"അമ്മേ.. സ്മിത വന്നൂ, ഞാനിറങ്ങാ..."

ട്യൂഷനു പോകാനായി കൂട്ടുകാരിയോടൊപ്പം ഇറങ്ങുകയാണ്‌ രാധിക... വീട്ടില്‍നിന്നും ബസ്‌ സ്റ്റോപ്പിലേയ്ക്ക്‌ കഷ്ടി ഒരു കിലോമീറ്ററോളം കാണും. മാര്‍ക്കറ്റു വഴിയാണ്‌ പോകേണ്ടത്‌. മാര്‍ക്കറ്റ്‌ എന്നു പറയാനുള്ളത്രയൊന്നും ഇല്ല. റോഡിനിരുവശവും പച്ചക്കറിവില്‍ക്കുന്നവര്‍ നിരന്നിരിയ്ക്കും. അത്രേയുള്ളു. അടുത്തദിവസം ഇവിടുത്തുകാരുടെ പൂജാദിവസമായതുകൊണ്ടാകാം വഴിയിലൊക്കെ സാമാന്യം നല്ല തിരക്ക്‌ അനുഭവപ്പെട്ടു.

അഞ്ചുമിനിറ്റ്‌ നടന്നാല്‍ എത്തേണ്ട ബസ്‌ സ്റ്റോപ്പിലേയ്ക്ക്‌ പതിനഞ്ചുമിനിട്ടെടുത്തു.
ബസ്സ്‌ വൈകിയാണ്‌ വന്നതെങ്കിലും ശനിയാഴ്ച്ച ആയതുകൊണ്ട്‌ തിരക്കധികമുണ്ടായിരുന്നില്ല... രണ്ടുപേര്‍ക്കും ഇരിയ്ക്കാനായി സീറ്റ്‌ കിട്ടുകയും ചെയ്തു.. ഇനി ട്യൂഷന്‍ സെന്ററെത്താന്‍ ഇരുപതുമിനിട്ടെടുക്കും. ഇളം വെയിലിന്റെ ചെറുചൂടുള്ള മണവുമായി പുറത്തുനിന്നും ഒഴുകിയെത്തിയ കുസൃതിക്കാറ്റ്‌ മുഖത്തുവീണുകിടക്കുന്ന മുടിനാരുകളെ പുറകോട്ട്‌ തഴുകിമാറ്റാന്‍ തുടങ്ങി... വീടിനടുത്ത്‌ ട്യൂഷന്‍ സെന്ററില്ലാഞ്ഞിട്ടൊന്നുമല്ല. പക്ഷേ, കൂട്ടുകാരധികവും ട്യൂഷനുപോകുന്നിടത്തു തന്നെ പോകേണ്ടെന്നുവച്ചത്‌, മത്സരിച്ചുപഠിയ്ക്കാനുള്ള വാശികൊണ്ടായിരുന്നു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാളും ഗംഭീരമാക്കണം...

"ടിക്‌ ടിക്‌" കണ്ടക്റ്ററുടെ റ്റിക്കറ്റ്‌ പഞ്ചിംഗ്‌ മഷീനിന്റെ നനുത്തുകൂര്‍ത്ത ശബ്ദം, മനസ്സിനെ ബസ്സിനുള്ളിലെ വര്‍ത്തമാനകാലത്തിലേയ്ക്ക്‌ തിരിച്ചുവിളിച്ചു.

"ബോലോ മാം..., ടിക്കറ്റ്‌..."

