അദ്ദേഹമങ്ങനെ പറയില്ലെങ്കിലും..)


സംഗമിത്രാ ഗാഡേകര്‍

ഉമാദീദി, അങ്ങനെയാണ്‌ അടുത്തറിയുന്നവര്‍ വിളിയ്ക്കുന്ന പേര്‌. നാരായണ്‍ ദേശായിയുടെ ഏകമകള്‍, സുരേന്ദ്ര ഗാഡേകറിന്റെ ഭാര്യ. മെഡിക്കല്‍ ഡോക്റ്റര്‍. വാരണാസിയിലെ സര്‍ സുന്ദര്‍ ലാല്‍ ഹോസ്പിറ്റലിലും വില്ലേജ് ഹോസ്പിറ്റല്‍ ഓഫ് കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനിലും സര്‍ജറിവിഭാഗത്തിന്റെ മുഖ്യസ്ഥാനം വഹിച്ചിരുന്ന സംഗമിത്രാ, പിന്നീട്‌ സുരേന്ദ്രയോടൊപ്പം അമേരിക്കയിലും മറ്റും സേവനമനുഷ്ഠിച്ച ശേഷം, വേദ്ച്ഛിയില്‍ എത്തിചേരുകയായിരുന്നു. സുരേന്ദ്രയെ ഹെല്‍ത്ത്‌ സര്‍വ്വേ പോലുള്ള ആധികാരിക പഠനങ്ങളില്‍ സഹായിയ്ക്കുന്നതിനോടൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യം, മറ്റു പരിസ്ഥിതിപ്രശ്നങ്ങള്‍ കൂടാതെ, ആരോഗ്യചികിത്സ ആവശ്യമുള്ള ഗ്രാമവാസികള്‍ക്കനുകൂലമായ ട്രീറ്റ്‌ മെന്റും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുന്നു. വിദ്യാലയത്തിന്റെ പേരില്‍ നടന്നിട്ടുള്ള പല സാമൂഹിക-സാംസ്കാരിക-സമര പാതകളിലും നേതൃത്വം നല്‍കി നയിച്ചിട്ടുള്ളത്‌ സംഗമിത്രയാണ്‌. കൂടാതെ, മേല്‍പറഞ്ഞ ‘വിവിധ‘ എന്ന പേരില്‍ നടത്തുന്ന 'വസ്ത്രവ്യാപാരത്തിന്റെ' ചുമതല കൂടി സംഗമിത്ര ഏറ്റെടുത്തുനടത്തുന്നു...


വിദ്യാലയത്തിലെ ചില രീതികള്‍

പരമ്പരാഗത (conventional Studies) സര്‍ട്ടിഫിക്കറ്റ്‌ വിദ്യഭാസത്തെ പ്രോത്സാഹിപ്പിയ്ക്കാത്ത ഈ വിദ്യാലയം സ്വതസിദ്ധമായ പാരമ്പര്യരീതികളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന പാഠ്യരീതികളില്‍ വിശ്വസിയ്ക്കുകയും കൂടുതലും 'പ്രാക്റ്റിക്കലായി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു'. ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ ശീലിച്ചുപോരുന്ന ചില പ്രവര്‍ത്തികളാണ്‌ ഞാനിനിയിവിടെ കുറിച്ചിടാന്‍ പോകുന്നത്‌...

വിദ്യാര്‍ഥികളില്‍ കൂടുതല്‍ ചുമതലാബോധം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിന്റെ നടത്തിപ്പ്‌ (administration) കാര്യങ്ങള്‍ അതിന്റെ സ്വഭാവമനുസരിച്ച്‌ ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ പോലെ, ഓരോ വിഭാഗമാക്കി വേര്‍ത്തിരിച്ച്‌, ഒരുമാസക്കാലയളവിലേയ്ക്ക്‌ ഒരോരുത്തരേയും ചുമതലപ്പെടുത്തുന്നു. വകുപ്പുകളുടെ സ്വഭാവമനുസരിച്ച്‌ ഇവരും "മന്ത്രി" എന്നു വിളിയ്ക്കപ്പെടുന്നു. ഉദാഹരണത്തിന്‌, വിദ്യാലയത്തിലെവിടെയുമുള്ള വിദ്യുത്സംബന്ധമായ ചുമതല "വിദ്യുത്‌മന്ത്രി"യുടേതാണ്‌. എക്സ്റ്റന്‍ഷന്‍ കണക്ഷനുകള്‍, മാറ്റിയിടെണ്ടിവരുന്ന ഫ്യൂസായ റ്റ്യൂബുകള്‍ ബള്‍ബുകള്‍, വാട്ടര്‍പമ്പുകളുടെ മെയിന്റനന്‍സ്‌ തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു. ഇതിനാവശ്യമായ പണം "ധനമന്ത്രി"യുടെ പക്കല്‍ നിന്നും വാങുകയും ശേഷം ബില്‍ സമര്‍പ്പിയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍, ജലവകുപ്പ്‌, ഭക്ഷ്യവകുപ്പ്‌, ഐ ടി, കൃഷിവകുപ്പ്‌ എന്നിങ്ങനെയുള്ള
എല്ലാ വകുപ്പുകളിലേയ്ക്കുമുള്ള ഒരുമാസത്തെ മൊത്തം ചെലവിന്നാവശ്യമായ ഏകദേശം പണം വിദ്യാലയത്തിന്റെ അകൗണ്ടന്റിന്റെ
കൈയ്യില്‍നിന്ന് മുന്‍-കൂറായി വാങ്ങി അതിന്റെ കണക്കുകാര്യങ്ങള്‍ യഥാക്രമം നടത്തുകയാണ്‌ "ധനമന്ത്രി"യുടെ ചുമതല.


ദിനചര്യകള്‍

രാവിലെ, 6:00 മണിയ്ക്ക്‌, പ്രകൃതി പ്രാര്‍ത്ഥനയോടെ, ആരംഭിയ്ക്കുന്ന ക്ലാസ്സ്‌ 7:00 മണി വരെ നീളുന്നു. ക്ലാസ്സിന്റെ വിഷയം തിരഞ്ഞെടുക്കുന്നത്‌ വിദ്യാര്‍ഥികള്‍ തന്നെയാണ്‌. അധികവും ഭൂരിപക്ഷം മാനിയ്ക്കുന്ന വിഷയങ്ങളായിരിയ്ക്കും, അല്ലാത്തവര്‍ ഒഴിവുസമയങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ടവരെ സമീപിയ്ക്കുകയാണ്‌ പതിവ്‌. 7 മുതല്‍ 7:30 വരെ, പ്രഭാതഭക്ഷണം. ശേഷം, 7:30 മുതല്‍ 9:00 വരെ കൃഷിയിടങ്ങളില്‍ പണി. പച്ചക്കറിച്ചെടികള്‍ക്ക്‌ വെള്ളമൊഴിയ്ക്കുക, നടുക, കിളയ്ക്കുക തുടങ്ങി എല്ലാത്തരം പണികളിലും വിദ്യാര്‍ഥികള്‍ വ്യാപൃതരാകുന്നു. കോമണ്‍ കൃഷിയിടങ്ങള്‍ക്കുപുറമേ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടുതല്‍ എക്സിപെരിമന്റ്‌ ചെയ്യുവാനും പ്രത്യേകം കൃഷിയിടങ്ങള്‍ ഉണ്ടാക്കുവാനും അനുവാദമുണ്ട്‌. ഒന്‍പതുമണിയ്ക്കുശേഷം വിശ്രമം, കുളി തുണിയലക്കല്‍ തുടങ്ങിയ വ്യക്തിപരദിനചര്യകള്‍ക്കുശേഷം, 11:30 ന്‌ വീണ്ടും ക്ലാസ്സ്‌ 12:30 വരെ. ഈ സമയം വിഷയവും ടീച്ചറും മാറിയിട്ടുണ്ടാകും. 12:30 മുതല്‍ 1 മണിവരെ
ഉച്ചഭക്ഷണം.
എല്ലാ അന്തേവാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു. ആരെങ്കിലും എത്താന്‍ നേരം വൈകുന്നുവെങ്കില്‍, അവരെ എത്തുവാനായി എല്ലാവരും കാത്തിരിയ്ക്കുന്നു. (ഈ പ്രവണത, വൈകിവരുന്നവരെ വീണ്ടുമതാവര്‍ത്തിയ്ക്കുന്നതില്‍നിന്നും വിലക്കുന്നു). 1മണിമുതല്‍ 3 മണി വരെ വിശ്രമം. 3 മുതല്‍ 4 വരെ "കൈത്തൊഴില്‍ പരിശീലനം". കമ്പ്യൂട്ടര്‍, ടൈപ്‌ റൈറ്റിംഗ്‌, തയ്യല്‍, നൂല്‍നൂല്‍ക്കല്‍, ലൈബ്രറി മൈന്റൈനന്‍സ്‌ തുടങ്ങി ഒത്തിരി പണികള്‍ ഈ സമയത്ത്‌ പഠിയ്ക്കാനുള്ള വ്യവസ്ഥകള്‍ വിദ്യാലയത്തിലുണ്ട്‌. 4 മുതല്‍ 4:30 വരെ വിശ്രമം. 4:30 മുതല്‍, 6:30 വരെ വീണ്ടും കൃഷിയിടത്തില്‍. 6:30 മുതല്‍ 7:30 വരെ വീണ്ടും വിശ്രമം. 7:30മുതല്‍ 8:15 വരെ ഡിന്നര്‍. 8:15 മുതല്‍ 9:00 വരെ മീറ്റിംഗും പ്രാര്‍ത്ഥനയും. ഈ മീറ്റിംഗില്‍ അന്നു നടന്ന സംഭവങ്ങള്‍ മറ്റു സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പങ്കുവയ്ക്കുകയും അവരുടെ
അഭിപ്രായങ്ങള്‍ ചോദിയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ അടുത്തദിവസത്തേയ്ക്കുള്ള കര്‍മ്മപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. വിദ്യാലയത്തില്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതിന്‌ ഹൈരാര്‍ക്കിയില്ല. ഞായറാഴ്ചദിവസം മീറ്റിങ്ങിനുപകരം, കലാപരിപാടികളാണ്‌... ഭാഷാവിത്യാസമില്ലാതെ എല്ലാവരും എന്തെങ്കിലും പരിപാടികള്‍ അവതരിപ്പിയ്ക്കണമെന്നാണ്‌ 'നിയമം'. 9:00ന്‌ എല്ലാവരും അവരവരുടെ കിടപ്പുമുറികളിലേയ്ക്ക്‌.... വിദ്യാലയത്തിലെ ഒരു ദിവസം അങ്ങനെ പൂര്‍ണ്ണമാകുന്നു!

