മറ്റു കച്ചോടങ്ങള്
നമ്മുടെ ശാസ്ത്രസാങ്കേതികവളര്‍ച്ചയോടും അതിനു വഴിതെളിയ്ക്കുന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരോടും എനിയ്ക്കുള്ള ബഹുമാനം ഞാനാദ്യമേ രേഖപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാനത്തില്‍ തന്നെ ഒരുപാട് വിദേശനാണ്യം രാജ്യത്തിനു നേടിത്തരാവുന്നത്രയും പ്രാബല്യമുള്ള ടെക്നോളജികള്‍ അനിവാര്യവും അഭിനന്ദനാര്‍ഹവും രാജ്യത്തെ ഓരോ പൌരനും അഭിമാനിയ്ക്കാവുന്നതും തന്നെ. കണ്ടുപിടുത്തങ്ങള്‍ മാനവര്‍ക്കെന്നും ആവശ്യമായതും ജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കാനുപകരിയ്ക്കുന്ന പുതിയ പരീക്ഷണങ്ങളുമാണെന്നിരിയ്ക്കെ മനസ്സില്‍ നുരയുന്ന ഒരു “പിന്തിരിപ്പന് വാദം“ (അങ്ങനെയാണ് ഒരു സുഹൃത്ത് പറഞ്ഞത്) പങ്കുവയ്ക്കുന്നു.
ചന്ദ്രയാനമെന്നല്ല, രാജ്യത്തിന്റെ ഏതു വികസന പ്രക്രിയയിലും നമുക്കുവേണമെങ്കില്‍ കൈയ്യടിച്ച് കൂടെ നില്ക്കാം അല്ലെങ്കില്‍ മാറി നില്ക്കാം.. പക്ഷെ തിരിച്ച് ഒന്നും പറയാന്‍ പാടില്ല, അത് രാജ്യസ്നേഹമല്ലാതാകും. ഇനിയിപ്പൊ എന്തു പറഞ്ഞാലും ഇല്ലെങ്കിലും വികസനം അതിന്റെ പാതയില്‍ നീങുകയും ചെയ്യും, എന്നാ പിന്നെ പറയാല്ലെ?
ഞങ്ങളുടേ നാട്ടില്‍ എന്റെ വീടിനടുത്തുനിന്നും ഏകദേശം 40-50 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോയാല്‍ ആനപാന്തം എന്ന് പേരുള്ള ഒരു ആദിവാസിമേഖലയുണ്ട്. (പണ്ട് വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ കാട്ടിലെ കഞ്ചാവുകൃഷിയില്‍ പങ്കാളിത്തമുണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ച ലോനപ്പന് നമ്പാടന് എം എല്‍ എയുടെ ആ വെല്ലുവിളി സ്വീകരിച്ച്, വനത്തില്‍ സ്വയം വന്ന് കൃഷി കാട്ടിത്തരുകയാണേങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാം എന്ന ഓഫറും സ്വീകരിച്ച് അവസാനം മാധ്യമ പ്രവര്‍ത്തകരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടുമൊപ്പം ഒരു സുപ്രഭാതത്തില്‍ കാടുകയറാന്‍ തുടങ്ങിയ മന്ത്രി-എം എല്‍ എ മാര്‍, നാലിലൊന്നിടം പോലും നടന്നെത്തുമ്പോഴേയ്ക്കും കൈകാല്‍ തളര്‍ന്നവശരായി തിരിച്ചു പോരേണ്ടി വന്ന, പണ്ട് നമ്മള് കേട്ടിട്ടുള്ള അതേ ആനപാന്തം) ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എനിയ്ക്കറിയില്ലെങ്കിലും അറിഞ്ഞിടത്തോളം അവിടെ ഇന്നും പട്ടിണിമരണങ്ങള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, റോഡ്, വിദ്യഭ്യാസം, ആരോഗ്യകേന്ദ്രം തുടങ്ങി വളരെ പ്രാഥമികമായ അടിസ്ഥാനസൌകര്യങ്ങള്‍ പോലും എത്തിപ്പെടാത്ത ഒരു മേഖലയാണ് ഈ പറയുന്ന ആനപാന്തം. ജോലിയില്ലാത്ത ഗൃഹനാഥന്മാര്, പോഷകാഹാരമില്ലാതെ വികൃതരൂപം വന്ന കുട്ടികള്‍, വൃദ്ധരും രോഗപീഡിതരും വേറെ. മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് ജീവിയ്ക്കാനാവില്ലെന്ന് വീമ്പിളക്കുന്ന നമ്മള്‍ക്ക് അവരെങ്ങനെ ജീവിയ്ക്കുന്നു എന്ന് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ കഴിയാത്തയത്രയും താണ തലങ്ങളിലെ ജീവിതം നയിയ്ക്കുന്ന ഒരു പറ്റം ജനങ്ങള്‍. ഇതുപോലുള്ളവര്‍ കഴിയുന്ന എത്രയെത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍...
രണ്ടോ മൂന്നോ മാസം പെയ്യുന്ന മഴയില്‍ മാത്രം കുളിച്ച് വര്‍ഷത്തെ ബാക്കികാലം മുഴുവന്‍ വിയര്‍പ്പിലും മണല്‍കാറ്റിലും കുടിവെള്ളം പോലുമില്ലാതെ നരകിയ്ക്കുന്ന, ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ആദിവാസികള്‍ എന്റെ ജീവിത അനുഭവമാണ്. അവരോടൊപ്പം താമസിയ്ക്കേണ്ടിവന്ന തിളച്ച ഒരു രാത്രിയില്‍, ഗൃഹനാഥന് എനിയ്ക്കു തന്ന ഒരു കുപ്പി വെള്ളം അന്നവര്‍ക്ക് നിധിയെക്കാള്‍ വലുതായിരുന്നു, കാരണം അദ്ദേഹത്തിന്റെ മകള്‍ കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലേയ്ക്കിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്കുന്ന വില അത്രയേറെയാണ്... കുളിയ്ക്കാന്‍ പോയിട്ട് പാത്രങ്ങള്‍ കഴുകാന്‍ പോലും വെള്ളമില്ലാതെ പൊടിമണല്‍ കൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടിവരുന്ന നമ്മുടെ സ്വന്തം ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വിഭാഗം ജനതയെ നമുക്കെങനെ മനസ്സിലാവാന്‍? അപ്പോള്‍ പിന്നെ നമ്മുടേ സര്‍ക്കാരിനോ?