ടിക്കറ്റിനുള്ള തുക എന്നും ചില്ലറയാക്കി കൈയ്യില്‍ കരുതാറുള്ളതാണ്‌.. പക്ഷെ, ഇന്നത്തെ വഴിയിലെ തിരക്കുമൂലം ആ പതിവു തെറ്റി. പണമെടുക്കാനായി ബാഗില്‍ കൈയ്യിട്ടു.. ബാഗിന്റെ സിപ്പ്‌ തുറന്നാണല്ലോ കിടക്കുന്നത്‌? ഈശ്വരാ, പര്‍സെങ്ങാന്‍ പോയോ? " ഒന്നു ഞെട്ടി, ബാഗില്‍ പര്‍സു കാണുന്നില്ല"... വീട്ടില്‍ നിന്നു പര്‍സെടുക്കാന്‍ മറന്നുപോയോ? ഏയ്‌ അങ്ങനെ വരാന്‍ വഴിയില്ല. മേശപ്പുറത്ത്‌ നിന്നെടുത്ത് ബാഗില്‍ വച്ചത്‌ നല്ല ഓര്‍മ്മയുണ്ട്‌. പിന്നതെവിടെപോയി?..
വൈകാതെ, തളര്‍ത്തുന്ന മറ്റൊരു സത്യം കൂടി മനസ്സിലായി, പര്‍സു മാത്രമല്ല, സെല്‍ ഫോണും കാണ്മാനില്ല... തിരക്കിനിടയില്‍ അതാരോ കവര്‍ന്നെടുത്തിരിയ്ക്കുന്നു...

ഉള്ളിലെവിടെനിന്നോ നടുക്കത്തിന്റെ ഒരു കൊള്ളിയാന്‍ മിന്നല്‍പിണരുകളയി ചിതറിതെറിച്ച്‌ ശരീരത്തിന്റെ നാനാഭാഗങ്ങളിലൂടെയും കയറിയിറങ്ങിപോയി... താന്‍ പോക്കറ്റടിയ്ക്കപെട്ടിരിയ്ക്കുന്നു.. സങ്കടം വന്നു... പത്താംക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ കിട്ടിയപ്പോള്‍ അച്ചന്‍ സമ്മാനമായി തന്ന മൊബെയിലാ... ഇനിയെന്തു ചെയ്യും?... കണ്ടക്റ്റര്‍ ദാ അടുത്തെത്തിക്കഴിഞ്ഞു.. കൈയ്യില്‍ വേറെ പൈസയൊന്നുമില്ല..

ടെന്‍ഷന്‍.. ടെന്‍ഷന്‍... കണ്ടക്റ്ററോട്‌ ഒന്നു പറഞ്ഞു നോക്കിയാലൊ? അയാളു സമ്മതിയ്ക്കോ? ഉറപ്പില്ല. ഇതു പോലെ നൂറുനൂറു കഥകള്‍ ദിവസവും കേള്‍ക്കുന്നതാണെന്നയാള്‍ പറഞ്ഞാലോ?... സ്മിതയോടു എല്ലാം തുറന്നുപറഞ്ഞു .... കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കൂട്ടുകാരി സ്മിത തന്റെകൂടി ടിക്കറ്റ്‌ എടുത്തു... താങ്ക്‌ ഗോഡ്‌! സ്മിതയില്ലായിരുന്നെങ്കില്‍... അവള്‍ക്കൊരായിരം നന്ദി പറഞ്ഞു... ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ പോക്കറ്റടിയ്ക്കപ്പെടുന്നത്‌. എന്നാലും കഷ്ടമായിപ്പോയി, സങ്കടം വന്നു കണ്ണ് നിറഞ്ഞിരുന്നു...

കഷ്ടകാലം ആളേം കൊണ്ടേ പോകൂ എന്നാണല്ലോ... സ്മിത എടുത്ത ടിക്കറ്റ്‌, പഴ്സില്‍ വീണ്ടും ഒന്നൂടേ തിരയുന്നതിനിടയില്‍ പെട്ടെന്ന് കൈവിട്ട് കാറ്റിലൂടെ പുറത്തേയ്ക്ക്‌ പറന്നുപോയി!!.. പെട്ടെന്ന് പ്രതികരിയ്ക്കാനായില്ല. ഈശ്വരാ.. കൂനിന്മേല്‍ കുരു പോലായല്ലോ... ഇനിയിപ്പൊ എന്തു ചെയ്യും?? ടിക്കറ്റ്‌ പറന്നു പോകുന്നത്‌, കണ്ടക്റ്ററും കണ്ടിരുന്നു.. പക്ഷേ അയാള്‍ എന്തു ചെയ്യാന്‍... ആകപ്പാടെ ഒരു ടെന്‍ഷന്‍..! ഇന്നാരെയാണാവോ എന്റീശ്വരാ ഞാന്‍ കണികണ്ടത്‌?... രണ്ടാമതൊരു ടിക്കറ്റ്‌ കൂടെ എടുത്തു തരാന്‍ സ്മിതയോടു പറയുന്നത്‌ ശരിയാണോ? അതു വേണോ വേണ്ടയോ എന്നു ശങ്കിയ്ക്കുന്നതിനിടയില്‍ ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ എത്തി.