നേരത്തെ പറഞ്ഞപോലെ, ഒരൊറ്റ ഊട്ടുപുരയിലാണ്‌ എല്ലാവരും ഭക്ഷണങ്ങള്‍ വയ്ക്കുന്നത്‌. ഭക്ഷണം വയ്ക്കുന്നവരോ വിദ്യാര്‍ത്ഥികളും. അംഗബലമനുസരിച്ച്‌ ഒന്നോ രണ്ടോ മെംബര്‍മാരായിരിയ്ക്കും ഒരു ദിവസത്തെ ഓരോസമയത്തേയും ഭക്ഷണം തയ്യാറാക്കേണ്ടത്‌. ഭക്ഷണം തയ്യാറക്കാന്‍ അറിയാത്തവരെ അറിയുന്നവരോടൊപ്പം സഹായിയായി ചേര്‍ക്കുന്നു. ഇങ്ങനെ മാറിമാറിവരുന്ന "ഠോലി" എന്നു വിളിയ്ക്കുന്ന ഈ പ്രക്രിയയില്‍, 20 പേരുണ്ടെങ്കില്‍ ഒരുതവണ ഭക്ഷണം വച്ചയാള്‍ക്ക്‌ അടുത്ത 20-മത്തെ ദിവസമായിരിയ്ക്കും വീണ്ടും ഭക്ഷണം വയ്ക്കേണ്ടിവരിക. വെജിറ്റേറിയന്‍ ഭക്ഷണത്തിനെ അനുകൂലിയ്ക്കുന്ന വിദ്യാലയം പക്ഷെ, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ എതിര്‍ക്കുന്നില്ലെങ്കിലും, മല്‍സ്യമാംസാദികള്‍ പാചകം ചെയ്യുന്ന ഒരടുക്കളയില്‍ വയ്ക്കുന്ന ഭക്ഷണം കഴിയ്ക്കാന്‍ മറ്റാര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍, വിദ്യാലയം അതിനെ അനുകൂലിക്കില്ല. നോണ്‍-വെജിറ്റേറിയന്‍ ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക്, വിദ്യാലയത്തിനു പുറത്ത്‌ അതിനുള്ള വഴികള്‍ കണ്ടെത്താവുന്നതാണ്‌.

അതിഥിദേവോ ഭവ:

പുതിയതായി വിദ്യാലയത്തില്‍ എത്തിപ്പെടുന്ന ഒരു വ്യക്തി, വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അടുത്ത മൂന്നുദിവസത്തേയ്ക്ക്‌, എല്ലാവിധ ആതിഥേയ വ്യവസ്ഥകളോടെയും ഒരതിഥിയായി കണക്കാക്കപ്പെടുന്നു. അതായത്‌, വിദ്യാലയത്തിന്റെ ദൈനംദിനചര്യകളില്‍ ഇവര്‍ക്ക്‌ ഈ മൂന്നുദിവസം ഇളവുണ്ട്‌. ഈ സമയം അതിഥിയ്ക്ക്‌ വിദ്യാലയത്തിന്റെ രീതികളെക്കുറിച്ച്‌ പഠിയ്ക്കുകയും അതിനനുസരിച്ച്‌ പെരുമാറാനുമുള്ള ഒരവസരവുമായി വേണമെങ്കില്‍ ഇതിനെ കരുതാം. എന്നാല്‍ മൂന്നുദിവസത്തിനുശേഷം, ഈ വ്യക്തി വിദ്യാലയത്തിന്റെ ദൈനംദിന കാര്യക്രമങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കേണ്ടതുണ്ട്‌. ഇവിടെ ഇതിങ്ങനെ വലിച്ചുനീട്ടിയതുകൊണ്ട്‌, ഇതൊരു കീറാമുട്ടിയാണെന്നാരും ധരിയ്ക്കരുത്‌.
തന്നെയുമല്ല, ഈ ലേഖനത്തില് പറയുന്ന വ്യവസ്ഥകളൊക്കെത്തന്നെ, കാലാകാലങ്ങളില് മാറിമാറിവരുന്ന വിദ്യാലയവാസികളുടെ സൗകര്യങ്ങള്ക്കനുസരിച്ച് മാറ്റം വരുത്താവുന്നവയാണ്. ആയതുകൊണ്ട്, ഒരുപക്ഷെ ഞാനിവിടെപ്പറയുന്ന പലകാര്യങ്ങളും ഇതിനകം മാറിയിട്ടുമുണ്ടാകാം...


കാമ്പസിനുപുറത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം

വിദ്യാലയത്തിനുള്ളിലുള്ള പാരസ്പരിക ചുമതലകളല്ലാതെ, വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആവശ്യം വരുന്ന, ഉപയോഗപ്പെടുത്താവുന്ന, വിദ്യാലയത്തിനു പുറത്തുള്ള ചില മേഖലകളാണ്‌ ഗ്രാമങ്ങളില്‍ നടക്കുന്ന സര്‍വ്വേകള്‍, ശില്‍പശാലകള്‍, എക്സിബിഷനുകള്‍, ഗാന്ധികഥകള്‍, സൈക്കിള്‍ യാത്രകള്‍, മാറിമാറിവരുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക്‌ ആശ്വാസം എത്തിച്ചുകൊടുക്കുക തുടങ്ങിയവ. ഇതുകൂടാതെ, വിദ്യാലയത്തിനോട്‌ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോരുന്ന സമാനചിന്താഗതിയുള്ള മറ്റു സംഘടനകളോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും ശീലിയ്ക്കുവാനും പഠിയ്ക്കുവാനുമുള്ള അവസരങ്ങളും ഇവിടെ ലഭ്യമാണ്‌.

ഇത്തരത്തിലുള്ള ഒരു ഓര്‍ഗനൈസേഷനാണ്‌ ബാര്‍ദോളിയിലുള്ളസുരുചി കാമ്പസ്. സുരുചി, കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ നടുവാന്‍ പാകമായ പച്ചക്കറിച്ചെടികള്‍ (saplings), ഒറ്റയാള്‍ കൃഷിയ്ക്കുതകുന്ന തരത്തിലുള്ള, വളരെ ലഘുവായ എഫര്‍ട്ട്‌ കുറവുവേണ്ടിവരുന്ന ലളിതമായ മേന്മയേറിയ പണിയായുധങ്ങള്‍, നോട്ട്‌ ബുക്കുകള്‍, അച്ചടിയ്ക്കുന്ന പ്രസ്സ്‌, മെഴുകിതിരി നിര്‍മാണം, സോപ്പ്‌ നിര്‍മ്മാണം, പേപ്പര്‍ നിര്‍മാണം, മരത്തിന്റേയും ഇരുമ്പിന്റേയും ഫര്‍ണീച്ചറുകള്‍ തുടങ്ങി ഒട്ടനവധി പണിരീതികളിലൂടെ ഗ്രാമീണരെ സഹായിച്ചുപോരുന്ന ഒരു ചെറുകിട സംഘടനയാണ്‌. ഇവിടത്തെ ഉല്‍പന്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇവരുടെ തനതുരീതിയിലുണ്ടാക്കുന്ന സോളാര്‍ കൂക്കര്‍. മേല്‍പറഞ്ഞ ഉല്‍പന്നങ്ങളുടെ പ്രവര്‍ത്തനരീതിയെയും നിര്‍മാണരീതിയെയും കുറിച്ച്‌ താല്‍പര്യമുള്ള കുട്ടികള്‍ക്ക്‌ പഠിയ്ക്കുവാനുള്ള അവസരവും വിദ്യാലയം ഒരുക്കിക്കൊടുക്കുന്നു..

അതുപോലെതന്നെ, വേഡ്ഛിയെക്കുറിച്ചുപറയുമ്പോള്‍ ഓഴിവാക്കാനാവത്ത ഒരു വ്യക്തിയാണ്‌, 35 കിലോമീറ്റര്‍ അകലെ മഢി (Madhi) എന്ന ഗ്രാമത്തിലെ കൃഷിക്കാരനായ ശ്രീ ഗിരീന്‍ ഷാ എന്ന ഗിരീന്‍ഭായ്‌. മുംബൈനഗരത്തിലെ ഒരു വലിയ ബിസിനസ്സുകാരനായ ഗിരീന്‍ഭായിയുടെ നാചുറല്‍ ഫാമിംഗിലേയ്ക്കുള്ള താല്‍പര്യം അദ്ദേഹത്തെ, നഗരം വെടിഞ്ഞ്‌, അമ്മയോടോപ്പം, മഢിയിലെത്തിയ്ക്കുകയും അവിടെ കൃഷിയിടത്തിനു നടുവില്‍, മണ്ണും മരവും മുളയുമുപയോഗിച്ച്‌ ഗുജറാത്തി ഗ്രാമീണരീതിയിലുള്ള ഒരു വീടുപണിത്‌, കൃഷിപ്പണി തുടരുവാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു..

ഫുക്കുവോക്കയുടെ രീതിയില്‍ നെല്‍കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ എകദേശം 5-6 ഏക്കറയോളം വരുന്ന കൃഷിയിടത്തില്‍ തഴച്ചുവളരുന്ന നെല്‍ച്ചെടികളും തളിര്‍ത്തുനില്‍ക്കുന്ന പച്ചക്കറികളും മറ്റിതര പഴവര്‍ഗ്ഗങ്ങളുമെല്ലാം കണ്ണിനിമ്പം പകരുന്ന, അത്ഭുതം പകരുന്ന കാഴ്ചകളാണ്‌...