ചിലപ്പോള്‍ കണ്ടിരിയ്ക്കും, മൊത്തം സമയത്തിന്റെ പകുതിപരസ്യം ഒഴിവാക്കിയാല്‍ കിട്ടുന്ന കണ്ണാടിയെന്ന ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞുവരാറുള്ള തെളിമ നശിച്ച, തൊട്ടടുത്ത പരസ്യത്തോടെ നാം മറന്നുപോകുന്ന മുഖങ്ങള്‍... ചാഞ്ഞും ചരിഞ്ഞുമെടുത്താന്‍ അവാര്‍ഡും അപ്രീസിയേഷനും കിട്ടാന്‍ സാധ്യതയുള്ള ചില ഫോട്ടോകള്‍ക്കപ്പുറം യാതൊരു ഗുണവും തരാത്ത കുറച്ചു തുറിച്ച കണ്ണും ഒട്ടിയ വയറുമുള്ള ജീവികള്‍! പണ്ടായിരുന്നെങ്കില്‍, കാട്ടില്‍ കയറി അവരെന്തെങ്കിലും കഴിച്ചോളുമായിരുന്നു.. ഇന്ന് ആ കാടും നമ്മുടേ സ്വന്തം അല്ലെ? അവനാരാ... ആദിവാസി പണ്ട്.. ഇപ്പോള്‍ ഏതോ വാസി!
ഇന്നിവര്‍ക്ക് അല്ലറചില്ലറയായി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് അഞ്ചാം വര്‍ഷം വന്നുപോകുന്ന ഇലക്ഷന് കാലങ്ങളില്‍ ലഭ്യമാകാനിടയുള്ള വോട്ട് ബാങ്കിനെ മുന്‍ കണ്ടുകൊണ്ട് നേതാക്കള്‍ വല്ലതും കൊടുക്കുമ്പോഴാണ്. അങനെയെങ്കിലും ചിലപ്പോള്‍ അവനു വായയ്ക്കു രുചികിട്ടുന്നൊരു കറി കൂട്ടി വയര്‍ നിറയെ ഒരൂണ് തരമാവുന്നുണ്ടെങ്കിലോ?... അങ്ങനെയൊക്കെ അവരെ ഊട്ടാനായി കൂടിയാവുമോ വരുന്ന ഇലക്ഷനില്‍ പതിനായിരം കോടി ചിലവ് പ്രതീക്ഷിയ്ക്കുന്നത്? (വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാത്രം ചിലവാക്കാന്‍ പോകുന്ന തുകയാണത്.. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വക വേറേയും).
സമ്പൂര്‍ണ്ണസാക്ഷരത എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അന്നു പഠിച്ചവരില്‍ പേരും ഒപ്പും നാലാം ദിവസം മറന്നുപോയ എത്രപേരെ നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് തൊട്ടുകാണിയ്ക്കാന്‍ കഴിയുന്നു... വികസനങ്ങള്‍ പലരീതിയില്‍ നമ്മളാഘോഷിച്ചിട്ടും ഒറ്റത്തവണപോലും അതിന്റെ ഒരംശം പോലും പങ്കുപറ്റാന്‍ സാമര്‍ത്ഥ്യമില്ലാതെ പോകുന്ന നമ്മുടെ സ്വന്തം ജനത. പ്രകൃതിക്ഷോഭങ്ങളില്‍പോലും എത്തിച്ചേരുന്ന പണം വീതിച്ചുകൊടുക്കാത്ത നമ്മുടെ സ്വന്തം സര്‍ക്കാര്‍... ഒരു പക്ഷെ, ചാന്ദ്രയാനത്തിനു ചിലവിട്ട നാനൂറ് കോടി ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ചാല്‍ (അങനെ വേണമെന്നൊന്നും ഞാന്‍ പറയുന്നില്ല) അതിന്റെ പത്തിനൊന്നുപോലും ലക്ഷ്യം കണ്ടെന്നു വരില്ല. നമ്മുടെ വ്യവസ്ഥിതി അങ്ങനെയൊക്കെ ആയിപ്പോയി.. അല്ലാതെന്തു പറയാന്‍!
ഈ വികസന പരീക്ഷണങ്ങളൊക്കെ തന്നെ മറ്റുരാജ്യങ്ങളോട് കിടപിടിയ്ക്കാനുള്ള ഇന്ത്യയുടേ മത്സരമായി കാണാം... നല്ലത്! പക്ഷെ, അതേസമയം അവരുടെ നാട്ടില്‍ ദാരിദ്ര്യരേഖയുടേ സ്ഥാനം നമ്മുടേയത്രയും മോശമായിരിയ്ക്കുമോ? വഴിയില്ലെന്നു തോന്നുന്നു! നൂറ് കോടിയിലേറെ ജനങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍, ഒരു പൌരന് വെറും 4 രൂപ വച്ചെടുത്താല്‍തന്നെ ചന്ദ്രയാനത്തിന് ചിലവഴിച്ച പണത്തില്‍ മിച്ചം വരുമെന്നിരിയ്ക്കേ, മാസത്തില്‍ നാലുരൂപപോലും വരുമാനമില്ലാത്ത ഒരുപാട് പേര് താമസിയ്ക്കുന്ന ഒരു രാജ്യത്തെ ചില “വികസന കുതിയ്ക്കലുകള്‍” എല്ലാ അര്‍ത്ഥത്തിലും കുതിയ്ക്കല്‍ തന്നെയാണോ എന്നേ ഞാന്‍ ശങ്കിയ്ക്കുന്നുള്ളൂ..
നമ്മളൊക്കെ എത്രയെത്ര യാനങ്ങള്‍ വിട്ട് വികസനം കൈവരിച്ചാലും അതിന്റെ യാതൊരു പങ്കും കടന്നുചെല്ലാത്ത ഒത്തിരിയിടങ്ങള്‍ ഇന്നും നമ്മുടേ ഇന്ത്യയിലുണ്ട്, അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.
[ഇതിലെ കമന്റുകള്‍ കൂടി വായിച്ചാലേ, ഈ പോസ്റ്റ് പൂര്‍ണ്ണമാവുകയുള്ളു..]