ഇവിടെയിറങ്ങിയാലോ? പക്ഷേ ഇറങ്ങിയിട്ട്‌ എന്തു ചെയ്യും? വീട്ടിലേയ്ക്കെങ്ങാന്‍ വിളിച്ചുപറഞ്ഞാല്‍ പിന്നെ അതുമതി, അവര്‍ക്കൊക്കെ കളിയാക്കാന്‍...

മനസ്സിലെ ചിന്തകളോടേറ്റുമുട്ടുന്നതിനിടയില്‍, വെറുതെ പുറത്തേയ്ക്കൊന്നു നോക്കിയതും തലകറങ്ങുന്ന പോലെ തോന്നി...! ആ റൂട്ടിന്റെ ചരിത്രത്തില്‍ അന്നേവരെ സംഭവിയ്കാത്തത്‌ സംഭവിയ്ക്കാന്‍ പോകുന്നു!! പുറത്തൊരു ടിക്കറ്റ്‌ എക്സാമിനര്‍! അയാളതാ ബസ്സിലേയ്ക്കു കയറുന്നു... ഹൃദയം പടപടാ മിടിയ്കാന്‍ തുടങ്ങി.. അതാ ടി സി ഒരു സൈഡില്‍ നിന്ന് ചെക്കിംഗ്‌ തുടങ്ങിക്കഴിഞ്ഞു... എന്തു ചെയ്യും...! ദൈവമേ ഇങ്ങോട്ടു വരാതിരുന്നെങ്കില്‍... പക്ഷേ ഉപ്പുതിന്നവര്‍ വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ?.. രണ്ടുപേരോടും അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളാന്‍ പറഞ്ഞു, ഒപ്പം ടി സിയും ഇറങ്ങി.
ബസ്സില്‍നിന്നിറങ്ങുന്നതിനു മുന്‍പേ തന്നെ ടി സിയോട്‌ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.

ടി. സി. ആളൊരു മര്യാദക്കാരനായിരുന്നു.. നടന്നതൊക്കെ മനസ്സിലായിക്കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, "സാരമില്ല.. എനിയ്ക്കും നിങ്ങളുടെ പ്രായമുള്ള ഒരു മകളുള്ളതാ.. എന്തായാലും ഞാന്‍ ഫൈനൊന്നും ചാര്‍ജ്ജ്‌ ചെയ്യുന്നില്ല. അടുത്ത ബസ്സുവരുമ്പോള്‍ രണ്ടുപേരും കയറിപൊയ്ക്കോളൂ" എന്നും പറഞ്ഞ്‌ അയാള്‍ പോയി... നല്ല മനുഷ്യന്‍! മനസ്സിനെന്തൊരാശ്വാസം..