ആദ്യകാലങ്ങളില്‍, കാളയെപൂട്ടി നെല്‍കൃഷിയ്ക്കനുയോജ്യമായ പാടമൊരുക്കുമായിരുന്ന ഗിരീന്‍ഭായ്‌, മണ്ണിനുവന്ന മാറ്റമറിഞ്ഞ്‌, പതിയെ തന്റെ കാളകളെ വില്‍ക്കുകയും പിന്നീട്‌, ഉഴാതെയുള്ള നിലത്ത്‌ കൃഷിയിറക്കാനും തുടങ്ങുകയായിരുന്നു... എന്റെ ആദ്യസന്ദര്‍ശനത്തില്‍, അദ്ദേഹത്തിന്റെ വിവരണങ്ങള്‍ കേട്ട്‌ ഞാനന്തം വിട്ടുപോയിട്ടുണ്ട്‌, കാരണം ഉഴാതെകിടന്ന പാടത്തിറക്കിയ കൃഷിയായിരുന്നിട്ടുകൂടി പാടവരമ്പില്‍നില്‍ക്കുന്ന എനിയ്ക്ക്‌ പാടത്തിന്റെ ചുറ്റുമുള്ള കാഴ്ചകള്‍ കാണാനാവാത്തവിധം (ഇഞ്ചപ്പുല്ലിന്റെ കടപോലെ) ഉയരമുള്ളവയായിരുന്നു ആ നെല്‍ച്ചെടികള്‍...
ഉഴാതെ തറഞ്ഞുകിടക്കുന്ന പാടത്ത്‌, നെല്‍മണികള്‍ മണ്ണുചേര്‍ത്ത്‌ കുഴച്ച്‌ പലെറ്റുകളാക്കി, ഞാറുനടുന്നതിനുപകരമായി പാടത്തുവിതറുന്ന വിത്തുകള്‍ക്ക്‌, ജൈവവളവും സമയാസമയം പുല്ലുപറിച്ചുകളയുകയും വെള്ളം തിരിയ്ക്കുകയുമല്ലാതെ മറ്റൊന്നും ഇദ്ദേഹം ചെയ്യുന്നില്ല... കൂടാതെ പാകമായി കൊയ്യുന്നതിനു 10 ദിവസം മുന്‍പ്‌, കുതിര്‍ത്ത അമരപ്പയറിന്റെയും പയറിന്റെയും വിത്തുകള്‍ നെല്‍ക്കതിരുകള്‍ക്കിടയിലേയ്ക്ക്‌ വിതറുകയും
ചെയ്യുന്നു.... ഈ വിത്തുകള്‍, കൊയ്യേണ്ട ദിവസമാകുമ്പോഴേയ്ക്കും മതിയായ ഈര്‍പ്പവും തണലും ലഭിയ്ക്കുന്നതുമൂലം, ഏകദേഷം 6 ഇഞ്ചെങ്കിലും വളര്‍ന്നിട്ടുണ്ടായിരിയ്ക്കാം.... ആയതുകൊണ്ട്‌, നെല്‍ച്ചെടികള്‍ കൊയ്തെടുക്കുന്നവര്‍ അത്രയും ഉയരത്തില്‍ വച്ച്‌ അരിയുന്നു... ഇത്തരത്തില്‍ മറ്റ്‌ ഒരുപാട്‌ രീതികളില്‍ ഇദ്ദേഹം കൃഷിചെയ്യുന്നു... ഗിരീന്‍ ഭായിയുടെ കൃഷി അനുഭവങ്ങളും പരീക്ഷണങ്ങളും പ്രകൃതി കൃഷിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഒരു വലിയ മുതല്‍ക്കൂട്ടാണ്‌..



സമര്‍പ്പണം

സ്വതവേ, ചിത്രരചനയില്‍ തല്‍പരനായിരുന്ന എനിയ്ക്ക്‌ ആ മേഖലയില്‍ കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ വിദ്യാലയം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. വിദ്യാലയത്തിന്റെ ലൈബ്രറിയിലെ അസാധാരണാമായ പുസ്തകങ്ങള്‍, ജീജാജി എന്നു ഞങ്ങള്‍ വിളിയ്ക്കുന്ന ഗാഡേകര്‍ജി പകര്‍ന്നുതരുന്ന അദ്ദേഹത്തിന്റെ അനുഭവപരിചയങ്ങള്‍, സൂറത്തിലുള്ള "ഗാര്‍ഡന്‍" സാരീസിന്റെ ക്രിയേറ്റീവ്‌ അഡ്വൈസറായിരുന്ന അതിലുപരി, ബനാറസ്‌ വിശ്വഹിന്ദുപരിഷത്ത്‌ യൂണിവേര്‍സിറ്റിയിലെ, ചിത്രകലാ അദ്ധ്യാപകനായിരുന്ന വാസുദേവ് സ്മാര്‍ത്തിന്റെ വസതിയില്‍ ഓരോമാസവും പോയി താമസിച്ചിരുന്ന ദിവസങ്ങള്‍, ഹക്കു ഷാ എന്ന പ്രസിദ്ധചിത്രകാരനുമായുള്ള കൂടിക്കാഴ്ചകള്‍, അണുമുക്തിയ്ക്കുവേണ്ടി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ പഠിച്ച് കോറല്‍ഡ്രോയില്‍ (അന്ന് വേര്‍ഷന്‍ 2.0) വരച്ച കാര്‍ട്ടൂണുകള്‍.. ക്രിയേറ്റീവ്‌ രചനകള്‍ക്ക്‌ നിറങ്ങളിലൂടെയും പേപ്പറിലൂടെയും
കമന്റുകളിലൂടെയും ഒക്കെയായി തന്നിരുന്ന സപ്പോര്‍ട്ടുകള്‍... എല്ലാം ഒന്നിനൊന്നു മാറി മാറി ഇന്നത്തെ എന്നിലെ എന്നെ വേര്‍ത്തിരിച്ചുതരികയായിരുന്നു...

ബ്ലോഗിംഗ് തുടങിയപ്പോള്‍ മുതല്‍ കരുതുന്നതാണ്, വിദ്യാലയത്തെ ബൂലോകത്തിനു സമര്‍പ്പിയ്ക്കണമെന്ന്... ഇപ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു... ഇപ്പോഴും മേലെപ്പറയാന്‍ വിട്ടുപോയവരും വിട്ടുപോയതും ഒത്തിരിയുണ്ട്... ഓര്‍മ്മകളില്‍ന്നിന്നാണ് ഇത്രയുമെഴുതാനായത്... വിട്ടുപോ‍യെങ്കിലും അവരോടോക്കെയുള്ള സ്നേഹത്തോടെയും തികഞ്ഞ അര്‍പ്പണബോധത്തോടെയും, നന്ദിയോടെയും, കൃതാര്‍ത്ഥതയോടെയും ഈ ലേഖനം ഞാന്‍ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു...

വിദ്യാലയവുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ വേണ്ടി വിലാസം താഴെക്കൊടുത്തിരിയ്ക്കുന്നു:


Sampoorna Kranti Vidyalaya,
Vedchhi P. O., Valod,
Surat District, Gujarat.
INDIA. 394641,

Phone: (02625) 220074


2009-ലെ വര്‍ഷഫലം

അശ്വതി
2009-ല്‍ കമ്പ്ലീറ്റ് അശ്വതി നക്ഷത്രക്കാര്‍ക്കും ജോലിമാറ്റം വരാനുള്ളതുകൊണ്ട് ജാതിഭേദമന്യേ സെന്റ് ജോര്‍ജ്- ഗീവര്‍ഗീസ് പുണ്യവാളന്മാരെ പ്രാര്‍ത്ഥിക്കുക.. (ഈ പള്ളികള്‍ ഉള്ളിടത്തൊക്കെ തന്നെ ഇക്കൊല്ലം സാമാന്യം നല്ല വരവു പ്രതീക്ഷിയ്ക്കുന്നു... )

ഭരണി
ഭരണിക്കാരുടേ നക്ഷത്രഫലം അശ്വതി നക്ഷത്രക്കാരുടേതിനേക്കാള്‍ വിഭിന്നമല്ല.. ചൊവ്വ, ബുധന്‍ വ്യാഴം വെള്ളി ശനി ദശക്കാരില്‍ ഗ്രഹനില വീക്കായവര്‍ താമസിയ്ക്കുന്ന സ്ഥലം തന്നെ വിട്ട് പോകേണ്ടി വരുന്നതായി കാണുന്നു.. ഗ്രഹനില സ്ട്രോങ്ങായ ഭരണിക്കാര്‍ക്ക് ധനലാഭം, ഭൂസ്വത്ത് ലാഭം തുടങ്ങിയ വന്നുചേരാന്‍ സാധ്യത ഉണ്ടെന്ന് നക്ഷത്രങ്ങള്‍ കാണിയ്ക്കുന്നു.. എങ്കിലും ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിയ്ക്കുന്ന ഈ കാലയളവില്‍, ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യുന്നവരെ പൊതുജനം ഒരു പക്ഷെ, ഭരണിയ്ക്കൂള്ളിലെ തവള എന്നു വിളിച്ചേക്കാം...


കാര്‍ത്തിക
കാര്‍ത്തികയുടെ 2009 മൊത്തം പോക്കാ.. കാണ്ട് ഹെല്പ്.. വെരി സോറി..

രോഹിണി
രോഹിണിക്കാരു മുഴുവന്‍ 200-ല്‍ വലിയ പ്രതീക്ഷ വയ്ക്കാതിരിയ്ക്കുന്നതായിരിയ്ക്കും നല്ലത്.. സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കേണ്ട, കാരണം നിങ്ങള്‍ എത്ര ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാലും ഗ്രഹബലമില്ലാതെ ഒരു കാര്യോമില്ല.. എന്താ ചെയ്യാ... :(

മകയിരം
മകയിരംകാരുടേ മൊത്തം പുരികം ഇക്കൊല്ലത്തൊടേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നതായിരിയ്ക്കും.

തിരുവാതിര
തിരുവാതിരക്കാര്‍ ഇക്കൊല്ലം പുറത്തേയ്ക്കിറങ്ങാതെ മുറിയ്ക്കുള്ളില്‍ ചടങ്ങു കൂടിയിരിയ്ക്കുന്നതാണു ബുദ്ധി.. ഇല്ലെങ്കില്‍ 2010 വരെ എത്തിയെന്നു വരില്ല...

പുണര്‍തം
പുണര്‍തംകാരെ ഇക്കൊല്ലം നിങ്ങളുടെയെല്ലാം കല്യാണം നടക്കും.. ഒറപ്പ്.. പക്ഷെ ദേവസ്വത്തിലേയ്ക്കൂള്ളത് മറക്കില്ലെങ്കില്‍ മാത്ര...