Labels ചാന്ദ്രയാനം, വികസനം
പകലൊക്കേം വീട്ടുകാരോടും നാട്ടുകാരോടും തങ്കപ്പെട്ട സ്വഭാവത്തോടെ പെരുമാറേം സ്ത്രീകളോടൂം കുട്ട്യോളോടും ഇന്നേവരെ ഒറ്റത്തവണപോലും കൊള്ളരുതായ്മ കാണിയ്ക്കാത്തവനും ആയ ഇമ്മ്ടേ തെക്കേകാരന്റോടത്തെ മിഖായേല്‍ എന്ന വിയാലു പക്ഷെ, വൈന്നേരായിക്കഴിഞ്ഞാ ആളു ഭയങ്കര പെശകാ.... ന്താന്ന് വച്ചാ, ഇഷ്ടന് നല്ല ബെസ്റ്റായിട്ട് തേവും. ന്ന് ച്ചാ ഏതാണ്ട് വയറ് നെറയണവരെ.. അതാ വന്റൊരു കണക്ക്.. അതു കഴിഞ്ഞ് ഷാപ്പീന്നെറങ്ങുമ്പോഴേക്കും എതാണ്ടൊരു പൈനൊന്നു പന്ത്രണ്ട് മണ്യായിട്ട് ണ്ടാവും.. ഹൈ, എന്താന്ന് ച്ചാ അപ്ലാണല്ലോ റോട്ടില് തെരക്ക് കൊറേണ നേരം..
ഷാപ്പീന്ന് വീടുവരെ പോണേന്റെടേല് റോഡ് സൈഡിലൊരു കപ്പേള ണ്ട്.. നടന്ന് നടന്ന് അവടെയ്ക്ക് ങ്ങഡ് എത്തുമ്പൊ പുള്ളിക്കാരന് കപ്പേളേം വിട്ട് ഒര് നാലടി മുന്നോട്ട് നടക്കും... ന്ന് ട്ട് ദേ രണ്ട് കൈയ്യോണ്ടും മുണ്ടിന്റെ തുമ്പ് പൊക്കിപ്പിടിച്ചോണ്ടും പണ്ടേങ്ങാണ്ട് നീലവരേണ്ടാര്‍ന്ന സൌസറ് കാണിച്ചോണ്ടും ബാക്കിലിയ്ക്ക് ഒട്ടും തിരിയാണ്ട് ഒര് റിവേര്‍സ് ണ്ട്, ആരോടോ എന്തോ പറയാനൊള്ള പോലെ.... അത് നേരെ പുണ്യാളന്റെ രൂപം നോക്കി നിക്കണ ഭാഗത്തെത്തീട്ടേ നിക്കൂ... ന്ന് ട്ട് പുണ്യാളന്റെ മോത്തേയ്ക്ക് വെട്ടിത്തിരിഞ്ഞിട്ട് ഒറ്റ നോട്ടാ... എപ്പ നോക്യാലും എന്ത് പറഞ്ഞാലും മിണ്ടാണ്ട് നിക്കണ പുണ്യാളനെ നോക്കി പിന്നെ അങ്ങ്ഡ് ഒരു ജ്യാതി നോണ്‍-സ്റ്റോപ് നോണ്‍-വെജ് വെളമ്പലാണ്... ജനിച്ചേന് ശേഷം ആരോടൊക്കെ ദേഷ്യണ്ടൊ അവന്റൊക്കെ അപ്പനും അമ്മയ്ക്കും വിളിച്ചോണ്ട് ഏതാണ്ട് ഒരു മണിക്കൂറ് നേരത്തേയ്ക്ക് പറ്റാവുന്നത്രെം ഒച്ചേലുള്ള തെറീടെ അയ്യരു കളിയാ പിന്നെ!
വിയാലൂന്റെ ദീയൊര് എടവാടോണ്ട് ഏറ്റവും കൂടുതല്‍ പ്രശ്നണ്ടാര്‍ന്നത് മ്മടേ എടവകപള്ളീടെ മണിമേടേല് ഒറങ്ങാന്‍ കെടക്കണ റാഫേലച്ചനാര്‍ന്നേയ്.. അച്ചനവനെ പകല്‍ സമയം എന്തോരാന്നോ ഉപദേശിച്ചേക്കണേ, പക്ഷെ വൈന്നേരായാ ഒക്കെ വെള്ളത്തീ വരച്ച വരപോലെ.. ന്താ കാര്യം ണ്ടായേ... ഒരു കാര്യോല്യ , വിയാലുണ്ടോ കേക്കണേ... പോരെങ്കീ പള്ളീലൊട്ട് പോവേമില്ല...
വിയാലൂന്റെ പുളിച്ച തെറീഡെ കാര്യം പോട്ടേന്ന് വയ്ക്കാം, കാരണച്ചനത് കേട്ട് കേട്ട് ഒരു ശീലായി... അച്ചനിപ്പൊ അതല്ല പേടി, വിയാലു പറ്റിന്റെ പൊറത്ത് പുണ്യാളന്റെ രൂപത്തേല്‍ വല്ല അതിക്രമോം ചെയ്യോന്നാ... ഇദിങനെ വിട്ടാ ശര്യാവില്ലാന്ന് വെച്ചട്ട്, വിയാലൂന്റെ തെറിമഴ തരണം ചെയ്യാന്‍ എന്തെങ്കിലും പ്രതിവിധിയ്ക്കായി തല പൊകഞ്ഞാലോചിച്ചു.. അവസാനം അച്ചന്റെ പെടലീല് ഒരു കിണ്ണംകാച്ചി ഐഡിയ വന്നു.. അമ്പ് പെരുന്നാളിന് കൊണ്ടോവാറുള്ള പുണ്യാളന്റെ ഒരു ചെറിയ രൂപം ഇരിയ്ക്കണ് ണ്ട്.. സന്ധ്യായാ, അതെടുത്ത് കപ്പേളേല് കൊണ്ടു വയ്ക്ക...ഞിപ്പൊ വിയാലു എങ്ങാന്‍ വയലന്റായിട്ട് കുഞ്ഞ്യ പുണ്യാളനെ ന്തെങ്കിലും ചെയ്യാണേങ്കി തന്നെ മാറ്റി വയ്ക്കാന്‍ വല്യ പുണ്ട്യാളനൊണ്ടല്ലൊ.. അങ്ങനാവുമ്പൊ എടവകയ്ക്ക് അത്ര വല്യ നഷ്ടോം വരില്ല. പിന്നെ അമാന്തിച്ചില്ല പിറ്റേ ദെവസം തന്നെ അച്ചന് കപ്യാരെകൊണ്ട് സാധനം ഡിങ്കോള്‍ഫി ആക്കി.