ചിന്തിച്ചുനില്‍ക്കുന്നതിടയില്‍ അടുത്ത ബസ്സു വന്നു.. നല്ല തിരക്കുണ്ട്‌.. എങ്കിലും ഒരുകണക്കിന്‌ ഉള്ളില്‍ കയറിക്കൂടി.. ഹോ ആശ്വാസമായി!.. പക്ഷേ, തിരിഞ്ഞുനോക്കിയതും ഞെട്ടിപ്പോയി.. ഭൂമി പിളര്‍ന്ന് താഴേയ്ക്ക്‌ പോകുന്നപോലെ... പിന്നില്‍ സ്മിതയെ കാണുന്നില്ല!! അവള്‍ക്ക്‌ ബസ്സിനുള്ളില്‍ കയറാനായില്ല എന്നോ??.. അയ്യോ ഇനിയെന്താ ചെയ്യാ? തിരക്കിനും ടെന്‍ഷനുമിടയില്‍ അവളും കൂടെക്കയറിയോ എന്നുനോക്കാന്‍ വിട്ടു പോയത്‌ തികഞ്ഞ മണ്ടത്തരമായി പോയി! ഇനിയിപ്പോ?? തല കറങ്ങുന്നപോലെ തോന്നി... അലറിവിളിച്ച്‌ കരയണമെന്നുണ്ട്‌ പക്ഷേ, ശബ്ദം പുറത്തേയ്ക്കു വരുന്നില്ല.. തൊണ്ട വരണ്ടുപോയപോലെ... അവസാനം പരമാവധി ശക്തിയെടുത്ത്‌ ഒറ്റ അലറലായിരുന്നു..

"അയ്യോ!!!"..

ശബ്ദം കൂടിയതുകൊണ്ടാകാം, ബസ്സ്‌ കടിഞ്ഞാണിട്ടപോലെ നിന്നു..

എല്ലാവരുടേയും തുറിച്ചുനോക്കുന്ന കണ്ണുകള്‍!!

തൊട്ടടുത്ത്‌ നില്‍ക്കുന്ന പയ്യനും വിയര്‍ത്തൊലിച്ചുപോയി! (പാവം)

"എന്താ.. എന്തുപറ്റി?" കണ്ടക്ടര്‍ ഓടിവന്നു...

"എന്റെ കൂട്ടുകാരി കയറിയില്ല... "

"ഓ അത്രേയുള്ളോ? പേടിപ്പിച്ചുകളഞ്ഞല്ലോ കൊച്ചേ,..."

"കൂട്ടുകാരി അടുത്ത ബസ്സില്‍ വന്നോളില്ലെ?"

തന്റെ കൈയ്യില്‍ ബസ്സ്‌ ചാര്‍ജ്ജിനുള്ള പൈസയില്ലെന്നൊന്നും പറയാന്‍ നിന്നില്ല...

" വേണ്ട.. എനിയ്ക്കിവിടെ ഇറങ്ങണം..."

ബസ്സില്‍നിന്ന് ഒരു വിധത്തില്‍ പുറത്തിറങ്ങി തിരിച്ചുനടക്കുമ്പോള്‍ മനസ്സില്‍ ഭഗവാനോടു പ്രാര്‍ത്ഥിച്ചു, ഇങ്ങനെയൊരു ഗതി ഇനിയാര്‍ക്കും വരുത്തരുതേ!!!....






(ഈ കഥ, ഒരു പക്ഷേ, പലര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാം.. അങ്ങനെ ധരിച്ചെങ്കില്‍, നിങ്ങള്‍ക്കു തെറ്റി. ഇതൊരു നടന്ന സംഭവമാണ്‌. കഴിഞ്ഞയാഴ്ച വൈഫിന്റെ ചേച്ചിയുടെ മകള്‍ക്ക്‌ പറ്റിയ അമിളിയാണിത്‌. രാധിക. രവിച്ചേട്ടന്റെ ഒരേയൊരു മകള്‍.. പ്ലസ്‌ റ്റു വിന്‌ ആദ്യവര്‍ഷം പഠിയ്ക്കുന്നു... നല്ല പോലെ പഠിയ്ക്കുമെങ്കിലും ആളൊരു നാണം കുണുങ്ങിയാണ്‌.. ആരോടും അധികം സംസാരിയ്ക്കില്ല... അതിനുള്ള ശിക്ഷയായിരിയ്ക്കാം ഈ സംഭവിച്ചതൊക്കെ. സാരമില്ല.. അനുഭവം സമ്പത്ത്‌.. അല്ലെ?
രാധികയ്ക്കു നേരിടേണ്ടി വന്ന സംഭവവികാസങ്ങളെ, രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട്‌ ഒരു കഥപോലെ എഴുതാന്‍ ശ്രമിച്ചുനോക്കിയതാണ്‌... അഭിപ്രായങ്ങള്‍ അറിയിയ്ക്കുക... :) )