ആയില്യം
ആയില്യം നക്ഷത്രക്കാര്‍, നിങ്ങള്‍ക്ക് വിദേശത്തുനിന്നും ഒരുപാട് പണം വരാനുള്ള സാധ്യത കാണുന്നുണ്ട്... പക്ഷെ, പത്തുപൈസ പോലും ഇക്കൊല്ലം സ്വന്തം ചിലവുകള്‍ക്കായി ഉപയോഗിയ്കരുത്... എല്ലാം അന്നദാനം, മറ്റു നാട്ടുകാര്‍ക്ക് തീറ്റകൊടുകാന്‍ ഉതകുന്ന തരത്തില്‍ എന്തെങ്കിലും പരിപാടികള്‍ ചെയ്ത് ചിലവഴിയ്ക്കുക.

മകം
നിങ്ങള്‍ മിക്കവാറും ഇക്കൊല്ലം അടിച്ചു പോകാന്‍ സാധ്യത ഉണ്ട്... അതുകൊണ്ട് ഉടനടി വില്പത്രം തയ്യാറക്കുകയും വിവാഹം പോലുള്ള കലാപരിപാടികള്‍ക്ക് ശ്രമിയ്ക്കാതിരിയ്ക്കുകയും ചെയ്യുക.. കണ്ട്രോള്‍ യുവര്‍സെല്‍ഫ്!!

പൂരം
മകരം ഡിറ്റോ!

ഉത്രം
നിങ്ങള്‍ സെപ്തംബര്‍ വരെ അമ്പലത്തിലും അതിനു ശേഷം ഏതെങ്കിലും പള്ളിയിലും പോയി സ്തോത്രം സ്തോത്രിയ്ക്കുക.

അത്തം
ഉത്രത്തിന്റേതു പോലെ 2009 സെപ്തംബര്‍ വരെ നിങ്ങളുടേയും കാര്യം പോക്കാ... കണ്ട്രോള്‍ യുവര്‍സെല്‍ഫ് ത്രൂ ഔറ്റ് 2009... ഇല്ലെങ്കില്‍ പാമ്പുകടിയ്ക്കാനുള്ള വകുപ്പു കാണുന്നുണ്ട്...

ചിത്തിര
ചിത്തിരക്കാരായ പുരുഷന്മാരുടേ കാര്യം കോഞ്ഞാട്ട...

ചോതി
2009-ല്‍ യെന്ത് കോപ്പു വേണമെങ്കിലും ചെയ്യാം, നിങ്ങള്‍ക്കൊന്നും വരാന്‍ പോകുന്നില്ല, പക്ഷെ അമ്പലത്തിലേയ്കുള്ള വഹ മറക്കണ്ടാ ട്ടാ... ഇല്ലേല്‍ ഒറ്റയൊരുത്തനും ഗൊണം പിടിയ്ക്കില്ല...

വിശാഖം
നന്നായി പഠിച്ചാല്‍ പരീക്ഷ പാസാ‍വാം എന്ന സാമാന്യ ബുദ്ധി ഇവിടെ അപ്ലികബിള്‍! പക്ഷെ മറക്കണ്ടാ, അമ്പലം അമ്പലം.... ഓകെ?

അനിഴം
വിശാഖം ഡിറ്റോ!

തൃകേട്ട
സെപ്റ്റംബര്‍ വരെ നിങ്ങളുടെ കാര്യവും കോഞ്ഞാട്ട... പിന്നെയുള്ള 3 മാസം, ലോട്ടറി ടികറ്റുകളേടുത്ത് കഴിഞ്ഞു കൂടുക.. ഉറപ്പായിട്ടും ചിലപ്പോ കിട്ടിയാലോ?

മൂലം
ധനം. സുഖം, കര്‍മ്മം, ഗൃഹം, വാഹന ഗുണം ഉണ്ടാകാം. അതുകൊണ്ടു തന്നെ ബന്ധുശല്യവും വര്‍ദ്ധിയ്ക്കാം.. പക്ഷെ സെപ്തംബര്‍ കഴിഞ്ഞാല്‍, കുനിഞ്ഞുകിടന്നു നക്ഷത്രമെണ്ണും... ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ല... അമ്പലത്തിലേയ്ക്കുള്ളത് അപ്പൊ മറക്കണ്ട!

പൂരാടം
സല്‍പേരിന് കളങ്കവും, ധനനഷ്ടവും, മറ്റുള്ളവരില്‍നിന്നും വഞ്ചനയും വരാതെ ശ്രദ്ധിച്ചാല്‍ ഉയര്‍ച്ച ഉണ്ടാവും... (മേല്പറഞ്ഞതൊക്കെ ശ്രദ്ധിച്ചാല്‍, മറ്റു നക്ഷത്രകാര്‍ക്ക് ഉണ്ടാവില്ലേ എന്നു ചോദിയ്കരുത്..)

ഉത്രാടം
50% ഉത്രാടകാര്‍ക്ക് നല്ല കാലമായിരിയ്ക്കുമ്പോള്‍ 50% ഉത്രാടകാരുടെ കാര്യം പോക്കായിരിയ്ക്കും.

അവിട്ടം
സോറി, നിങ്ങളുടെ ഈ കൊല്ലം പോക്കാണ്.. മിക്കവാറും പേരുടെ ജീവിതത്തിലെ അവസാനവര്‍ഷം ആയിരിയ്ക്കും 2009.

ചതയം
പോക്കാ.... (നല്ല കനത്തിലെന്തെങ്കിലും വിലപിടിപ്പുള്ളത് അമ്പലത്തിലേക്ക് കൊടുത്തു നോക്ക്...)

പൂരുരുട്ടാതി
ചതയം ഡിറ്റോ...

ഉത്രട്ടാതി
ജോലി നഷ്ടം, മറ്റിതര കോട്ടങ്ങള്‍ ഒഴിവാക്കാന്‍ ജോലിസ്ഥലത്ത് ഒരു കണ്ണു വേണം (വേറെ ആരുടെയെങ്കിലും മതിയോ എന്നു ച്വാദിയ്ക്കരുത്..)

രേവതി
ഉത്രട്ടാതി അപ്ലികബിള്‍

ഇതൊക്കെ ഞാന്‍ പറയുന്നതല്ല, ഗ്രഹനില പറയുന്നതാണ്... അതുകൊണ്ട് നേരാം വണ്ണം പുകവലി (കാന്‍സര്‍‌) മദ്യപാനം (കരള്‍വാട്ടം/ചീയല്‍) പെണ്ണുപിടുത്തം (നാട്ടുകാര്‍ തല്ലികൊല്ലും അല്ലെങ്കില്‍ സര്‍ക്കാര്‍ തൂക്കികൊല്ലും), എന്നിവയെല്ലാം നിറുത്തി അടങ്ങിയൊതുങ്ങി വണ്ടിയോടിയ്ക്കാതെ (അപകട മരണം), റോഡിലിറങ്ങാതെ (അഗൈന്‍ അ.മ), ഫാനിന്റെ നേരെ താഴെ കിടന്നുറങ്ങാതെ (തലേകൂടെ വീണു മരിയ്ക്കും), റെയില്‍ വേ ലയിന്‍ ക്രോസ് ചെയ്യാതെ (ട്രാക്കില്‍ നിന്നു പിച്ചിപൊളിച്ചു എടുക്കാന്‍ ബുദ്ധിമുട്ടാവും), പച്ചക്കറികള്‍ (വിഷാംശം കലരാന്‍ സാധ്യത) കഴിയ്ക്കാതെ, വെള്ളം കുടിയ്ക്കാതെ (അഗൈന്‍ വിഷാംശസാധ്യത), മുറുക്കാതെ (വെറ്റില പാമ്പ്), എന്തിനധികം വീടിന്നു പുറത്തിറങ്ങി നടക്കാതെ, ഒന്നും കഴിയ്ക്കാതെ ഇക്കൊല്ലം ജീവിയ്ക്കാനായാല്‍ നിങ്ങള്‍ക്കും നിങ്ങളുടേ കുടുംബത്തിനും 2009 ഒരു നല്ല വര്‍ഷമായിരിയ്ക്കും.
പക്ഷെ, ഒന്നുണ്ട് നക്ഷത്രഭേദമന്യേ ഓരോരുത്തരും അവരവരുടേ വിഹിതം മേല്പറഞ്ഞ വഴിപാടുകളുമായി നിങ്ങളുടേ ഏറ്റവും അടുത്തുള്ള അമ്പലങ്ങളെ കണ്‍സള്‍ട്ടു ചെയ്യുക... (ഇക്കൊല്ലം, കഴിഞ്ഞ തവണത്തേക്കാളും 5 ഇരട്ടിയെങ്കിലും വരുമാനം വേണമെന്ന് പ്രത്യേകം പറഞ്ഞതനുസരിച്ചാണ് ഇത്തവണത്തെ ഗ്രഹനിലകള്‍ മാറ്റിയെഴുതിയത് എന്നാരും ഗംബ്ലൈന്റ് ചെയ്യരുത്..) ചില ക്രിസ്തീയ പുണ്യാളന്മാര്‍ക്കും ഏതാണ്ട് ഒരു 30% ത്തോളം വരുമാനമുണ്ടാക്കാനുള്ള വഹ മേലെ എഴുതി ചേര്‍ത്തിട്ടുണ്ട്..


പക്ഷെ, ഡിയര്‍ മുസ്ലീം സഹോദര്‍കള്‍, നിങ്ങളും ഒന്നുകില്‍ ക്രിസ്തീയ അല്ലെങ്കില്‍ ഹൈന്ദവ ദേവാലയങ്ങളെ സമീപിയ്ക്കുക.. അല്ലെങ്കില്‍, അമ്മയാണേ, നിങ്ങടേ കാര്യം കട്ടപൊഹ... മുസ്ലീം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ജീവിച്ച് പോകാന്‍ വേറെ വകുപ്പൊന്നും 2009ലെ ഗ്രഹനിലയില്‍ കാണുന്നില്ല!! അയാം വെരി വെരി സോറി...

അപ്പൊ എല്ലാര്‍ക്കും പുതുവര്‍ഷാശംസകള്‍!! അടുത്ത കൊല്ലം നിങ്ങളുണ്ടെങ്കില്‍ കാണാം...
:)


നവംബര്‍ 26ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഞങ്ങള്‍ക്കൊരുണ്ണി പിറന്നു... ഐശ്വര്യയ്ക്കൊരു കുഞ്ഞനിയത്തി... ഇനി മുതല്‍ ഞങ്ങള്‍ മൂന്നല്ല, നാലാണ്... അമ്മയും കുഞ്ഞും ഐശ്വര്യചേച്ചിയും നാട്ടില്‍ സുഖമായിരിയ്ക്കുന്നു.