അന്നും വൈന്നേരായി... മണി പൈനൊന്നായി.. പിന്നെ പന്ത്രണ്ടുമായി... റാഫേലച്ചന് കെടന്ന് ട്ട് ഒരു നെലയ്ക്കും ഒറക്കം വരണില്യ... വിയാലൂന്റെ ദൂരേന്നൊള്ള തെറിപ്പാട്ടിന്റെ ഈരടികള്‍ അടുത്തുവരുംതോറും റാഫേലച്ചച്ചന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരാന്‍ തൊടങ്ങി...
ശീലം പോലെന്നെ അന്നും നാലടി മുന്നോട്ട് പോയ വിയാലൂന് റിവേഴ്സിടണേന് മുമ്പന്നെ ഒരു പന്തികേട് തോന്ന്യാര്‍ന്നു... രൂപക്കൂട്ടിലൊരു വശപെശക് ... ഏതാണ്ടൊരു മിനിറ്റ് നേരത്ത് യ്ക്ക് ആളവടങ്ങനെതന്നെ നിന്നു... എന്നിട്ട് ഒന്നും മിണ്ടാണ്ട് വലതുകാലീന്ന് ഇടതുകാലീലേയ്ക്ക് തന്റെ മൊത്തം ‘കുയില്‍ബോഡീടേ‘ വെയ്റ്റ് മാറ്റണേന്റെ എടേല് ‘ഉം തൃപ്ത്യായി ട്ടാ..” എന്ന മാതിരി ഒന്നു തലകുലുക്കേം ചെയ്തു... എന്നിട്ട് പതുക്കേ സൈലന്റായിട്ട് രൂപക്കൂടിന്റവിടുത്തേയ്ക്ക് നടന്നു... ന്ന് ട്ടാ റോഡീന്ന് ഇച്ചിരി പൊന്തി നിക്കണ വലത് വശത്തെ സിമന്റ് തറേല് പുണ്യാളന്റെ രൂപം ഫേസ് ചെയ്യണ സൈഡീല്‍യ്ക്ക് തിരിഞ്ഞട്ട് ഒറ്റ ഇരിപ്പ്.... വീണ്ടും കമ്പ്ലീറ്റ് സൈലന്റ്... വിയാലൂന്റെ ഡെയ്ലി തെറികള്‍ കേട്ടു ശീലമായ ചീവീടുകള്‍ പോലും ഈ പുതിയ രംഗങ്ങള്‍ കണ്ട് അന്തം വിട്ടിരിപ്പായി... വിചാരിച്ചേന് വിരുദ്ധമായി വിയാലൂന്റെ പരിവാടികള്‍ അന്ന് തെറ്റാന്‍ തുടങ്ങിയതോടെ മണിമേടേല് ലൈറ്റണച്ച് സംഗതികള്‍ നിരീക്ഷിച്ചോണ്ടിരിയ്ക്കുന്ന അച്ചനും കണ്‍ഫ്യൂഷനടിയ്ക്കാന്‍ തൊടങ്ങി... മിനിറ്റുകള്‍ എഴഞ്ഞിഴഞ്ഞ് നീങ്ങണേന്റെടേല് പെട്ടെന്ന് ഇമ്മടെ വിയാലു ഇരിയ്ക്കണാ ഇരിപ്പില്‍ റോട്ടിലേയ്ക്ക് കാര്‍ക്കിച്ചു ഒറ്റ തുപ്പ്... എന്നിട്ട് തല എടത്തോട്ട് തിരിച്ച് പിന്നീ നിക്കണ പുണ്യാളന്റെ മൊകത്തേയ്ക്കൊന്നു നോക്കീട്ട് ഒറ്റ ചോദ്യാ...,
”ടാ മോനേ, നെന്റപ്പനെന്ത്യേറാ??”
Labels കഥ
നിങ്ങളില്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ടേപനമേറ്റിട്ടുണ്ടോ?
ഇല്ലേ?
ഒരു ടോട ടേപനമെങ്കിലും?
ഒന്നു മനനം ചെയ്ത് നോക്ക്....
അല്ല, ഇല്ലെങ്കില്‍ വേണ്ട, ഞാന്‍ പറഞ്ഞുവന്നത്, എനിയ്ക്കിന്നലെയേറ്റ “ടേപന“ത്തെക്കുറിച്ചാണ്..
ഞെട്ടണ്ട, ശരിയ്ക്കുമുള്ള ടേപനം... അതും ദിവ്യനായ ടുവിന്റെ കൈയ്യില്‍ നിന്ന്...
നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ല അല്ലേ? എങ്ങനെ വരും?
എനിയ്ക്കുപോലും ഇതു വരെ വിശ്വാസം വന്നിട്ടില്ല, അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയണോ?
എന്നാല്‍ ഞാന്‍ പറയാം...
ഒരു ദിവസം ഞാനിങ്ങനെ എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ പുറത്ത് ഒരു സ്വല്പം ടോപത്തോടെയിരുന്നു പോകുകയായിരുന്നു... അങ്ങനെ പോയി പോയി, ഇത്തിരി വിശാലവും വിജനവുമായ സ്ഥലത്തെത്തി...
പെട്ടെന്ന് എതിര്‍ദിശയില്‍ വല്ലാത്തൊരു ഝല്ലിക പരന്നു...
കണ്ണിലേയ്ക്ക് ആഞ്ഞടിയ്ക്കുന്ന ഝല്ലികയെ വലതുകൈയ്യാല്‍ മറച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടു നോക്കിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പും അത്ഭുതവും ഉളവാക്കുന്നതായിരുന്നു....
ദിവ്യനും വാജരൂപനുമായ ടു അതാ തന്റെ മിന്നിമിനുങ്ങുന്ന ചിറകുകള് മന്ദം മന്ദം വീശി ടയിലേയ്ക്ക് , എന്റെ പ്രിയപ്പെട്ട ടാരത്തിന്റെ മുന്‍പിലേയ്ക്ക് താഴ്ന്നിറങ്ങാന്‍ തുടങ്ങി..
ടുവിന്റെ കാല് ടയില്‍ തൊട്ടപാടേ പാഴ്ചെടികള്‍ പോലും സുമങ്ങള് വിടര്‍ത്തി കങ്ക പരത്താന്‍ തുടങ്ങി... അന്തംവിട്ട് ഞാനെന്തൊക്കെയോ പിനാറ്റാന്‍ തുടങ്ങി...