17 COMMENTS:

[ nardnahc hsemus ] August 7, 2007 at 3:46 PM  

ഉള്ളിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നല്‍പിണരുകളയി ചിതറിതെറിച്ച്‌ ശരീരത്തിന്റെ നാനാഭാഗങ്ങളിലൂടെയും കയറിയിറങ്ങിപോയി... താന്‍ പോക്കറ്റടിയ്ക്കപെട്ടിരിയ്ക്കുന്നു..സങ്കടം വന്നു... പത്താംക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ കിട്ടിയപ്പോള്‍ അച്ചന്‍ സമ്മാനമായി തന്ന മൊബെയിലാ... ഇനിയെന്തു ചെയ്യും?...കണ്ടക്റ്റര്‍ ദാ അടുത്തെത്തിക്കഴിഞ്ഞു.. കൈയ്യില്‍ വേറെ പൈസയൊന്നുമില്ല.. ടെന്‍ഷന്‍.. ടെന്‍ഷന്‍...

ഒരുപാടു സമയത്തിനുശേഷം ഒരു പോസ്റ്റ്‌.. :)

മുസ്തഫ|musthapha August 7, 2007 at 4:41 PM  

അബദ്ധങ്ങളുടെ ഘോഷയാത്ര കണ്ടപ്പോള്‍ ഉറപ്പിച്ചു... ഇതവസാനമൊരു സ്വപ്നം കാണലിലവസാനിക്കും എന്ന്...

‘...അവസാനം പരമാവധി ശക്തിയെടുത്ത്‌ ഒറ്റ അലറലായിരുന്നു.. "അയ്യോ!!!"...’

ഇവിടെയെത്തിയപ്പോള്‍ ഉറപ്പിച്ചു... ഇത് സ്വപ്നം തന്നെ...

പക്ഷെ, അവസാനം ഇതെല്ലാം സംഭവിച്ചത് തന്നെ എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല... ‘വരുമ്പോ എല്ലാം കൂടെ ഒന്നിച്ച്’ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പ്രകടനായിട്ട് വന്നത് ആദ്യാ കേക്കുന്നുന്നത് :)

സുമേഷ് അത് നന്നായി പറഞ്ഞും വെച്ചിരിക്കുന്നു...

Rasheed Chalil August 7, 2007 at 5:02 PM  

ന്റമ്മോ....

വിവരണം നന്നായി.

Anonymous August 7, 2007 at 5:23 PM  

നന്നായിരിക്കുന്നു, സുമേഷ്.
ഒരിക്കല്‍ പോക്കറ്റടിക്കപ്പെട്ടത് ഓര്‍മ്മ വന്നു.
പക്ഷേ രാധികയ്ക്ക് പറ്റിയതുപോലെയൊന്നും
സംഭവിച്ചില്ല.

ഗിരീഷ്‌ എ എസ്‌ August 7, 2007 at 5:33 PM  

സുമേഷ്‌..
ആസ്വദിച്ച്‌ വായിച്ചു..
അഭിനന്ദനങ്ങള്‍

മയൂര August 7, 2007 at 6:03 PM  

അബദ്ധങ്ങലുടെ അയ്യരുകളി രസിച്ച് വായിചൂ....വിവരണം നന്നായിട്ടുണ്ട്.....

G.MANU August 7, 2007 at 6:09 PM  

hayyyooo..... nalla vivaranam

Visala Manaskan August 7, 2007 at 6:13 PM  

രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട്‌ ഒരു കഥപോലെ എഴുതാന്‍ ശ്രമിച്ചുനോക്കിയതാണ്‌...

ശ്രമം വിജയിച്ചിരിക്കുന്നു സുമേഷേ...

:)

Visala Manaskan August 7, 2007 at 6:13 PM  

രാധികയുടെ കണ്ണുകളിലുടെ ഉള്‍ക്കൊണ്ട്‌ ഒരു കഥപോലെ എഴുതാന്‍ ശ്രമിച്ചുനോക്കിയതാണ്‌...