നമ്മുടെ ശാസ്ത്രസാങ്കേതികവളര്‍ച്ചയോടും അതിനു വഴിതെളിയ്ക്കുന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരോടും എനിയ്ക്കുള്ള ബഹുമാനം ഞാനാദ്യമേ രേഖപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാ‍നത്തില്‍ തന്നെ ഒരുപാട് വിദേശനാണ്യം രാജ്യത്തിനു നേടിത്തരാവുന്നത്രയും പ്രാബല്യമുള്ള ടെക്നോളജികള്‍ അനിവാര്യവും അഭിനന്ദനാര്‍ഹവും രാജ്യത്തെ ഓരോ പൌരനും അഭിമാനിയ്ക്കാവുന്നതും തന്നെ. കണ്ടുപിടുത്തങ്ങള്‍ മാനവര്‍ക്കെന്നും ആവശ്യമായതും ജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കാനുപകരിയ്ക്കുന്ന പുതിയ പരീക്ഷണങ്ങളുമാണെന്നിരിയ്ക്കെ മനസ്സില്‍ നുരയുന്ന ഒരു “പിന്തിരിപ്പന്‍ വാദം“ (അങ്ങനെയാണ് ഒരു സുഹൃത്ത് പറഞ്ഞത്) പങ്കുവയ്ക്കുന്നു.

ചന്ദ്രയാനമെന്നല്ല, രാജ്യത്തിന്റെ ഏതു വികസന പ്രക്രിയയിലും നമുക്കുവേണമെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം.. പക്ഷെ തിരിച്ച് ഒന്നും പറയാന്‍ പാടില്ല, അത് രാജ്യസ്നേഹമല്ലാതാകും. ഇനിയിപ്പൊ എന്തു പറഞ്ഞാലും ഇല്ലെങ്കിലും വികസനം അതിന്റെ പാതയില്‍ നീങുകയും ചെയ്യും, എന്നാ പിന്നെ പറയാല്ലെ?

ഞങ്ങളുടേ നാട്ടില്‍ എന്റെ വീടിനടുത്തുനിന്നും ഏകദേശം 40-50 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോയാല്‍ ആനപാന്തം എന്ന് പേരുള്ള ഒരു ആദിവാസിമേഖലയുണ്ട്. (പണ്ട് വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ കാട്ടിലെ കഞ്ചാവുകൃഷിയില്‍ പങ്കാളിത്തമുണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ച ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എയുടെ ആ വെല്ലുവിളി സ്വീകരിച്ച്, വനത്തില്‍ സ്വയം വന്ന് കൃഷി കാട്ടിത്തരുകയാണേങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാം എന്ന ഓഫറും സ്വീകരിച്ച് അവസാനം മാധ്യമ പ്രവര്‍ത്തകരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടുമൊപ്പം ഒരു സുപ്രഭാതത്തില്‍ കാടുകയറാന്‍ തുടങ്ങിയ മന്ത്രി-എം എല്‍ എ മാര്‍, നാലിലൊന്നിടം പോലും നടന്നെത്തുമ്പോഴേയ്ക്കും കൈകാല്‍ തളര്‍ന്നവശരായി തിരിച്ചു പോരേണ്ടി വന്ന, പണ്ട് നമ്മള്‍ കേട്ടിട്ടുള്ള അതേ ആനപാന്തം) ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എനിയ്ക്കറിയില്ലെങ്കിലും അറിഞ്ഞിടത്തോളം അവിടെ ഇന്നും പട്ടിണിമരണങ്ങള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, റോഡ്, വിദ്യഭ്യാസം, ആരോഗ്യകേന്ദ്രം തുടങ്ങി വളരെ പ്രാഥമികമായ അടിസ്ഥാനസൌകര്യങ്ങള്‍ പോലും എത്തിപ്പെടാത്ത ഒരു മേഖലയാണ് ഈ പറയുന്ന ആനപാന്തം. ജോലിയില്ലാത്ത ഗൃഹനാഥന്മാര്‍, പോഷകാഹാരമില്ലാതെ വികൃതരൂപം വന്ന കുട്ടികള്‍, വൃദ്ധരും രോഗപീഡിതരും വേറെ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് ജീവിയ്ക്കാനാവില്ലെന്ന് വീമ്പിളക്കുന്ന നമ്മള്‍ക്ക് അവരെങ്ങനെ ജീവിയ്ക്കുന്നു എന്ന് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ കഴിയാത്തയത്രയും താണ തലങ്ങളിലെ ജീവിതം നയിയ്ക്കുന്ന ഒരു പറ്റം ജനങ്ങള്‍. ഇതുപോലുള്ളവര്‍ കഴിയുന്ന എത്രയെത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍...

രണ്ടോ മൂന്നോ മാസം പെയ്യുന്ന മഴയില്‍ മാത്രം കുളിച്ച് വര്‍ഷത്തെ ബാക്കികാലം മുഴുവന്‍ വിയര്‍പ്പിലും മണല്‍കാറ്റിലും കുടിവെള്ളം പോലുമില്ലാതെ നരകിയ്ക്കുന്ന, ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ആദിവാസികള്‍ എന്റെ ജീവിത അനുഭവമാണ്. അവരോടൊപ്പം താമസിയ്ക്കേണ്ടിവന്ന തിളച്ച ഒരു രാത്രിയില്‍, ഗൃഹനാഥന്‍ എനിയ്ക്കു തന്ന ഒരു കുപ്പി വെള്ളം അന്നവര്‍ക്ക് നിധിയെക്കാള്‍ വലുതായിരുന്നു, കാരണം അദ്ദേഹത്തിന്റെ മകള്‍ കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലേയ്ക്കിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്‍കുന്ന വില അത്രയേറെയാണ്... കുളിയ്ക്കാന്‍ പോയിട്ട് പാത്രങ്ങള്‍ കഴുകാന്‍ പോലും വെള്ളമില്ലാതെ പൊടിമണല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടിവരുന്ന നമ്മുടെ സ്വന്തം ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വിഭാഗം ജനതയെ നമുക്കെങനെ മനസ്സിലാവാന്‍? അപ്പോള്‍ പിന്നെ നമ്മുടേ സര്‍ക്കാരിനോ?

ചിലപ്പോള്‍ കണ്ടിരിയ്ക്കും, മൊത്തം സമയത്തിന്റെ പകുതിപരസ്യം ഒഴിവാക്കിയാല്‍ കിട്ടുന്ന കണ്ണാടിയെന്ന ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞുവരാറുള്ള തെളിമ നശിച്ച‍, തൊട്ടടുത്ത പരസ്യത്തോടെ നാം മറന്നുപോകുന്ന മുഖങ്ങള്‍... ചാഞ്ഞും ചരിഞ്ഞുമെടുത്താന്‍ അവാര്‍ഡും അപ്രീസിയേഷനും കിട്ടാന്‍ സാധ്യതയുള്ള ചില ഫോട്ടോകള്‍ക്കപ്പുറം യാതൊരു ഗുണവും തരാത്ത കുറച്ചു തുറിച്ച കണ്ണും ഒട്ടിയ വയറുമുള്ള ജീവികള്‍! പണ്ടായിരുന്നെങ്കില്‍, കാട്ടില്‍ കയറി അവരെന്തെങ്കിലും കഴിച്ചോളുമായിരുന്നു.. ഇന്ന് ആ കാടും നമ്മുടേ സ്വന്തം അല്ലെ? അവനാരാ... ആദിവാസി പണ്ട്.. ഇപ്പോള്‍ ഏതോ വാസി!

ഇന്നിവര്‍ക്ക് അല്ലറചില്ലറയായി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് അഞ്ചാം വര്‍ഷം വന്നുപോകുന്ന ഇലക്ഷന്‍ കാലങ്ങളില്‍ ലഭ്യമാകാനിടയുള്ള വോട്ട് ബാങ്കിനെ മുന്‍ കണ്ടുകൊണ്ട് നേതാക്കള്‍ വല്ലതും കൊടുക്കുമ്പോഴാണ്. അങനെയെങ്കിലും ചിലപ്പോള്‍ അവനു വായയ്ക്കു രുചികിട്ടുന്നൊരു കറി കൂട്ടി വയര്‍ നിറയെ ഒരൂണ് തരമാവുന്നുണ്ടെങ്കിലോ?... അങ്ങനെയൊക്കെ അവരെ ഊട്ടാനായി കൂടിയാവുമോ വരുന്ന ഇലക്ഷനില്‍ പതിനായിരം കോടി ചിലവ് പ്രതീക്ഷിയ്ക്കുന്നത്? (വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാത്രം ചിലവാക്കാന്‍ പോകുന്ന തുകയാണത്.. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വക വേറേയും).

സമ്പൂര്‍ണ്ണസാക്ഷരത എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അന്നു പഠിച്ചവരില്‍ പേരും ഒപ്പും നാലാം ദിവസം മറന്നുപോയ എത്രപേരെ നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് തൊട്ടുകാണിയ്ക്കാന്‍ കഴിയുന്നു... വികസനങ്ങള്‍ പലരീതിയില്‍ നമ്മളാഘോഷിച്ചിട്ടും ഒറ്റത്തവണപോലും അതിന്റെ ഒരംശം പോലും പങ്കുപറ്റാന്‍ സാമര്‍ത്ഥ്യമില്ലാതെ പോകുന്ന നമ്മുടെ സ്വന്തം ജനത. പ്രകൃതിക്ഷോഭങ്ങളില്‍പോലും എത്തിച്ചേരുന്ന പണം വീതിച്ചുകൊടുക്കാത്ത നമ്മുടെ സ്വന്തം സര്‍ക്കാര്‍... ഒരു പക്ഷെ, ചാന്ദ്രയാനത്തിനു ചിലവിട്ട നാനൂറ് കോടി ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ചാല്‍ (അങനെ വേണമെന്നൊന്നും ഞാന്‍ പറയുന്നില്ല) അതിന്റെ പത്തിനൊന്നുപോലും ലക്ഷ്യം കണ്ടെന്നു വരില്ല. നമ്മുടെ വ്യവസ്ഥിതി അങ്ങനെയൊക്കെ ആയിപ്പോയി.. അല്ലാതെന്തു പറയാന്‍!