ടപ് ... ടപ് ... ടപ് ...
പെട്ടെന്ന് എന്റെയടുത്തേയ്ക്ക് നടന്നടുത്ത ടു അന്തരീക്ഷത്തിലേയ്ക്ക് കരം വിടര്‍ത്തിയതും ഗഗനത്തില്‍നിന്നുമതിലേയ്ക്ക് ഒരു ടേപം പ്രത്യക്ഷപ്പെട്ടു...
എന്താണ് കണ്മുന്നില് നടക്കുന്നതെന്ന് മനസ്സിലാകാതെ ങുതം നഷ്ടപ്പെട്ടു നില്ക്കുന്ന എന്നെ ലക്ഷ്യമാക്കി ടു ഒറ്റ ടേപനമായിരുന്നു, അതിടോടമായി...
ഒരു ഝല്ലകണ്ഠത്തിന്റെ മനസ്സുള്ളവനായ ഞാന്‍ ഇനിയെന്തു ചെയ്യും?..
എനിയ്ക്കൊരു പിടിയും കിട്ടുന്നില്ല!!!
Labels പദമുദ്ര
ഓണത്തിന് ഒരു മാസം മുമ്പേ ഫ്രാന്‍സീ പോവാണെന്ന് പറഞ്ഞപ്പന്നെ ഇയ് മാവേല്യോട് ഞാമ്പറഞ്ഞതാ.. “ദേ ചുള്ളാ, കാര്യൊക്കെ ശര്യാ.. ങ്ങള് ചക്രവര്‍ത്തീം കൊടച്ചക്രോം ഒക്കെ ആര്‍ന്നെങ്കിലും ദേ ഇപ്പൊ ആ കാര്യൊക്കെ പറഞ്ഞ് അവടെ കെടന്ന് ചെത്തിനടന്നാ, ആടിന്റെ താടിപോലെ താട്യൊള്ള സായിപ്പന്മാരെടുത്തിട്ട് ങ്ങടെ കൂമ്പിനു ചാമ്പും... കേരളത്തില്‍ അടുത്ത മാസം ഓണാണ് വരണേ.. ഫ്രാന്‍സിലൊക്കെപോയി ആ ‘സെറ്റപ്പൊക്ക‘ ഇങ്ങക്കങ്ക്ഡ് പിടിച്ച് അവടെകൂട്യാ ഞങ്ങക്ക് നഷ്ടാവണത് കൊല്ലാകൊല്ലൊള്ള ഇങ്ങഡെ ഓണം വിസിറ്റാ...” ന്ന് . അതൊന്നും കേക്കാണ്ടിപ്പൊ, തൊരപ്പന്മാരുടെ കൂട്ട് ഇല്ലാത്ത അണ്ടര്‍ഗ്രൌണ്ട് തുരങ്കോം ണ്ടാക്കി ഫ്രാന്‍സീല്‍ ചെന്നപ്പ എന്തായീ? ദേ പേപ്പറില്‍ കെഡക്കണ കണ്ടില്ലെ, ഓനെ പൊകച്ച് പൊറത്ത് ചാടിയ്ക്കാന്‍ സായിപ്പന്മാരുണ്ടാക്യ ഒരു കുന്ത്രാണ്ടം.. എന്തയിന്റെ പേര്? എല്‍ എച് സീ ന്നോ ബിഗ് ബാങ്ങെ*ന്നൊ ഒക്കെ ടീവീല് പറയണ കേട്ടു... ഐഡിയം സ്റ്റാര്‍ സിംഗറിന്റെ നേരത്തായതോണ്ട് യ്ക്കത് മുഴുവനും കേക്കാന്‍ പറ്റീല്യെങ്കിലും കേട്ടിടത്തോളം വച്ച് നോക്യാ, മ്മടെ മാവേലീടെ കാര്യം പോക്കാ ത്രെ... കാരണം, ഫ്രാന്‍സിന്റെ അധീനതേലുള്ള പാതാളത്തില്‍, മാവേലി താമസിയ്ക്കണ ഫ്ലാറ്റിനു ചുറ്റും ഒരു വട്ടാകൃതീല് വളച്ചുണ്ടാക്കിയ പൊടിപടലം കേറ്റിയ പൈപ്പ് ചൂടാക്കി, ചൂടാക്കി ഓനെ അതിന്റുള്ളിലിട്ട് കരിച്ച് കളയാനാ അവരുടെ പരുവാടീന്ന്.. അല്ല യ്ക്ക് അറിയാന്‍ മേലാത്തോണ്ട് ചോദിയ്ക്കാ, ഇങ്ങേര്‍ക്കിതിന്റെ വല്ല ആവശ്യോണ്ടാര്‍ന്നാ?? കാര്യം കൊല്ലത്തിലൊരു തവണേ മലയാളികള്‍ ഓര്‍ക്കാറുള്ളെങ്കിലും ഇമ്മടെയീ കൊച്ചുകേരളത്തിന്റെ പാതാളാതിര്‍ത്തി വിട്ട് കണ്ണീകണ്ട മദാമ്മകളെ കാണാന്നും പറഞ്ഞ് ഇത്രേം ദൂരോള്ള ഫ്രാന്‍സീ പോണ്ട വല്ല ആവശ്യോണ്ടാര്‍ന്നാ?? ഒരുമാതിരിപെട്ടവ ഇമ്മടെ കോവളത്തും ഒള്ളതല്ലെ?? ഞ്ഞിപ്പൊ അറം പറ്റണപോലെ ഇങ്ങേര്‍ക്കെന്തെങ്കിലും പറ്റിയാ പിന്നെ മ്മ്ള് മല്ലൂസ് യെങ്ങനെ ഓണം ആഘോഷിയ്ക്കൂന്നാ?? ങ്ങള് തന്നെ പറ... ഇതൊക്കെ കേട്ടപ്പൊതൊട്ട് തൊടങ്ങീതാ എന്റെ ശരീരത്തിലാകെപ്പാടെ ഒരു വെറയല്.. യ്ക്ക് ഓര്‍ത്തിട്ട് ഒരു പിടി ചോറുപോലും കഴിയ്ക്കാന്‍ പറ്റണില്ല... ന്റെ ചങ്ക് കഴയ്ക്കണ്...എന്തെങ്കിലും ചെയ്തേ പറ്റൂ... ഞാനിപ്പ വരാം... ഇന്നലെ കൊണ്ടന്ന് വച്ച ചിവാസ് റീഗല്‍ തീര്‍ന്നോന്ന് നോക്കട്ടെ...