ശ്രമം വിജയിച്ചിരിക്കുന്നു സുമേഷേ...

:)

മഴത്തുള്ളി August 7, 2007 at 6:27 PM  

സുമേഷ്,

എന്നാലും അരമണിക്കൂറിനുള്ളില്‍ ഇത്രയധികം അബദ്ധങ്ങളോ? കഷ്ടം. ഇതിമ്മിണി വല്യ അമളിയായിപ്പോയല്ലോ :)

പിന്നെ അഗ്രജന്‍ പറഞ്ഞതു പോലെ ഞാനോര്‍ത്തു ഇതൊരു സ്വപ്നമോ അല്ലെങ്കില്‍ മൊബൈല്‍, പേഴ്സ് ആദിയായവ ബാഗില്‍ത്തന്നെ കാണുമെന്നോ ആയിരുന്നു.

നന്നായി എഴുതിയിരിക്കുന്നു സുമേഷ്.

സാരംഗി August 7, 2007 at 7:00 PM  

നല്ല വിവരണം സുമേഷ്, വായന തീരും വരെ ടെന്‍ഷനടിച്ചു. :)

ഉറുമ്പ്‌ /ANT August 8, 2007 at 1:29 AM  

:)

[ nardnahc hsemus ] August 8, 2007 at 7:00 PM  

അഗ്രജന്‍, അതെ, ആദ്യം എനിയ്ക്കും വിശ്വാസം വന്നില്ല.

ഇത്തിരിവെട്ടം, നന്ദി..

മനു ജി, സോറി, ജി.മനുസാര്‍, താങ്ക്‌ യു.. :)

വിശാലേട്ടന്‍സ്‌, അപ്പോ ഞി അങ്ക്‌ ട്‌ തൊടങ്ങാം അല്ലെ? ;)

മാത്യൂസ്‌ സാര്‍, അതെ. അവിശ്വസനീയം.

ഉറുമ്പ്‌, thanks for the :)

ഗീത, ദ്രൗപതി, മയൂര, സാരംഗി(ചേച്ചിമാരാണെങ്കില്‍, ഓരോ 'ചേച്ചി' കൂടെ ചേര്‍ത്തു വായിക്കുക.) :) നന്ദി..

Once again, thank you very much for coming!

ഏറനാടന്‍ August 8, 2007 at 7:41 PM  

രാധിക പറയുമ്പോലെ തന്നെ പറഞ്ഞിരിക്കുണു സുമേഷേ.. വിജയീഭവ: നല്ലതായിട്ടുണ്ട്‌..

Kalesh Sadasivan August 11, 2007 at 9:27 PM  

"വിശാലേട്ടന്‍സ്‌, അപ്പോ ഞി അങ്ക്‌ ട്‌ തൊടങ്ങാം അല്ലെ? ;)"

അപ്പോള്‍ ഇതുവരെ സാമ്പിള്‍ വെടിക്കെട്ട്‌ ആയിരുന്നു അല്ലേ!! ശ്രീമതീസമേതനെങ്കിലും സര്‍ഗ്ഗാത്മകതക്കു കുറവില്ലല്ലോ! നന്നായിവരട്ടെ!

എന്തായാലും, സമ്മതിച്ചു സാര്‍,,, വളരെ നന്നായിരിക്കുന്നു!

അപ്പു ആദ്യാക്ഷരി September 18, 2007 at 5:48 PM  

സ്വപ്നമായിരിക്കും എന്നുതന്നെയാണ് അവസാനം വരെയും കരുതിയത്. ഇത്രയധികം അബദ്ധങ്ങളുടെ ഘോഷയാത്രയോ... ഇതാ പെണ്‍ബുദ്ധി പിന്‍‌ബുദ്ധി എന്നു പറയുന്നത്.

ശ്രീ September 26, 2007 at 12:32 PM  

സംഭവ കഥയായിരുന്നു, അല്ലെ?
:)

© Copyright [ nardnahc hsemus ] 2010

Back to TOP