ഈ വികസന പരീക്ഷണങ്ങളൊക്കെ തന്നെ മറ്റുരാജ്യങ്ങളോട് കിടപിടിയ്ക്കാനുള്ള ഇന്ത്യയുടേ മത്സരമായി കാണാം... നല്ലത്! പക്ഷെ, അതേസമയം അവരുടെ നാട്ടില്‍ ദാരിദ്ര്യരേഖയുടേ സ്ഥാനം നമ്മുടേയത്രയും മോശമായിരിയ്ക്കുമോ? വഴിയില്ലെന്നു തോന്നുന്നു! നൂറ് കോടിയിലേറെ ജനങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍, ഒരു പൌരന്‍ വെറും 4 രൂപ വച്ചെടുത്താല്‍തന്നെ ചന്ദ്രയാനത്തിന് ചിലവഴിച്ച പണത്തില്‍ മിച്ചം വരുമെന്നിരിയ്ക്കേ, മാസത്തില്‍ നാലുരൂപപോലും വരുമാനമില്ലാത്ത ഒരുപാട് പേര്‍ താമസിയ്ക്കുന്ന ഒരു രാജ്യത്തെ ചില “വികസന കുതിയ്ക്കലുകള്‍” എല്ലാ അര്‍ത്ഥത്തിലും കുതിയ്ക്കല്‍ തന്നെയാണോ എന്നേ ഞാന്‍ ശങ്കിയ്ക്കുന്നുള്ളൂ..

നമ്മളൊക്കെ എത്രയെത്ര യാനങ്ങള്‍ വിട്ട് വികസനം കൈവരിച്ചാലും അതിന്റെ യാതൊരു പങ്കും കടന്നുചെല്ലാത്ത ഒത്തിരിയിടങ്ങള്‍ ഇന്നും നമ്മുടേ ഇന്ത്യയിലുണ്ട്, അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.



[ഇതിലെ കമന്റുകള്‍ കൂടി വായിച്ചാലേ, ഈ പോസ്റ്റ് പൂര്‍ണ്ണമാവുകയുള്ളു..]


 

പകലൊക്കേം വീട്ടുകാരോടും നാട്ടുകാരോടും തങ്കപ്പെട്ട സ്വഭാവത്തോടെ പെരുമാറേം സ്ത്രീകളോടൂം കുട്ട്യോളോടും ഇന്നേവരെ ഒറ്റത്തവണപോലും കൊള്ളരുതായ്മ കാണിയ്ക്കാത്തവനും ആയ ഇമ്മ്ടേ തെക്കേകാരന്റോടത്തെ മിഖായേല്‍ എന്ന വിയാലു പക്ഷെ, വൈന്നേരായിക്കഴിഞ്ഞാ ആളു ഭയങ്കര പെശകാ.... ന്താന്ന് വച്ചാ, ഇഷ്ടന്‍ നല്ല ബെസ്റ്റായിട്ട് തേവും. ന്ന് ച്ചാ ഏതാണ്ട് വയറ് നെറയണവരെ.. അതാ വന്റൊരു കണക്ക്.. അതു കഴിഞ്ഞ് ഷാപ്പീന്നെറങ്ങുമ്പോഴേക്കും എതാണ്ടൊരു പൈനൊന്നു പന്ത്രണ്ട് മണ്യായിട്ട് ണ്ടാവും.. ഹൈ, എന്താന്ന് ച്ചാ അപ്ലാണല്ലോ റോട്ടില് തെരക്ക് കൊറേണ നേരം..

ഷാപ്പീന്ന് വീടുവരെ പോണേന്റെടേല് റോഡ് സൈഡിലൊരു കപ്പേള ണ്ട്.. നടന്ന് നടന്ന് അവടെയ്ക്ക് ങ്ങഡ് എത്തുമ്പൊ പുള്ളിക്കാരന്‍ കപ്പേളേം വിട്ട് ഒര് നാലടി മുന്നോട്ട് നടക്കും... ന്ന് ട്ട് ദേ രണ്ട് കൈയ്യോണ്ടും മുണ്ടിന്റെ തുമ്പ് പൊക്കിപ്പിടിച്ചോണ്ടും പണ്ടേങ്ങാണ്ട് നീലവരേണ്ടാര്‍ന്ന സൌസറ് കാണിച്ചോണ്ടും ബാക്കിലിയ്ക്ക് ഒട്ടും തിരിയാണ്ട് ഒര് റിവേര്‍സ് ണ്ട്, ആരോടോ എന്തോ പറയാനൊള്ള പോലെ.... അത് നേരെ പുണ്യാളന്റെ രൂപം നോക്കി നിക്കണ ഭാഗത്തെത്തീട്ടേ നിക്കൂ... ന്ന് ട്ട് പുണ്യാളന്റെ മോത്തേയ്ക്ക് വെട്ടിത്തിരിഞ്ഞിട്ട് ഒറ്റ നോട്ടാ... എപ്പ നോക്യാലും എന്ത് പറഞ്ഞാലും മിണ്ടാണ്ട് നിക്കണ പുണ്യാളനെ നോക്കി പിന്നെ അങ്ങ്ഡ് ഒരു ജ്യാതി നോണ്‍-സ്റ്റോപ് നോണ്‍-വെജ് വെളമ്പലാണ്... ജനിച്ചേന് ശേഷം ആരോടൊക്കെ ദേഷ്യണ്ടൊ അവന്റൊക്കെ അപ്പനും അമ്മയ്ക്കും വിളിച്ചോണ്ട് ഏതാണ്ട് ഒരു മണിക്കൂറ് നേരത്തേയ്ക്ക് പറ്റാവുന്നത്രെം ഒച്ചേലുള്ള തെറീടെ അയ്യരു കളിയാ പിന്നെ!

വിയാലൂന്റെ ദീയൊര് എടവാടോണ്ട് ഏറ്റവും കൂടുതല്‍ പ്രശ്നണ്ടാര്‍ന്നത് മ്മടേ എടവകപള്ളീടെ മണിമേടേല് ഒറങ്ങാന്‍ കെടക്കണ റാഫേലച്ചനാര്‍ന്നേയ്.. അച്ചനവനെ പകല്‍ സമയം എന്തോരാന്നോ ഉപദേശിച്ചേക്കണേ, പക്ഷെ വൈന്നേരായാ ഒക്കെ വെള്ളത്തീ വരച്ച വരപോലെ.. ന്താ കാര്യം ണ്ടായേ... ഒരു കാര്യോല്യ , വിയാലുണ്ടോ കേക്കണേ... പോരെങ്കീ പള്ളീലൊട്ട് പോവേമില്ല...

വിയാലൂന്റെ പുളിച്ച തെറീഡെ കാര്യം പോട്ടേന്ന് വയ്ക്കാം, കാരണച്ചനത് കേട്ട് കേട്ട് ഒരു ശീലായി... അച്ചനിപ്പൊ അതല്ല പേടി, വിയാലു പറ്റിന്റെ പൊറത്ത് പുണ്യാളന്റെ രൂപത്തേല്‍ വല്ല അതിക്രമോം ചെയ്യോന്നാ... ഇദിങനെ വിട്ടാ ശര്യാവില്ലാന്ന് വെച്ചട്ട്, വിയാലൂന്റെ തെറിമഴ തരണം ചെയ്യാന്‍ എന്തെങ്കിലും പ്രതിവിധിയ്ക്കായി തല പൊകഞ്ഞാലോചിച്ചു.. അവസാനം അച്ചന്റെ പെടലീല് ഒരു കിണ്ണംകാച്ചി ഐഡിയ വന്നു.. അമ്പ് പെരുന്നാളിന് കൊണ്ടോവാറുള്ള പുണ്യാളന്റെ ഒരു ചെറിയ രൂപം ഇരിയ്ക്കണ് ണ്ട്.. സന്ധ്യായാ, അതെടുത്ത് കപ്പേളേല് കൊണ്ടു വയ്ക്ക...ഞിപ്പൊ വിയാലു എങ്ങാന്‍ വയലന്റായിട്ട് കുഞ്ഞ്യ പുണ്യാളനെ ന്തെങ്കിലും ചെയ്യാണേങ്കി തന്നെ മാറ്റി വയ്ക്കാന്‍ വല്യ പുണ്ട്യാളനൊണ്ടല്ലൊ.. അങ്ങനാവുമ്പൊ എടവകയ്ക്ക് അത്ര വല്യ നഷ്ടോം വരില്ല. പിന്നെ അമാന്തിച്ചില്ല പിറ്റേ ദെവസം തന്നെ അച്ചന്‍ കപ്യാരെകൊണ്ട് സാധനം ഡിങ്കോള്‍ഫി ആക്കി.

അന്നും വൈന്നേരായി... മണി പൈനൊന്നായി.. പിന്നെ പന്ത്രണ്ടുമായി... റാഫേലച്ചന് കെടന്ന് ട്ട് ഒരു നെലയ്ക്കും ഒറക്കം വരണില്യ... വിയാലൂന്റെ ദൂരേന്നൊള്ള തെറിപ്പാട്ടിന്റെ ഈരടികള്‍ അടുത്തുവരുംതോറും റാഫേലച്ചച്ചന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരാന്‍ തൊടങ്ങി...