അപ്പൊ ശരീ ട്ടാ.. ഹാപ്പി ഓണം !! എന്ജോയ് യുവര്‍സെല്‍ഫ് യാര്... ബട്ട് കണ്ട്രോള് യുവര്‍സെല്‍ഫ് ട്ടാ...
* ബാങ്ങ് : അയ്യടാ, നോര്ത്തിന്ത്യക്കാര് കുടിച്ച് പറ്റാവണ ആ ഭാംഗല്ല ഈ ബാങ്... പക്ഷെ, അതായാലും ഇതായാലും അണ്ഡകടാഹം പുകയുമെന്നുള്ളത് നൂറു തരം!!
Labels ഹാപ്പി ഓണം
[ഈയടുത്ത കാലത്താണ് ഞാന്‍ മനു മുഖേന തമനു വിനെ പരിചയപ്പെടുന്നത്... ജി-റ്റാക് സൌഹൃദമാണെങ്കിലും പലപ്പോഴും വളരെ അടുത്ത ഒരാളെന്ന ഒരു തോന്നല്‍ ഇദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ട്. രസകരമായി തോന്നിയ ഒരു ചാറ്റ് ശകലം തമനുവിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റുന്നു.. :) ]
11:34 AM on Saturday
തമനു is busy! ഞാന്‍: ഉത്തമാ... പുരുഷോത്തമാ..
തമനു: ഹോ, എന്തൊരു ഫോട്ടോയാടൊ ഇത്.... ?
ഞാന്‍: (അങനെ വിളിച്ചപ്പൊ, രോമാഞ്ചം തോന്നുന്നുണ്ടോ??) ഹഹ, ആ ഫോട്ടോ ഞാന്‍ ചുമ്മാ ഇട്ടതാ അച്ചായാ...
തമനു: ഹൊ, മെസേജ് പോപ്-അപ് ചെയ്തു വരുമ്പൊ പേടിയാവുന്നു
ഞാന്‍: ഹഹ
തമനു: ആ ഫോട്ടൊ വച്ച് താന്‍ കര്‍ത്താവേ എന്ന് വിളിച്ചാ പുള്ളി പോലും പേടിക്കും, പിന്നല്ലേ എനിക്ക് രോമാഞ്ചം വരുന്നേ... !!
ഞാന്‍: ഹഹ, അതല്ല... ‘പുരുഷോത്തമന്‘ എന്നൊക്കെ ആരെങ്കിലും അന്യായമായി വിളിക്കുമ്പോ അങ്ങേതലയ്ക്കല്‍ നിന്നും വിനയത്തോടെ എയ്, ഞാനങ്ങനൊന്നുമല്ല ട്ടോ എന്നൊരു മറുപടി പ്രതീക്ഷിച്ചാ ഞാന്‍ അങ്ങനെ വിളിച്ചെ... ഇതിപ്പൊ, ഓസിയില്‍ (ഓ സി ആറല്ല ട്ടോ) അതങ്ങ് അക്സെപ്റ്റ് ചെയ്തു അല്ലെ... ഉം ഉം.... അത്യാഗ്രഹി എന്നൊന്നും ഞാന്‍ വിളിക്കൂലാ...
തമനു: സത്യം പറയുന്നതിനെ ഞാനെന്നാത്തിനാ നിഷേധിക്കുന്നേ... ഞാന്‍ ഒരു സത്യ ക്രിസ്ത്യാനിയാന്ന് അറിഞ്ഞു കൂടേ..?
ഞാന്‍: റിയലീ? അപ്പോ, ‘ഉത്തമന്‘ എന്നല്ലേ അച്ചായന്റെ പേര്?
തമനു: അതെന്താ ക്രിസ്ത്യാനികളില്‍ ഉത്തമന്മാരില്ലേ ...? (ഉന്മത്തനമാരില്ലേ എന്ന് വായിക്കല്ലേ... :)
ഞാന്‍: ഹഹ.. അതല്ല, അങനെ പേരുള്ള ഒരു ക്രിസ്ത്യാനിയെ ഇതാദ്യമായാണ് കേള്‍ക്കുന്നത്!
തമനു: :)
തമനു: താന്‍ ഇതെന്താ, രാവിലെ വര്‍ഗ്ഗീയത പറയാനെറങ്ങിയതാ, ശിവസേനക്കാരാ ?
ഞാന്‍: ഹഹഹ... വള്ളിയിട്ടത് നന്നായി.. ഓ എന്ത് ശിവസേന... അതും ഇപ്പൊ രണ്ടാ.. പാവം ശിവന്... അങ്ങേരു മനസ്സാ വാചാ കര്‍മ്മണാ...
അതു പറഞ്ഞപ്പഴാ ഓര്‍ത്തേ.. അച്ചായന്റെ ആ ‘കുര്‍വണാ‘ തലക്കെട്ട് മനസ്സില്‍ എപ്പഴും ഇങ്ങനെ തികട്ടി തികട്ടി വരുന്നു, വര്‍ത്തമാനത്തിലും...
തമനു: :)
ഞാന്‍: നമ്മള് ഇടയ്ക്കിടയ്ക്ക് ‘ഡിങ്കോലാഫി‘ എന്നൊക്കെ പറയുന്നപോലെ “യെന്റെ, താമസാ വരാ കുര്‍വണാ കാത്തോളണേ..., ‘ശെഡാ, ഇതിപ്പൊ കുര്‍വണാ ആയല്ലൊ‘, എന്നിങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു സുഖമുണ്ട്... യേത്.. ഹാറ്റ്സ് ഓഫ് ഫോര്‍ ദാറ്റ്... :)
തമനു: താങ്ക്യൂ താങ്ക്യൂ ....
തമനു: തന്റെ ഫോട്ടോ ഇപ്പൊ വല്യ വൃത്തികേട് തോന്നുന്നില്ല കേട്ടോ.. :)
ഞാന്‍: ഹഹഹഹ.. ഉവ്വ ഉവ്വേ...
തമനു: ഹഹഹ
ഞാന്‍: :)
ഞാന്‍: അച്ചായാ, വൈ ഡോണ്ട് യു റൈറ്റ് ഓഫണ്...? ഇത്രയ്ക്കും വലിച്ചുനീട്ടിയൂള്ള വാചകമാക്കാതെ ഇടയ്ക്കൊന്നു മുറിയ്ക്കാന്‍ ശ്രമിയ്ക്കണം.. ബാക്കിയൊക്കെ ‘ബെസ്റ്റ് കണ്ണാ ബെസ്റ്റ്‘!