ശീലം പോലെന്നെ അന്നും നാലടി മുന്നോട്ട് പോയ വിയാലൂന് റിവേഴ്സിടണേന് മുമ്പന്നെ ഒരു പന്തികേട് തോന്ന്യാര്‍ന്നു... രൂപക്കൂട്ടിലൊരു വശപെശക് ... ഏതാണ്ടൊരു മിനിറ്റ് നേരത്ത് യ്ക്ക് ആളവടങ്ങനെതന്നെ നിന്നു... എന്നിട്ട് ഒന്നും മിണ്ടാണ്ട് വലതുകാലീന്ന് ഇടതുകാലീലേയ്ക്ക് തന്റെ മൊത്തം ‘കുയില്‍ബോഡീടേ‘ വെയ്റ്റ് മാറ്റണേന്റെ എടേല് ‘ഉം തൃപ്ത്യായി ട്ടാ..” എന്ന മാതിരി ഒന്നു തലകുലുക്കേം ചെയ്തു... എന്നിട്ട് പതുക്കേ സൈലന്റായിട്ട് രൂപക്കൂടിന്റവിടുത്തേയ്ക്ക് നടന്നു... ന്ന് ട്ടാ റോഡീന്ന് ഇച്ചിരി പൊന്തി നിക്കണ വലത് വശത്തെ സിമന്റ് തറേല് പുണ്യാളന്റെ രൂപം ഫേസ് ചെയ്യണ സൈഡീല്‍യ്ക്ക് തിരിഞ്ഞട്ട് ഒറ്റ ഇരിപ്പ്.... വീണ്ടും കമ്പ്ലീറ്റ് സൈലന്റ്...
വിയാലൂന്റെ ഡെയ്‌ലി തെറികള്‍ കേട്ടു ശീലമായ ചീവീടുകള്‍ പോലും ഈ പുതിയ രംഗങ്ങള്‍ കണ്ട് അന്തം വിട്ടിരിപ്പായി... വിചാരിച്ചേന് വിരുദ്ധമായി വിയാലൂന്റെ പരിവാടികള്‍‍ അന്ന് തെറ്റാന്‍ തുടങ്ങിയതോടെ മണിമേടേല്‍ ലൈറ്റണച്ച് സംഗതികള്‍ നിരീക്ഷിച്ചോണ്ടിരിയ്ക്കുന്ന അച്ചനും കണ്‍ഫ്യൂഷനടിയ്ക്കാന്‍ തൊടങ്ങി... മിനിറ്റുകള്‍ എഴഞ്ഞിഴഞ്ഞ് നീങ്ങണേന്റെടേല് പെട്ടെന്ന് ഇമ്മടെ വിയാലു ഇരിയ്ക്കണാ ഇരിപ്പില്‍ റോട്ടിലേയ്ക്ക് കാര്‍ക്കിച്ചു ഒറ്റ തുപ്പ്... എന്നിട്ട് തല എടത്തോട്ട് തിരിച്ച് പിന്നീ നിക്കണ പുണ്യാളന്റെ മൊകത്തേയ്ക്കൊന്നു നോക്കീട്ട് ഒറ്റ ചോദ്യാ...,
”ടാ മോനേ, നെന്റപ്പനെന്ത്യേറാ??”

നിങ്ങളില്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ടേപനമേറ്റിട്ടുണ്ടോ?

ഇല്ലേ?

ഒരു ടോട ടേപനമെങ്കിലും?

ഒന്നു മനനം ചെയ്ത് നോക്ക്....

അല്ല, ഇല്ലെങ്കില്‍ വേണ്ട, ഞാന്‍ പറഞ്ഞുവന്നത്, എനിയ്ക്കിന്നലെയേറ്റ “ടേപന“ത്തെക്കുറിച്ചാണ്..

ഞെട്ടണ്ട, ശരിയ്ക്കുമുള്ള ടേപനം... അതും ദിവ്യനായ ടുവിന്റെ കൈയ്യില്‍ നിന്ന്...

നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ല അല്ലേ? എങ്ങനെ വരും?
എനിയ്ക്കുപോലും ഇതു വരെ വിശ്വാസം വന്നിട്ടില്ല, അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയണോ?

എന്നാല്‍ ഞാന്‍ പറയാം...

ഒരു ദിവസം ഞാനിങ്ങനെ എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ പുറത്ത് ഒരു സ്വല്പം ടോപത്തോടെയിരുന്നു പോകുകയായിരുന്നു... അങ്ങനെ പോയി പോയി, ഇത്തിരി വിശാലവും വിജനവുമായ സ്ഥലത്തെത്തി...

പെട്ടെന്ന് എതിര്‍ദിശയില്‍ വല്ലാത്തൊരു ഝല്ലിക പരന്നു...

കണ്ണിലേയ്ക്ക് ആഞ്ഞടിയ്ക്കുന്ന ഝല്ലികയെ വലതുകൈയ്യാല്‍ മറച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടു നോക്കിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പും അത്ഭുതവും ഉളവാക്കുന്നതായിരുന്നു....

ദിവ്യനും വാജരൂപനുമായ ടു അതാ തന്റെ മിന്നിമിനുങ്ങുന്ന ചിറകുകള്‍ മന്ദം മന്ദം വീശി ടയിലേയ്ക്ക് , എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ മുന്‍പിലേയ്ക്ക് താഴ്ന്നിറങ്ങാന്‍ തുടങ്ങി..

ടുവിന്റെ കാല്‍
യില്‍ തൊട്ടപാടേ പാഴ്‌ചെടികള്‍ പോലും സുമങ്ങള്‍ വിടര്‍ത്തി കങ്ക പരത്താന്‍ തുടങ്ങി... അന്തംവിട്ട് ഞാനെന്തൊക്കെയോ പിനാറ്റാന്‍ തുടങ്ങി...

ടപ് ... ടപ് ... ടപ് ...

പെട്ടെന്ന് എന്റെയടുത്തേയ്ക്ക് നടന്നടുത്ത ടു അന്തരീക്ഷത്തിലേയ്ക്ക് കരം വിടര്‍ത്തിയതും ഗഗനത്തില്‍നിന്നുമതിലേയ്ക്ക് ഒരു ടേപം പ്രത്യക്ഷപ്പെട്ടു...

എന്താണ് കണ്മുന്നില്‍ നടക്കുന്നതെന്ന് മനസ്സിലാകാതെ ങുതം നഷ്ടപ്പെട്ടു നില്‍ക്കുന്ന എന്നെ ലക്ഷ്യമാക്കി ടു ഒറ്റ ടേപനമായിരുന്നു, അതി
ടോടമായി...

 ഒരു
ഝല്ലകണ്ഠത്തിന്റെ മനസ്സുള്ളവനായ ഞാന്‍ ഇനിയെന്തു ചെയ്യും?..

എനിയ്ക്കൊരു പിടിയും കിട്ടുന്നില്ല!!!

ഹാപ്പി ഓണം!

ഓണത്തിന് ഒരു മാസം മുമ്പേ ഫ്രാന്‍സീ പോവാണെന്ന് പറഞ്ഞപ്പന്നെ ഇയ് മാവേല്യോട് ഞാമ്പറഞ്ഞതാ.. “ദേ ചുള്ളാ, കാര്യൊക്കെ ശര്യാ.. ങ്ങള് ചക്രവര്‍ത്തീം കൊടച്ചക്രോം ഒക്കെ ആര്‍ന്നെങ്കിലും ദേ ഇപ്പൊ ആ കാര്യൊക്കെ പറഞ്ഞ് അവടെ കെടന്ന് ചെത്തിനടന്നാ, ആടിന്റെ താടിപോലെ താട്യൊള്ള സായിപ്പന്മാരെടുത്തിട്ട് ങ്ങടെ കൂമ്പിനു ചാമ്പും... കേരളത്തില്‍ അടുത്ത മാസം ഓണാണ് വരണേ.. ഫ്രാന്‍സിലൊക്കെപോയി ആ ‘സെറ്റപ്പൊക്ക‘ ഇങ്ങക്കങ്ക്‌ഡ് പിടിച്ച് അവടെകൂട്യാ ഞങ്ങക്ക് നഷ്ടാവണത് കൊല്ലാകൊല്ലൊള്ള ഇങ്ങഡെ ഓണം വിസിറ്റാ...” ന്ന് . അതൊന്നും കേക്കാണ്ടിപ്പൊ, തൊരപ്പന്മാരുടെ കൂട്ട് ഇല്ലാത്ത അണ്ടര്‍ഗ്രൌണ്ട് തുരങ്കോം ണ്ടാക്കി ഫ്രാന്‍സീല്‍ ചെന്നപ്പ എന്തായീ? ദേ പേപ്പറില് കെഡക്കണ കണ്ടില്ലെ, ഓനെ പൊകച്ച് പൊറത്ത് ചാടിയ്ക്കാന്‍ സായിപ്പന്മാരുണ്ടാക്യ ഒരു കുന്ത്രാണ്ടം.. എന്തയിന്റെ പേര്? എല്‍ എച് സീ ന്നോ ബിഗ് ബാങ്ങെ*ന്നൊ ഒക്കെ ടീവീല്‍ പറയണ കേട്ടു... ഐഡിയം സ്റ്റാര്‍ സിംഗറിന്റെ നേരത്തായതോണ്ട് യ്ക്കത് മുഴുവനും കേക്കാന്‍ പറ്റീല്യെങ്കിലും കേട്ടിടത്തോളം വച്ച് നോക്യാ, മ്മടെ മാവേലീടെ കാര്യം പോക്കാ ത്രെ... കാരണം, ഫ്രാന്‍സിന്റെ അധീനതേലുള്ള പാതാളത്തില്‍, മാവേലി താമസിയ്ക്കണ ഫ്ലാറ്റിനു ചുറ്റും ഒരു വട്ടാകൃതീല് വളച്ചുണ്ടാക്കിയ പൊടിപടലം കേറ്റിയ പൈപ്പ് ചൂടാക്കി, ചൂടാക്കി ഓനെ അതിന്റുള്ളിലിട്ട് കരിച്ച് കളയാനാ അവരുടെ പരുവാടീന്ന്.. അല്ല യ്ക്ക് അറിയാന്‍ മേലാത്തോണ്ട് ചോദിയ്ക്കാ, ഇങ്ങേര്‍ക്കിതിന്റെ വല്ല ആവശ്യോണ്ടാര്‍ന്നാ?? കാര്യം കൊല്ലത്തിലൊരു തവണേ മലയാളികള്‍ ഓര്‍ക്കാറുള്ളെങ്കിലും ഇമ്മടെയീ കൊച്ചുകേരളത്തിന്റെ പാതാളാതിര്‍ത്തി വിട്ട് കണ്ണീകണ്ട മദാമ്മകളെ കാണാന്നും പറഞ്ഞ് ഇത്രേം ദൂരോള്ള ഫ്രാന്‍സീ പോണ്ട വല്ല ആവശ്യോണ്ടാര്‍ന്നാ?? ഒരുമാതിരിപെട്ടവ ഇമ്മടെ കോവളത്തും ഒള്ളതല്ലെ?? ഞ്ഞിപ്പൊ അറം പറ്റണപോലെ ഇങ്ങേര്‍ക്കെന്തെങ്കിലും പറ്റിയാ പിന്നെ മ്മ്‌ള് മല്ലൂസ് യെങ്ങനെ ഓണം ആഘോഷിയ്ക്കൂന്നാ?? ങ്ങള് തന്നെ പറ... ഇതൊക്കെ കേട്ടപ്പൊതൊട്ട് തൊടങ്ങീതാ എന്റെ ശരീരത്തിലാകെപ്പാടെ ഒരു വെറയല്.. യ്ക്ക് ഓര്‍ത്തിട്ട് ഒരു പിടി ചോറുപോലും കഴിയ്ക്കാന്‍ പറ്റണില്ല... ന്റെ ചങ്ക് കഴയ്ക്കണ്...എന്തെങ്കിലും ചെയ്തേ പറ്റൂ... ഞാനിപ്പ വരാം... ഇന്നലെ കൊണ്ടന്ന് വച്ച ചിവാസ് റീഗല്‍ തീര്‍ന്നോന്ന് നോക്കട്ടെ...