തമനു: വാചകങ്ങളുടെ നീളം തുടക്കം മുതലേ ഉള്ള ഒരു കമ്പ്ലേന്റാ... അതു നടക്കുന്നില്ല... മുറിച്ചു നോക്കുമ്പോ എനിക്ക് ഒരു സുഖം തോന്നാറില്ല... :(
ഞാന്‍: എന്നാ പിന്നെ അതു ട്രൈ ചെയ്യണ്ട.. (എന്തിനാ ഒള്ളതും കൂടെ ബൂലോകത്ത് ഇല്യാണ്ടാക്ക്യേഡാ ന്ന് പറഞ്ഞ് ആള്‍ക്കാരെന്നെ മെക്കട്ട് കേറാന്‍ വരൂല്യേലോ...)
തമനു: :)
ഞാന്‍: ഞാനങ്ങനെ പറഞ്ഞയാന്‍ കാരണം, ഹാസ്യം മനസ്സിനു പിരിമുറുക്കം കൊടുക്കാതെ ഒഴുക്കന്മട്ടില് വായിയ്ക്കാനുള്ളതാണന്നുള്ള പൊതുവായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, നീണ്ട വാചകങ്ങള്‍ ഭൂരിഭാഗം വായനക്കാരിലും അവരറിയാതെ തന്നെ, വായിച്ചു വായിച്ചു നീണ്ടു പോകുന്ന വാചകത്തിന്റെ അവസാനത്തുനിന്നും പലപ്പോഴും തുടക്കത്തില്‍ വായിച്ചതെന്തെന്നു വിട്ടുപോയിട്ട് അതു ഓര്‍ത്തുനോക്കാനുള്ള മനസ്സിന്റെ ആ ഓട്ടത്തിനിടയില്‍ ഉണ്ടാവുന്ന ആ പിരിമുറുക്കം ചിലപ്പോള്‍ ഒരു പരിധിവരെ വായനയുടെ സുഖത്തെ നശിപ്പിയ്ക്കാനുള്ള സാധ്യതയെ മുന്‍ കൂട്ടി കാണണമെന്നുള്ള ഒരു സൂചനായായിട്ടാണ്.. (അയ്യൊ, എന്റെ വാചകം നീണ്ടുപോയി അല്ലെ, ഇച്ചായന് ക്ഷമീ.. ഞാന്‍ കുറയ്ക്കാന്‍ നോക്കിയിട്ട് നടന്നില്ല ട്ടോ... ഹഹഹ)
തമനു: ഉവ്വ് വളരെ ശരിയാണ്, അത് എനിക്കുമറിയാം... മാത്രവുമല്ല വലിയ വാചകങ്ങള്‍ കണ്ടിട്ട് അതിലെന്താ എഴുതിയേക്കുന്നത് എന്ന് മനസിലാക്കാതെ വിടുന്ന ഒത്തിരി പേരുണ്ട്...
ഞാന്‍: അതെ.. (അങ്ങനെയുമുണ്ടോ?)
തമനു: (ഉവ്വല്ലൊ, അതല്ലെ മുകളിലെഴുതിയത് ഞാന്‍ വായിക്കാതെ വിട്ടു കളഞ്ഞത്...) :)
ഞാന്‍: ഹഹ...
Labels നര്‍മ്മസല്ലാപം
നാളേറെയായി യൂനികോഡ് കൂട്ട അക്ഷരങളെ മറ്റു പല ബ്ലോഗുകളിലും കാണുവാന്‍ തുടങിയിട്ട്.. ശെടാ ഇതെങ്ങനെ യിവന്മാര് ചെയ്യുന്നു എന്നന്വേഷിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഹരിയുടെ സാങ്കേതികത്തില്‍ വളരെ ലളിതമായ html code കണ്ടത്.. കുറേ നാള് അതുപയോഗിച്ച് സംതൃപ്തിയടഞ്ഞു.. പക്ഷെ, ഹരിതകത്തിലും പിന്നെ നമ്മുടെ എന്‍ പി രാജേന്ദ്രന്റെ ബ്ലോഗിലുമൊക്കെ കാണുന്നപോലുള്ള തടിച്ചുരുണ്ട് വള്ളിയും പുള്ളിയും കൂട്ടാക്ഷരവുമൊക്കെയുള്ള അക്ഷരങള്‍ യഥാക്രമം അച്ചടിഭാഷയെപ്പോലെ വരുന്നത് കണ്ടപ്പോള്‍ അണ്ണാ, എനിയ്ക്ക് സഹിച്ചില്ല. ജി-റ്റാല്‍കില്‍ ഉണ്ടായിരുന്ന ഒരു വിധം ഗഡികളോടൊക്കെ ചോദിച്ചു.. എല്ലാവരും കൈ മലര്‍ത്തി. ആര്‍ക്കും അറിയില്ല.. ചിലര്‍ പറഞ്ഞു, അത് എന്‍ പി ആര്, മാതൃഭൂമിയുടെ, സോഫ്റ്റ്വെയര് ഉപയോഗിയ്ക്കുന്നതുകൊണ്ടാകും എന്ന്.. എന്നിട്ടും എന്തോ എനിയ്ക്കങനെ തോന്നിയില്ല.. ഞാന്‍ അവിടെനിന്നും സ്റ്റോറികള്‍ കോപി ചെയ്ത് നോട്ട് പാഡിലിട്ട് എഡിറ്റ് ചെയ്തുനോക്കി.. യാതൊരുകുഴപ്പവും ഇല്ല.. വെരി മച്ച് യൂണികോഡ്.. അപ്പൊ ഈ കാണുന്ന ഉരുണ്ടുതടിച്ച അക്ഷരങള്‍ വരുന്ന വഴി ??ആ പേജുകളില്‍ റൈറ്റ് ക്ലിക്കമര്‍ത്തി, വ്യൂ സോഴ്സില്‍ പോയി അതില്‍ യൂസ് ചെയ്യുന്ന ഫോണ്ടുകള്‍ ഏതാണെന്നു നോക്കി...രചന എന്നാണ് ഫോണ്ടിന്റെ പേര്.. അതെ രചന ഫോണ്ട് (rachana.exe), നമ്മുടെ കുഴൂര്‍ മാഷ്, ഇ പത്രത്തില്‍ ബില്കുല് ഫ്രീ ആയിട്ട് ഡൌന്‍ലോഡ് ലിങ്ക് കൊടുത്തിട്ടുള്ളതും പലവട്ടം ഞാനത് എന്റെ സിസ്റ്റത്തില്‍ ഇന്സ്റ്റാല് ചെയ്തിട്ടുള്ളതുമാണ്... പക്ഷെ, ഇന്സ്റ്റാല് ചെയ്തു എന്നതല്ലാതെ, ഈ “പുള്ളിക്കാരിയെ” പിന്നിട് ഞാന്‍ കണ്ടിട്ടേയില്ല... കുറേ തിരഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഇന്നുവരെ ദര്‍ശനത്തിന് കഴിഞ്ഞിട്ടില്ല.. പക്ഷെ, രചന ഫോണ്ട് എന്റെ സിസ്റ്റത്തില്‍ ഇല്ലെങ്കില്‍, പിന്നെ മേല്‍ പറഞ്ഞ രണ്ടു സൈറ്റുകളിലും പോകുമ്പോള്‍ അത് രചന ഫോണ്ടില്‍ തന്നെ വരുന്നതെങനെ?? ഉം ഉം?? “എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ......എ...ഏ....!“