അപ്പൊ ശരീ ട്ടാ.. ഹാപ്പി ഓണം !! എന്‍ജോയ് യുവര്‍സെല്‍ഫ് യാര്‍... ബട്ട് കണ്ട്രോള്‍ യുവര്‍സെല്‍ഫ് ട്ടാ...



*
ബാങ്ങ് : അയ്യടാ, നോര്‍ത്തിന്ത്യക്കാര് കുടിച്ച് പറ്റാവണ ആ ഭാംഗല്ല ഈ ബാങ്... പക്ഷെ, അതായാലും ഇതായാലും അണ്ഡകടാഹം പുകയുമെന്നുള്ളത് നൂറു തരം!!



തമനു is busy!

[ഈയടുത്ത കാലത്താണ് ഞാന്‍ മനു മുഖേന തമനു വിനെ പരിചയപ്പെടുന്നത്... ജി-റ്റാക് സൌഹൃദമാണെങ്കിലും പലപ്പോഴും വളരെ അടുത്ത ഒരാളെന്ന ഒരു തോന്നല്‍ ഇദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ട്. രസകരമായി തോന്നിയ ഒരു ചാറ്റ് ശകലം തമനുവിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റുന്നു.. :) ]



11:34 AM on Saturday
തമനു is busy!

ഞാന്‍: ഉത്തമാ... പുരുഷോത്തമാ..

തമനു: ഹോ, എന്തൊരു ഫോട്ടോയാടൊ ഇത്.... ?

ഞാന്‍: (അങനെ വിളിച്ചപ്പൊ, രോമാഞ്ചം തോന്നുന്നുണ്ടോ??) ഹഹ, ആ ഫോട്ടോ ഞാന്‍ ചുമ്മാ ഇട്ടതാ അച്ചായാ...

തമനു: ഹൊ, മെസേജ് പോപ്-അപ് ചെയ്തു വരുമ്പൊ പേടിയാവുന്നു

ഞാന്‍: ഹഹ

തമനു: ആ ഫോട്ടൊ വച്ച് താന്‍ കര്‍ത്താവേ എന്ന് വിളിച്ചാ പുള്ളി പോലും പേടിക്കും, പിന്നല്ലേ എനിക്ക് രോമാഞ്ചം വരുന്നേ... !!

ഞാന്‍: ഹഹ, അതല്ല... ‘പുരുഷോത്തമന്‍‘ എന്നൊക്കെ ആരെങ്കിലും അന്യായമായി വിളിക്കുമ്പോ അങ്ങേതലയ്ക്കല്‍ നിന്നും വിനയത്തോടെ എയ്, ഞാനങ്ങനൊന്നുമല്ല ട്ടോ എന്നൊരു മറുപടി പ്രതീക്ഷിച്ചാ ഞാന്‍ അങ്ങനെ വിളിച്ചെ... ഇതിപ്പൊ, ഓസിയില്‍ (ഓ സി ആറല്ല ട്ടോ) അതങ്ങ് അക്സെപ്റ്റ് ചെയ്തു അല്ലെ... ഉം ഉം.... അത്യാഗ്രഹി എന്നൊന്നും ഞാന്‍ വിളിക്കൂലാ...

തമനു: സത്യം പറയുന്നതിനെ ഞാനെന്നാത്തിനാ നിഷേധിക്കുന്നേ... ഞാന്‍ ഒരു സത്യ ക്രിസ്ത്യാനിയാന്ന് അറിഞ്ഞു കൂടേ..?

ഞാന്‍: റിയലീ? അപ്പോ, ‘ഉത്തമന്‍‘ എന്നല്ലേ അച്ചായന്റെ പേര്?

തമനു: അതെന്താ ക്രിസ്ത്യാനികളില്‍ ഉത്തമന്മാരില്ലേ ...? (ഉന്മത്തനമാരില്ലേ എന്ന് വായിക്കല്ലേ... :)

ഞാന്‍: ഹഹ.. അതല്ല, അങനെ പേരുള്ള ഒരു ക്രിസ്ത്യാനിയെ ഇതാദ്യമായാണ് കേള്‍ക്കുന്നത്!

തമനു: :)

തമനു: താന്‍ ഇതെന്താ, രാവിലെ വര്‍ഗ്ഗീയത പറയാനെറങ്ങിയതാ, ശിവസേനക്കാരാ ?

ഞാന്‍: ഹഹഹ... വള്ളിയിട്ടത് നന്നായി.. ഓ എന്ത് ശിവസേന... അതും ഇപ്പൊ രണ്ടാ.. പാവം ശിവന്‍... അങ്ങേരു മനസ്സാ വാചാ കര്‍മ്മണാ...
അതു പറഞ്ഞപ്പഴാ ഓര്‍ത്തേ.. അച്ചായന്റെ ആ ‘കുര്‍വണാ‘ തലക്കെട്ട് മനസ്സില്‍ എപ്പഴും ഇങ്ങനെ തികട്ടി തികട്ടി വരുന്നു, വര്‍ത്തമാനത്തിലും...

തമനു: :)

ഞാന്‍: നമ്മള്‍ ഇടയ്ക്കിടയ്ക്ക് ‘ഡിങ്കോലാഫി‘ എന്നൊക്കെ പറയുന്നപോലെ “യെന്റെ, താമസാ വരാ കുര്‍വണാ കാത്തോളണേ..., ‘ശെഡാ, ഇതിപ്പൊ കുര്‍വണാ ആയല്ലൊ‘, എന്നിങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു സുഖമുണ്ട്... യേത്.. ഹാറ്റ്സ് ഓഫ് ഫോര്‍ ദാറ്റ്... :)

തമനു: താങ്ക്യൂ താങ്ക്യൂ ....

തമനു: തന്റെ ഫോട്ടോ ഇപ്പൊ വല്യ വൃത്തികേട് തോന്നുന്നില്ല കേട്ടോ.. :)

ഞാന്‍: ഹഹഹഹ.. ഉവ്വ ഉവ്വേ...

തമനു: ഹഹഹ

ഞാന്‍: :)

ഞാന്‍: അച്ചായാ, വൈ ഡോണ്ട് യു റൈറ്റ് ഓഫണ്‍...? ഇത്രയ്ക്കും വലിച്ചുനീട്ടിയൂള്ള വാചകമാക്കാതെ ഇടയ്ക്കൊന്നു മുറിയ്ക്കാന്‍ ശ്രമിയ്ക്കണം.. ബാക്കിയൊക്കെ ‘ബെസ്റ്റ് കണ്ണാ ബെസ്റ്റ്‘!

തമനു: വാചകങ്ങളുടെ നീളം തുടക്കം മുതലേ ഉള്ള ഒരു കമ്പ്ലേന്റാ... അതു നടക്കുന്നില്ല... മുറിച്ചു നോക്കുമ്പോ എനിക്ക് ഒരു സുഖം തോന്നാറില്ല... :(

ഞാന്‍: എന്നാ പിന്നെ അതു ട്രൈ ചെയ്യണ്ട.. (എന്തിനാ ഒള്ളതും കൂടെ ബൂലോകത്ത് ഇല്യാണ്ടാക്ക്യേഡാ ന്ന് പറഞ്ഞ് ആള്‍ക്കാരെന്നെ മെക്കട്ട് കേറാന്‍ വരൂല്യേലോ...)

തമനു: :)

ഞാന്‍: ഞാനങ്ങനെ പറഞ്ഞയാന്‍ കാ‍രണം, ഹാസ്യം മനസ്സിനു പിരിമുറുക്കം കൊടുക്കാതെ ഒഴുക്കന്മട്ടില്‍ വായിയ്ക്കാനുള്ളതാണന്നുള്ള പൊതുവായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, നീണ്ട വാചകങ്ങള്‍ ഭൂരിഭാഗം വായനക്കാരിലും അവരറിയാതെ തന്നെ, വായിച്ചു വായിച്ചു നീണ്ടു പോകുന്ന വാചകത്തിന്റെ അവസാനത്തുനിന്നും പലപ്പോഴും തുടക്കത്തില്‍ വായിച്ചതെന്തെന്നു വിട്ടുപോയിട്ട് അതു ഓര്‍ത്തുനോക്കാനുള്ള മനസ്സിന്റെ ആ ഓട്ടത്തിനിടയില്‍ ഉണ്ടാവുന്ന ആ പിരിമുറുക്കം ചിലപ്പോള്‍ ഒരു പരിധിവരെ വായനയുടെ സുഖത്തെ നശിപ്പിയ്ക്കാനുള്ള സാധ്യതയെ മുന്‍ കൂട്ടി കാണണമെന്നുള്ള ഒരു സൂചനായായിട്ടാണ്.. (അയ്യൊ, എന്റെ വാചകം നീണ്ടുപോയി അല്ലെ, ഇച്ചായന്‍ ക്ഷമീ.. ഞാന്‍ കുറയ്ക്കാന്‍ നോക്കിയിട്ട് നടന്നില്ല ട്ടോ... ഹഹഹ)

തമനു: ഉവ്വ് വളരെ ശരിയാണ്, അത് എനിക്കുമറിയാം... മാത്രവുമല്ല വലിയ വാചകങ്ങള്‍ കണ്ടിട്ട് അതിലെന്താ എഴുതിയേക്കുന്നത് എന്ന് മനസിലാക്കാതെ വിടുന്ന ഒത്തിരി പേരുണ്ട്...

ഞാന്‍: അതെ.. (അങ്ങനെയുമുണ്ടോ?)

തമനു: (ഉവ്വല്ലൊ, അതല്ലെ മുകളിലെഴുതിയത് ഞാന്‍ വായിക്കാതെ വിട്ടു കളഞ്ഞത്...) :)

ഞാന്‍: ഹഹ...

© Copyright [ nardnahc hsemus ] 2010

Back to TOP