വ്യൂ സോര്‍സില്‍ വീണ്ടും വീണ്ടും കയറിയിറങ്ങി.. അതിനിടെ ഒന്നു മനസ്സിലായി.. അവിടെ കൊടുത്തിട്ടുള്ളത് വെറും രചന എന്നല്ല മറിച്ച്, rachana_w01, എന്നാണ്.. ഓ..കെ.. അങനെയെങ്കില് അങനെ.. പക്ഷെ ഇത് എവിടെയാണ് അപ് ഡേറ്റ് ചെയ്യേണ്ടത്? ഒരു കാര്യം ചെയ്യാം എവിടെയൊക്കെ ഫോണ്ട് ലിസ്റ്റിംഗ് കൊടുത്തിട്ടുണ്ടോ അതിന്റെയൊക്കെ മുന്പില്തന്നെ ഈ രചനയെ കോമയിട്ടു കിടത്താം! (ഒന്നാം ചിത്രം നോക്കുക).. കോമയില്‍ ആദ്യം ചേര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് ‘പ്രയോറിറ്റി‘ എന്നാണല്ലോ... ആദ്യത്തേത് ഇല്ലെങ്കില്‍ അടുത്തത് എന്ന രീതിയില്‍ കമ്പ്യൂട്ടര്‍ അതിനെ കണ്ടോളും... എന്തായാലും ഇതിനൊക്കെ ശേഷം, പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച.. വിശ്വസിയ്കാന്‍ കഴിഞില്ല..ദാണ്ടെ, നമ്മുടെ പ്രിയങ്കരിയായ ഉരുണ്ടുരുണ്ട രചനാ കുമാരി! എല്ലാ സ്ഥലങളിലും പേസ്റ്റ് ചെയ്തതുകൊണ്ട്, ഹരിയുടെ സാങ്കേതികത്തിലെ html code ഉപയോഗിച്ചാലുള്ള റിസല്‍റ്റ് പോലെ ആയിരുന്നില്ല ഇത്, മറിച്ച്, ലെഫ്റ്റ് റൈറ്റ് പാനലുകളിലെ അക്ഷരങളും കമന്റിലെ (ഫ്രന്റ് പേജില്‍) അക്ഷരങളും ഉരുണ്ടു...., തടിച്ചു.....!!
പക്ഷെ, വേറൊരു കുഴപ്പം, മേല്പറഞ്ഞ സൈറ്റുകളിലെ പോലെ അക്ഷരങളുടെ അരികുകള്‍ക്ക് ആ മിനുസമില്ല (smoothness)... ശ്ശെടാ, ഇനി അതിനെന്തു ചെയ്യും?? കുറേ ട്രൈ ചെയ്തുനോക്കി.. നോ രക്ഷതു! അവസാനം ഗൂഗിളി ബൂഗിളി ചെയ്തു.. അപ്പോഴല്ലെ രസം.. ദേ കെടക്കണൂ ഒരുപാട് റിസല്‍റ്റുകള്‍.. ഒക്കെ ട്രൈ ചെയ്തു..(രണ്ടാം ചിത്രം നോക്കുക)..
ഇത്രയും സംഗതികള്‍ അവരവര്‍ അവരവരുടെ സ്വന്തം ബ്ലോഗുകളില്‍ ചെയ്യേണ്ട കാര്യങള്.. ഇനി ഇതൊന്നുമല്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് ഇതര ബ്ലോഗുകള്‍ സ്പെസിഫൈ ചെയ്തിട്ടുള്ള ഫോണ്ടുകളല്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച ഫോണ്ട് വേണമെന്നുണ്ടെങ്കില്‍ അതിനും വകയുണ്ട്! (മൂന്നാം ചിത്രം നോക്കുക)
ഇത് ഒരു പക്ഷെ, പലര്‍ക്കും അറിയാമായിരിയ്ക്കാം.. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവായതുകൊണ്ട് ഇവിടെ ഇങനെ പോസ്റ്റ് ആക്കിയിടുന്നു! വായിയ്ക്കുന്നവര്‍ അഭിപ്രായങള്‍ അറിയിയ്ക്കുക..
Labels സാങ്കേതികം
ഇന്നത്തെ വാര്‍ത്തകള്‍
Categories
- കവിതകള്‍ (5)
- അനുഭവങള് (3)
- കഥ (3)
- sampoorna kranti vidyalaya (2)
- sumesh chandran (2)
- അബദ്ധങ്ങള്‍ (2)
- ക്രൂരകൃത്യങ്ങള്‍ (2)
- anumukti (1)
- baburaj (1)
- nachiketa desai (1)
- narayan desai (1)
- sangamitra desai (1)
- surendra gadekar (1)
- unconventional education (1)
- vedchhi (1)
- ആക്ഷേപഹാസ്യം (1)
- ആഹ്ലാദം (1)
- കുടുംബം (1)
- ചാന്ദ്രയാനം (1)
- നര്‍മ്മസല്ലാപം (1)
- പദമുദ്ര (1)
- വികസനം (1)
- സാങ്കേതികം (1)
- ഹാപ്പി ഓണം (1)